ചന്ദ്രയാന്‍ 3ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന സുവര്‍ണ നിമിഷത്തിനായി രാജ്യം കാത്തിരിക്കുകയാണ്. ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡിങ് മൊഡ്യൂള്‍ ഇന്നു വൈകുന്നേരം 6 മണി കഴിഞ്ഞ് നാലു മിനിറ്റിലാണ് ലാന്‍ഡ് ചെയ്യേണ്ടത്. ലാന്‍ഡര്‍ ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തുമെന്നാണ് ഐ എസ് ആര്‍ ഒ അറിയിച്ചത്.
ഇന്നു വൈകുന്നേരം 05:45 നാണ് ലാന്‍ഡര്‍ താഴേക്ക് ഇറങ്ങാനുള്ള കൗണ്ട് ഡൗണ്‍ ആരംഭിക്കുക. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രയാന്‍ 3 പൂര്‍ണമായും വിജയിച്ചാല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് സങ്കേതിക വിദ്യ നേടുന്ന നാലാമത്തെ രാജ്യമായി മാറും ഇന്ത്യ. എന്നാല്‍ ലാന്‍ഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെങ്കില്‍ ആഗസ്റ്റ് 27ലേക്ക് ദൗത്യം നീട്ടാനും സാധ്യതയുണ്ട്.
ഭൂമിയുടെ അതേ പ്രായമാണ് ചന്ദ്രനും. ചൊവ്വയുടെ വലിപ്പമുള്ള ബഹിരാകാശ വസ്തുഭൂമിയുമായി കൂട്ടിയിടിച്ചു രൂപപ്പെട്ടതാണ് ഇന്നത്തെ ഭൂമിയും ചന്ദ്രനും. ഏതാണ്ട് 450 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ കൂട്ടിയിടി നടന്നിരിക്കുന്നത് എന്ന വാദത്തിനാണ് സ്വീകാര്യത കൂടുതല്‍. ഭൂമിയെപ്പോലെ ചന്ദ്രന്റെ അച്ചുതണ്ടും അല്പം ചരിഞ്ഞിട്ടാണ്. അതിനാല്‍ ധ്രുവങ്ങളിലെ ചില മേഖലകളില്‍ നിഴലുകള്‍ മൂടി തണുത്ത അന്തരീക്ഷമാണ് ഉള്ളത്. സാധാരണ പര്യവേഷണങ്ങള്‍ ഒന്നും ഈ പ്രദേശത്തു നടത്താറില്ല. എന്നാല്‍ ഇവിടെയാണ് തണുത്തുറഞ്ഞ രീതിയില്‍ ജലത്തിന്റെ സാന്നിധ്യം ഉള്ളതായി ചന്ദ്രയാന്‍ 1 കണ്ടെത്തിയത്. ഈ പ്രദേശത്ത്, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന മേഖലയില്‍ മൈനസ് 50 നും 10°C വരെ താപനിലയുള്ള ഭാഗത്താണ് ലാന്‍ഡറും റോവറും ഇറങ്ങുക. ഈ താപനില അവയുടെ പ്രവര്‍ത്തനത്തിന് അനുയോജ്യവുമാണ്. ഭാവിയില്‍ പരിവേഷണത്തിനാവശ്യമായ ജലം, ഓക്‌സിജന്‍, ഇന്ധനം എന്നിവ നിര്‍മിക്കാനായാല്‍ അതൊരു വലിയ മുന്നേറ്റമാകും.
ഇന്ന് സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അഞ്ചര മുതല്‍ ആറര വരെ ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് തത്സമയം കാണിക്കണം എന്ന് യുജിസിയും യു പി സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.