Image

നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടക്കട്ടെ... : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 23 August, 2023
നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടക്കട്ടെ... : (കെ.എ ഫ്രാന്‍സിസ്)

മുന്‍ മന്ത്രി എ.സി മൊയ്തീന്റെ മണിമന്ദിരത്തില്‍ മാത്രമല്ല, കൊട്ടാരം പോലുള്ള വീടുകള്‍ വെച്ച് ജീവിതം ഉത്സവമാക്കി മാറ്റിയ മുഴുവന്‍ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തട്ടെ. കൈയ്യും വീശി രാഷ്ട്രീയത്തിലേക്ക് വന്ന ഇവര്‍ എങ്ങനെ ഇതൊക്കെ  നേടിയെന്നു നമുക്കും അറിയേണ്ടേ?

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെടുത്തി പിണറായി ഒന്നാം മന്ത്രിസഭയിലെ മന്ത്രിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി മൊയ്തീന്റെ വീട്ടില്‍ മണിക്കൂറുകളോളം ഇ.ഡി റെയ്ഡ് നടത്തുക മാത്രമല്ല അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. മരവിച്ച രണ്ട് അക്കൗണ്ടുകളിലായി 31 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ചോദ്യം ചെയ്യലിന് മൊയ്തീനു നോട്ടീസ് അയക്കുമെന്നും ഇ.ഡി വൃത്തങ്ങള്‍ പറയുന്നു, മാത്രമല്ല മൊയ്തീനു  പ്രധാനമായി നാലു ബിനാമികള്‍ ഉണ്ടെന്ന് സംശയിക്കുന്നു പോലും. 25 കോടി രൂപയുടെ വായ്പ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും വാങ്ങി കൊടുത്തത് മൊയ്തീന്റെ ശുപാര്‍ശപ്രകാരമാണത്രേ 

ആരാണ് പെരുങ്കള്ളന്‍ : 

സി.പി.എം നേതാക്കള്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ശേഷം അവരുടെ സമ്പാദ്യം എത്ര വര്‍ധിച്ചുവെന്ന് വ്യാപകമായ ഒരു അന്വേഷണം വേണ്ടേ ?കരിമണല്‍ കമ്പനിയുടെ സംഭാവന ലിസ്റ്റ് വന്നതോടെ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു കഴിഞ്ഞു. ഇപ്പോഴത്തെ ചാനലുകളിലെ അന്തി ചര്‍ച്ചകള്‍ തന്നെ കൂട്ടത്തില്‍ ആരാണ് പെരുങ്കള്ളന്‍ എന്ന് കണ്ടെത്താനല്ലേ ? 

രാഷ്ട്രീയവും പണവും : 

ഇത്രയൊക്കെ അഴിമതിക്കഥകള്‍ ഉണ്ടായിട്ടും തങ്ങളുടെ നേതാക്കളില്‍ പലരും കള്ളന്മാരാണെന്നറിഞ്ഞിട്ടും ഓരോ പാര്‍ട്ടിയിലും ശുദ്ധീകരണം നടത്താന്‍ ഒരു രാഷ്ട്രീയ നേതൃത്വവും ശ്രമിക്കാത്തത് വലിയ ആപത്തല്ലേ? ഈ മൂല്യച്യുതിക്കെതിരെ അതാത് പാര്‍ട്ടിയിലെ  ആത്മാര്‍ത്ഥതയുള്ള യുവനേതാക്കളെങ്കിലും ശബ്ദമുയര്‍ത്താത്തത് എന്തു കൊണ്ട് ? അതോ അവരും നാളെ ഈ മാര്‍ഗ്ഗം അതേപടി പകര്‍ത്തി പണക്കാരനാകാന്‍ വേണ്ടിയോ? 

അടിക്കുറിപ്പ് : സതിയമ്മയുടെ  സ്വീപ്പര്‍ ജോലി തെറിച്ചത് ചാനലില്‍ ഉമ്മന്‍ചാണ്ടി ചെയ്ത സേവനങ്ങള്‍ പറഞ്ഞതിനാണെന്ന് കോണ്‍ഗ്രസുകാര്‍. അതല്ല, ലിജിമോളിന് ലഭിച്ച ജോലി ആള്‍മാറാട്ടം നടത്തി സതിയമ്മ ജോലി ചെയ്തു വരികയായിരുന്നുവെന്ന് സി.പി.എം. അതുകൊണ്ടാണ് പിരിച്ചുവിട്ടതെന്നു മന്ത്രി ചിഞ്ചു റാണി. പക്ഷെ ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കില്‍ ഐശ്വര്യ കുടുംബശ്രീ അറിയാതെ പറ്റില്ലല്ലോ. കാരണം ഈ തസ്തികയില്‍ താല്‍ക്കാലിക ജോലിക്കാരെ കണ്ടെത്തുന്നതവരല്ലേ ? ലിജിമോളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തിരുന്നതെന്നും ശമ്പളം ലിജിമോളുടെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്നുമായിരുന്നു ചിഞ്ചു റാണിയുടെ വാദം. തന്റെ അക്കൗണ്ടില്‍  അങ്ങനെ പണം എത്തിയിട്ടില്ലെന്ന് മാത്രമല്ല തന്റെ പേരിലാണ് അവിടെ ജോലിയെന്ന് ലിജിമോള്‍ അറിയുന്നത് തന്നെ ഇപ്പോള്‍ മാത്രം ! ഇതില്‍ കള്ളക്കളി നടത്തിയത് കുടുംബശ്രീയല്ലേ? ഇങ്ങനെയെങ്കില്‍ കേരളത്തിലെങ്ങും ഇങ്ങനെയുള്ള താല്‍ക്കാലിക നിയമനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കേണ്ടതല്ലേ ? മന്ത്രി രാജേഷാണ് അത് ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടല്ലോ.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക