പാതാളമൊരു
ഗദ്യഭാഷ ചമച്ച്
മാബലിയോട്
ചോദിച്ചതിങ്ങനെ:
ഓണനാളെത്തിയിട്ടും
കെകൊട്ടിക്കളി കേൾക്കുന്നില്ലല്ലോ....
തെച്ചിയും തുമ്പയും തേടി
തൊടികളിലാരെയും കാണുന്നില്ലല്ലോ...
തണ്ടുവലിച്ചൊരുഞ്ഞാലും
ആകാശം മുട്ടെയാടുന്നില്ലല്ലോ
കുഞ്ഞിക്കെട്ടു പുലികൾ
വീട്ടുമുറ്റത്തു വെടിയേറ്റു വീഴുന്നില്ലല്ലോ ....
സദ്യവട്ടം കഴിഞ്ഞ് പെണ്ണുങ്ങൾ
തിരുവാതിരയായി വരുന്നില്ലല്ലോ .....
എങ്കിലും പാതകളിൽ
വാഹന പ്രവാഹം...
പുതു കോടിപ്പുരകളിൽ
തിരക്കിന്റെ ബാഹുല്യം...
കാണം വിൽക്കാതെയോണം കൊള്ളുവാൻ ,
കാണം വിറ്റുമോ,ണമുണ്ണുവാൻ
വിൽക്കാൻ കാണമില്ലാത്തോരും
വരവേൽക്കാൻ കാത്തു നിൽക്കുന്നു ,
ഉൾവിളി പൂവിളിയാമോ,ണത്തെ .
പ്രതി സ്വരം മൊഴിയാതെ
മാബലി
പ്രജാക്ഷേമാന്വേഷിയായി
ഓണയാത്ര ചെയ്യുമ്പോൾ,
പാടവരമ്പത്തിലിരുന്നൊരു കുട്ടി
പ്രതീക്ഷ മിഴി വിടർത്തി ചോദിപ്പൂ :
" നമുക്ക് കൊയ്യാൻ
ഈ വയലുകൾ
നമുക്കായിയെന്നു വരും
മാബലിയേ...."