അമേരിക്കന്‍ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളിലെ തിളങ്ങുന്ന താരമാണ് ബഹുമാനപ്പെട്ട പഴയിടം മോഹനന് നമ്പൂതിരി. ഒരു വാതിലടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഒമ്പതു വാതിലുകള്‍ തുറന്നതുപോലെ! രുചിയുടെ ആ തമ്പുരാന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന ഓണസദ്യയുടെ രുചി, പ്രത്യേകിച്ച് പഴം പ്രഥമന്റേയും, പാലട പായസത്തിന്റേയും മധിക്കുന്ന ഓര്‍മ്മകള്‍, വരും തലമുറകള്‍ക്കു കൈമാറാവുന്ന ഒരു അനുഭവമായി നാവിന്തുമ്പില് തങ്ങിനില്ക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
രാഷ്ട്രീയ നേതാക്കന്മാരെ എഴുന്നെള്ളിച്ചു കൊണ്ടുനടന്ന്, ഒരിക്കലും നടക്കാത്ത അവരുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട് മരവിച്ചിരിക്കുന്നതിനേക്കാള് എത്രയോ ഭേദമാണ് പഴയിടത്തെപ്പോലെയുള്ള പ്രതിഭകളെ ക്ഷണിച്ചുവരുത്തി ആദരിക്കുന്നത്.
*******
'എടീ ഓമനേ, ശാന്തേ, നന്ദിനിയേ
ഇങ്ങോട്ടൊന്നിറങ്ങി വാടീ...'
റാന്നി ഇട്ടയപ്പാറ ഓണചന്തയില്‍ നിന്നുമുള്ള തിരിച്ചുവരവ് അറിയിച്ചുകൊണ്ട് ഗൗരി പണിക്കത്തി ഉച്ചഭാക്ഷിണിയേക്കാള് ഉച്ചത്തില്‍ കൂവി വിളിക്കുകയാണ്.
'എടാ വാസുവേ...
ഒരൊറ്റ കഴുവേറി മക്കള്‍ക്കും ചെവി കേള്്ക്കത്തില്ലിയോ?'
ഗൗരി പണിക്കത്തിയുടെ പണിക്കന്, കുട്ടിപക്കനും, മകന് വാസുവും കൂടി പണിത, പിച്ചാത്തി, വെട്ടുകത്തി, അരിവാള്‍ തുടങ്ങിയവ വിറ്റിട്ട്, ഓണത്തിനുള്ള വിഭവങ്ങളുമായിട്ടുള്ള വരവാണ്.
ഓമനയും, ശാന്തയും, നന്ദിനിയുമെല്ലാം പണിക്കത്തിയുടെ പെണ്മക്കളാണ് എല്ലാവരും മണ്ണാരക്കുളഞ്ഞി എ.ല്‍. സ്ക്കൂളില്‍ നിന്നും ഒന്നു മുതല്‍ മൂന്നുവരെ ക്ലാസുകളില്‍ പഠിച്ച് പഠനം പൂര്‍ത്തിയാക്കിവരാണ്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിച്ചതുകൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നറിയാവുന്നതുകൊണ്ട്, പാതിവഴിയില്‍ പണിക്കത്തി അവരുടെ പഠിത്തതിനു ഫുള്‍സ്റ്റോപ്പിട്ടു.
മക്കളില്‍ മൂത്തവനാണു വാസു- ആണായ ആദ്യത്തെ കണ്മണിയെ, അക്ഷരാഭ്യാസത്തിനൊന്നും അവര്‍ വിട്ടില്ല. ചെറുപ്പം മുതലേ അവന്, അപ്പന്റെ സഹായിയായി ആലയില്‍ കൂടി.
ഓമനാ, ശാന്ത, നന്ദിനി എന്നീ ലേഡി മെംമ്പേഴ്സിനെ കൂടാതെ, പ്ലാനിംഗില്ലാതെ പിറന്ന 'ദൈവം തന്ന' രണ്ടോ മൂന്നോ സന്തതികള്‍ കൂടി അവരുടെ സെന്‍സസ് ബുക്കിലുണ്ട്. ടെലിവിഷനും, സീരിയലുകളുമൊന്നും ഇല്ലാതിരുന്ന ആ കാലത്ത്, അപ്പനും അമ്മയും ഉള്‍പ്പെടെ മൈലപ്രായിലെ ഒരു വീട്ടിലെ ജനസംഖ്യ പത്തോ അതിനു മുകളിലോ ആയിരുന്നു.
ഗൗരിപണിക്കത്തിയുടെ 'എടീ കഴുവേറി മക്കളേ' എന്ന ഉച്ചത്തിലുള്ള വിളിയോടെ, ഞങ്ങളുടെ ഗ്രാമത്തിലെ ഓണാഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കമായി.
പിള്ളേരോണം തുടങ്ങി, തിരുവോണം, അഞ്ചോണം-അങ്ങിനെയുള്ള എല്ലാ ഓണങ്ങളും അവര്‍ ആഘോഷിച്ചിരുന്നു.
മലമുകളിലുള്ള ഗൗരിപണിക്കത്തിയുടെ കുടിലിന്റെ താഴ് വാരത്തിലായിരുന്നു ഞങ്ങളുടെ വീട്. അതിനാല്‍ ഈ ആഘോഷ ദിനങ്ങളില്‍, പാതിരാത്രി വരെ നീളുന്ന പാചകമേളയും, അതിനെ ചുററിപറ്റിയുള്ള കോലാഹലങ്ങളും ഞങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു.
'എടീ മൂധേവി... ആ എണ്ണ തിളച്ചു മറിയുന്നതു കണ്ടില്ലിയോ- ആ പപ്പടം ഒന്നു പൊള്ളിക്ക്..'
'സാമ്പാറിനു കടുകു വറുത്തോടി കഴുവറട മോളേ'
'ആ ചെറുക്കന്റെ മോന്തക്ക് തവിക്കണ കൊണ്ടൊന്നു കൊടുക്കെടി...'
ദോഷം പറയരുതല്ലോ, മലമുകളില്‍ നിന്നും താഴോട്ടു അരിച്ചിറങ്ങുന്ന അവിയലിന്റേയും, സാമ്പാറിന്റേയും, പപ്പടത്തിന്റേയുമൊക്കെ രുചിമണം അടിക്കുമ്പോള്‍ വായില്‍ വെള്ളമൂറുമായിരുന്നു.
വേനല്‍ക്കാല വരള്‍ച്ചയില്‍ 'ഒരിക്കലും വറ്റാത്ത' ഞങ്ങളുടെ കിണറ്റില്‍ നിന്നും വെള്ളം കോരുവാന്‍ ഓമനയും, ശാന്തയും, നന്ദിനിയുമെല്ലാം എത്തുമായിരുന്നു. കൈലി മുണ്ടും, കടും കളറുള്ള ബ്ലൗസുമണിഞ്ഞ്, കക്ഷത്തില്‍ മണ്‍കുടവുമേന്തി വരുന്ന അവരെ കാണുമ്പോള്‍, എനിക്ക് 'എന്തോ ഒരിത്' തോന്നിയിരുന്നു. ഒന്നുമറിയാത്തവനേപ്പോലം, ഒരു നിഷ്കളങ്കമുഖവുമായി, തെന്നി തെന്നി കിണറ്റിന്‍കരയിലേക്കൊന്നു പോകാന്‍ തുടങ്ങുമ്പോള്‍ തന്നെ, അടുക്കളയില്‍ നിന്നും അമ്മയുടെ ശബ്ദം കേള്‍ക്കാം.
'എന്തവാട അവിടെ... നീയെന്നാ അവിടെ നിന്നു പരുങ്ങുന്നത് ?'
ഒന്നുമില്ലമ്മേ-ഞാന്‍ വെറുതേ... ആരാണ് വെള്ളം...'
'കേറിപ്പോടാ അകത്ത്- ഒരു വെള്ളക്കാരന് വന്നിരിക്കുന്നു...'
ഞങ്ങളുടെ ഏതു കള്ളത്തരവും, എത്ര ഒളിച്ചാലും, മറച്ചാലും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടു പിടിക്കുന്ന വീട്ടിലെ പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതല അമ്മയ്ക്കായിരുന്നു-പുറത്തു പോയി എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാലും, ഞങ്ങളുടെ മുഖലക്ഷം നോക്കി അതു മനസ്സിലാക്കുമായിരുന്നു. അമ്മയുടെ ഈ ഇടപെടല്‍ മൂലം കോളേജില്‍ പഠിക്കുന്ന കാലത്തു പോലും, 'പ്രേമം' എന്ന മധുരവികാരം എന്താണെന്നു രുചിച്ചറിയുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ഇപ്പോഴും ഏതെങ്കിലും സ്ത്രീകള്‍ എന്നെ നോക്കി ചിരിച്ചാല്‍, അമ്മ പിന്നിലുണ്ടോയെന്ന് ഞാന്‍ തിരിഞ്ഞു നോക്കാറുണ്ട്. ഏതായാലും അമ്മയുടെ അഭാവം, എന്റെ ഭാര്യ പുഷ്പ ഭംഗിയായി നിറവേറ്റുന്നുണ്ട്. ഇക്കാര്യത്തില്‍ അമ്മ സബ് ഇന്സ്പെക്ടറായിരുന്നെങ്കില്, ഇവള് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്.
ഗൗരി പണിക്കത്തിയെ കാണുവാന്‍ ആകപ്പാടെ ഒരു ആനച്ചന്തമുണ്ടായിരുന്നു. എപ്പോഴും വെല്‍ഡ്രെസ്ഡ്- വെള്ളമുണ്ടും, ചുവന്ന ബ്ലൗസും, കസവുകരയുള്ള മേല്‍മുണ്ടും. നെറ്റിയിലെ ചന്ദനക്കുറിയുടെ മുകളില്‍ വലിയ വട്ടത്തിലുള്ള ഒരു സിന്ദൂരപ്പൊട്ടും.
ചുമന്ന കല്ലുവെച്ചുള്ള, തിളങ്ങുന്ന ഒരു വലിയ മൂക്കുത്തിയായിരുന്നു അവരുടെ മുഖത്തെ പ്രധാന ആകര്‍ഷണം.
ഒരിക്കല്‍ എന്റെ ഭാര്യ, ആ മൂക്കുത്തി സ്വര്‍ണ്ണം കൊണ്ടുള്ളതാണോ എന്നൊരു സംശയം പ്രകടിപ്പിച്ചു. ആലയില്‍ വെച്ചു ചുട്ടു പഴുപ്പിച്ചെടുത്ത ഇരുമ്പിന്റെ തീഷ്ണതയുള്ള ഒരു നോട്ടമായിരുന്നു അതിന്റെ മറുപടി.
'എന്റെ മോളേ! എന്റെ ദേഹത്ത് ഒരു തരിയേ ഉള്ളെങ്കിലും സ്വര്‍ണ്ണമല്ലാതെ മറ്റൊന്നും ഈ പണിക്കത്തി ഇടില്ല. അല്ലെങ്കില്‍ കുഞ്ഞിനോടു ചോദിച്ചു നോക്ക്.' 'കുഞ്ഞ്' എന്നുദ്ദേശിച്ചത് എന്നെയാണ്.
'അവര്‍ സ്വര്‍ണ്ണം മാത്രമേ ധരിക്കുകയുള്ളെന്ന് ഇങ്ങേര്‍ക്ക് എങ്ങിനെ അറിയാം?' -സംശയദൃഷ്ടിയോടെ ഭാര്യ എന്നെ തുറിച്ചു നോക്കി.
അ്ത എന്റെ ജാതകത്തിന്റെ ഒരു പ്രത്യേകതയാണ്. സ്വന്തം കാര്യം നോക്കി, ആരേയും ഉപദ്രവിക്കാതെ, ഒന്നിലും ഇടപെടാതെ വെറുതേ വീട്ടിലിരുന്നാലും, കഷ്ടകാലം വണ്ടി പിടിച്ച് എന്നെത്തേടി വീട്ടില്‍ വരും.-
ഏതായാലും എന്റെ ഭാര്യ സമ്മാനിച്ച സാരിയും, മറ്റു ചില അല്ലറ ചില്ലറ സംഭാവനകളും സ്വീകരിച്ച് സന്തോഷവതി ആയിട്ടാണ് ഗൗരി പണിക്കത്തി പോയത്.
പണിക്കനും പണിക്കത്തിയുമൊന്നും ഇന്നില്ല.-എങ്കിലും എല്ലാ ഓണക്കാലത്തും ഞാന്‍ അവരുടെ ഓണാഘോഷത്തെപ്പറ്റി ഓര്‍ക്കും.
വെറുതേ കിട്ടുന്ന ഓണക്കിറ്റു കൊണ്ടു തയ്യാറാക്കുന്ന സദ്യയേക്കാള്‍, അ്ദ്ധ്വാനിച്ച വിയര്‍പ്പിന്റെ വില കൊണ്ടു തയ്യാറാക്കുന്ന ഓണസദ്യക്കു പത്തരമാറ്റിന്റെ രുചിയായിരിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല.
ന്യൂയോര്‍ക്കിലായിരുന്നപ്പോള്‍ കുറഞ്ഞത് ഒരു അഞ്ചു ഓണാഘോഷങ്ങളിലെങ്കിലും ഞങ്ങള്‍ പങ്കെടുക്കുമായിരുന്നു. എന്റെ സുഹൃത്ത് അപ്പുവിന്റെ മഹാബലിയും, ഫിലിപ്പു മഠത്തിലിന്റെ മണിയടിയും, ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരളസമാജത്തിന്റെ ഓണസദ്യയും- എല്ലാം കൂടി ചേരുമ്പോഴേ ഞങ്ങളുടെ ഓണം പൂര്ണ്ണമാവുകയുള്ളായിരുന്നു.
ചില 'സാങ്കേതിക കാരണങ്ങളാല്‍' ഇത്തവണ ഒരു ഓണാഘോഷങ്ങളിലും പങ്കെടുക്കുവാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്- അതുകൊണ്ടു തന്നെ പടിവാതില്ക്കല് എത്തിയിട്ടുപോലും, പഴയിടത്തിന്റെ ഓണസദ്യ ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല.
അതിനുപകരം, ആരോടോ ഉള്ള വാശി തീര്‍ക്കുവാനെന്ന പോലെ, മൂന്നിനം പായസമുള്‍പ്പെടെ ഒരു ഉഗ്രന്‍ സദ്യ തയ്യാറാക്കി, എന്റെ ഭാര്യ പുഷ്പ എന്നെ ഞെട്ടിച്ചുകളഞ്ഞു.
'പുഷ്പാ ബ്രാന്‍ഡ് പായസം' വിപണിയില്‍ ഇറക്കിയാലോ എന്ന ആലോചനയിലാണു ഞാനിപ്പോള്‍!
'എല്ലാ പ്രിയപ്പെട്ടവര്‍ക്കും മധുരോധരമായ
ഓണാശംസകള്‍ നേരുന്നു.'
Read more: https://emalayalee.com/writer/104