സി.പി.എമ്മിന്റെ വികസന രാഷ്ട്രീയം, ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ തരംഗത്തിനു മുന്നില്‍ തകര്‍ന്നു പോകുന്നത് സി.പി.എം തിരിച്ചറിഞ്ഞു. സതീശനാകട്ടെ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനു മേല്‍ ചാണ്ടി ഉമ്മനു വോട്ട് ലഭിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.
പുതുപ്പള്ളിയിലെ സി.പി.എം തന്ത്രം പാളിയോ ? ഇടത് ഇലക്ഷന് തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി വി.എന്‍ വാസവനും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് മാഷും ഇന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുന്നതു പോലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നി. ഉമ്മന്‍ചാണ്ടി മരിച്ചു ഒരു മാസം തികയും മുന്‍പേ തിരക്കിട്ട് ഇലക്ഷന് നടത്തുന്നത് സഹതാപ തരംഗത്തിന്റെ ഗുണം ചാണ്ടി ഉമ്മനു കിട്ടാനാണെന്ന് വാസവനും. നല്ല നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന മൊയ്തീനെ തിരക്കിട്ട് കരുവന്നൂര്‍ കേസില്‍ ഉള്‍പ്പെടുത്തുന്നത് പുതുപ്പള്ളി ഇലക്ഷനെ മുന്നില്‍ കണ്ടാണെന്ന് ഗോവിന്ദന് മാഷും ആരോപിച്ചു.
വാട്സാപ്പ് വഴി :
അതേസമയം കരുവന്നൂര്‍ ബാങ്ക് മാനേജരുമായും ബാങ്കിന്റെ നടത്തിപ്പുകാരുമായും ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകള്‍ ഇ.ഡി ശേഖരിച്ചു, മൊയ്തീന് തട്ടിപ്പുമായുള്ള ബന്ധം ബലപ്പെടുത്തുകയാണ്. ഒരു കണ്ണൂര്ക്കാരന് തൃശൂരിലെ സഹകരണ ബാങ്കിലെ ബിനാമികളില്‍ ഒരാളായതിനു പിന്നില്‍ ഇ.പി ജയരാജനു പങ്കുണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ സുരേന്ദ്രന് ആരോപിച്ചു. ഇതൊക്കെ നടന്നത് തൃശ്ശൂരിലെ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ഇ.പി നിര്‍വഹിച്ച സമയത്താണെന്നാണ് സുരേന്ദ്രന് പറയുന്നത്. കരുവന്നൂര്‍ കേസില്‍ മൊയ്തീന് ഇനിയും പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതിയായി വരുമ്പോള്‍ ഇ.പി കൂടിയുണ്ടാകണമെന്ന് സുരേന്ദ്രന് ആഗ്രഹിക്കുന്നു.
ബിനാമി ലോണ്‍ :
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് 31നു കൊച്ചിയില്‍ ഹാജരാകണമെന്ന് ഇ.ഡി മൊയ്തീന് നോട്ടീസ് നല്കി. ബിനാമി ലോണ്‍ അടക്കമുള്ള കാര്യങ്ങള്‍ അന്ന് ചോദിച്ചറിയും. പാവങ്ങളുടെ ഭൂമി അവരറിയാതെ തട്ടിയെടുത്തു അതിന്റെ പേരില്‍ ഒന്നിലേറെ ലോണുകളെടുത്ത സംഭവങ്ങള്‍ ഇതോടെ പുറത്തുവരും. ഇതോടെ തൃശ്ശൂര്‍ ജില്ലയിലെ പല സി.പി.എം നേതാക്കളുടെയും പണമിടപാടുകളും പുറത്തുവരും.
ശ്രീറാമിന് തിരിച്ചടി :
മാധ്യമപ്രവര്ത്തകന് ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോയ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി! അമിത വേഗത്തില്‍ വാഹനമോടിച്ചതിന് നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം കോടതി പൂര്‍ണമായി തള്ളി. വിചാരണ നടത്തേണ്ട കേസാണിതെന്നും കോടതി പറഞ്ഞു. മദ്യപിച്ചത് കണ്ടെത്താതിരിക്കാന്‍ പോലീസിന് പിടികൊടുക്കാതെ ശരീരത്തിലെ രക്തം മാറ്റിയശേഷം പോലീസില്‍ ഹാജരായി എന്ന ആരോപണം അന്നേ പത്രപ്രവര്‍ത്തകര്‍ ഉന്നയച്ചിരുന്നു.
അടിക്കുറിപ്പ് : തൂവൂര് സ്വദേശിയായ സുജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ മാതോത്ത് വിഷ്ണുവിനെയും സഹപ്രതികളെയും തെളിവെടുപ്പിനു കൊണ്ടു വന്നപ്പോള്‍ നാട്ടുകാര്‍ പൊതിരെ തല്ലി. ജനരോക്ഷത്തില്‍ നിന്ന് പ്രതികളെ രക്ഷിക്കാന്‍ പോലീസുകാര്‍ പാടുപെട്ടു. ആ വിഷ്ണു ഡി.വൈ.എഫ്.ഐക്കാരനാണെന്നാണ് പ്രതിപക്ഷനേതാവ് സതീശന് പറയുന്നതെന്ന് ഗോവിന്ദന് മാഷ് പരിഹസിച്ചു. കൊലക്കേസ് പ്രതിയെ ഇനി ആര്‍ക്കെങ്കിലും വേണോ?
കെ.എ ഫ്രാന്‍സിസ്