'പെണ്ണേ, ആഹാ സുന്ദരിയായിട്ടുണ്ടല്ലോ ദാവണിയില്‍, ഇങ്ങനെ പാവാടേം സാരീമിടുന്ന ഒരു ചന്തം നിന്റെ പാന്റിടുമ്പം ഇല്ല കേട്ടോ....' അമ്മുമ്മ ചെറുമകള്‍ മാളുവിനോടായി പറഞ്ഞു.
'ഓ.... ഈ അമ്മുമ്മ തൊടങ്ങിയല്ലോ....
എനിക്കതൊക്കെ തന്നാ ഇഷ്ടം... പിന്നെ ഇന്നേ ഓണ പ്രോഗാമാ കോളേജില്‍, അത്തമിടണം, തിരുവാതിരക്കളി എന്നു വേണ്ട ആകെ ഒരു അടിച്ചു പൊളിയാ.... ഈ ഒരുക്കമൊക്കെ അതിന്റെയാ ...' മാളുവിന്റെ മറുപടി വന്നു.
'എന്നിട്ട് ഇവിടെ പൂക്കളമില്ലല്ലോ, അല്ല എന്തെടുത്തു പൂക്കളമിടും....? വായിക്കൊള്ളാന്‍ വയ്യാത്ത പേരൊള്ള ഏതാണ്ടൊക്കെ ചെടിയല്ലേ ഇവ്‌ടെടൊള്ളു.... അതൊക്കെ എന്റെ ചെറുപ്പത്തില്‍ .... തുമ്പപ്പൂവും, കിങ്ങിണിപ്പൂവും, കമ്മല് പൂവും, കോളാംബിയും, വാടാമല്ലിയും, തെച്ചിയും..... ഒക്കെ വട്ടയിലയില്‍ ഇറുത്തെടുത്ത് മുറ്റത്ത് വട്ടത്തില്‍ ചാണകം മെഴുകി അത്തമിടാനുള്ള ഒരു ഓട്ടം... ഓ.....എന്താ കഥ ' അമ്മുമ്മ ഒന്ന് നെടുവീര്‍പ്പെട്ടു....
'ഞാന്‍ പോണമ്മേ, അമ്മുമ്മാ പഴം പുരാണവും പറഞ്ഞു കൊണ്ടിരിക്കാതെ ടി വിയും കണ്ടോണ്ടിരിക്ക്, അതില്‍ ഓണപ്പരിപാടികള്‍ കാണും ', ഇതും പറഞ്ഞ്മാളു തന്റെ ടു വീലറില്‍ അകലേക്ക് മറഞ്ഞു...
അതേ..... ഈ പെട്ടിയില്‍ കാഴ്ച കാണാമെന്നല്ലാതെ എവിടെ മറഞ്ഞു ആ മേളങ്ങള്‍ ? വാഴയില ചുറ്റിയ പുലിക്കളിയും, മൂവാണ്ടന്‍ മാവിലെ അന്നലൂഞ്ഞാലില്‍ മത്സരിച്ച് ഊയലാടുന്ന കുട്ടികളുടെ ബഹളവുമൊക്കെ ഇനി ഒരിക്കല്‍ക്കൂടി കാണാനാകില്ല എന്നത് ദുഃഖസത്യം മാത്രമാണല്ലോ എന്ന ചിന്തയില്‍ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നപ്പോഴാണ് മകള്‍ സുമ വന്നു വിളിച്ചത്...
'അമ്മാ ഓണത്തിന് സുകുവും കുടുംബവും വരുന്നുണ്ടെന്ന് , എനിക്ക് വയ്യ ഇങ്ങനെ പകലന്തിയോളം പണിയെടുക്കാന്‍ , നമുക്ക് ഓണസദ്യ ഓര്‍ഡര്‍ ചെയ്യാം, അവരു തന്നെ ഇലയും തരും, ഞാന്‍ ചേട്ടനെ വിളിച്ചു പറഞ്ഞു ' .... ഇതും പറഞ്ഞ് കൈയിലിരുന്ന
ഫോണിലും നോക്കിക്കൊണ്ട് അവളവളുടെ റൂമിലേക്ക് പോയി.
ഞാന്‍ ശരിയെന്ന് തലയാട്ടി... അവള്‍ കണ്ടുവോ ആവോ?
പണ്ട് അടുക്കളയോട് ചേര്‍ന്ന പുരയിടത്തില്‍ നിന്ന് ഇഞ്ചി ചികഞ്ഞെടുത്ത് വൃത്തിയായി കഴുകി, കുനുകുനെ അരിഞ്ഞ് രണ്ട് പച്ചമുളകും കുറച്ച് കറിവേപ്പിലയും, കല്ലുപ്പുമിട്ട് വച്ച് അതില്‍ കട്ടത്തൈര് ചേര്‍ത്ത് ഇഞ്ചിത്തേരുണ്ടാക്കിയതിന്റെ ആ രുചി ഇവര്‍ക്ക് പറഞ്ഞാലറിയുമോ? ആ അവന്‍ അവിടെ കിടന്ന് കഷ്ടപ്പെടുന്നു, ഇവര്‍ക്ക് എന്തറിയാം.... എന്താന്ന് വച്ചാലായിക്കോട്ടെ....
അമ്മുമ്മയും പതുക്കെ തന്റെ മുറിയിലേക്ക് നടന്നു. കട്ടിലില്‍ ചെന്നിരുന്നു , മയക്കം വരുന്നതു പോലെ തോന്നി. ഒന്നു കിടക്കാം.... പതുക്കെപ്പതുക്കെ അവര്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
കഴിഞ്ഞു പോയ ഓണക്കാലങ്ങളുടെ പൊന്‍ സ്മൃതികള്‍ ഒന്നിനു പുറകെ ഒന്നായി അമ്മുമ്മയുടെ നിദ്രയില്‍ സ്വപ്നങ്ങളുടെ രൂപത്തിലെത്തിക്കൊണ്ടിരുന്നു ...