തുമ്പപ്പൂ പോലെ ചിരിച്ചു പ്രകൃതിയും
പുഞ്ചപ്പാടക്കാറ്റു വീശിക്കൊണ്ടേ
പൊന്നോണപ്പൂവിളികേൾക്കാൻ സമയമായ്
അത്തം പിറന്നല്ലോ കൂട്ടുകാരേ
ചിത്തീര നാളിലോ ഒത്തൊരുമിച്ചു നല്ലത്തമൊരുക്കാൻ തുടങ്ങീടണം
പാടത്തുമെല്ലാ തൊടിയിലുമോടിയാ പൂക്കൂടയല്ലോ നിറച്ചീടണം
ചോതി നാളിൽ വീതിയേറുന്നപൂക്കളാൽ
പാതകളെല്ലാമുണർന്നുവല്ലോ
വാടാമല്ലിപ്പൂ വിതറി വിശാഖവും
വേറിട്ട വർണ്ണാഭചാർത്തിക്കൊണ്ടേ
അനിഴം നാളരളിപ്പൂ അരികിലായിട്ടതാ
അഴകോടൊരുക്കിയാ പൂക്കളവും
മുക്കുറ്റികൾ നിറച്ചാർത്തുമായന്നല്ലോ
മുറ്റമൊരുങ്ങി തൃക്കേട്ടയിലും
ചാതുര്യമോടെ ചതുരത്തിൽ പൂക്കളം
മൂലം നാളിൽ മുറ പോലെയല്ലോ
മൂന്നു ദിനം കഴിഞ്ഞാലെത്തും പൊന്നോണം
മാവേലി മന്നന്റെയോർമ്മയല്ലോ
പൂക്കുടയെല്ലാമൊരുക്കി പൂരാടവും
ഉത്രാടച്ചെപ്പുമുണർന്നുവല്ലോ
വട്ടത്തിലല്ലോ നിറഞ്ഞെന്റെ പൂക്കളം
പൊന്നോണത്തിൻ നന്മയോതിക്കൊണ്ടേ...