നയന്‍ ഇലവണ്‍ ഭീകരാക്രമണത്തിനുശേഷം ആദം ഗോള്‍ഡ്മാന്‍ തീര്‍ത്തും അനാഥനായി. ഹഡ്സണ്‍ നദിക്കക്കരെ, ന്യൂജേഴ്സിയിലെ ജെഫേഴ്സണ്‍ അപാര്‍ട്മെന്റ് കോംപ്ലക്സിലായിരുന്നു പിന്നീട് അയാളുടെ താമസം.
ആ ദിവസവും പതിവുപോലെ മൂന്നുമണിക്കുതന്നെ ഉണര്‍ന്നെങ്കിലും അസ്വസ്ഥനായി, തിരിഞ്ഞും മറിഞ്ഞും കുറേനേരം കിടന്നു. കുറച്ചുനാളായി അയാള്‍ അസ്വസ്ഥനാണ്. സ്വയം നിര്‍മ്മിച്ച തടവറയ്ക്കുള്ളില്‍ ബന്ധനസ്ഥനായി ശ്വാസംമുട്ടുന്നു. മാനസികസംഘര്ഷങ്ങളൊഴിവാക്കാനായി അയാള്‍ കണ്ടെത്തിയ ഉപാധിയാണ്, ഇഷ്ടസുഹൃത്തും പുസ്തകപ്രേമിയും എഴുത്തുകാരനുമായ ഹരീഷ് കുര്യനെ വിളിക്കുക എന്നത്. അമേരിക്കയില്‍ വന്നകാലംതൊട്ടുള്ള അടുപ്പമായതുകൊണ്ട്, എത്ര തിരക്കാണെങ്കിലും ഹരീഷ് ഫോണെടുത്തു സംസാരിക്കും.
അടുത്ത കാലത്തായി ആദം ഒന്നുമെഴുതുന്നില്ലെങ്കിലും എഴുത്തിന്റെ തിരക്കിലാണെന്നേ പറയൂ. എഴുതാതിരിക്കുന്ന എഴുത്തുകാരൊക്കെ അങ്ങനെയായിരിക്കാം. ആഗ്രഹമുണ്ടെങ്കിലും എഴുതാത്തതിലുള്ള കുറ്റബോധവും മനഃസംഘര്ഷവുമായിരിക്കാം അവരെക്കൊണ്ട് അങ്ങനെ പറയിക്കുന്നത്. പതിനെട്ടാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് എഴുത്തുകാരനായ സേവ്യര്‍ ഡെ മെയ്സ്ട്രേ, നാല്‍പ്പത്തിരണ്ടു ദിവസം വീട്ടുതടങ്കലിലായതിനെത്തുടര്ന്ന്, 'വോയേജ് എറൗണ്ട് മൈ റൂം' എന്ന ക്ലാസ്സിക് കൃതി രചിച്ചു. സ്വയം തടവിലാക്കപ്പെട്ട ആദത്തിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യതയില്ല.
അല്‍പ്പനേരംകൂടി അങ്ങനെ കിടന്നതിനുശേഷം, ആദം കട്ടിലില്‍ പിടിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു. ടേബിള്‍ ലാമ്പിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. ഇരുട്ടകന്നുപോയെങ്കിലും ആ ഇടുങ്ങിയ മുറി അയാള്‍ക്കൊരു തടവറയായിത്തോന്നി.
കട്ടിലില്‍ കൈയൂന്നി, മെല്ലെയെഴുന്നേറ്റ്, ഭിത്തിയില്‍ ചാരിവച്ചിരുന്ന ഊന്നുവടിയെടുത്തു കുത്തിക്കൊണ്ട് അയാള്‍ ജനലിനരികിലേക്കു ശ്രദ്ധാപൂര്‍വ്വം നടന്നു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്റെ മുകളിലൂടെ, ഹഡ്സണ്‍ റിവര്‍ കടന്നെത്തുന്ന, മത്തുപിടിപ്പിക്കുന്ന തണുത്ത കാറ്റ്, മുറിയിലാകെ അലസമായി ചുറ്റിയടിക്കുന്നു. വെളിച്ചം ഇരുട്ടിനെ ഭേദിച്ചപ്പോള്ത്തന്നെ, തുറന്നിട്ട ജനാലയില്‍ തൂങ്ങിക്കിടന്നിരുന്ന വവ്വാലുകള്‍, ശക്തമായ ശീല്‍ക്കാരത്തോടെ പറന്നകന്നു. നിദ്രാഭംഗം വന്ന വവ്വാല്‍ക്കൂട്ടം സൃഷ്ടിച്ച കാറ്റോളങ്ങില്, ജനല്പ്പാളികള് നേര്‍ത്ത കരകരശബ്ദത്തില് ആടിക്കൊണ്ടിരുന്നു. മുറിയാകെ ചിതറിക്കിടന്ന കടലാസുകഷണങ്ങള്‍ കാറ്റിലിളകുന്നത് ഉറക്കച്ചടവില്‍ അയാള്‍ ശ്രദ്ധിച്ചില്ല. പല ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമായി, പൂര്‍ത്തിയാകാത്ത കഥകളുടെ അവശിഷ്ടങ്ങളായിരുന്നു അവയൊക്കെ.
ജെഫേഴ്സണ്‍ തെരുവിലെ നടപ്പാതകളില്‍ കൂനിക്കൂടിയിരിക്കുന്ന ഗൃഹരഹിതര് പുകയ്ക്കുന്ന മരുന്നുകളുടെ മണം, ഇളംകാറ്റിനെ കൂടുതല്‍ ഉന്മാദിനിയാക്കി. നിരത്തുകളിലൂടെ പാഞ്ഞുപോകുന്ന അത്യാഹിതവാഹനങ്ങളുടെ നിലയ്ക്കാത്ത കൂവലുകള്കൊണ്ട് അന്തരീക്ഷം മുഖരിതമാണെങ്കിലും വര്‍ഷങ്ങള്‍കൊണ്ട് അയാള്‍ക്കതു ശീലമായിരുന്നു.
നിമിഷങ്ങള്‍കൊണ്ട് വേണ്ടപ്പെട്ടവരെയെല്ലാം ഇല്ലാതാക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ തലയുയര്‍ത്തി നിന്നിരുന്ന സ്ഥലത്തേക്കു നോക്കി, ആദം കുറേനേരം നിന്നു. നദിയ്ക്കക്കരെ, തിരക്കേറിയ നിരത്തിലൂടെ ഉറുമ്പിന്കൂട്ടങ്ങളെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന കാറുകള്‍ നിറഞ്ഞ മഹാനഗരം അയാള്‍ക്കിപ്പോള്‍ തീര്‍ത്തും അപരിചിതമായിക്കഴിഞ്ഞിരുന്നു.
ഹഡ്സണ്‍ റിവറിലേക്കു നോക്കി നിന്നപ്പോള്‍, യു എസ് എയര്‍ലൈന്‍സിലെ ധീരനായ ക്യാപ്റ്റന്‍ സുള്ളി സുള്ളന്ബര്ഗിനെ അയാളോര്‍ത്തു. 2009 ജനുവരി പതിനഞ്ചിന്, നൂറ്റിയമ്പതു യാത്രക്കാരുമായി ന്യൂയോര്‍ക്കിലെ ലെഗ്വാഡിയയില്നിന്നു പറന്നുയര്‍ന്ന വിമാനം, യന്ത്രത്തകരാര്‍ കാരണം ശാന്തമായൊഴുകുന്ന ആ നദിയിലേക്കാണ് ക്യാപ്റ്റന്‍ സുരക്ഷിതമായി ഇറക്കിയത്. 'മിറക്കിള്‍ ഓഫ് ഹഡ്സണ്‍' എന്ന പേരില്‍ ആ സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന വാര്‍ത്ത അവിശ്വസനീയമായിരുന്നു. എന്നാല്‍, ആദത്തിന്റെ ഏകമകളും ഭാര്യയുമുള്‍പ്പെടെ മൂവായിരത്തോളം നിരപരാധികളെ ചുട്ടുകരിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍, അവര്‍ക്കു രക്ഷപ്പെടാനുള്ള ഭാഗ്യമുണ്ടായില്ല. ആ ദിവസത്തിന്റെയും ഭീകരനിമിഷങ്ങളുടെയും ഓര്‍മകള്‍ മരിക്കുന്നതുവരെ അയാള്‍ക്കൊപ്പമുണ്ടാകും.
ആദം ഒരു സുഹൃത്തിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായി ലോംഗ് ഐലണ്ടിലായിരുന്ന സമയത്താണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു ബോയിംഗ് വിമാനങ്ങള്‍ പാഞ്ഞുവന്ന് ഇരട്ടക്കെട്ടിടങ്ങള്‍ തുളച്ചുകയറി തീഗോളങ്ങള്‍ പടര്‍ത്തിയത്. ഭാര്യയും മകളും ബുക്ക്ഷോപ്പില്‍, ആദത്തിന്റെ അസാന്നിദ്ധ്യത്തില്‍ സഹായത്തിനായി നിന്നതായിരുന്നു. അവരുടെ മൃതദേഹങ്ങള്‍പോലും പിന്നെ കണ്ടിട്ടില്ല. എല്ലാം കത്തിക്കരിഞ്ഞുപോയെന്ന് അടുത്ത കൂട്ടുകാരോടൊക്കെ അയാള്‍ സങ്കടം പറയാറുണ്ടായിരുന്നു. കറുത്ത കണ്ണട വയ്ക്കുന്ന ശീലമുള്ളതുകൊണ്ട്, കണ്ണില്‍ നനവു പടരുന്നത് ആരും കണ്ടിരുന്നില്ല.
അതൊക്കെയിപ്പോള്‍ പഴയ ചരിത്രം. ആ നശിച്ച ദിവസം എത്രയോ നിരപരാധികളുടെ മരണങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ചെറുദ്വീപാണ് മന്‍ഹാട്ടന്‍! അന്ന് എല്ലാം നഷ്ടപ്പെട്ട്, ഒറ്റപ്പെട്ടുപോയ പുസ്തകക്കച്ചവടക്കാരനെയും എഴുത്തുകാരനെയും ഇപ്പോള്‍ വായനക്കാര്‍ മാത്രമല്ല, അടുത്ത കൂട്ടുകാര്പോലും മറന്നിരിക്കുന്നു. അത്ര പ്രശസ്തരല്ലാത്ത എല്ലാ എഴുത്തുകാരുടെയും വിധി ഇതൊക്കെത്തന്നെ!
അയാള്‍ക്ക് ആരോടും പരിഭവമില്ല. എല്ലാം മറക്കാനും എഴുതിത്തുടങ്ങിയതൊക്കെ പൂര്‍ത്തിയാക്കാനുമാണ് അയാള്‍ ന്യൂജേഴ്സിയിലേക്കു താമസം മാറ്റിയത്. നദീതീരത്തുള്ള ജെഫേഴ്സണ്‍ അപാര്ട്മെന്റിന്റെ നാലാം നിലയിലെ ഒരു കൊച്ചു സ്റ്റുഡിയോയായിരുന്നു അത്. സാമ്പത്തികപ്രതിസന്ധിയുള്ളതുകൊണ്ട് പാലസ്തീന്‍കാരനായ മുല്ലാക്കയുമായി വാടക പങ്കിടേണ്ടിവന്നു. വേള്‍ഡ് ട്രേഡ് സെന്ററില്‍ മരിച്ചവരുടെ ഉറ്റവര്‍ക്ക് മന്‍ഹാട്ടന്‍ ഡെവലപ്മെന്റ് കോര്പറേഷന് നല്കിയ ധനസഹായത്തിനൊപ്പം അവര്‍ നിര്‍ദ്ദേശിച്ച സഹതാമസക്കാരനായിരുന്നു മുല്ലാക്ക. പത്രത്താളുകള്പോലും മറിച്ചുനോക്കാത്ത അയാള്‍ ഖുറാനല്ലാതെ മറ്റൊരു പുസ്തകവും തുറന്നുനോക്കാറില്ലായിരുന്നു. അവരുടെ മുറിയില്‍, ഭിത്തിയോടുചേര്‍ന്ന്, മൂന്നു വശത്തും കിടക്കയില്‍, കിടക്കാനുള്ള ഭാഗമൊഴിച്ച് ബാക്കിയിടത്തും പഴയതും പുതിയതുമായ പുസ്തകങ്ങള്‍ നിറഞ്ഞിരുന്നു. ആദത്തിനെ അടുത്തറിയാവുന്ന ചിലര്‍ പുസ്തകം വാങ്ങാന്‍ വരുന്നതൊഴികെ മറ്റു സന്ദര്‍ശകരാരും ആ മുറിയിലേക്കു കയറാറില്ല. മുറിയില്‍ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും കാണുമ്പോള്‍ മുല്ലാക്കയ്ക്കു കലി കയറും. ആരെങ്കിലും പുസ്തകങ്ങളെടുക്കുന്നതോ അടുക്കി വയ്ക്കുന്നതോ ആദത്തിനിഷ്ടമല്ല. അതില്‍ മുല്ലാക്കയ്ക്കു കടുത്ത അമര്‍ഷമുണ്ടായിരുന്നു.
ഒരു സുപ്രഭാതത്തില്‍, മുല്ലാക്ക ആരോടും ഒന്നും പറയാതെ പെട്ടിയും കിടക്കയുമെടുത്തു സ്ഥലം കാലിയാക്കി. മുല്ലാക്കയ്ക്കു സ്ഥലംമാറ്റം കിട്ടിയെന്നാണ് ആദം അടുത്തുള്ള താമസക്കാരോടു പറഞ്ഞത്. ആദം ആഹാരം കഴിക്കാന്‍ ഇറാനിയന്‍ ഫുഡിലേക്കു പോയ തക്കംനോക്കിയാണ് അയാള്‍ പോയതെന്ന് ആദം വാച്ച്മാന് പോളിനോടു പറഞ്ഞു. തലേദിവസം മുല്ലാക്കയുമായി എന്തൊക്കെയോ വാക്കുതര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. പെട്ടെന്നുള്ള ദേഷ്യത്തിനു തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന സ്വഭാവമാണ് ആദത്തിന്. ദേഷ്യമടങ്ങുന്നതുവരെ പിറുപിറുത്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കും. പിന്നെ, എല്ലാം മറക്കും!
ആദം എങ്ങനെ പ്രതികരിക്കാതിരിക്കും! സ്വന്തം നാട്ടിലെ ആജന്മശത്രുക്കളല്ലേ! അറിയാതെ രക്തം തിളയ്ക്കുന്നതില്‍ അത്ഭുതമില്ല. അതൊക്കെ മനുഷ്യസഹജം. അതൊക്കെ മുല്ലാക്കയ്ക്കും അറിവുള്ളതാണ്. പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിന്റെ അവസാനം, പതിവുപോലെ ക്ഷമാപണം നടത്തിയിട്ടാണ് ആദം ഉറങ്ങാന്‍ കിടന്നത്. എങ്കിലും ഉറങ്ങുന്നതുവരെ അവ്യക്തമായയി പിറുപിറുത്തുകൊണ്ടിരുന്നു. റൂമില്‍ ക്ലീനിംഗിനെത്തുന്നവരോടും ആദം ദേഷ്യപ്പെട്ടിരുന്നു. എല്ലാംകൊണ്ടും സഹികെട്ടിട്ടായിരിക്കണം, മുല്ലാക്ക യാത്രപോലും പറയാതെ പോയത്!
മുല്ലാക്കയുടെ തിരോധാനം ആദത്തിന്റെ മനസ്സിനെ വല്ലാതെയുലച്ചു. മറ്റൊരു വരുമാനവുമില്ലാതെ, തുടര്‍ന്നുള്ള മാസങ്ങളില്‍ എങ്ങനെ വാടക കൊടുക്കുമെന്നുള്ള ആകുലതയും അയാള്‍ക്കുണ്ടായിരുന്നു. ആകെക്കിട്ടുന്ന വാര്ദ്ധക്യപെന്ഷന്കൊണ്ടു വാടക കൊടുത്താല്‍ മറ്റു ചെലവുകള്‍ എങ്ങനെ നടക്കും? പുസ്തകശാല നഷ്ടപ്പെട്ടപ്പോള്‍ കിട്ടിയ ഇന്‍ഷുറന്‍സ് തുകകൊണ്ട് വീണ്ടും പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടിയ പുസ്തകഭ്രാന്തനായിരുന്നു ആദം ഗോള്‍ഡ്മാന്‍! പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന തുച്ഛമായ തുക ഒന്നിനും തികയില്ലെങ്കിലും ഇഷ്ടമുള്ളതും അറിയാവുന്നതുമായ ഒരേയൊരു പണിയില്‍ അയാള്‍ പൂര്‍ണതൃപ്തനായിരുന്നു. സര്‍ക്കാരില്‍നിന്നു കിട്ടുന്ന ഫുഡ്സ്റ്റാമ്പുകൊണ്ട് പച്ചക്കറിക്കടയില്‍നിന്ന് എന്തെങ്കിലും വാങ്ങിയാലും കൈ വിറയ്ക്കുന്നതുകൊണ്ട് പാചകം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. മുല്ലാക്ക അതൊന്നും ശ്രദ്ധിക്കാതെ, രാവിലെ ധൃതിയില്‍ ഇറങ്ങിപ്പോകുന്നതും തോന്നുമ്പോള്‍ കയറിവരുന്നതും കാണാം. അവസാനം വാച്ച്മാന് പോളിനോടുപോലും പറയാതെ പടിയിറങ്ങി. അഞ്ചുനേരവും നിസ്ക്കരിക്കുന്ന, ഇസ്ലാമായ മുല്ലാക്കതന്നെയാണ് തന്നോടീ ചതി ചെയ്തതെന്നു വിശ്വസിക്കാന്‍ ആദത്തിനു പ്രയാസമായിരുന്നു.
തൊഴിലില്ലായ്മയും പ്രായാധിക്യവും റൈറ്റേഴ്സ് ബ്ലോക്കും കൈയുടെ വിറയലും ആദത്തിനെ ശാരീരികമായും മാനസികമായും തളര്‍ത്തി. ആഹാരം മാത്രം ബാബക്കിന്റെ ഇറാനിയന്‍ ഫുഡില്നിന്നു സൗജന്യമായി കിട്ടുമെങ്കിലും മഞ്ഞു പെയ്യുമ്പോള്‍ അര മൈലോളം വടിയുംകുത്തി നടന്ന് അങ്ങോട്ടെത്തുന്നത് അങ്ങേയറ്റം ശ്രമകരമായിരുന്നു. മഞ്ഞു പെയ്യുന്നില്ലെങ്കിലും അതിശക്തമായ ശീതക്കാറ്റടിച്ചാല്‍ ആദം പുറത്തേക്കിറങ്ങാറില്ല. മുറിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും. അതറിയാവുന്ന ഒരേയൊരാള്‍ ബാബക്ക് മാത്രമാണ്. ഉറ്റസുഹൃത്തായ ആദത്തിന് അയാള്‍ കണ്‍കണ്ട ദൈവത്തെപ്പോലെയാണ്. ആവശ്യമുള്ളപ്പോള്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥദൈവം എന്നതാണ് ആദത്തിന്റെ തത്വശാസ്ത്രം. അല്ലാതെയുള്ള ഒരു ദൈവത്തിലും അയാള്‍ വിശ്വസിക്കുന്നില്ല.
ആദത്തിന്റെ ആദ്യകാലകൃതികള്തൊട്ട് ബാബക്ക് വായിച്ചിരുന്നു. ആദം, വളരെ ചെറുപ്പത്തിലേ ഇസ്രായേലിലെ വെസ്റ്റ്ബാങ്കില്‍നിന്ന് അഭയാര്‍ത്ഥിയായി അച്ഛനോടൊപ്പം പലായനം ചെയ്തതാണ്. അമ്മ ബോംബ് സ്ഫോടനത്തില്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. അന്ന് ആദത്തിന് അഞ്ചു വയസ്സായിരുന്നു. സ്വന്തം അമ്മ കണ്മുമ്പില് പിടഞ്ഞുമരിക്കുന്നതിനു ദൃക്സാക്ഷിയായതിന്റെ ഓര്മ അയാളില്‍ ഒരുപാടു മാനസികസംഘര്ഷങ്ങളുണ്ടാക്കിയിരുന്നു.
വേള്‍ഡ് ട്രേഡ് സെന്ററിന്റെ താഴത്തെ നിലയില്‍ ആദം ബുക്സ്റ്റാള്‍ തുടങ്ങിയ സമയത്താണ് അച്ഛന് ഹാര്‍ട് അറ്റാക്കായി മരിക്കുന്നത്.
പുസ്തകശാലയില്‍ ജോലിക്കു വന്ന അമേരിക്കക്കാരി കാതറീനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഏകമകള്‍ ജെന്നിഫര്‍ ആദത്തിന്റെ ജീവനായിരുന്നു.
ബുക്ക്ഷോപ്പില്വച്ചാണ് ആദം ബാബക്കിനെ പരിചയപ്പെടുന്നത്. അയാള്‍ അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ആ പരിചയപ്പെടലിനുശേഷം, ബാബക്കിന്റെ ഭാര്യ മൈന മുഹമ്മദ് കുറച്ചുനാള്‍ പാര്‍ട് ടൈമായി ബുക്സ്റ്റാളില്‍ ജോലി ചെയ്തിരുന്നു. വായനക്കാരിയായ മൈനക്ക് അതീവസന്തോഷം നല്കിയ ജോലിയായിരുന്നു അത്. ആദത്തിന്റെ ജീവിതവുമായി ഇഴുകിച്ചേര്‍ന്നുകിടന്ന ബുക്സ്റ്റാള്‍ കത്തി നശിച്ചെങ്കിലും അയാളുടെ മുറിയില്‍നിന്ന് പതിവായി അവര്‍ പുസ്തകങ്ങളെടുക്കുമായിരുന്നു.
മുല്ലാക്ക പൊയ്ക്കഴിഞ്ഞപ്പോഴാണ് പുസ്തകങ്ങളൊക്കെ ഒന്നടുക്കിവയ്ക്കണമെന്നു തോന്നിയത്. മുറിയില്‍ കാറ്റടിച്ചു ചിതറിക്കിടന്ന പത്രക്കടലാസുകളും കഥാഭാഗങ്ങളും തപ്പിപ്പെറുക്കിയെടുത്തു വെയ്സ്റ്റ് ബാസ്ക്കറ്റിലിട്ടു. എഴുതിത്തുടങ്ങിയതൊന്നും പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ദുരവസ്ഥയിലാണെന്നു തിരിച്ചറിഞ്ഞതുപോലെയായിരുന്നു പിന്നീടുള്ള പെരുമാറ്റം. വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങളുടെ കൂമ്പാരം അടുക്കിവയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് മുല്ലാക്കയുടെ കത്തു കിട്ടുന്നത്. പള്ളിയിലെ അംഗങ്ങളുടെ കുറവു കാരണമാണ് അയാളെ ജോലിയില്‍നിന്നു പറഞ്ഞുവിട്ടതെന്നും മറ്റു ജോലികളെന്തെങ്കിലും കിട്ടുമെന്നുള്ള വിശ്വാസത്തില്‍ ആല്ബുക്കര്ക്കിയിലുള്ള സഹോദരന്റെ വീട്ടിലേക്കു പോവുകയാണെന്നും അയാള്‍ മൂലമുണ്ടായ താല്ക്കാലികബുദ്ധിമുട്ടുകള്ക്കു ക്ഷമ ചോദിക്കുന്നു എന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുണ്ടാകുന്ന നഷ്ടങ്ങളും വാടകക്കുടിശ്ശികയും താങ്ങാന്‍ ആദത്തിനു പറ്റുമായിരുന്നില്ല. അതറിയാമായിരുന്നിട്ടും അയാള്‍ക്കു മുല്ലാക്കയോടു പകയും ദേഷ്യവുമൊന്നും തോന്നിയില്ല. ആദം അങ്ങനെയാണ്. പറന്നുപോകുന്ന പക്ഷികള്‍ക്കും ആകാശത്തേക്കു കൈവീശി ഒരു ഗുഡമോണിംഗ് പറയും. ആരോടും സ്ഥിരം ദേഷ്യമില്ല. 'ഗോഡ് ഈസ് ലവ്, ബാബക്ക് ഈസ് മൈ ഗോഡ്' എന്ന് ഒരിക്കല്‍ റെസ്റ്റോറണ്ടില്വച്ചു കണ്ടപ്പോള്‍ ആദം മൈനയോടു പറഞ്ഞു. അതു കേട്ടിട്ട്, 'ബട്ട് സംടൈംസ് ദെയര്‍ ഈസ് ഏ ഡെവിള്‍ ഇന്‍സൈഡ്' എന്നുപറഞ്ഞ്, മൈന ഒരുപാടു ചിരിച്ചു. അവര്‍ ആദത്തിനെ സ്വന്തം അച്ഛനെപ്പോലെയാണു കാണുന്നത്. അയാളുടെ എല്ലാമെല്ലാമായിരുന്ന ഭാര്യയേയും മകളേയും നഷ്ടമായതില്‍ മൈനയ്ക്കു ബാബക്കിനും മാത്രമല്ല, പരിചയപ്പെടുന്നവര്‍ക്കെല്ലാം ദുഃഖവും സഹതാപവുമുണ്ടായിരുന്നു.
ആദത്തിന്റെ മിക്ക പുസ്തകങ്ങളും മൈന വായിച്ചിട്ടുണ്ട്. മൈനയും ബാബക്കും നഗരത്തിനു പുറത്തുള്ള എഡിസണ് എന്ന സിറ്റിയിലാണു താമസിക്കുന്നത്. എന്നാലും ഇറാനിയന്‍ ഫുഡില്‍ ആഴ്ചയില്‍ മൂന്നു ദിവസം മൈന മുടക്കംകൂടാതെ ജോലിക്കെത്തിയിരുന്നു. സ്വന്തം റെസ്റ്റോറണ്ടില്‍ ജോലി ചെയ്യാനായിരുന്നു, ആദത്തിന്റെ ഗോള്‍ഡ്മാന്‍ ബുക്സ്റ്റാളിലെ ജോലി അവരുപേക്ഷിച്ചത്. എല്ലാം നല്ലതിനുവേണ്ടിയായിരുന്നെന്നും അല്ലായിരുന്നെങ്കില്‍ മൈനയും കത്തിക്കരിയുമായിരുന്നില്ലേ എന്നും ആദം ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്.
'എന്തായാലും എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവര്‍ പോയി' എന്ന് കാണുന്നവരോടൊക്കെ ആദം പറയാറുണ്ടായിരുന്നു.
മഞ്ഞു പെയ്യുന്ന തണുപ്പുകാലങ്ങളില്‍, ബന്ധനസ്ഥനായ ആദത്തിന്, ഹോട്ടലുടമയായ ബാബക്ക് ദിവസം രണ്ടുതവണ് എന്തെങ്കിലും ആഹാരപ്പൊതികള്‍ കൊണ്ടുക്കൊടുത്തിരുന്നു. ഹോട്ടലിലെ മറ്റു ജോലിക്കാര്‍ക്കാവട്ടെ, ആ എഴുത്തുകാരനോടു പുച്ഛമായിരുന്നു. 'ഓ, ഇങ്ങനെ സൗജന്യമായി പുട്ടടിക്കുന്ന കുറേ കിഴവന്മാരിറങ്ങിയാല് ഹോട്ടല്‍ പൂട്ടേണ്ടിവരു'മെന്ന് അവര്‍ ബാബക്കിനോടു പരാതിപ്പെട്ടിരുന്നു. വര്ഗ്ഗശത്രുക്കളാണെന്നറിയാമെങ്കിലും ആദമും ബാബക്കും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവിശ്വാസിയായ ബാബക്ക് ആരോടും മോശമായി പെരുമാറിയിട്ടില്ല. ഒരിക്കല്‍പ്പോലും നിസ്ക്കരിക്കുകയോ പള്ളിയില്‍ പോവുകയോ ചെയ്യാത്ത ബാബക്ക് അഹമ്മദ്, പേരില്‍ മാത്രമേ മുസ്ലീമായിരുന്നുള്ളു എന്ന് ആദത്തിനറിയാമായിരുന്നു. മതവും നാടുമുപേക്ഷിച്ച്, ഇറാനിലെ ഏകാധിപത്യത്തില്‍നിന്ന് അമേരിക്കയിലേക്കു രക്ഷപ്പെട്ടുവന്നിട്ടുള്ളവരെല്ലാം അങ്ങനെയൊക്കെത്തന്നെയായിരുന്നു. പള്ളിയില്‍ ഭക്തരുടെ കുറവുള്ളതുകൊണ്ടാണ് മുല്ലാക്കയ്ക്കു ജോലി നഷ്ടമായത്.
ആദമിനെ സന്ദര്‍ശിക്കാന്‍ വന്ന ബാബക്കിനെ ആദ്യം കണ്ടപ്പോള്‍ മുല്ലാക്ക ചോദിച്ചത്, 'ആര് യൂ മുസ്ലീം?' എന്നാണ്. അയാള്‍ക്ക് അതിഷ്ടപ്പെട്ടില്ല. ഉടന്‍തന്നെ, മുല്ലാക്കയുടെ കണ്ണില്‍ നോക്കിക്കൊണ്ട്, 'നോ, ഐ ആം ഇറാനിയന്‍' എന്ന് അഭിമാനത്തോടെ പറഞ്ഞു.
അമേരിക്കയിലേക്കു കുടിയേറിയ ഇസ്ലാമുകളില്‍ ബഹുഭൂരിപക്ഷവും മതമുപേക്ഷിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അവരുടെ മക്കളുടെ കാര്യം വിശേഷിച്ചു പറയേണ്ടതില്ല. നയന്‍ ഇലവണ്‍ ആക്രമണത്തിനുശേഷം എല്ലാ മതങ്ങളിലും മതരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതു നഗ്നസത്യമാണ്.
തണുപ്പില്ലാത്ത കാലങ്ങളില്‍, ആദം കൃത്യമായി രാവിലെയും വൈകുന്നേരവും മുടക്കംകൂടാതെ, ജെഫേഴ്സണ്‍ സ്ട്രീറ്റിലൂടെ വടിയുംകുത്തി നടന്ന് റെസ്റ്റോറണ്ടിലെത്തിയിരുന്നു. ജീവിതസായാഹ്നത്തില്‍ ബാബക്ക് എന്ന കാണപ്പെട്ട ദൈവം കൊടുക്കുന്ന ഭക്ഷണംകൊണ്ടു മാത്രമാണ് അയാള്‍ ജീവിച്ചിരിക്കുന്നത്. ചിലപ്പോഴൊക്കെ, ഭക്ഷണപ്പൊതിയുമായി മൈനയും അയാളുടെ താമസസ്ഥലത്തു ചെല്ലുമായിരുന്നു.
അവരെക്കൂടാതെ, ആദത്തിന്റെ മുറിയിലെത്തുന്ന ഒരേയൊരു സന്ദര്ശകന് ഹരീഷായിരുന്നു. ബുക്ഷോപ്പിലെ നിത്യസന്ദര്‍ശകനായിരുന്ന ഹരീഷ് കുര്യന് അന്നു ജെ പി മോര്‍ഗനില്‍ മാനേജര്‍ തസ്തികയിലായിരുന്നു. ആദ്യം കണ്ടപ്പോള്‍, ഇന്ത്യയില്‍ എവിടെയാണെന്ന് ആദം ചോദിച്ചിരുന്നു. കേരളത്തില്‍നിന്നാണെന്നും മലയാളിയാണെന്നും പറഞ്ഞപ്പോള്‍ 'സുഖമാണോ' എന്നു മലയാളത്തില്‍ ചോദിച്ച്, ഹൃദയം നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു. ആദത്തിന്റെ മുത്തച്ഛന്മാര് കൊച്ചിയില്‍ ജീവിച്ചിരുന്നെന്നും മുത്തച്ഛന് പഠിപ്പിച്ച മലയാളം വാക്കുകള്‍ മറന്നിട്ടില്ലെന്നും പറഞ്ഞുകൊണ്ട് ഹരീഷിനെ കെട്ടിപ്പിടിച്ചു. മലയാളിയായതുകൊണ്ടാവാം, ഹരീഷിനോട് പ്രത്യേകവാത്സല്യവും അടുപ്പവുമുണ്ടായിരുന്നു.
നല്ല കാലാവസ്ഥയാണെങ്കില്‍ രണ്ടുതവണ ജെഫേഴ്സണ്‍ തെരുവു മുറിച്ചുകടന്ന് റെസ്റ്റോറണ്ടിലെത്തുന്ന ആദം, തിരിച്ചുപോരുമ്പോള്‍ അത്താഴത്തിനു കഴിക്കാന്‍, പ്രിയപ്പെട്ട ബീഫ് കബാബും പച്ച ആപ്പിളും കൈയില്‍ കരുതും.
കാര്യങ്ങള്‍ സുഗമമായി മുമ്പോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ്, ഒരു ദിവസം ആദം അപ്രതീക്ഷിതമായി റെസ്റ്റോറണ്ടില്‍ വരാതിരുന്നത്. ഹരീഷിനെ അറിയാവുന്ന ബാബക്ക്, അയാളെന്തെങ്കിലും ആദത്തിനു വാങ്ങിക്കൊടുത്തിട്ടുണ്ടാവുമെന്നു കരുതി. പക്ഷേ, അടുത്ത ദിവസംകൂടി കാണാതിരുന്നപ്പോള്‍ ബാബക്കിനു പരിഭ്രാന്തിയായി. വേവലാതിയോടെയാണ് ബാബക്ക് ഹരീഷിനെ വിളിച്ചത്.
'ഹലോ, ഹരീഷ് ആദത്തിനെ കണ്ടിരുന്നോ? ഇന്നലെയും ഫുഡ് കഴിക്കാന്‍ വന്നില്ല.'
'പോളിനെ വിളിച്ചിരുന്നു. താഴേക്കു വന്നില്ല, അന്വേഷിക്കാമെന്നു പറഞ്ഞു. ഞാന്‍ തിരക്കിലാണ്. എന്നാലും അവിടംവരെ ഒന്നു പോകാമെന്നു വിചാരിക്കുന്നു.'
'വേണ്ട, ബുദ്ധിമുട്ടണ്ട. ഞാനിന്നു പോകുന്നുണ്ട്. അന്വേഷിച്ചിട്ടു വിളിക്കാം.'
ബാബക്ക് അങ്ങനെ പറഞ്ഞ് ഫോണ്‍ വച്ചെങ്കിലും ഹരീഷിന്റെയുള്ളിലും ഒരുപാടു സംശയങ്ങള്‍ രൂപപ്പെട്ടു.
ബാബക്ക് രാത്രിയില്‍ റെസ്റ്റോറണ്ട് അടച്ച്, ബാഗില്‍ അന്നു പിരിഞ്ഞുകിട്ടിയ പണവും ഒരു പാത്രത്തില്‍ ഭദ്രമായി അടച്ചുവച്ച, ആദത്തിനിഷ്ടപ്പെട്ട ബീഫ് കബാബും ജാസ്മിന് റൈസുമായി ഇറങ്ങി. വേഗത്തില്‍ തെരുവു മുറിച്ചുകടക്കുമ്പോള്‍ ആരോ ആക്രമിച്ചു. ജെഫേഴ്സണ്‍ സ്ട്രീറ്റിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന്റെ മുമ്പില്‍വച്ചായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായി നാലുപേരുണ്ടായിരുന്നു അക്രമിസംഘത്തില്‍. തുടര്‍ച്ചയായുള്ള വെടിയൊച്ച കേട്ട് വഴിപോക്കര്‍ എമര്‍ജന്‍സി നമ്പരില്‍ വിളിച്ചു. എല്ലാം നിമിഷങ്ങള്‍ക്കകം കഴിഞ്ഞു. പോലീസും ആംബുലന്‍സും വന്നപ്പോള്‍, ബാബക്ക് റോഡില്‍ ചോര വാര്‍ന്നു കിടക്കുകയായിരുന്നു. ആദത്തിനുള്ള ഭക്ഷണം തെരുവില്‍ ചിതറിവീണുകിടന്നു. അതു കൊത്തിപ്പെറുക്കാന്‍ ഒരുപറ്റം രാക്കിളികള്‍ കൂടിയിരുന്നു.
വെടി വച്ചവര്‍ മോട്ടോര്സൈക്കിളോടിച്ചുപോയിരുന്നു. വിവരമറിഞ്ഞ് ഹോട്ടലിലെ ജോലിക്കാരെത്തിയപ്പോഴേക്കും ബാബക്കിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു.
ബാബക്ക് അന്ന് ആദത്തിനെ കണ്ടില്ല. അപാര്ട്മെന്റില് സംഭവിച്ചതൊന്നും ബാബക്ക് അറിഞ്ഞിരിക്കാനിടയില്ല.
അടുത്ത ദിവസം, 'ന്യൂയോര്‍ക്കില്‍ സെന്റ് ഫ്രാന്‍സിസ് ചര്ച്ചിനുമുമ്പില് ഭീകരാക്രമണം; ഇറാന്‍കാരനായ ബാബക്ക് അഹമ്മദ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു' എന്ന വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വന്നു. രണ്ടു ദിവസമായി പത്രം വായിക്കാന്‍ താഴേക്കു വരാതിരുന്നതുകൊണ്ട് ആദം അതറിഞ്ഞില്ല. കേബിളിന്റെ ബില്ലടയ്ക്കാതിരുന്നതുകൊണ്ട് ടി വിയും പ്രവര്‍ത്തിച്ചിരുന്നില്ല.
ആദം താഴേക്കു വരാതിരുന്നതുകൊണ്ട്, വാച്ച്മാന് പോള്‍ മുറിയില്‍പ്പോയി നോക്കി. മുറിയിലെ ബാത്റൂമില്‍ ആദം അനക്കമില്ലാതെ കിടക്കുന്നുണ്ടായിരുന്നു. അയാള്‍ പതിവായി ഉപയോഗിക്കാറുള്ള ചാരനിറമുള്ള ഷൂസ് തൊട്ടരികില്‍ ഊരിയിട്ടിരുന്നു. രാത്രിയില്‍ സ്ഥിരമായി ഇടാറുള്ള സ്വറ്റ്പാന്റും ഷര്‍ട്ടുമാണു വേഷം. മരിച്ചിട്ടില്ലെന്നു തോന്നിയതുകൊണ്ട്, അത്യാഹിതവിഭാഗത്തിലേക്ക് പോള്‍ വിളിച്ചു. അവര്‍ വന്ന്, ഐ വി കൊടുത്തു. താങ്ങിയെടുത്തു കട്ടിലിലിരുത്തി. ഷുഗറിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതാണു കാരണമെന്ന് അവര്‍ പറഞ്ഞു. മറ്റു കുഴപ്പമൊന്നുമില്ലെന്നും അറിയിക്കുകയും ഓറഞ്ച് ജ്യൂസ് കൊടുക്കുകയും ചെയ്തു. ആള് നോര്‍മലായപ്പോള്‍ അവര്‍ പോയി.
പോള്‍, ആദത്തിനരികിലിരുന്ന്, 'ഇപ്പോള്‍ എങ്ങനെയുണ്ട്' എന്നു ചോദിച്ചു.
'ബാബക്കിനെ വിളിക്കണം. എനിക്കു വിശക്കുന്നു.'
ആദം പറഞ്ഞു. 'വിളിക്കാം' എന്ന് ഒഴുക്കന്മട്ടില് പറഞ്ഞ്, പോള്‍ തിരിച്ചുപോന്നു. ബാബക്ക് വെടിയേറ്റു മരിച്ച വിവരം അയാള്‍ മനഃപൂര്‍വ്വം ആദത്തില്‍നിന്നു മറച്ചുവച്ചു. തന്റെ ദൈവത്തിന്റെ മരണവാര്‍ത്ത താങ്ങാനുള്ള മാനസികബലമൊന്നും ആദത്തിനില്ലെന്ന് പോളിനറിയാമായിരുന്നു.
നഗരത്തിന്റെ ഇടനാഴികളിലൂടെ തിക്കിത്തിരക്കിവന്ന കാറ്റ് അപ്പോഴും ലഹരിയുടെ ഉന്മാദത്തിലായിരുന്നു.
ആദവും ബാബക്ക് അഹമ്മദുമായുള്ള സൗഹൃദം യാഥാസ്ഥിതകനും അഫ്ഗാന്കാരനുമായ മുല്ലാക്ക ഇഷ്ടപ്പെട്ടിരുന്നില്ലെന്നു പോളിനറിയാം. അതിന്റെപേരില്‍ ആദമും മുല്ലാക്കയുംതമ്മില് വാക്കുതര്ക്കങ്ങളുമുണ്ടായിരുന്നു.
കുറേക്കഴിഞ്ഞപ്പോള്‍, പോള്‍ കഴിക്കാന്‍ വച്ചിരുന്ന ആപ്പിളിലൊരെണ്ണം ആദത്തിനു കൊണ്ടുപോയിക്കൊടുത്തു. അതയാള്‍ ആര്‍ത്തിയോടെ കഴിച്ചു.
'വേറേ എന്തെങ്കിലും വേണോ?'
പോള്‍ ചോദിച്ചു.
'വേണ്ട. രാവിലെ ഞാന്‍ ബാബക്കിനെ കാണാന്‍ പോകുന്നുണ്ട്.'
ആദം മറുപടി പറഞ്ഞു.
'എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം.'
അങ്ങനെ പറഞ്ഞ്, പോള്‍ പോയി. എന്നിട്ടും ബാബക്കിന്റെ മരണവാര്‍ത്ത അയാള്‍ ആദത്തിനെ അറിയിച്ചില്ല.
അടുത്ത ദിവസം രാവിലെ, പതിവുപോലെ ആദം ഭക്ഷണം കഴിക്കാനിറങ്ങിയത് പോളറിഞ്ഞില്ല. അയാളെ മുറിയില്‍ കാണാതിരുന്നപ്പോള്‍ പോള്‍ ഹരീഷിനെ വിളിച്ചറിയിച്ചു. ഹരീഷ് പോലീസില്‍ വിവരം ധരിപ്പിച്ചു.
അടുത്ത ദിവസം കാലത്ത്, ലോക്കല്‍ ടി വിയില്‍ ഹരീഷ് ആ വാര്‍ത്ത കണ്ടു: ന്യൂജേഴ്സിയിലെ ജെഫേഴ്സണ്‍ തെരുവിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ അജ്ഞാത മൃതദേഹം. ആ ചിത്രം കണ്ടപ്പോള്‍ത്തന്നെ, ഒരു ഞെട്ടലോടെ ആദമാണതെന്നു ഹരീഷ് തിരിച്ചറിഞ്ഞു. വിവരം പോലീസിനെ അറിയിച്ചു.
ഇറാനിയന്‍ ഫുഡ് റെസ്റ്റോറണ്ടിനു തൊട്ടടുത്തായിരുന്നു ആ ബസ് സ്റ്റോപ്പ്. ആഹാരക്കുറവാണു മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ബാബക്ക് വിളിച്ചപ്പോള്‍ അവിടെവരെപ്പോയി ഒന്നന്വേഷിക്കാതിരുന്നതില് ഹരീഷിനു കുറ്റബോധം തോന്നി. ബാബക്ക് മരിച്ച ദിവസം, 'ബാബക്കിനെ വിളിക്കണം, എനിക്കു വിശക്കുന്നു' എന്ന് ആദം പോളിനോടു പറഞ്ഞിരുന്നതായി പോള്‍ ഓര്‍മിച്ചു. ആ വാക്കുകള്‍ ഹരീഷിന്റെ മനസ്സില്‍ ഒരിക്കലും മായാത്ത മുറിപ്പാടുകള്‍ കോറിയിട്ടു.