പുതുപ്പള്ളിയില്‍ പട മുറുകുകയാണ്.പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ് .പുതുപ്പള്ളിക്കാര്‍ക്ക് ആകെ വെപ്രാളമാണ് .പഴയൊരു ചൊല്ലുണ്ട്-ഉത്രാടത്തിന്‍ നാള്‍ ഉച്ച തിരിയുമ്പോള്‍ അച്ചിമാര്‍ക്കെല്ലാം വെപ്രാളം എന്ന്.പഴയ അച്ചിപ്രയോഗം ഉപയോഗിച്ചതിന് ഞാന്‍ മാപ്പു പറയേണ്ടിവരുമോ ആവോ.അന്നൊക്കെ അത് സാധാരണ പ്രയോഗം മാത്രമായിരുന്നു.അച്ചി,നായര് ,മാപ്പിള,പെമ്പിള തുടങ്ങിയ നാടന്‍ പ്രയോഗങ്ങള്‍.എന്റെ വല്യമ്മച്ചിയെ അയല്‍വീട്ടിലെ ഓമനക്കുട്ടന്റെ മുത്തശ്ശി വിളിച്ചിരുന്നത് അന്നപെമ്പിള എന്നായിരുന്നു.എന്റെ അമ്മ ഓമനക്കുട്ടന്റെ അമ്മയെ ഇച്ചേയി എന്ന നാടന്‍ വിളിയില്‍ സ്‌നേഹിച്ചു.വീട്ടിലെ പാടത്തെ പണിക്കാരെ ജാതി കൂട്ടിയാണ് അന്നൊക്കെ വിളിച്ചിരുന്നത്.ഇന്ന് അറിയാതെ പോലും അങ്ങനെ വിളിച്ചാല്‍ അഴിയെണ്ണാവുന്ന അപരാധമാണ്.അതേ സമയം അതേ പേരുകള്‍ചേര്‍ത്ത് അവര്‍ സംഘടനകള്‍ ഉണ്ടാക്കുന്നു,സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നു.അത് തെറ്റല്ല .പക്ഷേ നമ്മള്‍ ആ വിളിപ്പേര് ഉപയോഗിക്കാന്‍ പാടില്ല.ഇങ്ങനെ നമ്മുടെയൊക്കെ ജീവിതം മാറി മറിയുകയാണ്.
പറഞ്ഞുവന്നത് പുതുപ്പള്ളിക്കാരെ പററിയാണ്.നാളെ ഉത്രാടമാണ്. ് ഓണമുള്ള എല്ലാവര്‍ക്കും ഉത്രാടത്തിന്‍ നാള്‍ ഉച്ചതിരിയുമ്പോള്‍ പരമ്പരാഗതമായ ഒരിനം ആചാരം പോലെ വെപ്രാളമാണ്.അതിനി അധികകാലം നീളത്തില്ല.വീട്ടിലെ സദ്യയെക്കാള്‍ ഉഗ്രന്‍ ഹോട്ടല്‍ സദ്യ വാങ്ങാന്‍ കിട്ടും.അടുക്കളയില്‍ കിടന്ന് പുതയേണ്ട.പച്ചക്കറി വാങ്ങി സോപ്പുവെള്ളത്തിലും ഉപ്പുവെള്ളത്തിലും പലതവണകഴുകി വിഷംകളയേണ്ട.അരിയേണ്ട,തേങ്ങ ചിരവേണ്ട.തേങ്ങപ്പാലു പിഴിയേണ്ട..ഉപ്പേരി വറക്കേണ്ട.ഇലവരെ സദ്യയ്‌ക്കൊപ്പം റെഡി.എന്നാലും പഴയ ആ വെപ്രാളത്തോന്നല്‍ മനസ്സിലിരുന്ന് തല നീട്ടും. ഇക്കുറി പുതുപ്പള്ളിക്കാര്‍ക്ക് പ്രത്യേകിച്ചും.കാരണം ഓണം കഴിഞ്ഞ് രണ്ടു നാള്‍ കൂടിക്കഴിഞ്ഞാല്‍ സെപ്റ്റംബര്‍ ഒന്നാണ്.വിളിപ്പാടകലെയുള്ള പ്രസിദ്ധമായ മണര്‍കാടുപള്ളി പെരുന്നാള്‍ അന്നു തുടങ്ങുകയായി.അത് ദേശത്തിന്റെ ഉത്സവമാണ്. പിന്നെ എട്ടു ദിവസം വിരുന്നുകാരും വീട്ടുകാരും പെരുന്നാളു കൂടാന്‍ ദേശാന്തരങ്ങളില്‍ നിന്നെത്തും.പെരുന്നാള്‍ തീരും മുമ്പ് വോട്ടെടുപ്പ് .അത് സെപ്റ്റംബര്‍ അഞ്ചിന്.ആകെ ജകപോക !.പിന്നെ വെപ്രാളം ഇല്ലാതിരിക്കുന്നതെങ്ങനെ ?.
പുതുപ്പള്ളിയില്‍ വന്നാല്‍ തിരഞ്ഞെടുപ്പു ഗോദയിലെ പൂഴിക്കടകന്‍ കാഴ്ചകള്‍ കാണാം.്. ഇന്നലെ അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതു കണ്ടു.വളരെ കഷ്ടം തോന്നി.എന്താ കേരളം ഇങ്ങനെ.നമ്മുടെ ചെറുപ്പക്കാരൊക്കെ പ്രബുദ്ധരായി അഭിനയിക്കയും രഹസ്യമായി കൂതറയാകുകയും ചെയ്യുന്ന സ്ഥിതി.സോഷ്യല്‍ മീഡിയ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാമെന്ന് പിഎച്ച്ഡി എടുക്കാനുള്ള മത്സരത്തിലാണ് യൂത്തന്‍മാര്‍.മുഖമില്ലാതെ ആര്‍ക്കും കയറി എന്തു കള്ളത്തരവും തോന്ന്യാസങ്ങളും കാണിക്കാമെന്ന ധൈര്യം .തല വെട്ടിയെടുത്ത് മറ്റൊരു ഉടലില്‍ ചേര്‍ക്കുന്ന കലയില്‍ അതി വിദഗ്ധരാണ് മലയാളികള്‍ എന്നത് കുപ്രസിദ്ധമാകുകയാണ്. അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ മകളെ എത്രത്തോളം അപമാനിക്കാമോ അത്രത്തോളം അപമാനിച്ചു കഴിഞ്ഞിരിക്കുന്നു.ആ കുട്ടി മാധ്യമങ്ങളോട് അതു പറയുന്നത് കാണുന്ന ആരും അവളെ ചേര്‍ത്തു പിടിക്കാന്‍ ആഗ്രഹിക്കും.കാരണം അതവളെ എത്രത്താളം
അസ്വസ്ഥപ്പെടുത്തുന്നുണ്ടെുന്ന് പെണ്‍മക്കളുള്ള ആര്‍ക്കും മനസ്സിലാകും.സ്വന്തം സഹോദരന്‍ പുതുപ്പള്ളിയില്‍ ഇലക്ഷനു നില്‍ക്കുന്നു എന്നൊരു അപരാധം മാത്രമാണ് അച്ചു ഉമ്മനെ ക്രൂശിക്കാന്‍ കാരണം.അപ്പന്‍ ഒരു ജനപ്രതിനിധിയും മുന്‍ മുഖ്യമന്ത്രിയും ആയിപ്പോയി .അത് ആ മക്കളുടെ തെറ്റല്ലല്ലോ.അദ്ദേഹം പാര്‍ട്ടിയുടെ കൊടി നോക്കാതെ ജനങ്ങളെ സേവിച്ചു എന്നതും അവരുടെ കുറ്റമല്ലല്ലോ.കോണ്‍ഗ്രസ്സ് പാര്‍ട്ടി പിതാവിന്റെ മരണശേഷം മകനെ ആ സ്ഥാനത്ത് ഇലക്ഷന് തിരഞ്ഞെടുത്തത് അപരാധവുമല്ല.ചാണ്ടി ഉമ്മനെപ്പറ്റി മോശം പറയാന്‍ ആര്‍ക്കും ഒന്നുമില്ല താനും.പണ്ട് കല്ലുവച്ച നുണകള്‍ പറഞ്ഞ് ആ പാവത്തിന്റെ ജീവിതം തകര്‍ത്തതാണ്. മലയാളികള്‍ക്കു മുന്നില്‍ അതിന്റെ സത്യം വെളിപ്പെട്ടതാണ്.പിന്നെന്തിനാണ് കുടുംബനാഥന്റെ മരണദുഖം തീരുംമുമ്പ് ഇങ്ങനെ ആ കുടുംബത്തെ വീണ്ടും ക്രൂശിക്കുന്നത് ?.
പുതുപ്പള്ളിയില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മത്സരം.ബിജെപി മിടുക്കനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കിലും അവിടെയുള്ള സാന്നിധ്യം ഒന്നുകൂടി ഉറപ്പിക്കുക എന്ന ദൗത്യം മാത്രമാണ് അവര്‍ക്കുള്ളത്.കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയെ ഇത്തിരി വെള്ളം കുടിപ്പിച്ച മത്സരമായിരുന്നു.അതേ ഇടതു സ്ഥാനാര്‍ത്ഥി തന്നെ മൂന്നാം വട്ടം നില്‍ക്കുന്നു.ആരാണോ രണ്ടു വട്ടം ജെയ്ക്കിനെ തോല്‍പ്പിച്ചത് അദ്ദേഹത്തിന്റെ മകനെ ഇത്തവണ ജെയ്ക്ക് നേരിടുമ്പോള്‍ പുതുപ്പള്ളിക്കാരില്‍ രണ്ടുതരം സഹതാപം നിറയുന്നു.ഒരു യുവാവിനെ മൂന്നു തവണ എങ്ങനെ തങ്ങള്‍ തോല്‍പ്പിക്കും എന്ന വിഷമം ഒരു വശത്ത്.അപ്പന്‍ മരിച്ചുപോയ മകനാണ് മറുവശത്ത് .53 വര്‍ഷം തങ്ങള്‍ക്ക് താങ്ങായി ,സ്വന്തം ബന്ധുവായി നിന്നയാളുടെ മകനാണ്.കേരളം ഇന്നുവരെ കാണാത്തത്ര അന്ത്യ യാത്രമൊഴി ചൊല്ലിയതിലൂടെ അദ്ദേഹത്തിന്റെ ജനസമ്മതി അവര്‍ കണ്ടതാണ്.ഒരുപാട് കടപ്പാടുകള്‍ ശേഷിപ്പിച്ചിട്ടു കടന്നുപോയ അദ്ദേഹത്തിന്റെ മകനെ കൈവിടാനുമാകില്ല.അങ്ങനെ പുതുപ്പള്ളിക്കാരുടെ മനസ്സ് ഞെളിപിരി കൊള്ളുമ്പോഴാണ് പ്രചരണ മാമാങ്കം കൊടുമുടിയേറിയത്.ചെറുപ്പക്കാര്‍ മൂന്നുപേരും കുലീനമായ രീതിയില്‍ത്തന്നെ പ്രചാരണം നടത്തി.അവിടേക്കാണ് സോഷ്യല്‍ മീഡിയ അതിമിടുക്കു കാണിച്ചു വന്നത്.ചക്കിനു വച്ചത് കൊക്കിനു കൊണ്ട കാഴ്ചയാണ് ഇപ്പോള്‍.
വയോധികനായ ഉമ്മന്‍ ചാണ്ടിയുടെയും മകന്‍ ചാണ്ടി ഉമ്മന്റെയും മൂത്ത മകളുടെയും ജീവിതത്തെ കടന്നാക്രമിച്ച രാഷ്ട്രീയ വേട്ടയാടലുകള്‍ നമ്മള്‍ കണ്ടതാണ്.നിരപരാധികളായ കുടുംബാംഗങ്ങളെപ്പോലും വേട്ടയാടുന്ന രീതി.അന്നൊക്കെ അപ്പന്‍ അവരുടെ ശക്തിയായിരുന്നു.ഒന്നിനും അപ്പന്‍ പ്രതികരിച്ചില്ല. ഇന്ന് അവര്‍ അനാഥരാണ്.അത് നമ്മള്‍ മറക്കുന്നു.അച്ചു ഉമ്മനെ മാത്രം സോഷ്യല്‍ മീഡിയ ഇതുവരെ ആക്രമിച്ചിട്ടില്ലായിരുന്നു.ഇപ്പോള്‍ അവളെയാണ് വേട്ടയാടുന്നത്.സഹോദരനു വേണ്ടി വോട്ടു ചോദിച്ചിറങ്ങിയതോടെയാണ് അച്ചുവിനു നേരെ എതിരാളികള്‍ മറഞ്ഞിരുന്ന് അമ്പെയ്യുന്നത്.ആ യുവതിയുടെ തൊഴില്‍ ,യാത്രകള്‍,കുടുംബജീവിതം,വസ്ത്രം,ചെരിപ്പ്,ബാഗ് എന്നുവേണ്ട സകലവും ഇഴകീറി പരിശോധിച്ച് വേട്ടയാടുന്നു.അവരും മനുഷ്യരാണെന്ന പരിഗണനപോലുമില്ലാതെ.ബോക്‌സിംഗില്‍പ്പോലും എതിരാളികളെ ഇടിച്ചു വീഴ്ത്തുന്നതിന് ചില നിയമങ്ങളുണ്ട്.സോഷ്യല്‍ മീഡിയില്‍ അത്തരം നിയമങ്ങളില്ലല്ലോ. അല്ലെങ്കില്‍ത്തന്നെ ഒളിപ്പോരാളികള്‍ക്ക് എന്തു നിയമമാണ് ബാധകമാവുക ?.
മോഡലിംഗ് മോശം തൊഴിലാണോ.മാന്യമായ വസ്ത്രം ധരിച്ച് അന്തസ്സായി തൊഴില്‍ ചെയ്യുന്ന രീതിയാണ് അച്ചുവിന്റേത്.ഇന്‍സ്റ്റാഗ്രാമില്‍ അവള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഞാനും കാണാറുണ്ട്. അപ്പന്റെ മാന്യതയ്ക്ക് കോട്ടംതട്ടുന്ന ഒരു വേഷവും അവള്‍ ചെയ്തതായി കാണുന്നില്ല.അതേ ചിത്രങ്ങളെടുത്ത് ഉടല്‍ മാറ്റിയും അല്ലാതെയും പ്രചരിപ്പിച്ചാല്‍ അവളെ തകര്‍ക്കാം എന്നതൊരു സ്വപ്‌നം മാത്രമാണ്. ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ നഷ്ടം ഉണ്ടാകുക ?.തിരഞ്ഞെടുപ്പില്‍ എതിരാളിയായ ജെയ്ക്കിനു തന്നെ.മനപ്പൂര്‍വ്വം ജെയ്ക്കിനിട്ട് ആരൊക്കയോ പണി തുടങ്ങിയതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അച്ചു ലക്ഷങ്ങള്‍ അടിച്ചു പൊളിക്കുന്നു,വിദേശയാത്രകള്‍ ചെയ്യുന്നു,35 ലക്ഷത്തിന്റെ ബാഗും 50 ലക്ഷത്തിന്റെ വാച്ചും ഒരു ലക്ഷത്തിന്റെ ചെരുപ്പുമിട്ട് ലക്ഷങ്ങള്‍ വാടകയുള്ള ഹോട്ടലുകളില്‍ താമസിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ .മോഡലിംഗിനെപ്പറ്റി മനസ്സിലാക്കാതെയാണ് ഈ പറയുന്നത്.പ്രശസ്തങ്ങളായ രണ്ട് വിമന്‍സ് മാഗസിനുകളില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്ത അനുഭവം എനിക്കുണ്ട്.മോഡലുകളായി പ്രശസ്ഥ സിനിമാതാരങ്ങളെവച്ച് ഷൂട്ടിംഗ് നടത്തിയിട്ടുണ്ട്.ഷൂട്ടിംഗിനുവേണ്ട അക്‌സസറീസ് അവര്‍ കൊണ്ടുവരികയല്ല,അവര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുക.സ്വര്‍ണ്ണാഭരണത്തിന്റെയും ഡയമണ്ടിന്റെയും ഷൂട്ടിന് സ്വര്‍ണ്ണക്കട ഉടമതന്നെ ആളെ വിട്ട് അവ എത്തിച്ച ഷൂട്ട് കഴിയുമ്പോള്‍ മടക്കിക്കൊണ്ടുപോകും.അല്ലാതെ ഇതെല്ലാം വന്‍തുക മുടക്കി വാങ്ങിക്കെട്ടി കൊണ്ടുചെന്ന് മോഡലാകാന്‍ ആരെക്കൊണ്ടാണു പറ്റുക.മുന്നില്‍ വന്ന് അന്തസ്സായി യുദ്ധം ചെയ്യുന്നതിനു പകരം ഒളിച്ചിരുന്ന് അമ്പെയ്യുന്നത് ഭീരുത്തമാണെന്ന് അവര്‍ പറയുന്നത് മലയാളികള്‍ വിഷമത്തോടെയാണ് കേട്ടത്.അഥവാ ആ യുവതി മോഡലിംഗില്‍ ഇത്തിരി ഗ്‌ളാമറായാല്‍ത്തന്നെ ജനത്തിനെന്താണ് കുഴപ്പം.അവരുടെ വീട്ടിലെ കാര്യം ഭര്‍ത്താവും അവരും കൂടെ പരിഹരിച്ചോളും. നടിമാരുടെ ഗ്‌ളാമര്‍ ഫോട്ടോ നോക്കിയിരുന്ന് ഉമിനീരിറക്കുന്ന അല്‍പ്പന്‍മാര്‍ സോഷ്യല്‍മീഡിയയില്‍ കൂവുന്നു !.
അച്ചു ഉമ്മന്‍ സോഷ്യല്‍ മീഡിയയിലെ ആക്രമണത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചതോടെ ,അത് മാലോകര്‍ അറിഞ്ഞതോടെ അവരോടുള്ള ജനത്തിന്റെ സഹതാപം സത്യത്തില്‍ ഇരട്ടിച്ചു .അത് വോട്ടായി ചാണ്ടിക്കുഞ്ഞിന്റെ പെട്ടിയിലെത്തും.അതിനിടയിലാണ് എം എം മണിയുടെ വരവ്. .അദ്ദേഹത്തിന്റെ ' പരനാറി-ചെറ്റ ' പ്രയോഗങ്ങള്‍ ജെയ്ക്കിനിട്ട് അടുത്ത ആണിയും അടിച്ചു കയറ്റി .അപ്പോഴുണ്ട് സതിയമ്മ വരുന്നു. ചുമ്മാ മര്യാദയ്ക്ക് തൊഴിലു ചെയ്തു ജീവിച്ചുവന്ന പാവം സതിയമ്മ ഇപ്പോള്‍ കേരളമറിയുന്ന താരമായി.ഇതു വരെ ജീവിക്കാന്‍വേണ്ടി പെടാപ്പാടുപെട്ട് ഒതുങ്ങികഴിഞ്ഞുകൂടിയ സതിയമ്മയെ മാധ്യമങ്ങള്‍ പൊതിയുന്ന കാഴ്ച.തന്റെ വോട്ട് ആര്‍ക്കാണെന്നും ഉമ്മന്‍ ചാണ്ടിസാറിനെപ്പറ്റിയുമൊക്കെ ചാനല്‍ ക്യാമറകളുടെ കണ്ണിലേക്കുനോക്കി വിറയ്ക്കാതെ,വിക്കാതെ പറയാന്‍ സതിയമ്മയ്ക്കു ഉശിരായി. കോണ്‍ഗ്രസ്സുകാരുംകൂടെ ഒപ്പം ചേര്‍ന്നതോടെ വീറായി. ചാനലുകാരാണ് സത്യത്തില്‍ സതിയമ്മയെ ചെറുതായി തോണ്ടിയത്.ഉമ്മന്‍ചാണ്ടിസാര്‍ തങ്ങളുടെ വീട്ടിലെ മരണദുഖത്തിലും വിവാഹത്തിലും സങ്കടങ്ങളിലും ഒപ്പം നിന്നതുകൊണ്ട് വോട്ടുകൊടുക്കുമെന്ന് പാവം നിഷ്‌കളങ്കമായി പറഞ്ഞുപോയതാണ്.അതാണ് മഹാപരാധമായത്.ഉണ്ടായിരുന്ന തൊഴിലും പോയി,ഇപ്പോ ആള്‍മാറാട്ട കേസും പുലിവാലുമായി.വെറും 7000 രൂപ കൊണ്ടാണ് സതിയമ്മ രോഗിയായ ഭര്‍ത്താവിനെ പത്തുപതിമൂന്നു വര്‍ഷമായി പരിപാലിച്ച് മരുന്നും വാങ്ങി വീടു മുന്നോട്ടു കൊണ്ടുപോകുന്നത്.സ്ഥിരജോലി നിയമനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചായിരുന്നു കാത്തുകാത്തിരുന്നത്.. ദിവസം 235 രുപ തികച്ചു കൂലിയില്ലാത്ത ആ മൂക്കങ്ങു തെറിച്ചെന്നേയുള്ളൂ.ഇപ്പോള്‍ കേട്ടറിഞ്ഞ് വേറെ ജോലിവാഗ്ദാനം വന്നിട്ടുണ്ട്,കോണ്‍ഗ്രസ്സ് പിന്തുണയുണ്ട്.സതിയമ്മയ്ക്ക് നഷ്ടമൊന്നുമില്ല.ലാഭമേയുള്ളൂ.
പക്ഷേ ജെയ്ക്കിനങ്ങനെയാണോ.ഈ സതിയമ്മ സംഭവത്തിലും ജനത്തിന് അമര്‍ഷമുണ്ട്.സാധുവായ വീട്ടമ്മയോട് കടുംകൈ ചെയ്തതായി ഒരു തോന്നല്‍ .അവരുടെ ജോലി തെറിപ്പിച്ചതോടെ അടുത്ത ആണിയും അടിച്ചു കയറ്റി.എല്ലാം കൂടെയായപ്പോള്‍ ചക്കിനു വച്ചത് കൊക്കിനു കൊള്ളുന്ന ലക്ഷണം.പാവം ജെയ്ക്ക് സത്യത്തില്‍ നിരപരാധിയാണു താനും.
ചാണ്ടിയുടെയും ജെയ്ക്കിന്റെയും ഇടയില്‍ നിന്നു മുഖമില്ലാതെ കളിക്കുന്നതാരാണ്..അവരാരാണ് ?.
read more: https://emalayalee.com/writer/188