ഒരുപാട് ഇഷ്ടമുള്ള പടമാണ് ഒരു മെയ് മാസ പുലരിയിൽ. അതിനു ഒരു കാരണം എനിക്ക് നല്ല പരിചയമുള്ള ഇടങ്ങളിൽ വച്ചായിരുന്നു അതിൻ്റെ ഷൂട്ടിംഗ് എന്നതാണ്. ഞാൻ പഠിച്ച സ്ക്കൂളും അതിൻ്റെ വളപ്പിൽ തന്നെയുള്ള പ്രസിദ്ധമായ പള്ളിയും ഞങ്ങൾ സ്ക്കൂൾ വിട്ട് നടന്നു പോകുന്ന വഴികളും എല്ലാം പടത്തിലെ ഗാനരംഗങ്ങൾ ഉൾപ്പടെയുള്ള രംഗങ്ങളിൽ കാണാം.
സ്ക്കൂളിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടന്നാൽ ഒരു മദ്യശാല ഉണ്ട്. അവിടെ നിന്നാണ് പടത്തിലെ നായികാ കഥാപാത്രം തൻ്റെ അച്ഛന് വേണ്ടി മദ്യം വാങ്ങുന്നത്. " എന്താ പെണ്ണുങ്ങൾക്ക് മദ്യം വാങ്ങിക്കൂടെ" എന്ന് രേഷ്മ എന്ന ഈ കഥാപാത്രം അവിടെ വച്ച് എന്തോ കമൻ്റ് പറഞ്ഞ ഒരാളോട് ചോദിക്കുന്നുണ്ട്.
പഴയ തിരുവനന്തപുരം നഗരം കാണാൻ ഇങ്ങനെ അവിടെ ചിത്രീകരിച്ച പടങ്ങൾ ഇടയ്ക്കിടെ വീണ്ടും കാണാറുണ്ട്. ടി പി ബാലഗോപാലൻ എം എ, ഓടരുതമ്മാവാ ആളറിയാം, ഏപ്രിൽ 18, സുഖമോ ദേവി തുടങ്ങിയ അനേകം ചിത്രങ്ങളിൽ പഴയ തിരുവനന്തപുരം ഉണ്ട്. ഇതൊക്കെ ഇടയ്ക്കിടെ വീണ്ടും കണ്ട് നെടുവീർപ്പ് ഇടുന്നത് വല്ല മാനസിക രോഗമാണോ എന്തോ.
ഒരു മെയ്മാസപ്പുലരിയിൽ എന്ന ചിത്രത്തിലെ
"പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായ് ഇന്ന് മാറി..." എന്ന ഗാനം രചനാ ഭംഗി കൊണ്ടും സംഗീത മികവ് കൊണ്ടും ചിത്രയുടെ ആലാപന ശൈലി കൊണ്ടും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പടത്തിലെ രേഷ്മ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ഭാസ്ക്കരൻ മാഷ് ലളിത സുന്ദരമായ ഈ വരികൾ എഴുതിയത്. ഇതേ വരികൾ തന്നെ 1977 ൽ ഇറങ്ങിയ ഗുരുവായൂർ കേശവൻ എന്ന പടത്തിലെ കഥാപാത്രത്തിനു വേണ്ടി സംസ്കൃത പദങ്ങൾ ഉൾപ്പെടുത്തി കാവ്യ ഗുണമുള്ള ഒരു പാട്ട് അദ്ദേഹം എഴുതിയിട്ടുണ്ട്.
"സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്ര പതംഗമായ് മാറീ'
രണ്ട് ഗാനങ്ങളുടെയും ഉള്ളടക്കം ഒന്ന് തന്നെ. ഒന്ന് എഴുതിയത് 1980 കളുടെ അവസാനത്തിൽ ജീവിക്കുന്ന നഗര വാസിയായ ഒരു കൗമാരക്കാരിയായ കഥാപാത്രത്തിനു വേണ്ടിയെങ്കിൽ മറ്റൊന്ന് 1920കളിൽ ഉള്ള കോവിലകത്ത് കുടുംബാംഗം ആയ കഥാപാത്രത്തിനു വേണ്ടിയും.
പക്ഷേ വാക്കുകൾ അധികം മാറ്റാതെ വേറെ രണ്ടു പാട്ടുകളും ഭാസ്ക്കരൻ മാഷ് എഴുതിയിട്ടുണ്ട്. 1975 ൽ പുറത്തിറങ്ങിയ ആരണ്യകാണ്ഡം
എന്ന പടത്തിലെ
"ഈ വഴിയും ഈ മരത്തണലും
പൂവണിമരതകപ്പുൽമെത്തയും
കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു
ഇടവപ്പാതിയിൽ കുടയില്ലാതെ
ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ
പണ്ടിരുന്നു നമ്മൾ
കുടവുമായ് വന്ന വർഷമേഘസുന്ദരി
കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു"
പി ഭാസ്ക്കരൻ എഴുതി എ ടി ഉമ്മർ ഈണമിട്ട ഈ പാട്ട് ഹിറ്റ് ആയിരുന്നു. ഇതിലെ അനുപല്ലവി മാഷ് അടുത്ത വർഷം ഇറങ്ങിയ അപ്പൂപ്പൻ എന്ന പടത്തിലെ പാട്ടിൻ്റെ തുടക്കത്തിൽ ചേർത്തു.
"ഇടവപ്പാതിക്കു കുടയില്ലാതെ
ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ നാം
നാം ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ
കുടവുമെടുത്തൊരു കാർമുകിൽ നമ്മെ
കുളിപ്പിച്ചില്ലേ പെണ്ണേ കുളിപ്പിച്ചില്ലേ"
ഇതാണ് ആ പാട്ട്. ബാബുരാജ് ആയിരുന്നു സംഗീതം നൽകിയത്.
യേശുദാസിനൊപ്പം അഞ്ജലി എന്നൊരു ഗായിക പാടിയിരിക്കുന്നു.
അപ്പൂപ്പൻ സംവിധാനം ചെയ്തതും ഭാസ്ക്കരൻ മാഷ് ആയിരുന്നു. തിരക്ക് കാരണം പഴയ വരികൾ തന്നെ എടുത്ത് പുതിയ ഒരു പാട്ട് തട്ടിക്കൂട്ടിയത് ആവാം. ആരോട് ചോദിച്ചാൽ ഇതിൻ്റെ കഥ അറിയാം? ഭാസ്ക്കരൻ മാഷ് പോയി, ബാബുരാജ് അതിനും മുമ്പേ പോയി. യേശുദാസിന് അറിയണം എന്നില്ല. കൂടെ പാടിയ അഞ്ജലി എവിടെയെന്ന് ആർക്കും അറിയില്ല. കമലഹാസൻ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. പുള്ളിയെ കാണുമ്പോൾ ചോദിച്ചു നോക്കാം. പറയുമോ എന്തോ!
അപ്പൂപ്പൻ സിനിമയ്ക്ക് ആദ്യം ഇട്ട പേര് ചരിത്രം ആവർത്തിക്കുന്നു എന്നാണ്. പടം റിലീസ് ചെയ്യുന്നതിന് തൊട്ടു മുമ്പ് ആണ് ആവർത്തിക്കുന്ന ചരിത്രത്തെ അപ്പൂപ്പൻ ആക്കിയത്. അത് കൊണ്ടാവും ഒരു പാട്ട് എങ്കിലും ആവർത്തിക്കട്ടെ എന്ന് ഭാസ്ക്കരൻ മാഷ് കരുതിയത്.
മാഷിൻ്റെ വരികൾ വേറെ ചില ഗാന രചയിതാക്കൾ ആവർത്തിച്ചിട്ടുണ്ട്. അരക്കള്ളൻ മുക്കാൽക്കള്ളൻ എന്ന പടത്തിലെ "നിൻ്റെ മിഴിയിൽ നീലോൽപലം" എന്ന ഗാനം കേട്ടിട്ട് കൈക്കുടന്ന നിലാവ് എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതിയ
"വാലിട്ടു കണ്ണെഴുതും കര്ണ്ണികാരം
നിന്നെ വരവേല്ക്കും ശംഖുപുഷ്പം" കൂടി കേട്ടു നോക്കുക. ഗിരീഷ് മനഃപൂർവം പകർത്തിയത് ആവില്ല. കല്പനകൾ പല കവികളും ആവർത്തിക്കും. അതൊക്കെ നിസാര സംഗതികൾ ആണെങ്കിലും ഇത് നിരീക്ഷിക്കുന്നത് രസകരമായ ഒരു പരിപാടിയാണ്.