തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരം കട്ടയ്ക്ക് കട്ടയ്ക്ക് എന്ന തോന്നലുണ്ടാക്കാന്‍ പറ്റുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. പുതുപ്പള്ളി മണ്ഡലത്തിലൂടെ ഒന്നു നാം നടന്നാല്‍ ചാണ്ടി ഉമ്മന്‍ കടന്നു കിട്ടുമോ എന്ന് വരെ പുറത്തുള്ളവര്‍ക്ക് തോന്നാം. പക്ഷേ, ഇത്തവണ ചാണ്ടി ഉമ്മന്റെ കൂടെ തന്നെ എന്ന് പുതുപ്പള്ളിക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. അതിലൊരു മാറ്റവും ഇല്ല.
ഓണസമ്മാനമായി ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി അനുവദിക്കുകയും പാചകവാതക ഗ്യാസിന് 200 രൂപ കുറയ്ക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാറും, മഞ്ഞക്കാര്‍ഡുകാര്‍ക്ക് കിറ്റ് നല്‍കി കേരള സര്‍ക്കാരും പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കിയാലും ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ തരംഗത്തിന് ഒരു കോട്ടവും സംഭവിക്കില്ല എന്ന് ഉറപ്പ്. സി.പി.എം മാത്രമല്ല കേരള സര്‍ക്കാര്‍ തന്നെ ജെയ്ക്കിന് വേണ്ടി രംഗത്തിറങ്ങിയ ഇലക്ഷനാണിത് അതു കൊണ്ടൊന്നും പുതുപ്പള്ളിക്കാരുടെ മനസ്സ് മാറില്ല.
പുലിവാല് :
പുതുപ്പള്ളിയിലേതു പോലെ ഒരു പുലിവാലു പിടിച്ച ഇലക്ഷനില്‍ സി.പി.എം ചെന്ന് ചാടുന്നത് ഇതാദ്യം. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെയാണ് മലയാളികളുടെ ഹൃദയങ്ങളില്‍ ആ വലിയ മനുഷ്യനു സ്ഥാനമുണ്ടെന്ന സത്യം സ്വന്തം കുടുംബവും നാട്ടുകാരും പോലും തിരിച്ചറിയുന്നത്. സഹതാപതരംഗം അങ്ങ് ഫസ്റ്റ് ഗിയറില്‍ കയറിക്കയറി വരുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയുടെ പ്രിയപുത്രന്‍ ചാണ്ടി ഉമ്മന്‍ ഇലക്ഷനു നിന്നാല്‍ ജെയ്ക്ക് എന്നല്ല ആരും നിന്നാലും തോറ്റത് തന്നെ. കഴിഞ്ഞ തവണ വരെ പ്രതീക്ഷയോടെ മത്സരിച്ച മുന്നേറിയ ജെയ്ക്ക് ഇത്തവണ ഇടയ്‌ക്കൊന്ന് ബ്രേക്ക് ചവിട്ടുന്നത് അതു കൊണ്ടു മാത്രം. ഉമ്മന്‍ ചാണ്ടിയെ പോലെ ജനപ്രീതിയുള്ള നേതാവ് മരിച്ചു ഒരു മാസം തികയും മുമ്പേ അദ്ദേഹത്തിന്റെ മകന്‍ മത്സരിച്ചാല്‍ എതിരാളിയായി നില്‍ക്കാന്‍ ആരും ഒന്നും മടിക്കും. ജെയ്ക്കായതു കൊണ്ട് അത്ര മോശമല്ലാത്ത ഒരു മത്സരം സി.പി.എമ്മിന് കാഴ്ചവയ്ക്കാനാവും. കാരണം ആ ചെറുപ്പക്കാരനെ ആരും ഇഷ്ടപ്പെട്ടു പോകും. വോട്ടെടുപ്പ് അല്പം ദിവസം കൂടി കഴിഞ്ഞോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു ഒപ്പമോ ആയിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നു.
സഹതാപതരംഗം :
മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ 6 പഞ്ചായത്തും ഇപ്പോള്‍ ഇടതുഭരണത്തില്‍ ആണെന്നോര്‍ക്കണം. മാത്രമല്ല കോട്ടയം ജില്ലയിലെ പ്രബല കക്ഷിയായ ജോസ് മാണിഗ്രൂപ്പും കേരള കോണ്‍ഗ്രസും സി.പി.എമ്മിനൊപ്പം ഉണ്ട്. രാഷ്ട്രീയമായി നേരിടുകയാണെങ്കില്‍ കണക്ക് വെച്ച് ജെയ്ക്ക് പാട്ടുപാടി ജയിക്കേണ്ട മണ്ഡലമാണിത്. ഇക്കഴിഞ്ഞ ഇലക്ഷനില്‍ ഉമ്മന്‍ചാണ്ടിയും ജെയ്ക്കും തമ്മിലുള്ള വോട്ട് വ്യത്യാസം ഒമ്പതിനായിരത്തിലേറെ വോട്ടുകള്‍ മാത്രം. 'ഉപ്പിനൊക്കുമോ ഉപ്പിലിട്ടത്' എന്ന പഴമൊഴി അനുസരിച്ചും ഇത്തവണ ചാണ്ടി ഉമ്മന്‍ തോറ്റു തൊപ്പിയിടേണ്ടതാണ്. പക്ഷെ, സഹതാപതരംഗം എങ്ങനെ ഇല്ലാതാകും ? ചാനലായ ചാനല്‍ മുഴുവന്‍ ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര കണ്ടവരല്ലേ പുതുപ്പള്ളിക്കാരും ഇതുവരെ വോട്ട് ചെയ്യാത്തവരും ഇത്തവണ ചാണ്ടി ഉമ്മനു വോട്ട് ചെയ്യുമെന്ന് ഉറപ്പല്ലേ ?
പാര്‍ട്ടി തന്നെ തുണ :
നാട്ടുകാര്‍ക്കറിയാം ഈ ത്യാഗത്തിന് രാജ്യസഭ സീറ്റോ അതുപോലെ എന്തെങ്കിലും ജെയ്ക്കിന് പാര്‍ട്ടി നല്‍കും. ജെയ്ക്ക് അതുവഴി രക്ഷപ്പെടുകയും ചെയ്യും. പലരും ഇത്തവണ ജെയ്ക്കിന് വോട്ട് ചെയ്യാത്തത് ജെയ്ക്കിനോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല, ഉമ്മന്‍ചാണ്ടിയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ളിടത്തും മത്സരം സമാസമം എന്ന് വരുത്തിത്തീര്‍ക്കാനുള്ള വൈഭവം സി.പി.എമ്മിനേ ഉണ്ടാകൂ. പുതുപ്പള്ളി മണ്ഡലത്തില്‍ വെറുതെ ഒന്ന് ചുറ്റി നടന്നാല്‍ ആര് ജയിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല.
കൈയ്യടി വാങ്ങാം :
കുഴല്‍നാടന്‍ വെറുതെയിരുന്നില്ല. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിനു സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് മാത്യു കുഴല്‍നാടന്‍ പങ്കാളിയായ നിയമ സ്ഥാപനം നോട്ടീസ് അയച്ചു. ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ 2.50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം, നോട്ടീസ് കിട്ടി ഏഴു ദിവസത്തിനകം പിന്‍വലിച്ച് മോഹനന്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് വഴി. കുഴല്‍നാടന്‍ ആരാധകരുടെ കയ്യടിക്ക് അത് മതിയല്ലോ.
അടിക്കുറിപ്പ് : വി.എസ് അച്യുതാനന്ദന് ഒപ്പമുള്ള ആഹ്‌ളാദകരമായ ഓണ ചിത്രം പങ്കുവച്ച് ഇത്തവണ മകന്‍ അരുണ്‍ കുമാര്‍. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ അരുണിന്റെ വീട്ടില്‍ കഴിയുന്ന അദ്ദേഹത്തിന് ഒക്ടോബറില്‍ നൂറു വയസ്സാകും. പക്ഷാഘാതത്തെ തുടര്‍ന്ന് 2019 മുതലാണ് വി.എസ് പൊതുജീവിതത്തില്‍ നിന്ന് മാറി നിന്നത്.
കെ.എ ഫ്രാന്‍സിസ്