എല്ലാവിധ ഉപതെരഞ്ഞെടുപ്പുകളും ഭരിക്കുന്ന പാര്‍ട്ടിയുടെ ജനവിധിയായി കാണുമ്പോള്‍ പുതുപ്പള്ളിയില്‍ അങ്ങനെ ഒരു കാര്യം കോണ്‍ഗ്രസ് മുഖ്യഅജണ്ട പോലും ആക്കിയിട്ടില്ല. പ്രചാരണത്തില്‍ സി.പി.എം ബഹുദൂരം മുന്നിലുമാണ് എന്നാലും ചാണ്ടി ഉമ്മന്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും. കാരണം ഇവിടെ യഥാര്‍ത്ഥത്തില്‍ മത്സരിക്കുന്നത് ജീവിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയേക്കാള്‍ ശക്തനായ പുതുപ്പള്ളിക്കാരോട് ഇപ്പോള്‍ ഒപ്പമില്ലാത്ത ഉമ്മന്‍ചാണ്ടിയാണ്!
തോല്‍ക്കുമെന്ന് 100% ഉറപ്പായിട്ടും തീപാറുന്ന പോരാട്ടമാക്കി അത് മാറ്റാനും ഇനി ചിലപ്പോള്‍ ജയിച്ചാലോയെന്ന് സ്വയം വിശ്വാസമാര്‍ജ്ജിച്ചു ആ വിജയം സ്വപ്നം കാണാനും സി.പി.എം സഖാക്കള്‍ക്കേ കഴിയൂ. അതു കൊണ്ടു തന്നെ പുതുപ്പള്ളി ഇലക്ഷന്റെ അജണ്ട നിശ്ചയിച്ചത് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് എല്ലാ വികസനങ്ങള്‍ക്കും എതിരായി നിന്ന സഖാക്കളെല്ലാം പിണറായി അധികാരത്തിലേറിയ ശേഷം വികസന വാദികളാണല്ലോ. ആ വികസനം തന്നെയാണ് സി.പി.എം ചര്‍ച്ചയാക്കുന്നത്. ആ അജണ്ട വച്ച് തന്നെ ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ് സഖാക്കള്‍ നടത്തുന്നത്.
വാസവനും അനിലും :
ജെയ്ക്കിനെ ഈ മത്സരത്തില്‍ വലതു കൈ പിടിച്ചു നടത്തുന്നത് വാസവനും ഇടത് കൈപിടിച്ച് നടത്തുന്നത് അഡ്വ.അനില്‍ കുമാറുമാണ്. പ്രചാരണത്തില്‍ അല്പം എരിവും പുളിയും വേണമെന്ന പക്ഷക്കാരനാണ് അനില്‍. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ കുടുംബത്തിലുള്ള വിയോജിപ്പുകള്‍ പറയുന്നതിലായിരുന്നു അദ്ദേഹത്തിനിഷ്ടം. അങ്ങനെ ഉമ്മന്‍ചാണ്ടിയും കുടുംബവും നാട്ടുകാര്‍ വിചാരിച്ചതുപോലെ വിശുദ്ധരല്ലെന്ന് പറയണമെന്നായിരുന്നു അനിലിന്റെ അഭിപ്രായം. വാസവനാകട്ടെ വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന പക്ഷക്കാരനായിരുന്നു. വോട്ടര്‍മാര്‍ വികാരമല്ല വിവേകമാണ് പ്രകടിപ്പിക്കേണ്ടതെന്നും അതിനായി പ്രചാരണം ആ വഴിക്ക് തിരിച്ചു വിടണമെന്നുമായി അദ്ദേഹത്തിന്റെ വാദം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷും ആ ചിന്താഗതിക്കാന്‍ തന്നെയായിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ പ്രചാരണവും ആ വഴിക്ക് തന്നെ.
സൈബര്‍...:
വീണ വിജയനെ പറ്റിയുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസ് ആഞ്ഞുപിടിച്ചതോടെ സി.പി.എം സൈബര്‍ സഖാക്കള്‍ അച്ചു ഉമ്മന്റെ വസ്ത്രധാരണരീതിയെ പറ്റി പുത്തന്‍ കഥകള്‍ മെനഞ്ഞു. ജെയ്ക്ക് സമ്പന്നനാണെന്നായി എതിര്‍ പ്രചാരണം. ചാണ്ടി ഉമ്മന്റെ പേരില്‍ വിദേശ നിക്ഷേപമുണ്ടെന്നായി എതിരാളികള്‍. ഇതങ്ങനെ കയറു പൊട്ടിച്ച് പോകുന്ന വിവാദങ്ങള്‍. പക്ഷേ, ഇക്കാര്യത്തിലൊന്നും സി.പി.എം സഖാക്കളോട് മത്സരിക്കാനുണ്ടോ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുന്നു. എന്തിനേറെ തിരുവഞ്ചൂരിന്റെ മണ്ഡലത്തിലെ ആകാശപാതയെ പറ്റി പറഞ്ഞാല്‍ അതൊന്നുമാകാത്തതിന്റെ ഉത്തരവാദി ഇടതു സര്‍ക്കാരാണെന്ന് കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥിക്കും. അതുപോലെ പുതുപ്പള്ളിയുടെ വികസനത്തിന് തടസ്സം നിന്നത് കഴിഞ്ഞ ഏഴ് വര്‍ഷമായി ഭരിക്കുന്ന പിണറായി സര്‍ക്കാരല്ലേ എന്നും പ്രഭവമായി ചോദിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുന്നുമില്ല.
ഓവര്‍ കോണ്‍ഫിഡന്‍സ് :
കോണ്‍ഗ്രസ് ഈ ഇലക്ഷനെ നേരിടുന്നത് 'ഓവര്‍ കോണ്‍ഫിഡന്‍സോ'ട് കൂടിയാണ്. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടിയിലുള്ള വിശ്വാസം ഇത്രയുള്ളപ്പോള്‍ ഒരു പ്രചാരണം തന്നെ ആവശ്യമേയില്ലെന്ന മട്ടുണ്ട്. സതിയമ്മയുടെ കാര്യത്തില്‍ അവര്‍ക്കെതിരെ ആള്‍മാറാട്ട കേസെടുത്തത് പോലും വലിയൊരു ഇഷ്യു ആക്കാന്‍ കോണ്‍ഗ്രസ് പറ്റിയിട്ടില്ല. സി.പി.എം മുന്നോട്ടുവച്ച അജണ്ടയില്‍ കൊത്താതെ അഴിമതി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായി പ്രചാരണത്തിന്റെ അജണ്ട നിശ്ചയിക്കുവാനും കോണ്‍ഗ്രസിന് പറ്റിയിട്ടുമില്ലല്ലോ. ഈ മത്സരം കൊണ്ടുനടക്കുന്ന സതീശനോട് വലിയ പ്രതിപത്തിയില്ലാത്ത രമേശും, മുരളിയും കോണ്‍ഗ്രസിനോട് എന്തോ പിണക്കത്തിലാണെന്ന ഒരു ധാരണയും പരത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഖബറിടത്തിലാകട്ടെ മരിച്ചിട്ട് രണ്ടുമാസമായിട്ടും ആരാധകരുടെ തള്ളിക്കയറ്റമാണ്. ഈ മനുഷ്യന്‍ കേരളമെങ്ങുമുള്ള മനുഷ്യരുടെ ഹൃദയം ഇത്രമാത്രം കവര്‍ന്നതെങ്ങനെയെന്നാണ് പുതുപ്പള്ളിക്കാര്‍ ആലോചിക്കുന്നത്. അതേസമയം നിബുവിനെ പോലെയുള്ള കോണ്‍ഗ്രസുകാര്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി എന്തും ചെയ്യാമെങ്കിലും പൊതുവേ പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോട് ഉള്ള ആരാധന കൂടിയിട്ടേയുള്ളൂ. കോണ്‍ഗ്രസുകാര്‍ നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലും പുതുപ്പള്ളിക്കാരില്‍ ഭൂരിപക്ഷം പേരുടെയും വോട്ട് മരിച്ചുപോയ ഉമ്മന്‍ ചാണ്ടിക്കായിരിക്കും. അത് അവരുടെ വികാരമായി മാറുന്നു. ഇത്തവണ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടിയെയാകും അവര്‍ മനസ്സില്‍ കാണുക.
കെ.എ ഫ്രാന്‍സിസ്