ന്യൂയോർക്ക് നഗരത്തിന്റെ ആകാശം ചുവപ്പ്, മഞ്ഞ, ഓറഞ്ചു നിറങ്ങളാകുന്നതും, ആദിത്യഭഗവാൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നീരാടാൻ പോകുന്നതും, ഇരുട്ടിനെ പേടിച്ച് മരകൊമ്പുകളിൽ ചേക്കേറുവാൻ തുടങ്ങുന്ന കിളികൾ കലമ്പൽ കൂട്ടി ചിലക്കുന്നതും. ഹഡ്‌സൺ നദിയുടെ മറുകരയിലേക്ക് വലിയ വലിയ കൊക്കുകൾ പറന്നു പോകുന്നതുമെല്ലാം ഹൃദയമിടിപ്പോടെ ആണ് മേപ്പടിയാന്മാർ നോക്കിയിരിക്കുക....! "സന്ധ്യ മയങ്ങുവാനെന്തിത്ര താമസം .. .." എന്ന കീർത്തനം ആലപിച്ചുകൊണ്ട് അവർ താന്നിക്കാട്ടു ബേസ്മെന്റിനു ചുറ്റും നടക്കും ..
എങ്കിലും ഒരു കണ്ണെപ്പോഴും ഫോണിന്റെ സ്ക്രീനിൽ തന്നെ ആണ്. പ്രത്യേകിച്ച് 'വിശുദ്ധർ' എന്ന വാട്സാപ്പ് ഗ്രുപ്പിന്റെ ലോഗോയിലേക്ക്.... കൊളംബസ് കറിയയുടെ 'കേറിവാടാ മക്കളേ.....!' എന്നുള്ള ഒരു വിളി...ആ ഒരൊറ്റ വിളിക്ക് വേണ്ടിയാണ് വേഴാമ്പലിനെപ്പോലെ അവർ കാത്തിരിക്കുന്നത്. പകുതി മുറിഞ്ഞു പോയ കഴിഞ്ഞ ദിവസ്സത്തെ ബേസ്മെന്റ് മേളയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ടാണ് ഈ ആഴ്ചയിലെ ഓരോ ദിനവും കടന്നുപോയിക്കൊണ്ടിരിക്കുന്നത് ... മുന്ന് ദിവസ്സമായി..... രാത്രി മുഴുവൻ സൂര്യൻ കടലിൽ മുങ്ങികുളിച്ച് വെളുപ്പിന് തലയും തോർത്തി, പുതിയ ചെമ്പട്ടു പുടവ ഉടുത്തുവന്നിട്ടും കൊളംബസിന്റെ ഭാഗത്തു നിന്നും യാതൊരനക്കവും ഉണ്ടായില്ല ..നിരാശയോടെ വിശുദ്ധർ ക്ലബിലെ അന്തേവാസികളായ മേപ്പടിയാന്മാർ കുളിരു കോരുന്ന ഇക്കിളി വീഡിയോകളും തമാശ കമന്റുകളും കണ്ട് സായൂജ്യമടഞ്ഞു കൊണ്ടിരുന്നു.
നാലാം ദിവസ്സം,ദേ വരുന്നു കൊളംബസിന്റെ മെസ്സേജ് , ഹോ ..അതൊരു വരവായിരുന്നു....., പറയെടുത്തു വരുന്നത് പോല..., നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ തലയെടുപ്പോടെയുള്ള എഴുന്നള്ളത്ത് .... "ഇന്ന് ചാച്ചമ്മക്ക് ഓവർടൈം ഓഫർ വന്നിട്ടുണ്ട്, അതുകൊണ്ട് വൈകിട്ട് കാണാം ..കാണണം .!" ബോറടിയുടെ പാരമ്യത്തിലായിരുന്നു കൊളംബസ് കറിയ എന്ന് മേപ്പടിയാന്മാർക്കു തോന്നി.
മെസ്സേജ് വായിച്ചു ദേഹത്ത് പൂടയില്ലാത്തവർ പോലും രോമാഞ്ചപുളകിതരായി. തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്നതുപോലെ മേപ്പാടിയന്മാരുടെ ഉള്ളിൽ പൊട്ടിയത് ലഡ്ഡു മാത്രമല്ല , ജിലേബി കൂടിയാണ്....അതിൽ നിന്ന് ഊറിവന്ന മധുരം നുണഞ്ഞ് അവർ ആനന്ദപുളകിതരായി.
സൂര്യഭഗവാന്റെ മുങ്ങികുളിക്ക് വേണ്ടി പോലും കാത്തുനിൽക്കാതെ മേപ്പടിയാന്മാർ താന്നിക്കാട്ടു ഗരാജിന്റെ ചുറ്റുമായി തമ്പടിച്ചു തുടങ്ങി. ഗാരേജ് തുറന്ന് ചാച്ചമ്മ കാറുമായി പുറത്തേക്ക് പോകുന്നത് അവർ കൺകുളിർക്കെ കണ്ടു....പിന്നെ പറയേണ്ടല്ലോ മേപ്പാടിയൻസ് ക്ലബിന്റെ ആഘോഷമായ ബേസ്മെന്റ് കലാമേളയുടെ ആരംഭമായി.
ഇന്ന് മിത്രാജി ആയിരുന്നു താരം, തോളിൽ കിടന്ന ഒരു തുണി സഞ്ചിയുടെ വള്ളിയിൽ മുറുകെ പിടിച്ച്, മഹാഭാരത യുദ്ധം വിജയിച്ച പാണ്ഡവന്മാരുടെ മുഖവുമായി ചുറുചുറുക്കോടെ ആൾ ആദ്യം തന്നെ ബേസ്മെന്റിൽ കടന്നു , നാരദന്റെ വീണ പോലെ എന്തോ ഒന്ന് തുണിസഞ്ചിക്കുള്ളിൽ നീണ്ടു നിന്നിരുന്നു. മിത്രാജിയുടെ ഈ പെരുമാറ്റം കണ്ട് മറ്റുള്ള മേപ്പടിയാന്മാർ പരസ്പരം സംശയരൂപേണ നോക്കി. ബാർ ടേബിളിന്റെ അടുത്തെത്തിയതും മാർത്താണ്ഡവർമ്മ ഉടവാൾ ഉരുന്നത് പോലെ നീളൻ കഴുത്തുള്ള ഒരു കുപ്പി തുണി സഞ്ചിയിൽ നിന്ന് പൊക്കിയെടുത്ത് ബാർ ടേബിളിനു മുകളിൽ ഭക്തിപുരസ്സരം സ്ഥാപിച്ചു. പച്ചനിറത്തിൽ അരയന്ന കഴുത്തുള്ള ഒരു റെമി മാർട്ടിൻ ഫുൾ ബോട്ടിൽ......!. ഒരു കൈ കുപ്പിയുടെ കഴുത്തിലും മറുകൈ എളിയിലും തിരുകി നിന്ന് മിത്രാജി ഉറക്കെ പ്രഖ്യാപിച്ചു "ഇന്നത്തെ ചെലവ് എന്റെ വക ...!"
റെമി മാർട്ടിൻ ബാർ ടേബിളിന് മുകളിൽ ഇരുന്നു എല്ലാവരെയും നോക്കി ചിരിച്ചു. മേപ്പടിയാന്മാർ എല്ലാവരും തന്നെ ഫുൾ ബോട്ടിലിന്റെ പച്ചപ്പിലൂടെ മിത്രാജിയെ നോക്കിക്കൊണ്ടിരുന്നു. മിത്രാജിയുടെ മുഖമാകട്ടെ ബേസ്മെന്റിലെ ഇരുണ്ട വെളിച്ചത്തിൽ ചന്ദ്രനെ പോലെ തിളങ്ങി നിന്നു.
"ഈ വിശേഷാൽ പ്രതിയെ അകത്താക്കണമെങ്കിൽ, ടച്ചിങ്സിന് കാര്യമായി എന്തെങ്കിലും വേണം ..." വട്ടേപ്പൻ വക്കീൽ കുപ്പിയെ ആകപ്പാടെ ഒന്ന് നോക്കിക്കൊണ്ടു പറഞ്ഞു.
"ഞാനൊന്നു തപ്പിയേച്ചു വരാം .." കൊളംബസ് ബേസ്മെന്റിന്റെ വാതിൽ തുറന്ന് അടുക്കളഭാഗത്തേക്ക് പോയി. തിരിച്ചു വന്നത് ഒരു പ്ളേറ്റ് നിറയെ വരട്ടിയ ഇറച്ചിയുമായിട്ടാണ്.
"പോത്താണ് ...നല്ല കിടിലൻ ബഫല്ലോ ..." പ്ളേറ്റ് ബാർ ടേബിളിൽ വയ്ക്കുന്നതിനിടയിൽ കൊളംബസ് പറഞ്ഞു.
"മിത്രാജി, ഇന്നെന്താ വിശേഷം ...?" വായിൽ നിന്ന് ഊറി വന്ന ഉമിനീര് തടുക്കുവാനായി ക്യൂബ് പോലെ മുറിച്ച പോത്തിന്റെ തുടകഷണം വായിലിട്ട് ചവച്ചുകൊണ്ടു രണ്ടില സണ്ണി ചോദിച്ചു.
"ഇന്നോ ....നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ ?" മിത്രാജിയുടെ മുഖത്ത് മനസിലാകാത്ത ഒരു തരം വികാരം രൂപപ്പെട്ടു. ആ വികാരത്തിന്റെ പൊരുളെന്തെന്നു അവിടിരുന്ന ആർക്കും തന്നെ മനസിലായില്ല. മേപ്പടിയാന്മാർ എല്ലാവരും തന്നെ മിത്രാജിയുടെ മുഖത്തേക്ക് പിന്നെയും പിന്നെയും ഉറ്റു നോക്കികൊണ്ടിരുന്നു.
"ചന്ദ്രയാൻ -3 ,നമ്മുടെ ആ വീരൻ.... അവൻ ഇന്നലെ ചന്ദ്രനിൽ തൊട്ടില്ലേ..!" മിത്രാജിയുടെ മുഖം അഭിമാനം കൊണ്ട് നിറഞ്ഞു. കണ്ണുകൾ രണ്ടും ബ്ലൂമൂൺ പോലെയായി.വികാരത്തള്ളൽ കൊണ്ട് മിത്രാജിയുടെ മാറിടം ഗദ ഉയർത്തി നിൽക്കുന്ന ഭീമ സേനന്റേത് പോലെ ഉയർന്നു നിന്നു.
"അതിൽ നമുക്ക് എല്ലാവർക്കും അഭിമാനിക്കാം " മിത്രാജിയുടെ അമിതാവേശം കണ്ട് വട്ടേപ്പൻ വക്കീൽ വളരെ ശാന്തമായി പറഞ്ഞു.
"ഇതിനൊക്കെ വഴി വെച്ചത് നെഹ്‌റു എന്ന ഒരു മനുഷ്യന്റെ ദീര്ഘവീക്ഷണമാണ് ...അങ്ങേരു ആ കാശെടുത്ത് വേറെ വല്ലതുമൊക്കെയാണ് പണിതിരുന്നതെങ്കിൽ ....!" പറഞ്ഞു മുഴുമിപ്പിക്കുന്നതിനിടയിൽ രണ്ട് പോത്തിൻ ക്യൂബ് ഖദർ മത്തായിച്ചന്റെ വായിലേക്ക് പോയിരുന്നു.
"അതു മാത്രമല്ല ...." മിത്രാജി ഒന്ന് നിവർന്നിരുന്നു
"പിന്നെ ...?" ഈ ചോദ്യം എല്ലാ കണ്ഠങ്ങളിൽ നിന്നും ഒന്നിച്ചു വന്നു
മിത്രാജി ഒരു വാട്സാപ്പ് സന്ദേശം വിശുദ്ധർ ഗ്രുപ്പിലേക്കു ഫോർവേഡ് ചെയ്തു.' ക് ണിം ..ക് ണിം' ശബ്ദത്തോടെ അത് മേപ്പാടിയന്മാരുടെ ഫോണുകളിലേക്ക് പകർച്ചവ്യാധി പോലെ പകർന്നു.
"നോക്ക് നോക്ക് നമ്മുടെ ഗ്രുപ്പ് നോക്ക് ..." മിത്രാജി ഉത്സാഹപൂവം എല്ലാവരോടുമായി പറഞ്ഞു.
മേല് മുഴുവൻ ചാരം പൂശി, കഴുത്തിലും കയ്യിലും പല തരം രുദ്രാക്ഷങ്ങൾ കൊണ്ട് ഡെക്കറേഷൻ ചെയ്ത, തലയിൽ തലപ്പാവ് പോലെ തുണി ചുറ്റിയ ഒരു സ്വാമിയുടെ രൂപം ഫോണുകളിൽ തെളിഞ്ഞു വന്നു, കൂടെ ഒരാഹ്വാനവും,."ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക ...."
" ഞെരിക്കടാ, കഴുത്ത് ..!" സഖാവ് കുഞ്ഞനന്തൻ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റുകൊണ്ട് അലറി. താന്നിക്കാട്ടു ബേസ്മെന്റ് അത് കേട്ട് വിറച്ചു. ആ ശബ്ദം ബേസ്മെന്റ് തുളച്ച് അറ്റ്ലാന്റിക്കും,പെസഫിക്കും, അറബിക്കടലും കടന്ന് ഇന്ത്യാമഹാരാജ്യത്ത് എത്തുമെന്ന് തോന്നി. എല്ലാവരും സ്തബ്ധരായി. മേപ്പടിയാന്മാർക്ക് ഒരു നിമിഷനേരത്തേക്ക് ശബ്ദമുണ്ടായിരുന്നില്ല. എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് സഖാവ് കുഞ്ഞനന്തന്റെ കൈകൾ മിത്രാജിയുടെ നേരെ നീണ്ടു ചെന്നു ...ഒരു നിമിഷം മേപ്പാടിയന്മാരുടെ കണ്ണുകൾ അടഞ്ഞു പോയി ....സമനില വീണ്ടെടുത്ത അവർ കണ്ണുകൾ തുറന്നു കണ്ട കാഴ്ച എന്തായിരുന്നു ....? സഖാവ് കുഞ്ഞനന്തൻ മിത്രാജിയുടെ അടുത്തിരുന്ന റെമീസ് മാർട്ടിന്റെ അരയന്നകഴുത്ത് ശക്തിയായി ഞെരിച്ചുകൊണ്ടിരിക്കുന്നു.
Read more: https://emalayalee.com/writer/203