Image

 ചെക്കന്‍ (കഥാമത്സരം: നെവിന്‍ പടിപ്പുര)

Published on 03 September, 2023
  ചെക്കന്‍ (കഥാമത്സരം: നെവിന്‍ പടിപ്പുര)

നാടാകെ പ്രതിഷേധം കത്തിനില്‍ക്കുകയാണ്. എന്താണാവോ കാരണം?
പൊതുനിരത്തിലെ വഴിവക്കത്തുള്ള മാവിന്റെ കൊമ്പില്‍ നിന്നു  അതുവഴിവന്ന ഒരു ചെക്കന്‍ ഒരു മാമ്പഴം എറിഞ്ഞിട്ടു . അതുതന്നെ  പ്രശ്‌നം.
എന്തൊക്കെ പുകിലാണ്  പിന്നെ  നടന്നതെന്നോ ...
പാവം ചെക്കന്‍! കളി കഴിഞ്ഞു വരുന്ന  വഴിയാണ് ആ  മാമ്പഴം കണ്ണിലുടക്കിയത്. നല്ല വിശപ്പുമുണ്ട്. പിന്നെ ഒന്നും  ആലോചിച്ചില്ല. റോഡരികില്‍നിന്നു  കയ്യില്‍ക്കിട്ടിയ എന്തോ ഒരു സാധനം തപ്പിയെടുത്ത് ഒരൊറ്റ ഏറ്. അതാ കിടക്കണ് മാമ്പഴം താഴെ.
ഒളിമ്പിക്‌സ് ഷൂട്ടിങ് മത്സരത്തില്‍ നിര്‍ത്തീരുന്നെങ്കി ചെക്കന്‍ ഇന്ത്യക്ക് ഒരു  സ്വര്‍ണ്ണം കൊണ്ടു വേന്നേനേ... അത്രക്ക് കൃത്യമായ  ഉന്നം .!
പക്ഷെ അവിടെ  തുടങ്ങി പുകില്..

റോഡിന്റെ മറുപുറത്തു നിന്നും  നാലും കൂട്ടി  മുറുക്കി, വായേല്‍ ചുവപ്പായതോണ്ടു മാത്രം പുറത്തേക്ക് അവജ്ഞയോടെ എന്നും  നീട്ടിത്തുപ്പാറുള്ള മാധവന്‍ നമ്പൂരിയാണ് ആ കാഴ്ച്ച  ആദ്യം കണ്ടത്.

ഡാാാാ........ ഒരു നീട്ടി വിളിയായിരുന്നു  മുഴക്കമുള്ള ആ സൈറൻ  കേട്ട പാതി ചെക്കന്‍ മാമ്പഴവുമായി ഒരൊറ്റ ഓട്ടം ... സെക്കന്റിന്റെ നൂറിലൊരംശമേ വേണ്ടി വന്നുള്ളൂ ചെക്കനു വീട്ടിലെത്താന്‍. ഇന്ത്യന്‍ അത്‌ലറ്റിക്ക് ഫെഡറേഷന്റെ കണ്ണില്‍പ്പെട്ടിരുന്നെങ്കില്‍ ഒളിമ്പിക്‌സില്‍ നൂറു മീറ്ററില്‍ മെഡല്‍ ദാരിദ്ര്യം എന്നേ
 അവസാനിച്ചേനെ.!
നമ്പൂരിയുടെ അലറല്‍ കേട്ടു  ഓരോരുത്തരായി ഓടിക്കൂടി. ന്താ തിരുമേനീ കാര്യം?
വിവരമറിഞ്ഞവര്‍ മൂക്കത്ത് വിരല്‍ വെച്ചു..ചെക്കനിത്ര ധൈര്യമോ?  കൂട്ടത്തിലൊരാള്‍ ചോദിച്ചു.
''കലികാലം അല്ലാതെന്താ?''  വേറൊരാള്‍ മൊഴിഞ്ഞു.
മൂസാജിയുടെ ചെക്കനല്ലേ അത്. എന്തൊരു ധൈര്യാ അവന് . അശ്രീകരം... വേറൊരു തമ്പ്രാന്റെ ചാപ്പകുത്ത്!
വന്നു കൂടിയ ആളുകള്‍ക്കിടയിലെ റിട്ടയാര്‍ഡ് ജവാനു  വീണ്ടും ഒരു സംശയം.
അല്ല കൂട്ടരെ, നിങ്ങള്‍ക്കറിയാമോ, ചെക്കന്‍ എറിഞ്ഞുവീഴ്ത്തിയത് എന്തു സാധനമാണെന്ന്  നിങ്ങളാരെങ്കിലും ചിന്തിച്ചോ?
അതു മാമ്പഴമല്ലേ...?  നമ്പൂരി മൊഴിഞ്ഞു.
ചെക്കനേതാ ജാതി?  അശ്രീകരം...
നമ്പൂരിക്ക് അരിശം അടക്കാനായില്ല....
തിരുമേനീ, പ്രശ്‌നം അതോണ്ടും തീരൂല ട്ടോ .... ചെക്കന്‍ എറിഞ്ഞിട്ടത് മാമ്പഴമാണ്. അതായത് മാമ്പഴം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. ഇന്ത്യാരാജ്യത്തിന്റെ ദേശീയ ഫലമാണ് മാമ്പഴം. ദേശസ്‌നേഹം സ്ഫുരിക്കുന്ന  ജവാൻറെ  വാക്കുകള്‍ക്ക് പീരങ്കിയില്‍നിന്നുതിര്‍ന്ന  തീപ്പന്തത്തേക്കാള്‍ ചൂടുണ്ടായിരന്നു.
ഓ... അതുശരി... അപ്പോ സംഗതി ഇവിടെയൊന്നും  നിക്കൂല ലേ....?
ആള്‍ക്കൂട്ടം മൊഴിഞ്ഞു.
കണ്ണില്‍ കരടായവന്റെയൊക്കെ പുരയിടത്തിലേക്ക് അന്വേഷണം പ്രഖ്യാപിച്ച് പാഞ്ഞെത്തുന്ന  ഇ.ഡിയെപ്പോലെ നുഴഞ്ഞു കയറിവന്ന  രാഘവേട്ടന്‍ പുതിയ കണ്ടെത്തല്‍ പ്രഖ്യാപിച്ചു.
ഒരു കാര്യം കൂടെയുണ്ട്,  നിങ്ങള്‍ ശ്രദ്ധിച്ചോ?  എറിഞ്ഞത് മാമ്പഴത്തിനു നേരെയാണ് എന്നത് തീര്‍ത്തും രാജ്യദ്രോഹം തന്നെ.

വര : പി ആര്‍ രാജന്‍ 

അതിനേക്കാളുമപ്പുറം ഇന്നലെ നമ്മുടെ തിരുമേനിയുടെ ഇല്ലത്തേക്കു കൊണ്ടുപോയ സിന്ധിപ്പയ്യ് ഇവിടെ വിശുദ്ധിയോടെ നിക്ഷേപിച്ച വിശുദ്ധ ചാണകം ഉണങ്ങി കട്ടയായി കിടന്നിരുന്നു. ആ ചാണകമാണ് യാതൊരു ആദരവുമില്ലാതെ ചെക്കന്‍ വാരിയെടുത്ത് നമ്മുടെ രാജ്യത്തിന്റെ അഭിമാന മുദ്രക്കുനേരെ എറിഞ്ഞത്. വിശുദ്ധ ചാണകം ഒരു അഹിന്ദു തൊട്ട് അശുദ്ധമാക്കിയില്ലേ.?.. മതനിന്ദയ്ക്കുള്ള കുറ്റം കൂടെ അങ്ങനെ അവിടെ കൂടിയ രാജ്യസ്‌നേഹ കൂട്ടായ്മ  ആ ചെക്കന്റെ തലയിലേക്കു ചാര്‍ത്തിക്കൊടുത്തു.
തല്‍ക്കാലം അന്നത്തെ അന്വേഷണ റിപ്പോര്‍ട്ടവതരണം അവസാനിപ്പിച്ച് ഇ.ഡി. രാഘവന്‍ പിന്‍വാങ്ങി.
ഇ.ഡി. യുടെ പുതിയ റിപ്പോര്‍ട്ടു കൂടെ ശ്രവിച്ച രാജ്യസ്‌നേഹ കൂട്ടായ്മ  ആനന്ദത്തിലാറാടി. തക്കസമയത്ത് ഇടപെട്ട്  കേസ് പുതിയ വഴിത്തിരിവിലെത്തിച്ച രാഘവേട്ടനെ ആ കൂട്ടായ്മ നന്ദിയോടെ സ്മരിച്ചു.
ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ എന്ന  മട്ടില്‍ രാഘവേട്ടന് അപ്പോള്‍ത്തന്നെ  ചായയും വടയും പ്രഖ്യാപിച്ച് അംഗീകാരം നല്‍കി.
ധൃതിയില്‍ കയ്യിലെക്കെടുത്ത വട  ഒന്നു  തെന്നി മാറി താഴേക്കു വീണപ്പോള്‍ പൂര്‍ണ്ണ വിധേയത്വം പ്രകടിപ്പിക്കാനെന്ന  മട്ടില്‍ രാഘവേട്ടനൊന്നു  കുനിഞ്ഞു, തിരുമേനിയുടെ കാല്‍ച്ചുവട്ടിലേക്ക്...വടയെടുക്കാനെ മട്ടില്‍...
വൈകുന്നേരത്തോടെ നാടാകെ വാര്‍ത്ത പരന്നു  ദേശ സ്‌നേഹ സംഘടനകള്‍ പന്തം കൊളുത്തിപ്രകടനവുമായി തെരുവിലിറങ്ങി. വിശുദ്ധപശുവിന്‍ ചാണകത്തെ അശുദ്ധമാക്കിയ ചെക്കന്‍ മാപ്പു പറയുക. ദേശഫലമായ മാമ്പഴത്തെ എറിഞ്ഞു വീഴ്ത്തിയ ചെക്കനെ അറസ്റ്റു ചെയ്യുക. ചെക്കനു നേരെ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുക, എന്‍.ഐ.എ. ഇടപെട്ടു  ചെക്കന്റെ രാജ്യാന്തര തീവ്രവാദ ബന്ധം അന്വേഷണ വിധേയമാക്കുക... ചെക്കനെ സംരക്ഷിക്കുന്ന സംസ്ഥാന ഭരണകൂടം പിരിച്ചുവിടുക... മുദ്രാവാക്യങ്ങൾ  വായുവില്‍ തരംഗങ്ങളായി..
ഏഴുമണിയുടെ ചാനല്‍ ചര്‍ച്ചകള്‍ സജീവമായി. ചര്‍ച്ചകളില്‍ വിവിധ പാര്‍ട്ടി പ്രതിനിധികള്‍ നിറഞ്ഞാടി. മാധ്യമ തമ്പ്രാക്കന്‍മാര്‍ ചെക്കന്റെ രാഷ്ട്രീയ വേരുകള്‍ തേടി പരക്കം പാഞ്ഞു.. കിട്ടിയ നാരുവേരുകള്‍ തമ്മില്‍ കൂട്ടിപ്പിണച്ചാല്‍ ചുവന്ന  ഇളംവേരാകുമോ എന്ന  അന്വേഷണം ഒരുവഴിക്ക്. കിട്ടിയ വേരറ്റം പിടിച്ചു മുകളറ്റം വരെ തപ്പിയാല്‍ കാണുന്ന  ഇല പച്ചയോ കാവിയോ എന്നു  മറ്റൊരു  കൂട്ടര്‍!!
ചെക്കൻ്റെ  കൂട്ടുകാരന്റെ ബന്ധു ഗള്‍ഫില്‍നിന്നു  വന്നപ്പോള്‍ ചെക്കനു കൊണ്ടുകൊടുത്ത മിഠായിക്കടലാസിന്റെ പുറത്തേക്കെറിഞ്ഞ കഷണവുമായി മറ്റൊരു കൂട്ടര്‍ സ്റ്റുഡിയോയിലേക്കു പാഞ്ഞു.. കവറിനു പുറത്തെ പേര് അറബിയിലായിരുന്നു . . മുങ്ങിച്ചാവാന്‍ നേരം കച്ചിത്തുരുമ്പു കിട്ടിയ പോലെ!! നിയമപുസ്തകത്തിലെവിടെയോ ഇരുന്ന്  മാധ്യമസ്വാതന്ത്യം എന്ന  പദം പൊതുജനത്തെ നോക്കി പല്ലിളിച്ചു.
രാവിലെ പഠിക്കാനായി എഴുനേറ്റ ചെക്കനെ എതിരേറ്റത് ഒരു പറ്റം പോലീസുകാരായിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റു ചെയ്യാനാ വന്നത് എന്നു കേട്ടു ഞെട്ടിത്തരിച്ച ചെക്കന് ബോധം വരുമ്പോള്‍ ഇരുണ്ട മുറിക്കുളളിലായിരുന്നു.
വിശപ്പടക്കാന്‍ മാങ്ങ തിന്നതല്ലേ നീ ചെയ്ത തെറ്റ് ? സാരമില്ല പേടിക്കേണ്ട...ഇനിയുള്ള നാളുകള്‍ വിശപ്പിനെക്കുറിച്ചോര്‍ക്കാന്‍ പോലും നേരം കിട്ടീന്നു  വരില്ല... ഇരുളിലെവിയെയോനിന്നു  ആരോ അവനോട് മന്ത്രിക്കുന്നതായി തോന്നി .
സകല ശക്തിയുമെടുത്ത് അവനൊന്നു  അലറിക്കരഞ്ഞു.... ആരോ വന്നു തട്ടി വിളിച്ചു. വിയര്‍ത്തു കുളിച്ച് എഴുനേറ്റ ചെക്കന്‍ ചുറ്റിലും നോക്കി. കവിളില്‍ പരിഭ്രമത്തോടെ തലോടുന്ന  അമ്മ.. എല്ലാം സ്വപ്‌നമായിരുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ആശ്വാസം തോന്നി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക