മണിപ്പൂരില്‍ നിന്നും ഇപ്പോഴും പുറത്തു വരുന്നത് അക്രമങ്ങളുടേതും കൊലപാതകങ്ങളുടേതുമാണ്. അതുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയുമാണ്. എന്നാല്‍ രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനത്തു പതിച്ച അസ്വസ്ഥതയുടെ തീപ്പൊരി ഇപ്പോള്‍ പാറി വീണിരിക്കുന്നത് പടിഞ്ഞാറ് അറബിക്കടല്‍ തീരത്തെ സംസ്ഥാനത്തിലാണ്. മണിപ്പൂരിനെ കലാപഭൂമിയാക്കിയ അതേ സംവരണ പ്രശ്‌നമാണിപ്പോള്‍ മഹാരാഷ്ട്രയിലെ മറാത്താ പ്രക്ഷോഭത്തിനു കാരണമായിരിക്കുന്നത്.
സംവരണത്തിനായി മഹാരാഷ്ട്രയില്‍ മറാഠാ പ്രക്ഷോഭം വീണ്ടും സജീവമാകുകയാണ്. സംവരണം ആവശ്യപ്പെട്ട് ജല്‍ന ജില്ലയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ഇടയാക്കി.സംസ്ഥാനത്ത് പല മേഖലകളിലും ഇപ്പോള്‍ മറാഠകള്‍ സമരത്തിലാണ്.
ശിവസേന, എന്‍ സി പി എന്നീ പാര്‍ട്ടികളെ പിളര്‍ത്തി എന്‍ഡിഎയുടെ കരുത്തു കൂട്ടി നില്‍ക്കുന്ന വേളയിലാണ് സംവരണ പ്രശ്‌നം തലപൊക്കിയത്. കര്‍ണാടക തെരഞ്ഞെടുപ്പിലേറ്റ പരാജയത്തോടെ ഏകീകൃത തെരഞ്ഞെടുപ്പ് എന്ന ചിന്തക്ക് ബി ജെ പി ആക്കം കൂട്ടി. ഈ ഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ 32% വരുന്ന പ്രബല സമുദായമായ മറാഠകളെ അനുനയിപ്പിക്കേണ്ടത് അവരുടെ ആവശ്യവുമാണ്.
ഇതിനിടയില്‍ ലാത്തിച്ചാര്‍ജില്‍ പരിക്കേവരെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്, എന്‍ സി പി, ഉദ്ധവ് പക്ഷം തുടങ്ങിയവരും എത്തിക്കഴിഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ് നാവിസിന്റെ രാജി മൂന്നു പാര്‍ട്ടികളും ആവശ്യപ്പെട്ടു കഴിഞ്ഞു. കോണ്‍ഗ്രസ് ആരംഭിക്കാനിരുന്ന ജനസംവാദയാത്ര പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചു.
സംവരണ പ്രശ്‌നം ഉന്നയിച്ച് മറാഠാ നേതാവ് മനോജ് ജാരംഗെ പാട്ടീലിന്റെ നേതൃത്വത്തില്‍ നടത്തിയ നിരാഹാര സമരത്തിനിടെ വെള്ളിയാഴ്ച്ച കല്ലേറുണ്ടാവുകയും തുടര്‍ന്നു പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഏഴു ജില്ലകളില്‍ ബന്ദ് ആചരിച്ച സമരക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങളും പോലീസ് വാഹനങ്ങളും ആക്രമിച്ചു. മുംബൈ അടക്കം പലയിടത്തും പ്രതിഷേധം തുടരുകയാണ്. 2018ല്‍ മറാഠകള്‍ക്ക് 16% സംവരണം ഏര്‍പ്പെടുത്തിയത് സുപ്രീം കോടതി 2021 ല്‍ റദ്ദാക്കിയിരുന്നു. ഇനി പുതിയ പ്രക്ഷോഭത്തിന്റെ നാള്‍വഴികളാണ് മഹാരാഷ്ട്രയില്‍.