വോട്ടുകള്‍ പെട്ടിയിലായി കഴിഞ്ഞു. വോട്ടെടുപ്പിന്റെ ദിവസം മുഴുവന്‍ രാഷ്ട്രീയക്കാര്‍ പരസ്പരം വാദിച്ചു ചെളി വാരിയെറിയലുമായിരുന്നു. വോട്ടര്‍മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ക്ഷമയോടെ ക്യൂവില്‍ നിന്ന് വോട്ട് ചെയ്തത് എന്തിനായിരുന്നു ? 53 വര്‍ഷം തങ്ങളുടെ ജനപ്രതിനിധിയായ ഉമ്മന്‍ചാണ്ടിക്ക് അവരില്‍ നല്ലൊരു വിഭാഗവും വൈകാരികമായ അന്ത്യയാത്രയയപ്പ് നല്‍കാന്‍ എത്തിയവരായിരുന്നു.
ജോലിക്കും പഠനത്തിനും മറ്റുമായി പോയവരൊഴികെയുഉള്ളവരെല്ലാം ഏതാണ്ട് വോട്ട് ചെയ്തു എന്ന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സമ്മതിക്കുന്നു. പുതുപ്പള്ളിയിലെ ഈ ആവേശം ആര്‍ക്ക് തുണയാകും? പെട്ടിയില്‍ കിടക്കുന്ന വോട്ട് ആര്‍ക്ക് ചെയ്തുവെന്ന് ഉടയതമ്പുരാന് മാത്രമല്ലേ അറിയൂ, അല്ലേ ? പക്ഷേ ഈ പോരാട്ട ഭൂമിയെ തൊട്ടറിയുന്നവരൊക്കെ പറയും : 'അത് മരിച്ചുപോയ നാടിന്റെ സ്‌നേഹനിധിയോടുള്ള വൈകാരികപ്രകടനമാണ് അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്കുള്ള അന്ത്യോപചാരം.
ഈ മണ്ഡലത്തില്‍ 8 പഞ്ചായത്തുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലും സി.പി.എം ഭരിക്കുകയും, അയര്‍ക്കുന്നം പോലുള്ള കേരള കോണ്‍ഗ്രസ് (ജോസ് മാണി) കോട്ടകള്‍ ഉള്ളിടത്തു പോളിങ് ശതമാനം കൂടുന്നതും ജെയ്ക്കിന് അനുകൂലമാകാനാണല്ലോ സാധ്യത ? പക്ഷേ വാസവന്‍ പറഞ്ഞ വിവേകമല്ല വികാരം തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ പ്രകടമാവുക. സി.പി.എം പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് പറഞ്ഞത് പോലെ വികസനമെന്ന അജണ്ടയിലേക്ക് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും കൈപിടിച്ച് നടത്താന്‍ കഴിഞ്ഞുവെന്നത് അവരുടെ വിജയം. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനവിധിയായി എടുക്കാമെന്നു വരെ ഗോവിന്ദന്‍ മാഷ് പറഞ്ഞെങ്കിലും അതിനു പറ്റിയ നല്ല പ്രവര്‍ത്തനമൊന്നും ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നില്ലല്ലോ. ഖജനാവില്‍ ശമ്പളത്തിനുള്ള പണമില്ലെന്നിരിക്കെ ഉന്നതര്‍ നടത്തുന്ന മറ്റു പണമിടപാടുകളെ പറ്റിയാണല്ലോ ജനസംസാരവും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഈ സര്‍ക്കാറിനുള്ള ജനവിധിയായി കാണാന്‍ ഇത്രയേറെ സ്ത്രീകളടക്കമുള്ളവര്‍ വളരെയേറെ ക്ഷമയോടെ കാത്തു നിന്ന് വോട്ട് ചെയ്യുമെന്ന് ആരും കരുതുകയില്ല. ചാണ്ടി ഉമ്മന്‍ പറഞ്ഞത് ശരിയാണെങ്കില്‍ 30 ലേറെ ബൂത്തുകളില്‍ വോട്ടെടുപ്പിന് വലിയ താമസമായിരുന്നു. എന്നിട്ടും ചുരുക്കം ചിലര്‍ മാത്രമാണ് വോട്ട് ചെയ്യാതെ പോയത്. അവര്‍ തന്നെ പിന്നീട് വന്നു വോട്ടുചെയ്തു. തിരക്ക് കാരണം മൂന്നു തവണ തിരിച്ചു പോയവരും വീണ്ടും ഒരിക്കല്‍ കൂടി വന്നു വോട്ട് ചെയ്തത് വിവേകത്തിന്റെ പേരിലല്ല വികാരത്തിന്റെ പേരില്‍ തന്നെ.
അടിക്കുറിപ്പ് : ജി-20 നു വിദേശ പ്രതിനിധികള്‍ക്ക് വിരുന്നു നല്‍കാന്‍ രാഷ്ട്രപതി ഭവന്‍ തയ്യാറാക്കിയ ക്ഷണക്കത്തില്‍ പ്രസിഡണ്ട് ഓഫ് ഇന്ത്യ എന്നല്ല പ്രസിഡണ്ട് ഓഫ് ഭാരത് എന്നാണ്. പ്രതിപക്ഷ കക്ഷികള്‍ അവരുടെ കൂട്ടായ്മക്ക് 'ഇന്ത്യ' എന്ന് പേരിട്ടതു കൊണ്ടാകാം. ബി.ജെ.പിക്കാര്‍ ഇനി ഇന്ത്യ എന്ന് പറയില്ല എന്ന് തോന്നുന്നു. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യയെ ഭാരതം എന്നും വിശേഷിപ്പിക്കുന്നുണ്ടല്ലോ.
കെ.എ ഫ്രാന്‍സിസ്
English Summary: It rained emotions in Pudupally