Image

ഊഴം (ചെറുകഥ: ജെസി ജിജി) 

Published on 06 September, 2023
ഊഴം (ചെറുകഥ: ജെസി ജിജി) 

കറുത്ത പെയിന്റടിച്ച ജനലഴികളിൽ പിടിച്ചു അയാൾ ദൂരെ നീലാകാശത്തിന്റെ ചെരിവില് പതിയെ  മറയുന്ന അസ്തമനസൂര്യനെ നോക്കി. ജനലഴികളുടെ ചെറിയ വിടവിലൂടെ അസ്തമനസൂര്യന്റെ ചുവപ്പുരശ്മികൾ അയാളുടെ മുറിയിലേക്ക് അപ്പോഴും  എത്തിനോക്കുന്നുണ്ടായിരുന്നു. തന്റെ തന്നെ ഹൃദയമിടിപ്പിന്റെ ശബ്ദം പെരുമ്പറ മുഴങ്ങുന്നതുപോലെ അയാൾക്ക്‌ കേൾക്കാമായിരുന്നു. 

******************************************* 

അവന്റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു. എത്ര നേരമായി ഈ കാത്തിരിപ്പ്. ഇന്റർവ്യൂവിന് അവൻ അഞ്ചാമത്തെ ആളാണ്. രണ്ടാമത്തെ ആൾ അകത്തേക്ക് പോയിട്ടേ ഉള്ളു. അവന്റെ ഊഴം എത്താൻ ഇനിയും രണ്ടുപേരുടെ കൂടി കഴിയണം.അക്ഷമയോടെ അവൻ വാച്ചിൽ നോക്കി. കൃത്യസമയത്തു തന്നെ അവൻ എത്തിയതാണ്. പക്ഷെ ലിസ്റ്റിൽ അവൻ അഞ്ചാമത്തവനായി. 

ഊഴമനുസരിച്ചുള്ള കാത്തിരിപ്പ് ചെറുപ്പം മുതൽ അവന്‌ അരോചകം ആയിരുന്നു. വീട്ടിലെ ഇളയവനും അമ്മയുടെ വാത്സല്യ പുത്രനും ആയിരുന്നതിനാൽ വീട്ടിൽ അവന്‌ തന്നെ ആയിരുന്നു എല്ലാകാര്യത്തിലും മുൻഗണന.വിശേഷാവസരങ്ങളിൽ വീട്ടിലെ വിശിഷ്ട ഭോജ്യങ്ങളുടെ ആദ്യ പങ്ക്, ഡ്രസ്സ് എടുത്താൽ അതും ആദ്യം അവന്‌. സ്കൂളിലും കോളേജിലും അവൻ പതിവ് തെറ്റിച്ചിരുന്നില്ല. ആദ്യ റാങ്കു അവന്‌. സ്കൂൾ ബസിൽ കേറാൻ വരി വരി ആയി കുട്ടികൾ നിന്നാലും, ഊഴം തെറ്റിച്ചു അവൻ മുൻപിൽ എത്തും. 

ഇന്റർവ്യൂവിൽ അഞ്ചാം  ഊഴക്കാരൻ ആയിരുന്നെങ്കിലും,  അവന്റെ ചടുലമായ ഉത്തരങ്ങളും ചുറുചുറുക്കും ആ സ്ഥാപനത്തിന്റെ വാതിലുകൾ അവന്റെ മുൻപിൽ മലർക്കെ തുറന്നിട്ടു.അവിടുന്നങ്ങോട്ടുള്ള അവന്റെ വളർച്ച ആരിലും അസൂയ ഉളവാക്കുന്ന വിധം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ആയിരുന്നു.ഭാഗ്യവും സാമർഥ്യവും ഒരുപോലെ തുണച്ചപ്പോൾ അവൻ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അമരക്കാരൻ ആയി മാറി. അവന്റെ ആജ്ഞക്കായി ആളുകൾ ഊഴമനുസരിച്ചു കാത്തു നിന്നു.പക്ഷെ ഒരിടത്തും, യാത്രയിലോ, ഗവണ്മെന്റ് സ്ഥാപനങ്ങളിലോ പൊതുവേദികളിലോ ഒന്നും അവനൊരിക്കലും അവന്റെ ഊഴത്തിനായ്  കാത്തിരിക്കേണ്ടി വന്നിട്ടില്ല. 

ഊഴമനുസരിച്ചു ഋതുക്കൾ മാറി മാറി പ്രകൃതിയിൽ വന്നുപോയി , ഊഴമനുസരിച്ചുതന്നെ പൂമൊട്ടുകൾ വിരിയുകയും ഇലകൾ പൊഴിയുകയും ചെയ്തുകൊണ്ടിരുന്നു. 

വയറ്റിൽ ഇടയ്ക്കിടയ്ക്ക് ഒരു ചെറിയ വേദന വരാറുണ്ട്. അയാൾ അത് കാര്യമാക്കാറില്ല. "സാർ എന്തുപറ്റി'. അയാൾ പെട്ടെന്ന് വയറ്റിൽ അള്ളിപ്പിടിക്കുന്നതു കണ്ട് ഡ്രൈവർ ചോദിച്ചു. " ഒന്നുമില്ല, നീ വേഗം വണ്ടി വിട്", ഇന്ന് ഒരു പ്രധാനപ്പെട്ട മീറ്റിംഗ് ഉള്ളതാ. നമ്മുടെ സ്ഥാപനം ഒരു പുതിയ സംരംഭം കൂടി തുടങ്ങുന്ന ദിവസം. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ഞാൻ നിന്നെ പ്രെത്യേകം ഓര്മിപ്പിക്കേണ്ടതുണ്ടോ? " 

"ക്ഷമിക്കണം സാർ. ഞാൻ പെട്ടെന്ന്.."ഡ്രൈവർ പിന്നീട് ഒന്നും പറയാതെ നിരത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചു. 

  'ഇന്നെനിക്കു ഏറെ സന്തോഷം ഉള്ള ഒരു ദിവസമാണ്.'. നീണ്ട കരഘോഷങ്ങൾക്കിടയിലൂടെ അയാളുടെ മുഴങ്ങുന്ന ശബ്ദത്തിനായി അവർ കാതോർത്തു. 

വയറിനുളളിൽ ഒരു നീരാളിപിടുത്തം.ആ നീരാളിയുടെ കൈകൾ നീണ്ടുവന്ന് ശരീരത്തിന്റെ ഓരോ കോശങ്ങളെയും ഞെരിക്കുന്നതുപോലെ,, 

നഗരത്തിലെ പ്രമുഖ മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ ക്യാൻസർ സ്പെഷ്യലിസ്റ്റിന്റെ അപ്പോയിന്റ്‌മെന്റിന് ഊഴമനുസരിച്ചു അയാൾക്ക്‌ കാത്തിരിക്കേണ്ടി വന്നില്ല. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കോ , വിവിധ ടെസ്റ്റുകൾക്കോ ഒന്നും ഊഴക്കാരനായി അയാൾക്ക്‌ ഇരിക്കേണ്ടി വന്നില്ല. 

   "ക്ഷമിക്കണം സാർ. വൈദ്യശാസ്ത്രത്തിന് ചികിൽസിച്ചു സുഖപ്പെടുത്താൻ പറ്റാത്തവിധം ക്യാൻസർ താങ്കളുടെ ശരീരത്തെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ഇനി മാക്സിമം ചെയ്യാൻ പറ്റുക പാലിയേറ്റീവ് കെയർ ആണ്". നിർവികാരതയോടെ ഡോക്ടറുടെ മുൻപിൽ ഇരിക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം അയാളുടെ കൺകളിൽ ഉണ്ടായിരുന്നുവോ.  

വേദനസംഹാരികളുടെ കൂട്ടു പിടിച്ചു, കറുത്ത പെയിന്റടിച്ച ജാലകത്തിൽ കൂടി വിദൂരതയിലേക്ക് നോക്കിയ അയാളുടെ മനസ്സിൽ ആദ്യമായി " തന്റെ ഊഴം ഉടനെയെങ്ങും ആകരുതേ " എന്ന നിശബ്ദ പ്രാർത്ഥന ഉയർന്നത് അറിഞ്ഞിട്ടോ എന്തോ, അസ്തമനസൂര്യൻ തന്റെ ചുവപ്പുരശ്മികളുമായി കാർമേഘക്കൂട്ടങ്ങൾക്കിടയിലേക്കു ഊളിയിട്ടു മറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക