Image

മർക്കടമുഷ്ടി  (ഹാസ്യ കവിത: ഡോ. ജോർജ് മരങ്ങോലി)

Published on 06 September, 2023
മർക്കടമുഷ്ടി  (ഹാസ്യ കവിത: ഡോ. ജോർജ് മരങ്ങോലി)

(കാനന ഛായയിൽ ആടുമേക്കാൻ എന്ന ഈണം)
പത്രോസിൻ സ്വർഗ്ഗ  കവാടത്തിങ്കൽ, രണ്ടു പുരോഹിതർ വന്നു മുട്ടി. 
പത്രാസുകാർ പക്ഷെ രണ്ടുപേരും, മൃതരാണ് "സീറോ" യാ കേരളക്കാർ.
കുട്ടനാട്ടന്നൊരു  കെട്ടുവള്ളം, മുങ്ങിപ്പോയ് പെട്ടുപോയ് രണ്ടുപേരും. 
സീറോ മലബാറിൻ പാതിരികൾ, ഹീറോകൾ രണ്ടു പക്ഷക്കാരാണ്!
കുർബാനയർപ്പിക്കും  രീതി പ്രശ്നം,  രണ്ടാളും തമ്മിൽ മിണ്ടാട്ടമില്ല! 
ഒന്നാമൻ സിനഡിന്റെ പക്ഷക്കാരൻ പിമ്പോട്ടു നോക്കിയാ ബലിയർപ്പണം. 
രണ്ടാമനോ സാക്ഷാൽ അങ്കമാലി, പണ്ടേ ജനങ്ങളോടൊപ്പം ബലി.
പത്രോസിന്നാകെ പരിഭ്രാന്തിയായ്, അമ്പോ ഇതെന്തൊരു രീതിയാണ്? 
തത്രപ്പെട്ടോടി അരമനയിൽ, പിമ്പോട്ടു നോക്കീട്ടോ പൂജാർപ്പണം?  
തമ്പുരാൻ സ്ഥാപിച്ചോരന്ത്യത്താഴം, പിമ്പുറം കാട്ടിയല്ലായിരുന്നു! 
പിമ്പനെ  പത്രോസ് ചോദ്യം ചെയ്തു, ഇതിലെന്തോ കയ്യാങ്കളി എന്ന് നൂനം!   
കേട്ടിട്ടേയില്ലയീ വികല ബലി, പുറകു തിരിഞ്ഞിട്ടിതാര് കാണാൻ? 
പാടില്ല, പാടില്ല നാഥൻ ബലി, പാടെ തിരിഞ്ഞു നാം മാറ്റിക്കൂടാ. 
ആരാണ്  നിങ്ങൾതൻ മാർഗ്ഗദർശി, കർത്താവോ ഒരുകൂട്ടം   മെത്രാൻമാരോ? 
ആരുടെ പേരിലാണീയർപ്പണം, കർത്താവിൻ നാമത്തിലല്ലെന്നുണ്ടോ? 
ലോകം  മുഴുവനും  കത്തോലിക്കർ   ഭക്തർക്കഭിമുഖം ബലിയണപ്പൂ. 
പിന്നെന്താണൊരു പക്ഷം "സീറോ" കൾക്ക് തലതിരിഞ്ഞുള്ളൊരു  ചിന്താഗതി? 
പാടില്ല പാടില്ല ക്രിസ്തുവിന്റെ പാത  മറന്നൊരു ദിവ്യാർച്ചന!   
സ്ലീഹന്മാരെല്ലാരും സദസ്സിലെത്തി,  ചോദിച്ചു പത്രോസന്നെല്ലാരോടും. 
എങ്ങിനെ വന്നുയീ പിന്തിരിപ്പൻ, കുർബാന വെറുമൊരു മോണോആക്ടോ ? 
ഉത്തരം കിട്ടാതെ പന്ത്രണ്ടുപേർ , ഉത്തരം മുട്ടി പകച്ചുനോക്കി! 
കേട്ടിട്ടില്ലെയാരും  ഇമ്മാതിരി പൃഷ്ഠം കാണിച്ചുള്ള  ബലിയർപ്പണം! 
ചോദിച്ചു പത്രോസ് തോമ്മായോട്, സ്നാനമിവർക്കേകിയതു താനല്ലയൊ?
പൊയ്ക്കൂടേ വീണ്ടുമൊന്നന്വേഷിക്കാൻ, ഉത്തരം കിട്ടണമുടനെ തന്നെ . 
ഞാനില്ല ഞാനില്ല പത്രോച്ചായ, എന്നെയവർ നന്നായി  പണിതവരാ!
വീണ്ടും ഞാൻ ചെന്നെന്നാൽ തീർച്ചതന്നെ, അവരെന്നെ കൊത്തി തുകരൻ വക്കും!  
ആരാഞ്ഞു പത്രോസ് യൂദായോടു, പോകാമോ "സീറോ" ടെ ബലി പഠിക്കാൻ?  
കച്ചോടം വശമുള്ള യൂദായപ്പോൾ കച്ചമുറുക്കി തലകുലുക്കി! 
പിറ്റേന്നു  രാവിലെ തന്നെ യൂദാ, പെട്ടീം കിടക്കയും പാക്ക് ചെയ്തു. 
യൂദാ വന്നെത്തിയാ "സീറോ" കേന്ദ്രെ, ഡീല് തുടങ്ങിപ്പോയ് വന്നുടനേ! 
പണമാണ് ദൗർബല്യം യൂദാക്കെന്നും, പണ്ടും പണം വാങ്ങി പാരവച്ചു!
തലവൻമാരിപ്പോഴും കോഴ നൽകി,  പണം കണ്ട യൂദാ തൻ കിളിപറന്നു!
കാശുകണ്ടാർത്തിയായ് യൂദായപ്പോൾ തിരികെപ്പോകണ്ടെന്നു കരുതി നൂനം! 
വന്നൂ പല ദൗത്യ സംഘം പക്ഷെ, വന്നവർ പിന്തിരിപ്പന്മാരുമൊത്തു!   
പ്രശനം വലുതായി തുടരുന്നിന്നും, വർഷങ്ങളായിട്ടും തീർപ്പില്ലാതെ! 
വിശ്വാസികൾക്കിന്നും കഷ്ടം സഭ, മർക്കടമുഷ്ടിക്കാർ വാഴുന്നിടം!! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക