Image

ആസ്തിയില്‍ സി.പി.എം ഒട്ടും പിന്നിലല്ല : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 06 September, 2023
ആസ്തിയില്‍ സി.പി.എം ഒട്ടും പിന്നിലല്ല : (കെ.എ ഫ്രാന്‍സിസ്)

ആസ്തിയുടെ കാര്യത്തില്‍ സി.പി.എം കോണ്‍ഗ്രസിനു തൊട്ടു പിന്നിലുണ്ട്. പക്ഷേ ബി.ജെ.പിയുടെ ആസ്തികളുടെ മുന്നില്‍ കോണ്‍ഗ്രസ്സും, സി.പി.എമ്മും ആനവായില്‍ അമ്പഴങ്ങ പോലെ. ഇലക്ഷന്‍ വന്നാല്‍ പണം, ജയിക്കുമെന്നു തോന്നലുണ്ടാക്കുന്ന പാര്‍ട്ടികള്‍ക്ക് ഒഴുകിയെത്തും. 

പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ച സത്യം. രാഷ്ട്രീയപാര്‍ട്ടികളില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ആസ്തി 6046 കോടി രൂപയാണ് പോലും!മറ്റു പ്രധാന 7 ദേശീയ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് 'ഇന്ത്യ'യോ 'ഭാരത'മോ ആയാലും അവരുടെ ആസ്തി 2780 കോടി രൂപയേ വരൂ. കൂട്ടത്തില്‍ നേതൃസ്ഥാനം 805 കോടി രൂപ ആസ്തിയുള്ള കോണ്‍ഗ്രസിനു തന്നെ. തൊട്ടുപിന്നില്‍ മമതയുടെ തൃണമൂലോ  കെജ്രിവാളിന്റെ ആം ആദ്മിയോ ഒന്നുമല്ല. പിണറായിയുടെ സി.പി.എമ്മാണ് പിന്നെ മുന്നില്‍- ആസ്തി 732 കോടി രൂപ! കൂട്ടത്തില്‍ സി.പി.ഐയുടെ ആസ്തി കൂടി കേട്ടോളൂ: 15.67 കോടി രൂപ! 

നല്ല കാലം: 

കരിമണല്‍ മാഫിയ എന്നല്ല, പണം എവിടെ കണ്ടാലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കയ്യിട്ടു വാരും. അത് പാര്‍ട്ടിയിലേക്കല്ല വീട്ടിലേക്കാണ്. അധികാരസ്ഥാനത്തിരിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമല്ല അധികാരത്തില്‍ വരുമെന്ന് തോന്നലുണ്ടാക്കുന്ന പാര്‍ട്ടികളുടെയെല്ലാം പാര്‍ട്ടി ആസ്തിയും വര്‍ധിക്കുന്നു. പണക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു പ്രതീക്ഷയും പുലര്‍ത്താത്ത ഒരേയൊരു ദേശീയ പാര്‍ട്ടിയേ ഉള്ളൂ അത് മായാവതിയുടെ ബി.എസ്.പി മാത്രം. ബിഎസ്.പിയുടെ ആസ്തി അതിനാല്‍ 732 കോടിയില്‍നിന്ന് 690 കോടിയായി കുറഞ്ഞു. വര്‍ദ്ധന നിരക്ക് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിനാണ്. ജോഡോ യാത്രയും കര്‍ണാടക തെരഞ്ഞെടുപ്പും പണക്കാരില്‍ കോണ്‍ഗ്രസിനോടുള്ള മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കി. 182 കോടി  മാത്രമായിരുന്ന ആസ്തി 458 കോടിയായത് ഒരൊറ്റ വര്‍ഷംകൊണ്ട്. വര്‍ദ്ധന 151 ശതമാനം. പവാറിന്റെ എന്‍.സി.പിയാകട്ടെ 31 കോടിയില്‍നിന്ന് ആസ്തി 74.5 കോടിയുമാക്കി.  

ബാധ്യത കൂടുതല്‍: 

എന്തെങ്കിലും പ്രവൃത്തി ഈ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചെയ്തു കൊടുത്താല്‍ പണം തിരികെ കിട്ടാന്‍ ഏറെ പ്രയാസം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാകും എന്ന് ആര്‍ക്കാണറിയാത്തത്? ഒരു ചെറിയ പരസ്യബോര്‍ഡ് ഉണ്ടാക്കിയതിന് ആയിരം രൂപയാണ് ഫീസ്സെങ്കില്‍ അയാള്‍ ആയിരം തവണ കോണ്‍ഗ്രസുകാരുടെ പിന്നാലെ നടക്കണമല്ലോ. അങ്ങനെ ഒരൊറ്റ വര്‍ഷത്തെ അവരുടെ ബാധ്യത മാത്രം 41.95 കോടിയുണ്ട്. കടം പറയാതെ കാര്യങ്ങള്‍ നടത്തുന്നതിന്റെ ഖ്യാതി ബി.ജെ.പിയ്ക്കാണെങ്കിലും അവര്‍ക്കും 5.17 കോടിയുടെ ബാധ്യത ഉണ്ട്. അവരുടെ വലിയ ആസ്തിക്കു മുന്നില്‍ ഈ ബാധ്യത തുച്ഛം. വലിയ ബാധ്യതയൊന്നും ബാക്കിവെയ്ക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. താരതമ്യേന അവരും ഇക്കാര്യത്തില്‍ ഡീസെന്റാണ്. 12.21 കോടി രൂപ മാത്രമാണ് ബാധ്യത. 

അടിക്കുറിപ്പ്: ഉമ്മന്‍ചാണ്ടിയുടെ ചികിത്സയെപ്പറ്റിയാണല്ലോ വിവാദം. അദ്ദേഹം സ്വന്തം കൈപ്പടയില്‍ തന്നെ എഴുതിയ ഡയറിക്കുറിപ്പ് ഇതാ: എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെ സംബന്ധിച്ചും അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പല വാര്‍ത്തകളും വരുന്നതായി അറിഞ്ഞു. പലരും എന്നോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള  യാഥാര്‍ത്ഥ്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. 

എനിക്ക് പ്രത്യേക അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല. 2015 മുതല്‍ എന്റെ തൊണ്ടയില്‍ ചില ബുദ്ധിമുട്ടുകളുണ്ടായി. പ്രത്യേകിച്ച് ഒരു ചികിത്സയും കൂടാതെ ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അത് മാറി. അതുകഴിഞ്ഞ് 2018 അവസാനം ചില ബുദ്ധിമുട്ടുണ്ടായി, വിശദമായ പരിശോധന നടത്തി. ചികിത്സ തുടങ്ങാന്‍ തീരുമാനിച്ച ദിവസം ഡെങ്കിപ്പനി വന്നു (18/11/2019)  അനന്തപുരിയില്‍ അഡ്മിറ്റ് ചെയ്തു. 

ഡെങ്കിപ്പനി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം ഇറങ്ങുമ്പോള്‍ റേഡിയേഷന്‍ തുടങ്ങാന്‍ നിശ്ചയിച്ചു. പക്ഷേ, പ്ലേറ്റ്ലെറ്റ് കൗണ്ട് വളരെ കുറഞ്ഞിരുന്നു. അതുകൊണ്ട് റേഡിയേഷന്‍ നടത്താന്‍ താമസിക്കുമെന്ന് ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരുമാസ സമയം ഇടയ്ക്ക് ലഭിച്ചപ്പോള്‍ ജര്‍മനിയിലെ ക്യാന്‍സര്‍  ഇന്‌സ്ടിട്യൂട്ടില്‍ പോകാന്‍ നിശ്ചയിച്ചു. അവിടെ ടെസ്റ്റ് നടത്തിയപ്പോള്‍ കാന്‍സര്‍ ഇല്ലെന്നും ചികിത്സ ആവശ്യമില്ലെന്നും ആറുമാസം കൂടുമ്പോള്‍ ഫോളോഅപ്പ്  നടത്തിയാല്‍ മതിയെന്നും പറഞ്ഞു. അതനുസരിച്ച് ഫോളോഅപ്പ് നടത്തി വരികയാണ്. 

പിന്നീട് എനിക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ അധികം യാത്ര ചെയ്യുകയും കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ തൊണ്ടയ്ക്ക് പ്രശ്‌നം ഉണ്ടായിട്ടുണ്ട്. തൊണ്ടയ്ക്ക് അസുഖം  വരുമ്പോള്‍ ആയുര്‍വേദ ചികിത്സയും വിറ്റാമിന്‍ കഴിക്കലും കൊണ്ട് കുറെ മുന്നോട്ടു പോകുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചും യാതൊരു ആശങ്കയും ആവശ്യമില്ല. 

2021ലെ അസംബ്ലി തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് എനിക്ക് കൊറോണ വന്നിട്ടുണ്ട്. അനന്തപുരിയിലെ 10 ദിവസത്തെ ചികിത്സ കഴിഞ്ഞു പുറത്തു വരുമ്പോള്‍ എന്റെ തൂക്കം 8 കിലോ കുറഞ്ഞിരുന്നു. അതില്‍ 4  കിലോ കൂടിയിട്ടുണ്ട്. തുടര്‍ച്ചയായി യാത്ര ചെയ്യുമ്പോള്‍ തൂക്കം കുറയാറുണ്ട്. 2022 ഒക്ടോബര്‍ 6 എന്ന ഡേറ്റ് വെച്ച് സ്‌പെഷ്യല്‍ റിലീസ്, സ്‌പെഷ്യല്‍ നോട്ട് എന്നെഴുതിയ ശേഷമാണ് ഈ കുറിപ്പ്.

കെ.എ ഫ്രാന്‍സിസ് 

English summary : CPM is not far behind in terms of assets

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക