Image

പുതുപ്പള്ളിയാൻ ആര്? (നടപ്പാതയിൽ ഇന്ന്- 93: ബാബു പാറയ്ക്കൽ)

Published on 07 September, 2023
 പുതുപ്പള്ളിയാൻ ആര്? (നടപ്പാതയിൽ ഇന്ന്- 93: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ രാവിലെ നല്ല സ്‌പീഡിലാണല്ലോ?"
"എടോ, പുതുപ്പള്ളി വരെ പോകുകാ. ഇന്നവിടെ വോട്ടെണ്ണാൻ പോകുകയല്ലേ?"
"അതിനെന്തിനാ പിള്ളേച്ചാ പുതുപ്പള്ളിക്കു പോകുന്നത്? വീട്ടിലിരുന്നാലും ഫലം അറിയാമല്ലോ!"
"അത് താൻ പറഞ്ഞത് ശരിയാണെടോ. എന്നാലും ചില സ്ഥാനാർത്ഥികളുടെ മുഖത്തെ ജാള്യത കാണണമെങ്കിൽ അവിടെ നേരിട്ട് പോകണമെടോ."
"ഏതായാലും പിള്ളേച്ചൻ ഈ തെരഞ്ഞെടുപ്പ് കാര്യമായി വീക്ഷിച്ച ആളല്ലേ? എങ്ങനെയുണ്ടാകും ജനവിധി?"
"അതെന്താടോ പ്രത്യേകിച്ചു വല്ലതും പറയാനുണ്ടോ? പുതുപ്പള്ളി ഉമ്മൻ ചാണ്ടിയെ കൈവിടില്ലെടോ?"
"അതിന് ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലല്ലോ. ഇത് അദ്ദേഹത്തിന്റെ മകനല്ലേ?"
"താൻ പറഞ്ഞത് സാങ്കേതികമായി ശരിയാണ്. കഴിഞ്ഞ പ്രാവശ്യം ഉമ്മൻ ചാണ്ടിയെ തുടർച്ചയായി പന്ത്രണ്ടാം തവണയും ജയിപ്പിച്ചത് അഞ്ചു വർഷം ഭരിക്കാനാണ്. പക്ഷെ രണ്ടര വർഷമായപ്പോൾ വിധി അദ്ദേഹത്തെ കൊണ്ടുപോയി. പകരം മകൻ നിൽക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അപ്പനു പകരം മകൻ നിൽക്കുന്നു എന്നേയുള്ളൂ. ഈ അഞ്ചു വർഷവും ഞങ്ങൾ ഉമ്മൻ ചാണ്ടിക്കു നൽകിയതാണ്. എന്നാണ് ആ മണ്ഡലത്തിലെ വോട്ടർമാർ ഭൂരിഭാഗവും പ്രതികരിക്കുന്നത്."
"എന്നാലും ഈ കഴിഞ്ഞ 53 വർഷം ഭരിച്ചിട്ടും രണ്ടുതവണ മുഖ്യമന്ത്രിയായിട്ടും സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ യാതൊരു വികസനവും അദ്ദേഹം കൊണ്ടുവന്നിട്ടില്ല എന്നാണല്ലോ എതിരാളി പറയുന്നത്. ഇവിടെ ഒരു മൃഗാശുപത്രിപോലും ഇല്ലെന്നാണ് ഇടതുപക്ഷ സ്ഥാനാർഥി പറയുന്നത്."
"അയാൾ പറയുന്നത് മുഴുവൻ പച്ച നുണയാണെന്ന് ഞാൻ പറയുന്നില്ല. ഉമ്മൻ ചാണ്ടി വിചാരിച്ചിരുന്നെങ്കിൽ കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കു മാറ്റാമായിരുന്നു. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പുതുപ്പള്ളിയുടെ വൈസ്രോയി ആയിരുന്നില്ല. പിന്നെ പുതുപ്പള്ളിയുടെ എം എൽ എ മാത്രമായിരുന്നപ്പോൾ അദ്ദേഹം ആ മണ്ഡലത്തിലെ മിക്കവാറും എല്ലാവരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്ന ആശ്രിത സ്രോതസ്സ് ആയിരുന്നു. എന്നാലും 50 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന പുതുപ്പള്ളി ആണോ ഇപ്പോഴുള്ളത്? മറ്റു മണ്ഡലങ്ങളിലൊന്നുമില്ലാത്ത എത്രയെത്ര സ്ഥാപനങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്! അതൊന്നും ആരും കണക്കിലെടുക്കുന്നില്ലേ?"
"എന്നാലും, വികസനം വേണമെങ്കിൽ എൽ ഡി എഫ് ന് വോട്ടു ചെയ്യാനല്ലേ അവർ പറയുന്നത്?"
"എടോ, പാടത്തു മനുഷ്യരെ നുകം വച്ചു പൂട്ടുന്നിടത്തു ട്രാക്റ്റർ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണിവർ. കമ്പ്യൂട്ടർ കൊണ്ടുവരുമെന്നു കേട്ടപ്പോൾ തന്നെ റെയിൽവേ ട്രാക്കിൽ നിരന്നു കിടന്നു ട്രെയിൻ തടഞ്ഞവരാണിവർ. അവരാണ് വികസനത്തെപ്പറ്റി പറയുന്നത്. ഉമ്മൻചാണ്ടി എക്സ്പ്രസ്സ് ഹൈവേ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അത് കേരളത്തെ രണ്ടായി വിഭജിക്കും എന്നു  പറഞ്ഞവരാണ് ഇപ്പോൾ കെ-റെയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്."
"ഇവിടെയിപ്പോൾ സഹതാപ തരംഗമാണോ അതോ വിഷയത്തിലൂന്നിയ രാഷ്ട്രീയ സംവാദങ്ങളാണോ പിള്ളേച്ചാ വിജയം നിർണ്ണയിക്കുന്നത്?"
"ഇവിടെ സഹതാപമൊന്നുമല്ലെടോ, പലർക്കും ഞാൻ നേരത്തെ പറഞ്ഞതുപോലെ ഉമ്മൻ ചാണ്ടി തന്നെയാണെടോ ഇവിടെ നിൽക്കുന്നത്?"
"ഇപ്പോഴും ഉമ്മൻചാണ്ടിയുടെ കബറിങ്കൽ നൂറു കണക്കിനാളുകളാണല്ലോ ദിവസം പ്രതി വന്നുകൊണ്ടിരിക്കുന്നത്. അതൊക്കെ യു ഡി എഫ് ന്റെ തന്ത്രമല്ലേ പിള്ളേച്ചാ?"
" എടോ, അതാണ് ഹൃദയത്തിന്റെ ഭാഷ എന്ന് പറയുന്നത്. ജനങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചില വിഗ്രഹങ്ങളുണ്ടല്ലോ. അത് തൂത്താൽ മായ്ക്കാനാവില്ല. അതാണ് ഉമ്മൻ ചാണ്ടി."
" അപ്പോൾ ചാണ്ടി ഉമ്മൻ ജയിക്കുമെന്നാണോ പിള്ളേച്ചൻ പറയുന്നത്?"
"സംശയമെന്താ?"
"അങ്ങനെയെങ്കിൽ പിള്ളേച്ചന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് എന്ത് ഭൂരിപക്ഷം ലഭിക്കും?"
"എടോ, ഇവിടെ മത്സരം ചാണ്ടി ഉമ്മനും ജയ്ക്കും തമ്മിലാണെന്നു പറയുന്നെങ്കിലും ജനം വോട്ടു ചെയ്യുന്നത് ഉമ്മൻ ചാണ്ടിക്കും എതിരാളിക്കുമായാണ്. അതുകൊണ്ട് ആദ്യത്തെ 25,000 വോട്ടിന്റെ ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയുടേതാണ്. അതിനു മുകളിൽ കിട്ടുന്ന വോട്ടുകൾ മാത്രമാണ് ചാണ്ടി ഉമ്മനുള്ള ഭൂരിപക്ഷം!"
"അപ്പോൾ ആകെയെത്ര ഭൂരിപക്ഷം കിട്ടുമെന്ന പിള്ളേച്ചാ?"
"പയ്യൻ തുടക്കമല്ലേ, അപ്പോൾ ആകെ ഒരു 32നും 35നും ഇടയിൽ ഭൂരിപക്ഷം. 25ൽ കൂടുതലുള്ളത് മാത്രമേ ആ പയ്യനുള്ളൂ, കേട്ടോ."
"ശരി പിള്ളേച്ചാ, നാളെ കാണാം."
"അങ്ങനെയാകട്ടെ."

 

Join WhatsApp News
C G. 2023-09-07 14:01:44
50000 കടന്നാലും അത്ഭുതമില്ല. കാരണം അത്ര മാത്രം തള്ളിവികസിപ്പിക്കുകയാണ് ജെയ്ക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക