ആലുവയില്‍ ഒരു പെണ്‍കുഞ്ഞ് മൃഗീയമായി കൊല്ലപ്പെട്ടിട്ട് അധികം നാളുകളായിട്ടില്ല. അവളെ കാണാനില്ല എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രാര്‍ത്ഥിച്ചിരുന്ന മനസ്സുകള്‍ക്കു മുന്നിലാണ് ചേതനയറ്റ ആ കുഞ്ഞു ദേഹം മനസാക്ഷിയെ മരവിപ്പിച്ച് കടന്നുവന്നത്. ആ ചെറുദേഹം സഹിച്ച കൊടും ക്രൂരതയുടെ കഥകള്‍ പുറത്തുവന്നപ്പോള്‍ അതും മനസ്സു മരവിപ്പിക്കുന്നവയായി. അതിനിടയില്‍, വീണ്ടും ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകലും പീഡിപ്പിക്കലും നടന്നിരിക്കുന്നു. എട്ടു വയസ്സുകാരിയാണ് പീഡനത്തിനിരയായത്. അതും വീട്ടില്‍ കിടന്നുറങ്ങവേ!. അതിഥിതൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിനിരയായത്. രാത്രി, സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയെ അക്രമി ജനലിലൂടെ കൈയിട്ട് കതകുതുറന്ന് എടുത്തു പുറത്തേക്കു കൊണ്ടുപോയി. പോകുന്ന വഴി കുട്ടി ഉച്ചത്തില്‍ കരഞ്ഞിരുന്നു. അയാള്‍ തല്ലുമെന്നു കുട്ടിയെ ഭീഷണിപ്പെടുത്തിയപ്പോള്‍ കുട്ടി പേടിച്ചു കരച്ചില്‍ നിര്‍ത്തി. എന്നാല്‍ ഈ ദൃശ്യം പ്രദേശവാസികളില്‍ ഒരാള്‍ കണ്ടു.
പ്രദേശവാസി രാത്രി രണ്ടു മണിയോടെ ഉണര്‍ന്ന് ജനലിലൂടെ പുറത്തേക്കു നോക്കുമ്പോഴാണ് ഒരാള്‍ ഒരു കുട്ടിയെ വലിച്ചിഴച്ചു പാടത്തേക്കു കൊണ്ടു പോകുന്നതു കാണുന്നത്. അദ്ദേഹം സമീപവാസികളുടെ കുട്ടി അല്ല അക്രമിയുടെ കൈയില്‍ എന്നു മനസ്സിലാക്കി അടുത്ത വീടുകളിലേക്കു ഫോണ്‍ ചെയ്ത് എല്ലാവരേയും വരുത്തി. അവര്‍ സുരക്ഷിതരാണെന്നു കണ്ട് വലിച്ചിഴച്ചു കൊണ്ടുപോയ കുട്ടിക്കുവേണ്ടി തിരച്ചില്‍ തുടങ്ങി. കനത്ത മഴ പെയ്യുന്നതിനിടയില്‍ തിരച്ചില്‍ ദുഷ്‌കരമാകുന്നതിനിടയില്‍ അക്രമിയുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട കുട്ടി നാട്ടുകാരുടെ അടുത്ത് എത്തിപ്പെട്ടു. വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട് ചോരയൊലിപ്പിച്ചു വന്ന പെണ്‍കുട്ടിയാണ് അവളുടെ വീട് കാണിച്ചു കൊടുത്തത്. ആ വീട്ടിലെത്തുമ്പോള്‍ വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പുട്ടുപൊളിച്ച് വീട്ടുകാരെ ഉണര്‍ത്തുമ്പോഴാണ് സംഭവം വീട്ടിലുള്ളവര്‍ അറിയുന്നത്. കൈയിട്ട് വാതില്‍ പൂട്ടു തുറന്ന് അകത്തു കയറിയ അക്രമി, കുട്ടിയുമായി പുറത്തിറങ്ങിയ ശേഷം വീട് പുറത്തു നിന്നും പൂട്ടുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ആദ്യം ഗുരുതരാവസ്ഥയില്‍ എന്നു പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളിയായ കുട്ടിയുടെ അച്ഛന്‍ തിരുവനന്തപുരത്തു പോയതിനാല്‍ അമ്മയും മക്കളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ ഒന്നിച്ചു കിടന്നുറങ്ങിയിരുന്നിടത്തു നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
രാത്രി അവിചാരിതമായി നാട്ടുകാരന്‍ ആ കാഴ്ച കണ്ടതുകൊണ്ടു മാത്രമാണ് ആ കുട്ടിയെ ജീവനോടെ കണ്ടെത്താനായത്. പ്രതി അതിഥി തൊഴിലാളിയാണെന്ന് ആദ്യം കരുതിയെങ്കിലും, നാട്ടുകാരന്‍ തന്നെയാണെന്ന് പിന്നീട് പേലീസ് അറിയിച്ചിട്ടുണ്ട്.
ഈ വാര്‍ത്തയോടു ചേര്‍ത്തുവായിക്കേണ്ടതാണ് ആലുവ സ്റ്റാന്‍ഡില്‍ കയറാതെ പോകുന്ന കെ എസ് ആര്‍ ടി സി ബസ്സുകളെക്കുറിച്ചുള്ള വാര്‍ത്തയും. ഒരു യാത്രക്കാരന്‍ പ്രതികരിച്ചതുകൊണ്ടു മാത്രം, ബസുകള്‍ ഇനി മുതല്‍ സ്റ്റാന്‍ഡില്‍ കയറി ആളെ ഇറക്കുകയും എടുക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം. കാടുംപടലും പിടിച്ചു കിടക്കുന്ന പൊളിച്ച ബസ് സ്റ്റാന്‍ഡ് പരിസരം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. അവിടെ പുനരുദ്ധാരണം നടത്താന്‍ സര്‍ക്കാരിനൊട്ടു നേരവും ഇല്ല. അപ്പോള്‍ ഇനിയും ഇത്തരം വാര്‍ത്തകള്‍ അവസാനിക്കുമെന്നു കരുതാന്‍ നമുക്കു നിര്‍വാഹമില്ല. ഒന്നേ പറയാന്‍ പറ്റൂ, നമ്മളെ നമ്മള്‍ തന്നെ സംരക്ഷിക്കുക.. മറ്റുള്ളതെല്ലാം വെറും മിത്താണ്.
Engish Summary : Is there no end to violence in Aluva?