കുറിപ്പ്
ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തിലും,അറുപതുകളുടെ ആരംഭത്തിലുമാകാം ഈ നാട്ടുകഥകളുടെ കാലം.''നൊസ്റ്റാള്‍ജിയാ സ്റ്റോറീസ്'' അല്ലെങ്കില്‍ ''ഗൃഹാതുരത്വകഥകള്'', എന്നുവേണമെങ്കില്‍ ഇതിനെ വിളിക്കാം.പുതിയതലമുറ ഇതാസ്വദിക്കുമോ എന്നറിയില്ല!.എങ്കിലും അങ്ങനെ ഒരുഭൂതകാലമുണ്ടായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലുകളാണ് ഈ കഥകളുടെ കാമ്പ്.കാലം എത്ര മാറിയിരിക്കുന്നു! .എങ്കിലും ഓര്മ്മചെപ്പുതുറക്കുബോള് ഇത്തരംകഥകള്‍ നമ്മെ പഴയതലമുറയെ, തൃസിപ്പിക്കുമെങ്കില്,ആ പഴയസ്മരണകളിെേക്കാന്ന് ഊളിയിട്ടിറങ്ങാം,കൈവിട്ടുപോയ മുത്തുകളുംപവിഴങ്ങളും തേടി!
ഇതുപണ്ട് എന്റെ ചെറുപ്പകാലത്തു നടന്ന കഥയാണ്.ഒരു കൗമരക്കഥ. പഞ്ചായത്തില്‍ ഡവലപ്മെന്റ് ബ്ലോക്കും,ഗ്രാമസേവകനും മറ്റുംവരും മുമ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ പാപ്പനായിരുന്നു, പശുക്കള്‍ക്ക് ഗര്ഭോദ്ധാരണം നടത്തിവന്നിരുന്നത്.എല്ലാ ദിവസവും കോഴികൂവിയതിനുശേഷം,സൂര്യോദയം കിഴക്കു പൊടിപൊടിക്കുബോള്‍ പാപ്പനിറങ്ങും,മൂരിയുമായി. കഴുത്തില്‍ ഒറ്റമണികെട്ടിയ കറപ്പും,വെളുപ്പുംനിറമുള്ള പുള്ളികുത്തിയ മൂരി! അവന് തലയുയര്‍ത്തി മണികിലുക്കി വരുന്നതു കാണാന്‍ എന്തു ചന്തമാണന്നോ! ഉയര്ന്നുനില്ക്കുന്ന ഉപ്പൂണി,ചന്ദ്രക്കലപോലെ രണ്ടുവശത്തേക്കുംവളഞ്ഞു കൂട്ടിമുട്ടാത്ത കൊമ്പ്, ഞൊറിഞ്ഞുഞൊറിഞ്ഞുതാഴേക്കുകിടക്കുന്ന ആട, ആരുമവനെ ഒന്നുനോക്കും,ഗ്രാമത്തിലെ പട്ടിയും പൂച്ചയുംപോലും.അവന്റെ എഴുന്നെള്ളത്ത് ഒരു ഉത്സവംപോലെയാ, കൊച്ചുകുട്ടികള്‍ക്കും,തള്ളമാര്‍ക്കും.അപ്പോള്‍ ഗ്രാമത്തിലെ മച്ചികളായ പശുക്കള്‍ മുതല്‍ മുതുക്കി പശുക്കള്‍വരെ അമറും.ഗ്രാമവാസികള്‍ പറയും-
താണ്ട്, പാപ്പന് വരുന്നു കറാച്ചിമൂരിയുമായി! അതേ,അതൊരു കറാച്ചി മൂരിയാണ്,അത്ര വലിപ്പമുണ്ട്. അവന്റെ അപ്പന് അങ്ങു സിന്ധില്‍ നിന്നാണ്, അല്ലെങ്കില്‍ കറാച്ചിയില്‍ നിന്നുള്ള വെള്ളമൂരി.അമ്മ നാട്ടുകാരി കറമ്പിപശുവില് നിന്ന്.അതുകൊണ്ടാണവന് പുള്ളിക്കുത്തെന്ന് പാപ്പന്റെ നിഗമനം.സങ്കരനാണ്. രണ്ടുഗുണവുമൊത്തവന്.ശാന്തനാണ്.എങ്കിലും മൂക്കുകയറും മൊഹേറയുമില്ലെങ്കില് ചിലനേരത്ത് അവനെ പിടിച്ചാകിട്ടത്തില്ല.അവന്റെ കൊഴപ്പല്ല,ചില മച്ചിപൈക്കടെ ബഹളി കാണുമ്പം അവനു ഹാലിളകുമെന്നാ പാപ്പന്റെ പക്ഷം!
പാപ്പന് മുമ്പിലും,മൂരി പിറകിലുമായി കാലത്തു വന്നുനില്ക്കുന്നത് കര്ത്ത്യാനീടെ ടീഷോപ്പിനുമുമ്പിലാണ്.അവിടെയാണ് പാപ്പന്റെ ബ്രേക്ക്ഫാസ്റ്റ്. ആറിഢലി, ചമ്മന്തി ,ഒരേത്തപ്പഴം, ഒരുമുട്ട, ഒന്നരചായ.അതുകുശാലായി കഴിക്കണം. കാളക്ക് കാര്ത്ത്യാനിവക കാടിവെള്ളം,ഫ്രീ! പപ്പന് പകുതിചര്ജ്ജേ കര്‍ത്ത്യാനി ഈടാക്കൂ.അതിന് കാരണമുണ്ട്.കാര്‍ത്ത്യാനിക്ക് പൈക്കള്‍ നാലാ.അതിനെ കാലാകാലങ്ങളില്‍ ചവിട്ടിക്കന്നതു പാപ്പന്റെ കളേക്കൊണ്ടാ.അതിനു പാപ്പനും പകുതി ചാര്‍ജ്ജേ വാങ്ങൂ. അവിടെ ചായ അടിക്കുന്നത് കാര്ത്ത്യനീടെ ഹസ്ബന്‍ഡ് നാരായണനാ, പാവമാ. ഹെസ്ബന്റന്നു പറഞ്ഞാ,തെക്കുനിന്നെങ്ങോ തെണ്ടിതെരഞ്ഞുവന്നതാ. കര്‍ത്ത്യാനി ജോലികൊടുത്തു,വെറകു കീറാനും, പൈക്കളെമാറ്റിക്കെട്ടാനും, പുല്ലരിയാനുമൊക്കെയായി.അങ്ങനെ കൂടീതാ.
പില്ക്കാലത്തു ചായയടിക്കാരനായി,കാലക്രമേണ ഹസ്ബന്റായി. നാരായണന് ചായയടിക്കുന്നത് കണ്ടുനിക്കാന്‍ എന്തുരസമാ,രണ്ടരമൊഴം നീളത്തി.അതുകണ്ടുനിന്നാല് ആരും ആ ചായ കുടിച്ചുപോകും.അന്ന് ഗ്രാമത്തില്‍ ചെമ്പിന്റെ ബോയിലറില്‍ ഒരു ചക്രം നിക്ഷേപിച്ച് നാണയത്തിന്റെ കിലുക്കത്തോടെ വെള്ളംതിളപ്പിക്കുന്ന പരിക്ഷ്ക്കാരം നടപ്പിലാക്കിയതും നാരായണനെത്രെ. ചായകുടിച്ചു കഴിഞ്ഞ് ഒരു ബീഡിഎടത്തു കത്തിച്ന് പാപ്പന് ചോദിക്കും-
പശുകിടാവിനെ ഒന്നു ചവിട്ടിക്കണ്ടെ, കാര്‍ത്ത്യാനീ? അയ്യോ പാപ്പച്ചാ ഇപ്പംവേണ്ട, അവളു കുഞ്ഞല്ലേ! എന്തോന്നു കുഞ്ഞ്, കൊ#്ലം മൂന്നായില്ലേ,കന്നുകാലിക്ക് മൂന്നു വയസ്സ് മധുരപതിനേഴാ!
അതിപ്പം അവള് അമറീട്ടില്ല! അടുത്ത വാവിന് അമറിക്കോളും.അവടെ തന്ത എന്റെ മൂരിയല്ലേ,ചുമ്മാ നാടന്റെ നാണക്കേടൊന്നും അവളുകാണിക്കത്തില്ല. അതുപറഞ്ഞു പാപ്പന് കാളേം അഴിച്ച് ധൃതിവെച്ചൊരുപോക്കാണ്.
കോരുതുസാറിന്റെ പശുക്കിടാവ് ഈയിടെ അമറീന്നൊരു ശ്രുതികേട്ടു.അതു വെച്ചൂര്‍ പശുക്കിടവാ.മൊഴയന്‍ കൊമ്പുള്ള ശാന്ത പശൂന്റെ മോള്.അവടെതന്തേം വെച്ചൂരാനാന്നാ കേള്‍വി.അതിനെ കറാച്ചിയാക്കാന് കോരുതുസാറിനും, സഹധര്‍മ്മിണി സാറാമ്മക്കും ഏറെ ഉത്സാഹമുണ്ടാകുമെന്നു പറഞ്ഞുകൊടുത്തത് കാര്‍ത്ത്യാനി തന്നെ!
പാപ്പന് കോരുതുസാറിന്റെ വസതിക്കു മുമ്പിലെത്തി.തൊഴുത്തില്‍ വെച്ചൂരമ്മയും,പുത്രിയും നില്ക്കുന്നു. പാപ്പന് വെച്ചൂര്‍ പശുക്കിടാവിനെ ഒന്നുവിലയിരുത്തി. അതേ, ചെറുതെങ്കിലും മധുരപതിനേഴുകാരി.വാലിട്ടടിച്ച് ചെറുമുഴയന് കൊമ്പ്കുലുക്കി ഈച്ചേ ആട്ടി നില്ക്കുന്നു. പാപ്പന്റെ മൂരീടെ മണിനാദം കേട്ടാവണം മധുരപതിനേഴുകാരി വെച്ചൂര്‍ പശുകുമാരി ഒന്നുവെകിളിപിടിച്ച് കറാച്ചി മൂരീടെനേരെ ഒരുകടാക്ഷ കടക്കണ്ണെറിഞ്ഞന്നുതന്നെ പാപ്പന് നിരുവിച്ചു.
പാപ്പന് സൂക്ഷിച്ചുനോക്കി.കോരതുസാറ് പെണ്മക്കക്ക്,മൂത്തതു ടീനേജു മുതല്‍ ഇളയത് നാലുവയസ്സുകാരിക്കുവരെ ഗ്രഹപാഠം കണക്കു പഠിപ്പിച്ചുകൊടുക്കുന്ന തിരക്കിലാണ്. ഭാര്യ സാറാമ്മ ധൃതിയില്‍ മുറ്റത്തെ വാഴേന്നു തൂശനിലവെട്ടുന്നു, സ്കൂളിപോണ പിള്ളേര്‍ക്കും,ഭര്‍ത്താവിനും ചോറുപൊതികെട്ടാന്! നല്ല അവസരം പാപ്പന് സാറാമ്മേ പതുക്കയൊന്നപ്രോച്ചുചെയ്തു-
കൊച്ചമ്മേ,പശുകിടാവ് അമറീന്നു കാര്‍ത്ത്യാനി പറഞ്ഞു. ങാ,വയസ്സറീച്ചെന്നാ തോന്നുന്നെ,പക്ഷേ ഇപ്പൊഴെങ്ങനാ, പിള്ളേരു കാണത്തില്ലിയോ,അതും പെമ്പിള്ളേര്, നാണക്കേട്!
പാപ്പന് സ്വരം താഴ്ത്തി പറഞ്ഞു- അവരുപോയിട്ടുമതി.
സാറും പിള്ളേരടെ കൂട്ടത്തി പഠിപ്പിക്കാന്‍ സ്കൂളില്‍ പോകുമല്ലോ,
സാറിനോടൊന്ന് ചോദിച്ചുവെക്ക്!
ശരിയാ,ഒന്നുചോദിച്ചുവെക്കാം, പിള്ളേരുപോയിട്ട് ആകാമല്ലോ,
വാവിന് രണ്ടുമൂന്നമറി,ഇനിയിപ്പമാകാം,അല്ലേ പാപ്പാ!
തന്നെ! സാറാമ്മ അടക്കംപിടിച്ച് കോരുത് സാറിന്റെ ചാരെഎത്തി അടക്കിപറഞ്ഞു-
ദേ,ഒന്നിങ്ങോട്ടു മാറി നിന്നെ!
സാറ് മൊരടനാണ് എങ്കിലും സാറാമ്മെ ഒഴിവാക്കാറില്ല.സാറമ്മേടെ അടുത്തേക്ക് നീങ്ങിനിന്നു.സാറാമ്മ അടക്കംപറഞ്ഞു-
'ദേ,പാപ്പന് വന്നിരിക്കുന്നു കറാച്ചിമൂരീമായി നമ്മടെ പശുക്കിടാവിനെ........!,പിള്ളേരു സ്കൂളിപോയിട്ടുമതി........ !
വേണ്ട,വേണ്ട, അവന്റെ ആനപോലത്തെ മൂരി നമ്മൂടെ വെച്ചൂര്‍ കിടാവിനുവേണ്ട,ഞാം ഒരു വെച്ചൂരുമൂരിയെ പറഞ്ഞുവെച്ചിട്ടൊണ്ട്!
അനുസരണശീലയായ സാറാമ്മ പാപ്പനെ അടക്കത്തില്തന്നെ ഭര്‍ത്താവിന്റെ മെസ്സേജ് അറിയിച്ചു. പാപ്പനു ദേഷ്യംവന്നു.അയാടെയൊരു വെച്ചൂര്‍!
പക്ഷേ പാപ്പന് ദേഷ്യമടക്കി ഒന്നുമുരിയാടാതെ ആ പാട്ടുംപാടി അവിടന്നുനേരെ തേവേരിക്കുവിട്ടു.
'ഒരു സിനിമാശീല്-
ആത്മവിദ്യാലയമേ.....
അവനിയില്‍ വാഴും
ആത്മവിദ്യലയമേ.....
മന്നവനാട്ടെ,യാചകനാട്ടെ........'
പാപ്പനോര്‍ത്തു- കോരുതുസാറു ദുഷ്ടന്,തന്റെമൂരി ചവിട്ടി എത്ര പശുക്കിടാക്കളാ ചത്തേക്കുന്നെ.അങ്ങനാണെ ഈ മനുഷ്യേരുതന്നെ കല്ല്യാണംകെട്ടുന്നതു സൈസുനോക്കിയണോ! അയാക്കിട്ടൊരു പണികൊടുക്കണം.അതിനും ധൈര്യംപോരാ. ജന്മി മുതലാളി ബൂര്ഷാകളെല്ലേ ഇവരൊക്കെ!
അതൊക്കെ ചിന്തിച്ച് തേവേരിക്കു നടന്നവഴി രണ്ടുമൂന്നുകോളുകിട്ടി....മ്പിലെ ചാക്കോച്ചന്റെ രണ്ടു പശുക്കളെ ചവിട്ടിച്ചു,ഒരുതള്ളേം,മോളേം.
പിന്നങ്ങോട്ടുചെന്നപ്പം ഭാര്‍ഗവന്റെ ഒരു പാണ്ടിപശൂനെ,പിന്നെ ശോശേടെ എല്ലുന്തിയ പശൂനെ!
എളുപ്പമൊള്ള പണിയൊന്നുമല്ല,കമ്പുകള്‍ കുഴിച്ചിട്ട്, കമ്പുകള്‍ ചുറ്റിലുംപാകി കയറുകൊണ്ട ്കൂടുകെട്ടണം.പശു ഇടംവലംതിരിയാത്തവിധം അതിനാത്ത് അതിനെ കുറക്കികെട്ട ണം.
എന്നിട്ട് പശൂന്റെ വയറിനടീകൂടെ ഒരൊലക്കതിരകണം,അനങ്ങാതെ നില്ക്കാന്.അല്ലേല്‍ മൃഗമല്ലേ, വല്ല വകതിരിവുമെണ്ടോ! ചെലപ്പം ഒന്നും,രണ്ടും,മൂന്നുംപ്രാവശ്യം മൂരിയെ വിട്ടാലെ കാര്യം നടക്കൂ.
സമയംപോയതറിഞ്ഞില്ല.അപ്പോഴേക്കും സൂര്യന് പടിഞ്ഞാറ് താഴാന്തുടങ്ങി.
ആകാശം കുങ്കമചായംപുരട്ടി.തേവരില്‍ ഷാപ്പില് ആരവം.കുടിയമ്മാരുടെ സംഗീതധാര! ,ശാസ്ത്രീയവും,അശാസ്ത്രീയവും അതങ്ങനെ ഒഴുകി ഒഴുകി സമീപത്തെ പമ്പയാറിന്റെ കുഞ്ഞോളങ്ങളില്‍ അലിയുന്നു.
പൊട്ടിപ്പറിഞ്ഞമേശമേല് തങ്കപ്പനും,കുഞ്ഞപ്പനുമിരുന്നു താളംപിടക്കുന്നത്,പുറത്തും,അകത്തും തൂക്കിയ ശരറാന്ത വെളിച്ചത്തില്‍ പാപ്പന് കണ്ടു.പാപ്പന് കാളെ ഷാപ്പിനുമുമ്പിലുള്ള വലിയ മാവില്തളച്ചു,എന്നിട്ട് സംഗീതവിദ്വാന്മാരുടെ ഒപ്പം കൂടി.
പാപ്പന് അന്നത്തെ ഒരു ഹിറ്റുപാട്ടുപാടി-
'താഴംപൂമണമുള്ള തണുപ്പുള്ളരാത്രിയില്
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി......
പൂമുഖവാതില്‍ തുറക്കുകില്ലേ,
കാമിനി നിന്നെ ഞാന്‍ മറക്കുകില്ല.......'
കൂട്ടുകാര്‍ ഒപ്പംകൂടി,പൊളിഞ്ഞ മേശമേല്‍ താളംപിടിച്ചു.അപ്പോഴേക്ക് സപ്ലെ ദാമോദരന്‍ എത്തി, ഒറ്റചോദ്യം-പാപ്പച്ചാ, എടുക്കട്ടെ, വാളകറീം,കപ്പേം.
'എന്തോന്നാടാ ഇത്ര ചോദിക്കാന്‍!
അന്തി രണ്ടുകോപ്പകള്ളും,വാളക്കറീം എത്തി.അതാപതിവ്. പടിഞ്ഞാറ് വിയോരത്തൂന്ന് ചെത്തിഇറങ്ങി വള്ളത്തേവന്ന് ഇരുന്നുമൂത്തകള്ളാ! ഒരെണ്ണമടിച്ചാമതിപിപ്പിരിയാകും.
കള്ളും,വാളക്കറീം തലക്കുകയറിപിടിച്ചു.ഒടുവില്‍ സംഗീതാലപനത്തിനു മാറ്റങ്ങളുണ്ടായി ,തെറിപ്പാട്ട്,പൂരപ്പാട്ട്! അതങ്ങനെ നീണ്ടു നീണ്ടുപാതിരാക്കോഴി കൂവാന്‍ തയ്യാടെുക്കവേ, സപ്ലൈ ദാമോരന് കുടിയാമ്മാരായ കസ്റ്റമേഴ്സിനെ ഒന്നുണര്‍ത്തി-
അന്തിക്കള്ളുതീര്ന്നു,ഷാപ്പടക്കാറായി!
ഒരു ഒന്നാംതരം ഡിസ്ക്കോത്തിക തീര്‍ന്ന ഇച്ഛാഭംഗത്തോടെ ഒരല്‍പ്പം കാലുറക്കാതെ പാപ്പനും കൂട്ടരുമെണീറ്റു.പാപ്പന് കാളയുമായി കിഴക്കു കൂരയിലേക്കു മടങ്ങി.കാലുറക്കുന്നില്ലേലും നടപ്പിനൊരു സുഖമുണ്ട്. കാളക്കു വീട്ടിലേക്കുള്ളവഴി മന:പാഠമായതിനാല്‍ പാപ്പന് അതേപ്പറ്റി വ്യാകുലനായില്ല.അല്ലേല്‍ വഴിതെറ്റും.പതിരാക്കോഴി ഒന്നുകൂവി. പാപ്പന് ബോധോധയമുണ്ടായി.
ഇന്നുവെള്ളിയാഴ്ചയാണ്.കിഴക്ക് പനയന്നാറു കാവീന്ന് യക്ഷിക്കൊരു സഞ്ചാരമുമെന്ന് കേട്ടിട്ടൊണ്ട്. ഇതുവരെ ഒന്നിനെം കണ്ടിട്ടില്ല.അല്ലങ്കിലും കുട്ടപ്പനില്ലേ കൂട്ടിന്. സ്നേഹംകേറുമ്പം പാപ്പന് മൂരിയെ ''കുട്ടപ്പാന്നാ'' വിളിക്കുക.
അല്ലേ തന്നെ അന്തിക്കള്ള് കുടിച്ച പിപ്പിരിയായി നിക്കുന്ന പാപ്പനെ ഒരെക്ഷീം തൊടത്തില്ല. ഇന്നാളിതുപോലൊരു വെള്ളിയാഴ്ച ഒന്നുപേടിച്ചതാ! , ആരാ പാപ്പനല്ല,യക്ഷി! നോക്കുമ്പം ആറ്റിറമ്പത്ത് വലിയ പാലമരത്തിന്റെ ചുവട്ടില്‍ ചുവന്ന ജംബറുമിട്ട് നിക്കുന്നു.,എന്നേം, മൂരിയേം കണ്ട് യക്ഷി ഒറ്റ കാര്‍ച്ച!
നോക്കിയപ്പം നിലാവെളിച്ചത്ത് യക്ഷി നിക്കുന്നു,ദേവയാനി!
ഞങ്ങടെ ഗ്രാമത്തിന്റെ ഉറക്കംകെടുത്തുന്ന മാദകസുന്ദരി,എന്നിട്ടവളുപറേകാ! എന്റെ പൊന്നു പാപ്പച്ചാ! ,എന്റെ അകവാളുവെട്ടിപോയി.ഈനേരത്ത് കാലനുംപോത്തുംകൂടെ വരികാന്നാ ഞാം കരുതിയത്.
'ങും!
പാപ്പന് പൊട്ടിചിരിച്ചു-
നീ നിന്റെ വഴിക്കുപോ!
സെക്കന്റ് ഷോ വിട്ടാളുവരും,
ആരേലുംനിന്നെ കൂട്ടികൊണ്ടുപെക്കോളും.
എന്നെ വിട്ടേര്,
ഇന്നത്തെ എന്റെ ബഡജറ്റ് കഴിഞ്ഞു!
പാപ്പന് ഉറക്കംവരാതിരിക്കാന്‍ മറ്റൊരു പട്ടുപാടി
''ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദശ്രീകൃഷ്ണ ഓടിവാടാ!
പൈക്കളെ മേയിക്കാന്‍ പടത്തയക്കാം ഞാന്‍
മയില്ക്കണ്ണാ ശ്രീ കൃഷ്ണാ....
ഓടിവടാ!
'അപ്പോള്‍ ഒരു അമര്‍ച്ച കേട്ടു.
പാപ്പന് അതു തിരിച്ചറിഞ്ഞു.സാക്ഷാല്‍ കോരുതുസാറിന്റെ പടി എത്തിയിരിക്കുന്നു.അമറിയത് കോരുതസാറിന്റെ വെച്ചൂരമ്മയുടെ പുത്രി വെച്ചൂര്‍ കുമാരി!
മൂരി കുട്ടപ്പന് തലപൊക്കി ഒരു നിമിഷം നിര്‍നിമേഷനായി അവിടെ തരിച്ചു നിന്നു.
പാല് നിലാവില് എല്ലാം വ്യക്തമായികണ്ടു..
പാപ്പന്റെ ഉള്ളിലെ അന്തിക്കള്ളു മൂത്തു, നുരഞ്ഞുപൊങ്ങി ,എന്തൊരു ധൈര്യം!
പാപ്പന് ഉറക്കെ ഉറഞ്ഞുതുള്ളി-
........രെ,കോരുതെ,.......ന്റമ്മേ.........
വെച്ചൂര്‍! ,ആ പുഴുത്തതെറി പാമ്പയാറ്റിലെ ഓളങ്ങളില്‍ തെറിച്ചുവീണ് ഗ്രാമമെങ്ങും മാറ്റൊലികൊണ്ടു!!