Image

മനോനില തെറ്റുന്നത് വിജയനോ, സതീശനോ ? : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 12 September, 2023
മനോനില തെറ്റുന്നത് വിജയനോ, സതീശനോ ? : (കെ.എ ഫ്രാന്‍സിസ്)

നിയമസഭ നടപടികള്‍ ലൈവായി കാണുന്ന നമ്മുടെയൊക്കെ സമനിലയല്ലേ തെറ്റുന്നത് ? കുഞ്ഞാലിക്കുട്ടി സാഹിബിനു പ്രസംഗത്തിന് നല്‍കിയ സമയത്ത് തന്നെ ചിഞ്ചു റാണി മന്ത്രിയ്ക്ക് വിശദീകരണ പ്രസംഗം നടത്തണമെന്ന് വാശി ; ബഹളം! വാക്ക്ഔട്ട് ചെയ്ത പ്രതിപക്ഷം നടുത്തളത്തില്‍. സ്പീക്കര്‍ ചൂടായതു കൊണ്ട് എന്തു കാര്യം ? 

നിയമസഭയില്‍ 'മനോനില' താരമായി. ഇന്നലെയും ഇന്നും മുഖ്യമന്ത്രി പിണറായി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ മനോനില പരിശോധിക്കണമെന്ന മട്ടില്‍ പ്രസംഗിച്ചു. ഇന്ന് ആഭ്യന്തരവകുപ്പ് ഗുണ്ടാസംഘം ഹൈജാക്ക് ചെയ്തു എന്ന പ്രതിപക്ഷാരോപണം ഉണ്ടായപ്പോഴും മുഖ്യമന്ത്രി മനോനിലയുടെ കാര്യം ആവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു : 'വിമര്‍ശിക്കുന്നവരുടെ മനോനിലയെ പറ്റി സംശയിക്കുന്നത്  ഒരു രോഗമാണ്. ആ മനോനിലയും പരിശോധിക്കണം' തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വാക്ക്ഔട്ട്  പ്രഖ്യാപിക്കുന്നു. ഉപനേതാവിന്റെ പ്രസംഗം മന്ത്രി ചിഞ്ചുറാണിയുടെ പ്രസംഗം വഴി തടസ്സപ്പെടുത്തി എന്ന ബഹളം. ഇരുപക്ഷവും കലഹം, സ്പീക്കര്‍ ചൂടായി. 

കേരളത്തില്‍ ഇരട്ട നീതിയാണെന്ന് സമര്‍ത്ഥിക്കാന്‍ സതീശന്‍ ഇന്ന്  രണ്ട് ഉദാഹരണങ്ങള്‍ നിരത്തി. (ഒന്ന്) തന്റെ മകനെ അപകട സമയത്ത് സഹായിച്ച ഉമ്മന്‍ചാണ്ടിയെ പറ്റി ഇലക്ഷന്‍ സമയത്ത് ചാനലില്‍ പറഞ്ഞ സതിയമ്മയുടെ ജോലി കളയുകയും ആള്‍മാറാട്ട കേസ്സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. (രണ്ട്) കേവലം മുദ്രാവാക്യം മുഴക്കിയതിന്  94 വയസ്സുകാരനായ ഗ്രോ വാസുവിനെ ഒന്നരമാസമായി ജയിലിലിട്ടു. മുദ്രാവാക്യം വിളിച്ച് ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റുകള്‍ മുദ്രാവാക്യം വിളിച്ച വാസുവിന്റെ വായ പോലീസുകാരെക്കൊണ്ട് പൊത്തിക്കുന്നു, പോലീസ് തൊപ്പി കൊണ്ട് മറയ്ക്കുന്നു. 

അതു കള്ളക്കേസ് : 

ഗ്രോ വാസു ഇന്ന്  കുന്ദമംഗലം കോടതിയിലെത്തിയപ്പോഴും മുദ്രാവാക്യം വിളിച്ചു. പോലീസ് പതിവുപോലെ അത്  തടയാന്‍ ശ്രമിച്ചു. വിചാരണവേളയില്‍ തന്നെ കള്ളക്കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് വാസു പരാതിപ്പെട്ടു. വഴി തടസ്സം ഉണ്ടാക്കിയതിനാണ് കേസ്. താന്‍ ആരുടെയും വഴി തടയാതെ മുദ്രാവാക്യം മുഴക്കുകയായിരുന്നുവെന്ന് വാസു വിശദീകരിച്ചു. നാളെയാണ് കോടതി വിധി 

ബിജുവും ഇ.ഡിയ്ക്ക്  മുന്നില്‍ : 

ഒടുവില്‍ മുന്‍ എം.പിയായ പി.കെ ബിജുവിനും ഇ.ഡി നോട്ടീസ് എത്തി. തൃശ്ശൂര്‍ നഗരസഭാംഗം അനൂപ് ഡേവിഡ് കാടയെയും, വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അരവിന്ദാക്ഷനെയും മറ്റും ഇ.ഡി ഇന്നും  ചോദ്യം ചെയ്തു. മൊയ്തീനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും എന്ന് മാധ്യമങ്ങളില്‍ ഇന്ന് വാര്‍ത്തയാണെങ്കിലും ഇ.ഡി അത് സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ടില്ല. എന്നിരുന്നാലും കരുവന്നൂര്‍ കേസ് സി.പി.എമ്മിന്  പൊല്ലാപ്പായിട്ടുണ്ട്. ലാവലിന്‍ കേസ് 34 ആം തവണയും മാറ്റിവെച്ചു.  സി.ബി.ഐ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇങ്ങനെ മാറ്റിവെക്കുന്നത്. 

നിപ്പ ഭീഷണി : 

കോഴിക്കോട് നിപ്പ വരുമെന്ന സൂചന കിട്ടിയതനുസരിച്ച് പ്രതിരോധ നടപടികള്‍ ദ്രുതഗതിയില്‍ നടത്തുന്നു. മരുതങ്കോരയിലും ആയഞ്ചേരിയിലുമുള്ള രണ്ടുപേര്‍ മരിച്ചത് അങ്ങനെയാണെന്നാണ് സംശയം. രക്തസാമ്പിള്‍ അയച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്‍കരുതലുകള്‍ക്ക്  നേരിട്ട് നേതൃത്വം നല്‍കി ശൈലജ ടീച്ചറുടെ മാതൃക സ്വീകരിച്ചത്  നല്ല കാര്യം. 

അടിക്കുറിപ്പ് : ലോകസഭ  കൂടുന്നത് പുതിയ മന്ദിരത്തില്‍. ഗണേശ ചതുര്‍ഥി ദിനത്തില്‍ പ്രത്യേക പൂജയോടെ തുടക്കം. അടിമുടി മാറ്റം, സ്റ്റാഫിന് പുതിയ യൂണിഫോം. മാര്‍ഷലിനു  മണിപ്പൂര്‍ തൊപ്പിയും താമര ചിത്രം പതിപ്പിച്ച ഷര്‍ട്ടും. സ്ത്രീ ജോലിക്കാര്‍ക്ക് യൂണിഫോം സാരി.  എങ്ങും മയിലിന്റെയും താമരയുടെയും നിറഭംഗി.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക