മറനീക്കി ദല്ലാള്‍ ടി.ജി നന്ദകുമാര്‍ ഇന്ന് രംഗത്തിറങ്ങിയതോടെ സോളാര്‍ വിവാദത്തില്‍ പുതിയ വഴിത്തിരിവ്. നാലു തവണ പിണറായിയുടെ വീട്ടില്‍ പോയി കണ്ടു സംസാരിച്ച കാര്യം ദല്ലാള്‍ പിണറായിയെ ഓര്‍മ്മപ്പെടുത്തുന്നു. അതോടൊപ്പം ചെന്നിത്തലയും, തിരുവഞ്ചൂരും, സുധീരനും ഉമ്മന്‍ ചാണ്ടിയെ ദല്ലാള്‍ പിന്നില്‍ നിന്ന് കുത്തുന്നവരുമാക്കി. ദല്ലാള്‍ ടി.ജി നന്ദകുമാര്‍ ഇന്ന് നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ അദ്ദേഹത്തിനുണ്ടൊരു ഇരട്ടചങ്ക്; വെടി പൊട്ടിക്കാന്‍ കയ്യില്‍ ഒരു ഡബിള്‍ ബാരല്‍ തോക്കും. ഒരേസമയം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ വെടിയുണ്ടകള്‍ പായിക്കുകയാണ് ദല്ലാള്‍.
മുറി മാറി ബെല്ലടിച്ചു :
സതീശനല്ല, വിജയന്‍ എന്ന ആമുഖത്തോടെ ഡല്‍ഹിയിലെ കേരള ഹൗസിലെ മുറിയിലേക്ക് താന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോള്‍ കയറിവന്ന നന്ദകുമാറിനോട് കടക്കൂ പുറത്ത് എന്ന് പറഞ്ഞതായി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി പറഞ്ഞുവല്ലോ. അത് ഉണ്ടായതെങ്ങനെ എന്ന് നന്ദകുമാര്‍ പറഞ്ഞത് ഇങ്ങനെ: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ താമസിക്കുന്ന മുറിയാണെന്ന് കരുതിയാണ് അന്ന് പിണറായിയുടെ മുറിയുടെ ഡോര്‍ ബെല്‍ അടിച്ചത്. വാതില്‍ തുറന്നപ്പോള്‍ അന്ന് ശത്രുവായി തന്നെ കണ്ടിരുന്ന പിണറായി 'എന്തു മര്യാദകേടാണ് കാണിക്കുന്നത് എന്ന്' ചോദിച്ചത് ശരിയാണ്. കടക്കൂ പുറത്ത് എന്നൊന്നും പറഞ്ഞിട്ടില്ല. അതേസമയം അതിനുശേഷം പിണക്കം മാറിയ പിണറായിയെ 2016 ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ നാലുതവണ തിരുവനന്തപുരം എ.കെ.ജി സെന്ററിനു മുന്നില്‍ ഉള്ള ഫ്‌ലാറ്റിലെ മൂന്നാം നിലയിലെ വീട്ടില്‍ പോയി കാണുകയും ഇരയുടെ കത്ത് ഇലക്ഷനു വീണു കിട്ടിയ നല്ലൊരു ആയുധമാണെന്നു ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ കത്തുമൂലം തനിക്ക് പണലാഭമില്ല. ശരണ്യ മനോജ് ആ കത്ത് ഉപയോഗിച്ചു പണം പറ്റി എന്നും ദല്ലാള്‍ ആരോപിച്ചു.
വി.എസ് രംഗത്ത് :
ഉമ്മന്‍ ചാണ്ടി തന്നെ ജയിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു ഇലക്ഷനില്‍ സോളാര്‍കേസ്സും കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളുമാണ് ഫലം അട്ടിമറിച്ചത് എന്ന് നന്ദകുമാര്‍ കരുതുന്നു. വി.എസ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നല്ലോ ഇരയുടെ കത്ത് പ്രചരിച്ചതോടെ വി.എസിന് ആ കത്ത് കണ്ടെത്തണമെന്ന് തോന്നുകയും, വി.എസ് വിശ്വസ്തനായ നന്ദകുമാറിനെ അക്കാര്യം ഏല്‍പ്പിക്കുകയും ചെയ്തു. കത്ത് ശരണ്യ മനോജ് കുമാറിന്റെ പക്കലുണ്ടെന്നറിഞ്ഞപ്പോള്‍ നന്ദകുമാര്‍ അയാളെ വിളിച്ച്, കത്തുകളുമായി ശരണ്യ മനോജ് എറണാകുളത്ത് ഓടിയെത്തി. ഒരു കത്തില്‍ 19 പേജും വേറൊരു കത്തില്‍ 25 പേജുമുണ്ടായിരുന്നു. 25 പേജുള്ള കത്തില്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പരാമര്‍ശം. ആ കത്ത് തുടങ്ങുന്നത് തന്നെ ഉമ്മന്‍ചാണ്ടി ശല്യം ചെയ്ത കാര്യം തന്നെ.
ചാനല്‍ വഴി :
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് നന്ദകുമാറിനെതിരെയും വി.എസിനെതിരെയും സി.ബി.ഐക്ക് കേസ് കൊടുത്തത് ഓര്‍ത്തപ്പോള്‍ അതൊന്നു പ്രയോജനപ്പെടുത്താമെന്ന് തോന്നിയത് ശരിയാണെന്ന് നന്ദകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചു. പത്രസമ്മേളനം നടത്തി കത്ത് പുറത്തുവിടാനാണ് വി.എസ് ആദ്യം ആലോചിച്ചതെങ്കിലും നല്ലൊരു ചാനല്‍ വഴി അത് സാധിക്കാനുള്ള വഴി തേടി. ഏഷ്യാനെറ്റിലെ ജോഷി കുര്യനെ പരിചയമുണ്ടായിരുന്നു, അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഇരയെ നേരിട്ട് കണ്ട ശേഷമാണ് ഏഷ്യാനെറ്റ് അത് ബ്രേക്കിംഗ് ന്യൂസാക്കിയത്. ഇരയ്ക്ക് നന്ദകുമാര്‍ പണം നല്‍കി എന്നത് ശരി തന്നെ. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും അമ്മയുടെ ചികിത്സാ സംബന്ധമായി 50,000 രൂപ തരാമെന്ന് പറഞ്ഞ് ഇരയെ കബളിപ്പിച്ചതല്ലാതെ പണം തന്നില്ല എന്ന് പറഞ്ഞപ്പോള്‍ പലപ്പോഴായി ഒന്നേകാല്‍ ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 50 ലക്ഷം എന്നത് ശരിയല്ലെന്ന് നന്ദകുമാര്‍ പറഞ്ഞു.
അവരുടെ ആഗ്രഹം :
സോളാര്‍ കേസിലെ ഈ കത്ത് പ്രതിപക്ഷനേതാവിന് കിട്ടണമെന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ടു ആഭ്യന്തര മന്ത്രിമാര്‍ക്കും താല്‍പര്യമുണ്ടായിരുന്നുവെന്ന് നന്ദകുമാര്‍ ഉറപ്പിച്ചു പറയുന്നു. (ആ രണ്ടു പേര്‍ രമേശ് ചെന്നിത്തലയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാകുമല്ലോ) നേരിട്ടല്ല അതിനു അവര്‍ രണ്ടുപേരും ചിലരെ ഏര്‍പ്പെടുത്തിയിരുന്നതായി നന്ദകുമാര്‍ അറിയിച്ചു. വി.എം സുധീരന്റെ മദ്യ വിരുദ്ധ കലാപവും ഉമ്മന്‍ചാണ്ടിക്കെതിരായി മാറിയല്ലോ. ജോപ്പനെ അറസ്റ്റ് ചെയ്ത കാര്യം അന്ന് വിദേശത്തായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിഞ്ഞതേയില്ലെന്നും ഇതോടൊപ്പം കൂട്ടിവായിക്കണം.
അടിക്കുറിപ്പ് : ജോസ് തെറ്റയിലിനെ വിളിച്ചുവരുത്തി ബലാത്സംഗക്കേസ് ഉണ്ടാക്കിയത് വഞ്ചനയാണെന്ന് അറിഞ്ഞിട്ടും അന്നത്തെ ആഭ്യന്തരമന്ത്രി അത് കേസ്സാക്കി നിയമസഭയില്‍ വലിയ ചര്‍ച്ചയാക്കിയതോടെയാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ ഏറ്റുപിടിച്ചത്. ആ ഇല്ലാകഥയാണ് രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തില്‍ വരാന്‍ ഇടയാക്കിയ പ്രധാനകാരണം. 11 വര്‍ഷം അത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിക്കൊണ്ടിരുന്നു. എല്ലാം കെട്ടുകഥയാണെന്ന് തെളിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അത്രയെങ്കിലും ഭാഗ്യം!
കെ.എ ഫ്രാന്‍സിസ്