Image

ഏകലോകം (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 15 September, 2023
ഏകലോകം (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഏകലോകാശയ, മെത്ര മഹത്തരം!
ഏട്ടില്‍ പഴമൊഴിയായി മാത്രം. 
ഐക്യം പുരോഗതിക്കാധാരമാകുന്ന-
ശക്തിവിശേഷമീ, മന്നിടത്തില്‍.
ആത്മശരീരങ്ങളാര്‍ന്നവ,രുത്തന്മാര്‍,
ജീവജാലങ്ങളില്‍ ബുദ്ധിമാന്മാര്‍,
കാട്ടിലും മേട്ടിലും കൂടുകള്‍ കൂട്ടിയോര്‍,
കൂട്ടം പിരിയുന്ന യാത്രികന്മാര്‍;
കാലത്തിന്‍ കൈപിടിച്ചേതോ വഴികളില്‍,
കാണാത്തതീരങ്ങള്‍ തേടുന്നവര്‍;
നാള്‍ക്കുനാള്‍ മുന്നോട്ട്....മുന്നോട്ട്.... മുന്നോട്ട്;
നേര്‍ക്കുനേര്‍ പോര്‍വിളികള്‍ മുഴക്കി;
നാടും നഗരവും താവളമാക്കിയോര്‍,
നേട്ടങ്ങള്‍ക്കായ് സ്വയം പായുന്നവര്‍;
ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ ഭേദങ്ങളാല്‍-
ഭാഷകള്‍, വേഷ, ഭൂഷാദികളാല്‍,
നിസ്വാര്‍ത്ഥ രൂപമെടുത്തവരായ്.
ഉച്ചനീചത്വങ്ങളാലുള്ള ഭിന്നത,
ഉള്‍പ്പകയായി തിളച്ചുപൊന്തി,
രക്തച്ചൊരിച്ചിലാല്‍ കൊല്ലും കൊലയുമായ്,
മര്‍ത്യരല്ലാതെ മറ്റാരിവിടെ?
സമ്മതിദായക,രൊന്നാമതാക്കിയ-
സാരഥികള്‍, ഭരണാധിപന്മാര്‍,
ഏകാധിപത്യം തുടരുന്ന,ണികള്‍ക്ക്,
പേടിസ്വപ്നങ്ങളാകുന്നു ചിലര്‍;
രാഷ്ട്രീയക്കാര്‍ ജനസേവകരാകാതെ,
നാട്യങ്ങളില്‍ സദാ വ്യാപരിച്ച്,
ആദര്‍ശവാദികളായിച്ചമയുന്നു,
വാഗ്ദാന,മാവര്‍ത്തനങ്ങളാക്കി;
വഞ്ചന,യുള്ളിലൊളിപ്പിച്ച,രങ്ങത്ത്,
പുഞ്ചിരിതൂകുന്നതാരിവിടെ?
'ദന്തസിംഹാസനം' സ്വന്തമാക്കാന്‍,
തന്ത്രം മെനയുന്നതാരിവിടെ?
എല്ലാവരും തുല്യരാകുന്ന നാളുകള്‍,
ലക്ഷ്യമെന്നോതുന്ന നേതാക്കളേ,
എങ്ങ്, സമത്വവും ധര്‍മ്മവും നീതിയും
സത്യവും സന്മാര്‍ഗ്ഗപാഠങ്ങളും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക