Image

താങ്ങും തണലും (കഥാമത്സരം: സരിത എന്‍.എസ്) 

Published on 16 September, 2023
 താങ്ങും തണലും (കഥാമത്സരം: സരിത എന്‍.എസ്) 

വര : പി ആര്‍ രാജന്‍ 


ആകാശത്തിന്റെ വടുക്കളിൽ പൊട്ടിയൊലിച്ചിറങ്ങുന്ന ചാലുകൾ നോക്കി അവൾ ആ ജനാലക്കൽ നിൽപ്പുതുടങ്ങിയിട്ട് കുറച്ചു നേരമായി. മനസ്സാകെ പ്രക്ഷുബ്ധമാണ്.മുന്നോട്ട് എങ്ങനെ എന്നുള്ള ചോദ്യം അവളുടെ മുന്നിൽ രക്തച്ചുവപ്പണിഞ്ഞു തിണിർത്തൂ കിടക്കുന്നു. അവൾ ആസ്വസ്ഥയായി ഹോസ്പിറ്റൽ വരാന്തയിലേക്ക് ഇറങ്ങി.അവൾ ഇറങ്ങുന്നത് കണ്ടതും അയാൾ പുറുപുറത്തു.. വെളിയിലേക്ക് ആരെ കാണാൻ പോകുവാടി. നിന്റെ ആരേലും അവിടെ വന്നു നിൽപ്പുണ്ടോ. അയാൾ അടുത്ത വാക്ക് പറയും മുമ്പേ അയാളുടെ അമ്മയുടെ ശബ്ദം ഉയർന്നു. നിന്നെ കൊണ്ടു കഴിവില്ലാഞ്ഞിട്ട് അല്ലാതെന്താ. ഇവളുടെ സാരിത്തുമ്പിൽ തൂങ്ങി നടക്കുകയല്ലായിരുന്നോ. പെങ്കോന്തൻ. ഇപ്പോ ദേ എണീക്കാനും വയ്യ. ഇനി അവൾക്ക് എന്തും ആവാലോ. അവൾ ഒന്നും മിണ്ടാതെ ബാഗ് എടുത്ത് ഓഫീസിൽ പോകാൻ ഇറങ്ങി..അമ്മേ..അവന്റെ ശബ്ദം ഉയർന്നു. നീ എന്നോട് ദേഷ്യപ്പെട്ടിട്ട് എന്തിനാ അവള് കാണിക്കുന്നതിനു കുഴപ്പമില്ല. ഇങ്ങനെ ഉണ്ടോ കണ്ണിൽ ചോര ഇല്ലാത്ത വർഗ്ഗങ്ങൾ. മോൾ ഇറങ്ങിപ്പോയിട്ട് ആ തന്തയും തള്ളയും അനങ്ങിയിട്ടുണ്ടോ? ഇവളെ ആരേലും കൊണ്ടുപോകാൻ നോക്കി ഇരുന്നു.. കല്യാണച്ചിലവും ഇല്ല സ്വത്തും പോകില്ല. എന്റെ ചെറുക്കന്റെ കഷ്ടകാലം അവന്റെ തലയിലായി, അസത്ത്,...അമ്മ ഇത് ആരെ കേൾപ്പിക്കാൻ പറയുവാ അവൾ പോയില്ലേ.. അവൻ വിഷമത്തോടെ ചോദിച്ചു. ഞാൻ ആരെയും കേൾപ്പിക്കാൻ പറഞ്ഞതല്ല എന്റെ വെഷമം കൊണ്ടു പറഞ്ഞതാ. ഇവളെ കൊണ്ടു നടന്നപ്പോൾ നീ എന്തൊക്കെയാ പറഞ്ഞത്. ഇഷ്ട്ടം പോലേ സ്വത്തുണ്ട് ഒറ്റ മോളാ. പിന്നെ ജോലിയും. ലൈഫ് സെറ്റിൽ ആകും അമ്മേ എന്നല്ലേ. എന്നിട്ടു ഇപ്പൊ എന്തായി. നിന്റെ ഈ കിടപ്പ് എനിക്ക് സഹിക്കുന്നില്ല. ഇവൾ രാവിലെ ജോലി എന്നും പറഞ്ഞു ഇറങ്ങും. ഒന്ന് കക്കൂസിൽ പോകണേൽ പോലും നീ എന്തു ചെയ്യും. മാറ്റാരുടെയെങ്കിലും സഹായം ഇല്ലാതെ എത്ര നാൾ ഇങ്ങനെ ജീവിക്കും...ഡാ നമ്മുടെ രേവതി നിന്നെയും പ്രതീക്ഷിച്ചാ എന്നും ജീവിക്കുന്നത്. അത് നീ മറക്കേണ്ട. അവൾ ആയിരുന്നു എങ്കിൽ നിന്നെ പൊന്നുപോലെ നോക്കിയേനെ.അമ്മ എന്താ ഈ പറയുന്നത് മായ എന്റെ ഭാര്യ ആണ്. അവളെ കുറ്റം പറഞ്ഞു എന്ന് കരുതി എനിക്കവളെ ഉപേക്ഷിച്ചു കളയാൻ പറ്റുമോ. ഇപ്പൊ തന്നെ അവളുടെ ചിലവിൽ ആണ് ഇവിടെ കിടക്കുന്നെ..അവൾ ജോലിക്ക് പോയില്ലെങ്കിൽ ചിലവിനു കാശ് എവിടുന്നാ.പിന്നേ,ചിലവ്. കെട്ടിയോൻ വയ്യാതായാൽ ഭാര്യമാർ തന്നെ നോക്കണം. അത് ഔദാര്യം അല്ല. നീ കൂടി ജോലി ചെയ്തിട്ടല്ലേ ഇത്രയും നാള് അവള് സുഖിച്ചു കഴിഞ്ഞത് ഇപ്പൊ നിനക്ക് വയ്യാത്തപ്പോൾ അവൾ നോക്കണം.. ഇങ്ങോട്ട് ഒന്നും കൊണ്ടു മറിച്ചിട്ടില്ലല്ലോ. അന്നേ പറഞ്ഞതാ നിന്നോട് രേവതി മതി എന്ന്.. നിനക്ക് അപ്പൊ പുച്ഛം. എടാ രണ്ടാം കല്യാണം ആണെങ്കിൽ എന്താ അടങ്ങി ഒതുങ്ങി വീട്ടിൽ നിന്നേനെ. നിന്നെ അവൾക്ക് ഇപ്പോഴും എന്തിഷ്ട്ടം ആണെന്നോ. നിനക്ക് ആക്‌സിഡന്റ് ആയെന്നറിഞ്ഞപ്പോ മുതൽ തുടങ്ങിയ കരച്ചിൽ ആണ്.എന്റെ കൂടെ വരാൻ ഇറങ്ങിയതാ ഞാനാ പറഞ്ഞത് വരേണ്ട എന്ന്. നിന്റെ ആ സുന്ദരിക്കോതക്ക് ഇഷ്ട്ടം ആയില്ലെങ്കിലോ എന്നോർത്തു. അമ്മ ചുമ്മാ ഏത് നേരവും അവളെ കുറ്റം പറയാതെ. അവൾക്ക് ആരോടും ഒരു പിണക്കവും ഇല്ല. പിന്നെ ഞാൻ എന്റെ സങ്കടം കൊണ്ടു വല്ലതും പറയുന്നതാ. അവൾക്ക് എത്ര വിഷമം കാണും.

പിന്നേ വിഷമം ഞാൻ കണ്ടു ഇന്നലെയും ആ വന്ന ഓട്ടോക്കാരനോട് കൊഞ്ചിക്കുഴയുന്നത്. എന്തൊരു ചിരി ആയിരുന്നു രണ്ടും കൂടി. നീ ഇങ്ങനെ കിടക്കുന്ന ഒരു വിചാരം ഉണ്ടോ അവൾക്ക്. ഒരു സങ്കടം പോലും ഇല്ല. ഇനി നീ എണീക്കില്ലെന്ന് ഓർത്താവും അഹങ്കാരി.. അവൻ മൗനമായി വെറുതെ കറങ്ങുന്ന ഫാനിലേക്ക് നോക്കിക്കിടന്നു. അവന്റെ മൗനം അവർക്ക് വീണ്ടും പറയുവാനുള്ള ആവേശം പകർന്നു

നിനക്കറിയാമോ നമ്മുടെ രേവതി ഇരിക്കുന്നിടം എന്നും ഐശ്വര്യം നിറയും. ഇപ്പൊ തന്നെ നോക്ക് എത്ര സ്ഥലം ആണ് ഏട്ടൻ വാങ്ങികൂട്ടുന്നെ. നമ്മുടെ നങ്ങ്യരത്തെ രണ്ടേക്കർ  അഡ്വാൻസ് കൊടുത്തു. എല്ലാം അവളുടെ ഐശ്വര്യം ആണ്.
അപ്പൊ അവളുടെ ഐശ്വര്യം കൊണ്ടാണോ കയറിച്ചെന്ന് ഒരാഴ്ച് കഴിയും മുമ്പ് കെട്ടിയോൻ മരിച്ചേ.. അവൻ ചോദിച്ചു. ആ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലോ  അമ്മ ഇപ്പൊ എന്ത് പറഞ്ഞേനെ.. ഓ നീ അല്ലല്ലോ പിന്നെ എന്താ.. അതു അവനു എന്തോ ജാതക ദോഷം ഉണ്ടായിരുന്നെന്നാ ഏട്ടൻ പറഞ്ഞത്. ഇവരെ പറഞ്ഞൂ പറ്റിച്ചതാ മോനെ. രേവതിയുടെ സ്വത്തായിരുന്നു അവരുടെ നോട്ടം. എന്തായാലും അവൾ രക്ഷപെട്ടു 
 ജീവിക്കാൻ പണം വേണ്ടേ മോനെ... ഇവൾക്ക് സ്വത്ത്‌ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ഒന്നും അവർ തരില്ല. പിന്നെ ആകെ ഈ ജോലി മാത്രം കൊണ്ടു എന്താവനാ...

അമ്മേ അവളുടെ സ്വത്ത്‌ മാത്രം കണ്ടല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത്. അവൾ പാവം ആണ്. പിന്നെ എനിക്ക് വയ്യാതെ വന്നപ്പോൾ അവളുടെ സ്നേഹം ഇല്ലാതാവുമോ എന്ന് ഭയന്നാണ് ഞാൻ അവളോട് ദേഷ്യപ്പെടുന്നത്.ഓഹോ അപ്പൊ ഞാൻ മണ്ടി. നീ മിടുക്കൻ.. എന്നാൽ അച്ചിയും നായരും കൂടി നാടകം ആടിക്കോ ഞാൻ എന്റെ പോക്കിന് പോണു. വീടും അടച്ചിട്ടു ഇവിടെ വന്നു നിൽക്കേണ്ട ആവിശ്യമൊന്നും എനിക്കില്ല. നിന്നെ അവള് നോക്കിയാൽ മതി. എത്ര കിട്ടിയാലും പഠിക്കില്ല നീ. ഇനി അവള് നിന്നെ ഇങ്ങനെ ഇട്ടിട്ട് വല്ലവന്റെയും കൂടെ പോകുമ്പോഴേ നീ മനസിലാക്കൂ. അന്ന് അമ്മേ എന്നും വിളിച്ചു വന്നേക്കരുത്. തിരിഞ്ഞു നോക്കില്ല ഞാൻ. എനിക്കിങ്ങനെ ഒരു മോനും ഇല്ല. അവർ ദേഷ്യത്തോടെ പറഞ്ഞു.

നിറഞ്ഞു വന്ന കണ്ണുനീർ തുടക്കാൻ പോലും ആകാതെ അവൻ കിടന്നു. അമ്മ പറഞ്ഞത് പോലേ അവൾ തന്നെ ഉപേക്ഷിച്ചു പോകുമോ, ഇല്ല അവൾക്ക് അതിനു കഴിയില്ല. ഈശ്വരാ എന്ത് സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു. എല്ലാം എത്ര പെട്ടന്ന് മാറിമറിഞ്ഞു. തന്റെ അവസ്ഥ അറിഞ്ഞു അവളുടെ വീട്ടുകാർ അവളെ വിളിച്ചു കാണുമോ? അങ്ങോട്ട് ചെല്ലാൻ നിർബന്ധിക്കുന്നുണ്ടാവും, ഇപ്പോൾ തന്നെക്കൊണ്ട് ഒന്നിനും ആവില്ലല്ലോ. അവളെ അവർ പറഞ്ഞു മനസ്സ് മാറ്റിക്കുമോ? അവൾക്ക് ആരൊക്കെയോ ഫോൺ ചെയ്യുന്നുണ്ട് അവൾ ആരും കാണാതെ പോയി നിന്ന് സംസാരിക്കുന്നു എന്നല്ലേ അമ്മ പറഞ്ഞത്. അവളുടെ വീട്ടുകാർ തന്നെ ആവില്ലേ.. അതോ ഒരു മാസം കൊണ്ട് അവൾ തന്നെ മടുത്തോ? അവന്റെ മനസ്സ് മുഴുവൻ കാർമേഘം വന്നു മൂടി. സ്വസ്ഥത കിട്ടാതെ അവൻ കിടന്നു.

ഓഫീസിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ അവൾ ചുറ്റും ഉള്ളതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അന്നാദ്യമായി അവൾ തന്റെ വീടും തന്റെ മുറിയും ആഗ്രഹിച്ചു. ഇരുട്ടിൽ ഇരുന്നു ആരും അറിയാതെ ഒന്ന് പൊട്ടിക്കരായാൻ അവളുടെ മനസ്സ് കൊതിച്ചു.
എത്ര പെട്ടന്നാണ് ഒരാളുടെ മനസ്സ് മാറുന്നത് എന്നവൾ ഓർത്തു. സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിവന്ന അന്ന് മുതൽ ഇന്ന് വരെ സ്വന്തം വീടിനെക്കുറിച്ചോ അവിടെ ഉള്ള പ്രിയപ്പെട്ടവരുടെമനസ്സിനെക്കുറിച്ചോ താൻ ചിന്തിച്ചിട്ടില്ല എന്നവൾ ഓർത്തു. അമ്മ തന്നെ ഓർത്ത് എത്രയോ കരഞ്ഞിട്ടുണ്ടാവും. അച്ഛൻ അമ്മയോട് എത്ര കയർത്തിട്ടുണ്ടാവും. എത്ര രാത്രികളിൽ താൻ ഭർത്താവിനോട് ഒട്ടി സന്തോഷം പങ്കിടുമ്പോൾ അവിടെ അമ്മയും അച്ഛനും ഉറങ്ങാതെ എന്നെയോർത്തു കരഞ്ഞിട്ടുണ്ടാവും.. സ്വന്തം മാതാപിതാക്കൾ അല്ലാതെ മറ്റെല്ലാം വെറും ക്ഷണികമാണെന്ന് അവൾക്ക് തോന്നി. അവരെ മറന്ന് ചെയ്യുന്ന ഓരോ പ്രവർത്തിക്കും കാലം കണക്ക് ചോദിക്കും.

ഇന്ന് അയാളുടെ വായിൽ നിന്നും വന്ന വാക്കുകൾ അവളെ അത്രയേറെ പൊള്ളിച്ചിരിക്കുന്നു. സ്വന്തമായുള്ളതെല്ലാം വേണ്ടെന്നു വച്ചത് അയാളുടെ സ്നേഹത്തിനു വേണ്ടിയാണ് എന്നിട്ടും ആദ്യമായ് അയാൾക്ക് തന്നെ സംശയമായിരിക്കുന്നു. ചിലപ്പോൾ നിസ്സഹായതയുടെ നോവ് കാരണം പറഞ്ഞതാവാം. എന്നാലും പറഞ്ഞ വാക്കുകൾ അത്രയും മറ്റൊരാളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതെന്നു ഓർക്കണമായിരുന്നു അതും അയാളുടെ അമ്മയുടെ മുന്നിൽ വെച്ച്. ഓർക്കും തോറും അവൾക്ക് കരച്ചിൽ അടക്കാൻ കഴിയാതെ  വന്നു
ഈ മനസ്സുമായി ഓഫീസിലേക്ക് പോകാൻ സാധിക്കില്ല. വീട്ടിലേക്ക് പോയാലോ അമ്മയോ അച്ഛനോ ഒരിക്കലും തന്നോട് ക്ഷമിക്കില്ല. അങ്ങോട്ട് കയറ്റുകയും ഇല്ല. ഇറങ്ങി പോരുന്ന സമയം മനസ്സിൽ ഉറപ്പിച്ചതാണ് അവർ വിളിക്കാതെ ഇനി ആ പടി ചവിട്ടില്ല എന്ന്. ഇപ്പോൾ വിനോദിന് വയ്യാത്ത ഈ അവസരത്തിൽ ഒരിക്കലും താൻ അങ്ങോട്ട് പോകാൻ പാടില്ല. പിന്നെ എന്ത് ചെയ്യും. മനസ്സിലെ വിഷമങ്ങൾ പറയാനും ക്ഷമയോടെ കേൾക്കാനും ഒരാൾ ഉണ്ടാവുക എന്നത് ഭാഗ്യമാണ്. പ്രണയത്തിന്റെ വർണ്ണത്തിൽ മാത്രം അലിഞ്ഞു നടന്ന തനിക്ക് അങ്ങനെ ഒരാൾ ഇല്ല താനും. എങ്കിലും പെട്ടന്ന് സുഷമയെ ഓർത്തു അവളുടെ അടുത്ത് പോകാൻ മനസ്സ് കൊതിച്ചു. തന്റെ കളിക്കൂട്ടുകാരി ആണ് സുഷമ. ഡിഗ്രി വരെ ഒരുമിച്ചു പഠിച്ചു. പിന്നീട് പ്രണയം തലക്ക് പിടിച്ചപ്പോൾ അവളെ ഓർക്കാതെ ആയി. ഇടക്കൊക്കെ അവൾ മെസ്സേജ് ഇടാറുണ്ട്. ചിലപ്പോൾ മാത്രം താൻ റിപ്ലൈ കൊടുക്കും. മായ വേഗം ഫോൺ എടുത്തു സുഷമ യെ വിളിച്ചു. അവൾ വീട്ടിൽ ഉണ്ടെന്നും അങ്ങോട്ട്‌ ചെല്ലാനും പറഞ്ഞപ്പോൾ ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു. തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് ഇറങ്ങി അവളുടെ വീട്ടിലേക്ക് ഒരു ഓട്ടോ പിടിച്ചു

താൻ കയറി ചെല്ലുമ്പോൾ സുഷമയും അമ്മയും കൂടി മുറ്റത്തു വീണു കിടക്കുന്ന ഞാവൽപ്പഴങ്ങൾ പെറുക്കുകയായിരുന്നു. അമ്മ കുറച്ചു തന്റെ നേർക്ക് വച്ചു നീട്ടി. എന്തിനെന്നറിയാതെ താൻ പൊട്ടിക്കരഞ്ഞു. ആ അമ്മ തന്റെ  ചുമലോടു  തന്നെ ചേർത്തു നിർത്തി പുറത്ത് തഴുകി.താൻ സ്വയം നഷ്ട്ടപ്പെടുത്തി കളഞ്ഞ തന്റെ അമ്മയുടെ സ്നേഹം അവൾ തിരിച്ചറിഞ്ഞു. സുഷമയോടും അമ്മയോടും മനസ്സ് തുറന്ന് അവൾ സംസാരിച്ചു. വിനോദിന് ഉണ്ടായ അപകടം മൂലം നട്ടെല്ലിന് പരിക്ക് പറ്റി ഒരു മാസമായി ഹോസ്പിറ്റലിൽ ആണെന്ന് മാത്രമാണ് മറ്റുള്ളവർക്ക് അറിയുക. അയാൾ ഒരു ക്യാൻസർ പേഷ്യന്റ് ആണെന്ന് ഇതുവരെ മറ്റാരും അറിഞ്ഞിട്ടില്ല. അതു അയാളോട് പോലും അവൾ പറഞ്ഞില്ല. അപ്പോഴാണ് അയാളുടെ അമ്മയുടെ വരവും കല്യാണ ആലോചനയും. അയാൾക്കുള്ള ചികിത്സക്കുള്ള കാശിന്നുള്ള വഴികൾ അന്വേഷിക്കുകയാണ് താൻ എന്ന് അയാൾക്കറിയില്ല. നട്ടെല്ലിന് ഉണ്ടായ ക്ഷതം ചികിത്സകൊണ്ടു പെട്ടന്ന് മാറും. ഒരു 4 മാസം റസ്റ്റ്‌ എടുത്ത് ഫിസിയോ തെറാപ്പി ചെയ്യുമ്പോൾ അയാൾ എഴുന്നേറ്റ് നടക്കും പക്ഷേ ക്യാൻസർ ആരംഭ സ്റ്റേജിൽ ആയതുകൊണ്ട് അതു എത്രയും പെട്ടന്ന് ചികിൽസിക്കണം അതിനു അയാളെ  മറ്റൊരു ഡോക്ടറിനെ കാണിക്കണം . അയാളുടെ മാനസികാവസ്ഥ എന്താകും എന്നോർത്തു ഇപ്പോഴേ മായക്കു പേടിയാണ്. ഈ വേദനകൾ എല്ലാം സ്വയം കടിച്ചമർത്തുമ്പോൾ  ആണ് അയാളുടെ വായിൽ നിന്നും ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത വാക്കുകൾ വീഴുന്നത്. അവൾക്ക് സ്വയം പുച്ഛം തോന്നി. തന്റെ സ്നേഹത്തിനു അയാൾ തരുന്ന പ്രതിഫലം ഓർത്ത് അവൾ പൊട്ടിക്കരഞ്ഞു. തനിക്കൊരു ജോലി ഇല്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ. തന്റെ അമ്മ എപ്പോഴും പറയുന്നത് അവൾ ഓർത്തു. സ്വന്തം കാലിൽ നിൽക്കാൻ പറ്റണം എല്ലാ പെൺകുട്ടികൾക്കും. അതുകൊണ്ട് ആണ് അവർ കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ചത്. അപ്പോഴേ തന്റെ ആഗ്രഹം പോലേ ഗവണ്മെന്റ് സർവീസ് ൽ ജോലിയും കിട്ടി.അതിനിടയിൽ എപ്പോഴോ കൂടെ പഠിച്ച വിനോദിനെ സ്നേഹിച്ചത് അമ്മയോ അച്ഛനോ പറയുന്നത് കേൾക്കാതെ അയാളോടൊപ്പം ഇറങ്ങിപ്പോയതും. തിരിച്ചു വരേണ്ട എന്ന് മാത്രമാണ് അച്ഛൻ അന്ന് പറഞ്ഞത്.

സുഷമയോട് എല്ലാം പറഞ്ഞു കരഞ്ഞപ്പോൾ  മായ്ക്ക് കുറച്ചു ആശ്വാസം തോന്നി. ആ അമ്മയുടെ സ്നേഹ സാന്ത്വനം അവൾക്ക് കരുത്തു പകർന്നു. എല്ലാത്തിനും വഴിയുണ്ടാവും എന്ന വിശ്വാസത്തോടെ അവൾ അയാളോട് അസുഖത്തെ പറ്റി പറയാൻ തീരുമാനിച്ചു. തിരിച്ചു ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു..ഹോസ്പിറ്റലിന്റെ  പടവുകൾ കയറുമ്പോൾ എതിരെ ഡോക്ടർ  ഇറങ്ങിവന്നു. എന്തായി മായ ഹസ്ബന്റിനെ മാറ്റുന്ന കാര്യം എന്ന് ചോദിച്ചപ്പോൾ അവൾ ഡോക്ടർനോട്‌ ഉടനെ മാറ്റാം പക്ഷേ അസുഖവിവരം ഡോക്ടർ തന്നെ സംസാരിക്കുമോ എന്ന് ചോദിച്ചു. അതിനെന്താ രോഗിക്ക് ആണ് അതറിയാൻ അവകാശം വൈകുന്നേരം ഞാൻ അയാളോട് സംസാരിക്കാം എന്ന് പറഞ്ഞു നടന്നു പോയി. അവൾ പതിയെ റൂമിന്റെ വാതിൽ മുട്ടാൻ തുടങ്ങുമ്പോൾ അകത്തു സംസാരം കേട്ടു. അവൾ അകത്തേക്ക് കയറി. പെട്ടന്ന് രേവതി അയാളുടെ കട്ടിലിൽ നിന്നും ചാടി എണീറ്റു. അമ്മയും അമ്മാവനും അമ്മാവിയും ഉണ്ടായിരുന്നു. അവൾ എല്ലാവരെയും ചിരിച്ചു കാണിച്ചു. ബാഗ് മേശപ്പുറത്തു വച്ചു കുറച്ചു വെള്ളം എടുത്തു കുടിച്ചിട്ട് അയാളെ നോക്കി. അയാൾ ഒന്നും മിണ്ടാതെ മുകളിലേക്ക് ദൃഷ്ടി ഉറപ്പിച്ചു. നിങ്ങൾ വന്നിട്ട് ഒത്തിരി നേരമായോ അവൾ അമ്മാവിയോട് ചോദിച്ചു. ഇല്ല എന്ന് അവർ തലയാട്ടി കാണിച്ചു. ഞാൻ ചായ വാങ്ങി വരാം എന്ന് പറഞ്ഞു അവൾ ഫ്ലാസ്ക് ആയി തിരിഞ്ഞപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നത് പോലേ തോന്നി. അമ്മേ എന്ന് വിളിച്ചത് മാത്രം ഓർമ്മയുണ്ട് അവൾ തളർന്നു താഴേക്ക് വീണു.

ബോധം വീണപ്പോൾ അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി. തന്റെ കയ്യിൽ ഇട്ടിരുന്ന ട്രിപ്പ്ലേക്ക് അവൾ പേടിയോടെ നോക്കി. ചിരിച്ചു കൊണ്ടു ഡോക്ടർ  അടുത്തേക്ക് വന്നു. ഒന്നും പേടിക്കാൻ ഇല്ല മായ ബിപി ഒന്ന് ലോ ആയതാ. ടെൻഷൻ അടിച്ചിട്ട് ആവും. ആഹാരം ഒന്നും കഴിക്കുന്നില്ലേ. അവൾ ഒന്നും മിണ്ടാതെ ചിരിച്ചു. ഇനി അങ്ങനെ പറ്റില്ല കേട്ടോ ഒരാൾ കൂടി വരുന്നുണ്ട് കൂട്ടിന്. അവൾ ഡോക്ടർ നെ തുറിച്ചു നോക്കി. നോക്കേണ്ട ഇയാൾ ഒരമ്മ ആകാൻ പോകുന്നു. ഒരു മാസം ആയതേ ഉള്ളൂ. ആഹാരം നല്ലതുപോലെ കഴിക്കണം വിറ്റാമിൻസ് ഒക്കെ ഞാൻ എഴുതിയിട്ടുണ്ട്. ടെൻഷൻ ഒന്നും വേണ്ട. സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ എന്നറിയാതെ അവളുടെ കണ്ണ് നിറഞ്ഞു തൂവി. ഈ ട്രിപ്പ്‌ കഴിയുമ്പോൾ റൂമിലേക്ക് പൊക്കോളൂ. അവൾ തലയാട്ടി. മനസ്സ് മരവിച്ചു പോയിരിക്കുന്നു. ഏറ്റവും കൂടുതൽ സന്തോഷിക്കണ്ട സമയം ആണ് പക്ഷേ... ഇനി ഇതും കൂടി മുന്നോട്ട് ഇങ്ങനെ അവൾക്ക് ഉത്തരമില്ലായിരുന്നു.

ട്രിപ്പ് കഴിഞ്ഞു റൂമിലേക്ക് ചെല്ലുമ്പോൾ അമ്മയുടെ ഉയരെ ഉള്ള ശബ്ദം അവളുടെ ചെവിയിലെത്തി. ഇവൻ കിടപ്പിലായിട്ട് ഒരു മാസം ആയി പിന്നെ എങ്ങനെ ആടാ അവൾ ഗർഭിണി ആയെ.. ആരുടെ ആണെന്ന് ആർക്കറിയാം അഴിഞ്ഞാടി നടക്കുകയല്ലേ. വാതിൽ വലിച്ചു തുറന്ന് കൊടുങ്കറ്റു പോലേ അവൾ  അകത്തേക്ക് ചെന്നു. അമ്മയെ തീ പാറുന്ന ഒരു നോട്ടം നോക്കിയിട്ട് അയാൾക്ക് മുന്നിൽ ചെന്നു. നിങ്ങൾക്ക് സംശയം ഉണ്ടോ എന്റെ വയറ്റിൽ ഉള്ളത് ആരുടെ കുഞ്ഞാണെന്ന്?. അവൾ അവനോട് ചോദിച്ചു. അമ്മ എന്തോ പറയാൻ തുടങ്ങി അവൾ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്തു.മിണ്ടരുത്, ആദ്യം  നിങ്ങളുടെ മോൻ പറയട്ടെ. അവളുടെ ആ ഭാവം അവർക്ക് അജ്ഞാതമായിരുന്നു. പറയാൻ വന്നത് അവർ വിഴുങ്ങി
അവൾ ഒന്നൂടെ അവനോട് ചോദിച്ചു നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടോ..? അവൻ അവളെ നോക്കി ഇല്ല മായ, ഇത് എന്റെ കുഞ്ഞാണ് നമ്മുടെ കുഞ്ഞാണ്.. അവൾ പൊട്ടികരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു. ഞാൻ ഉണ്ടാവും കൂടെ എന്റെ മരണം വരെ. അവൾ അയാളോട് പറഞ്ഞു അയാൾ ബുദ്ധിമുട്ടി ഒരു കൈ കൊണ്ട് അവളെടെ കൈയിൽ കോർത്തു പിടിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആണ് മായ ഇത്. നമ്മുടെ കുഞ്ഞ് അവനെ കാണാൻ ഞാൻ ഉണ്ടാകുമോ അവൾ അവന്റെ വാ കൈകൾ കൊണ്ടു പൊത്തി. നിങ്ങളെ ഞാൻ എങ്ങും വിടില്ല.. പെട്ടന്ന് എന്തോ ഓർത്ത് അവൾ ചാടി എണീറ്റു അയാളുടെ അമ്മയുടെ നേർക്ക് തിരിഞ്ഞു. ഒരുത്തിയെ കൊന്നിട്ട് സ്വന്തം അനന്തിരവൾ ക്ക് ഭർത്താവിനെ ഉണ്ടാക്കികൊടുക്കാൻ നോക്കുബോൾ അതു സ്വന്തം മോനോട് ചെയ്യുന്ന ചതി ആണെന്ന് എങ്കിലും മനസിലാക്കരുതോ. കുറച്ചു സ്വത്ത്‌ വെച്ച് മനുഷ്യന്റെ ജീവന് വിലയിടുന്ന വൃത്തികെട്ട സ്വഭാവം കൊണ്ട് ഇനി ഇങ്ങോട്ട് വരരുത്. അമ്മാവനും അമ്മായിയും മോൾക്ക് വേറെ ചെറുക്കനെ തപ്പിക്കോണം കേട്ടല്ലോ. അവൾ ആതിരയെ ഒന്ന് നോക്കി. ഒരുത്തിയുടെ താലി അറുത്തിട്ട് വേണോ നിനക്ക് താലി ഉണ്ടാക്കാൻ.. ഇനി മേലിൽ ഒരെണ്ണം ഈ വഴി വന്നേക്കരുത്
അവൾ അലറി. അവർ മൂന്നു പേരും വെളിയിലേക്ക് ഇറങ്ങി അമ്മ അവന്റെ അടുത്തേക്ക് ചെന്നു. നീ അനുഭവിക്കുമെടാ ഇനി ഞാൻ ചത്താലും നീ എന്റെ വീട്ടിൽ കയറരുത്.ഇവളെയും കെട്ടിപ്പിടിച്ചു ഇരുന്നോ.അമ്മേ.. അവൻ വേദനയോടെ വിളിച്ചു അവർ  പുച്ഛത്തോടെ രണ്ടുപേരെയും നോക്കിയ ശേഷം വാതിൽ തുറന്ന് ഉറങ്ങിപ്പോയി. അവൾ ഒന്നും ചെയ്യാൻ ഇല്ലാതെ നിസ്സംഗയായി നിന്നു. കുറച്ചു സമയം അങ്ങനെ കടന്നു പോയി ഡോക്ടർ  റൌണ്ട്സ്നു റൂമിലേക്ക് വന്നു. അവൾ അവനെ ഒന്ന് നോക്കി വെളിയിലേക്ക് ഇറങ്ങി വാതിൽ ചാരി.വെറുതെ വെളിയിൽ ആകാശം നോക്കി അവൾ നിന്നു. എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു. പക്ഷേ തോൽക്കില്ല എന്ന് മനസ്സിനെ അവൾ വീണ്ടും വീണ്ടും പറഞ്ഞു പഠിപ്പിച്ചു. പെട്ടെന്നാണ് ഫോൺ കരഞ്ഞു തുടങ്ങിയത്. അവൾ ഡിസ്പ്ലേയിൽ തെളിഞ്ഞ പേരിലേക്ക് നോക്കി നിശബ്ദം നിന്നു. അമ്മ.... ആ വാക്കിന് ഇത്രയും ശക്തിയുണ്ടെന്ന് അവൾ തിരിച്ചറിയുകയായിരുന്നു. ഇവിടുന്ന് ഇപ്പോൾ ഇറങ്ങിപ്പോയതും ഒരമ്മ തന്നെ അല്ലേ..വീണ്ടും ഫോണിന്റെ കരച്ചിൽ അവളെ ചിന്തയിൽ നിന്നും ഉണർത്തി. വിറക്കുന്ന കൈകൾ കൊണ്ടു അവൾ ഫോൺ ഓൺ ആക്കി ചെവിയിലേക്ക് അടുപ്പിച്ചു. മോളെ അങ്ങേ തലക്കൽ ഒരു ചിലമ്പിച്ച സ്വരം. അവൾക്ക് ഒന്നും മിണ്ടാൻ തോന്നിയില്ല. വീണ്ടും അമ്മയുടെ വിളി കേട്ട് അവൾ ഒന്ന് മൂളി. അച്ഛൻ അങ്ങോട്ട്‌ വന്നിട്ടുണ്ട്. എങ്ങോട്ട് എന്നവൾ ചോദിച്ചില്ല. അങ്ങേ തല്ക്കൽ ഫോൺ നിശബ്ദമായി. നിറഞ്ഞ കണ്ണിലൂടെ ഒരു രൂപം അടുത്തേക്ക് വരുന്നത് അവൾ കണ്ടു. തെളിച്ചമില്ലാത്ത ആ രൂപത്തിന്റെ തോളിലേക്ക് ചായുമ്പോൾ പരസ്പരം ഒന്നും മിണ്ടാതെ  ദുർബലമായ രണ്ട് കൈകളിൽ അവൾ സുരക്ഷിതയാവുകയായിരുന്നു... പുറത്തേക്ക് കുതിച്ച തേങ്ങലിലെ പിടിച്ചു നിർത്താൻ ശ്രെമിച്ചു പരാജയപ്പെട്ട് അവൾ വാടിയ ചേമ്പിൻ താൾ  പോലെ  ഒരു കൊച്ചു കുട്ടിയെ പ്പോലെ ആ ഹൃദയത്തോട് ഒട്ടിനിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ഡോക്ടർ വെളിയിലേക്ക് വന്നു. മായ,,, വിനോദ് തന്നെ തിരക്കുന്നു. അയാളെ ആശ്വസിപ്പിക്കുക. ആദ്യ സ്റ്റേജിൽ തന്നെ കണ്ടതുകൊണ്ട് ഒരു പ്രയാസവും ഇല്ലാതെ നമുക്ക് ചികിൽസിച്ചു മാറ്റാം എന്ന് അയാളെ മനസിലാകിക്കുക. അയാൾക്ക് ധൈര്യം കൊടുക്കുക കേട്ടോ.. അവൾ തലയാട്ടി. പെട്ടന്ന് അവൾ അച്ഛനെ നോക്കി. നിറഞ്ഞ കണ്ണുമായി തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടതും അവൾക്ക് വീണ്ടും സങ്കടം അണപ്പൊട്ടി. നീ എന്താ കുട്ടി ഇത്ര പാവമായത്. ഇതുവരെ അച്ഛനെ ഒന്ന് വിളിക്കാതെ നീ കാണിച്ച വാശി ജീവിതത്തോടും വേണ്ടേ.. വാ നമുക്ക് അവനെ കാണാം. നീ കൂടെ ഉണ്ടെന്ന ധൈര്യം മാത്രമല്ലേ അവനൊള്ളൂ.അവൾ അച്ഛനെ നോക്കി ഒന്ന് ചിരിച്ചു. അച്ഛാ എന്നോട് ദേഷ്യം ഉണ്ടോ ഇപ്പോഴും. ഞാൻ ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റാണ് എനിക്കറിയാം. എങ്കിലും ഞാൻ അയാളെ അത്രയും ഇഷ്ട്ടപെട്ടു പോയി. മോളെ ഇനി ഇപ്പൊ അതൊന്നും ഓർക്കേണ്ട നീ മാത്രമേ ഉള്ളൂ ഞങ്ങൾക്ക് നീ  പറഞ്ഞില്ലേലും നിന്റെ ദുഃഖങ്ങളിൽ ഞങ്ങൾ കൂടെ ഉണ്ടാവും. അച്ഛനു വീണ്ടും വേദന ഉണ്ടാക്കാൻ അല്ല എങ്കിലും അച്ഛൻ ഇപ്പോൾ അങ്ങോട്ട്‌ വരേണ്ട. ഇപ്പോൾ മാത്രമാണ് അദ്ദേഹം അസുഖം അറിഞ്ഞത് അപ്പോൾ അച്ഛനെ കണ്ടാൽ അദ്ദേഹം തോറ്റതു പോലെ ആവും. ഈ അവസ്ഥയിൽ അതു പാടില്ല. ഞങ്ങൾ ഈ അസുഖത്തെ ജയിച്ചു വരാം അച്ഛാ എന്നിട്ടു അച്ഛൻ അദ്ദേഹത്തെ കണ്ടാൽ മതി. അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ടായാൽ മതി. ഇനി എനിക്കൊരു പേടിയും ഇല്ല. അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു. എന്റെ മക്കൾ ജയിച്ചു വാ.. അച്ഛനും അമ്മയും കാത്തിരിക്കാം. അയാൾ തളർന്ന കാലുകൾ പെറുക്കി വച്ചു പോകുന്നത് അവൾ നോക്കി നിന്നു

 

Join WhatsApp News
Sudhir Panikkaveetil 2023-09-16 22:57:15
പ്രണയം, ഒളിച്ചോട്ടം, അപകടം, ഭയപ്പെടുത്തുന്ന രോഗം, പണമുള്ള വിധവയായ മുറപ്പെണ്ണ്, ജോലി, സംശയം, ഗർഭവിശേഷം, മാതാപിതാക്കളുടേ സഹായം, മുന്നോട്ടുപോകാനുള്ള പ്രചോദനം അങ്ങനെ കഥ സങ്കീർണമാണ്. ഇതിലെ കഥാപാത്രങ്ങൾ പലവിധത്തിൽ മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക