സരിതയുടെ കത്ത്, സരിത ജയിലിൽ കിടക്കുമ്പോൾ, സരിതയുടെ വക്കീൽ മജിസ്ട്രേറ്റിനല്ലാതെ മറ്റൊരാൾക്ക് കൈമാറിയത് അഭിഭാഷ മര്യാദയ്ക്ക് നിരക്കുന്നതാണോ ? അദ്ദേഹമല്ലേ ഗൂഡാലോചന ആദ്യം തുടങ്ങിവെച്ചത്, എന്തായിരുന്നു ഇതിൻറെ ലക്ഷ്യം ? 33 പേരിൽ നിന്ന് പണം വാങ്ങി പറ്റിച്ചു എന്ന പരാതി സരിതക്കെതിരെ ഉണ്ടായിരുന്നു, ഇപ്പോഴില്ല. ആ പണം തിരിച്ചു കൊടുത്തോ ? എങ്കിൽ പണം ആരു തന്നു ?ഗൂഡാലോചന കേസ് അങ്ങനെ തുടങ്ങട്ടെ...
സോളാർ കേസ് ഫലത്തിൽ ഇപ്പോഴില്ല. ഇനി ഉണ്ടാവേണ്ടത് സോളാർ ഗൂഢാലോചനാക്കേസ്സാണ്. ആരും ഈ കേസിൽ കുറ്റവാളികളല്ലാത്തതിനാൽ ഇനി ഇരയുമില്ല. ഇര എന്ന് പറയേണ്ടിടത്ത് സരിത എന്ന് തന്നെ പറയാമല്ലോ. രണ്ടാമത്തെ കാര്യം ഗൂഡാലോചന കേസ് എടുക്കുമ്പോൾ ഒന്നാം പ്രതിയാക്കേണ്ടത് ആരെ എന്ന കാര്യത്തിൽ പല തർക്കങ്ങളുമുണ്ട് ഇപ്പോഴും. പക്ഷേ, ഈ ഗൂഢാലോചനാക്കേസ്സിലെ ഒന്നാം പ്രതി എല്ലാംകൊണ്ടും സരിതയുടെ അഭിഭാഷകനായ ഫെനി തന്നെയാണ്. അദ്ദേഹമാണ് സരിത മജിസ്ട്രേറ്റിന് കൊടുത്ത കത്ത് മറ്റാർക്കോ കൊടുത്തത്. വക്കീലന്മാരുടെ നീതിനിർവഹണ രീതിയനുസരിച്ച് അത് ശരിയല്ല. അദ്ദേഹത്തിനെതിരെ ബാർകൗൺസിലിന് നടപടിയെടുക്കാനാകും എന്നാണ് ചില അഭിഭാഷകർ അഭിപ്രായപ്പെടുന്നത്. ജയിലിൽ കിടക്കുന്ന ഒരാൾ മജിസ്ട്രേറ്റിനു സമർപ്പിക്കാൻ നൽകിയ കത്ത് ബാലകൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം എങ്ങനെ ശരണ്യ മനോജിനെ ഏൽപ്പിക്കും? ഈ ഗൂഢാലോചന തുടങ്ങുന്നതും അവിടെ നിന്നല്ലേ.
പ്രസിദ്ധമായ ചാരക്കേസ് ഇപ്പോഴില്ല, ചാര ഗൂഢാലോചനാക്കേസ്സേയുള്ളൂ. അതനുസരിച്ചാണ് നമ്പി നാരായണന് നഷ്ടപരിഹാരം ലഭിച്ചത്. ലാവ്‌ലിൻ കേസ് 35 ആം തവണ മാറ്റി വെച്ചെങ്കിലും ഇനിയും അതിൻറെ വിചാരണപോലും നടന്നിട്ടില്ല. ബാലകൃഷ്ണപ്പിള്ള ഒരിക്കലും ദല്ലാൾ നന്ദകുമാറുമായി യോജിക്കില്ല എന്ന് പിള്ളയുടെ മകൾ ഉഷ മോഹൻദാസ് പറഞ്ഞതും ഇവിടെ പ്രസക്തമാണ്. മുൻ ചീഫ് ജസ്റ്റിസ് ബാലകൃഷ്ണനും അദ്ദേഹത്തിൻറെ മകളുടെ ഭർത്താവ് ശ്രീനിജൻ എം.എൽ.എയും ഗവർണറായിരുന്ന ചീഫ് ജസ്റ്റിസ് സദാശിവവുമായി എല്ലാം ബന്ധപ്പെട്ട് കിടന്ന് ചില അഭ്യൂഹങ്ങളിൽ ദല്ലാളുമുണ്ടല്ലോ. ആ കേസ് കാരണമാകാം ബാലകൃഷ്ണപിള്ളയ്ക്ക് ദല്ലാളുമായി എതിർപ്പുണ്ട് എന്ന് അദ്ദേഹത്തിന് മകളും ഗണേഷ് കുമാറിന്റെ പെങ്ങളുമായ ഉഷ വെളിപ്പെടുത്തുന്നത്. അതിൽ ചിലപ്പോൾ കാര്യമുണ്ടാകാം, ഇല്ലാതാകാം.
ഇനി അറിയേണ്ടത് സോളാർ കേസിൽ 33 പേർ പണം നൽകി വഞ്ചിച്ചു എന്ന് സരിതക്കെതിരെയുള്ള കേസ്സുണ്ടെന്നു പറഞ്ഞു കേട്ടിരുന്നല്ലോ ചിലരിൽ നിന്ന് ഒന്നരക്കോടി രൂപ വരെ വഞ്ചിച്ചു തട്ടിയെടുത്തിരുന്നു അത് അങ്ങനെ ഒരു പരാതിയും ഇപ്പോൾ കേൾക്കുന്നില്ല. അവർക്കൊക്കെ അടച്ച പണവും ന്യായമായ പലിശയുമടക്കം തിരിച്ച് നൽകാതെ പിന്മാറുന്നവരല്ല അവരാരും. അപ്പോൾ അത്രയും പണം സരിതയ്ക്ക് ആര് കൊടുത്തു ? ശരണ്യ മനോജ് തൻറെ വീട്ടിൽ സരിതയെ മൂന്നോ നാലോ മാസം പാർപ്പിച്ചു എന്നാണല്ലോ പറയുന്നത്.വെറുതെ ഒരാൾ ഇത്രയും ചെലവ് കൊടുത്തു ഒരാളെ പാർപ്പിക്കില്ലല്ലോ അതും അന്വേഷിക്കേണ്ടേ?
ഡബിൾ ലോട്ടറി :
സരിതയ്ക്ക് പിണറായി സർക്കാർ വന്നതും രണ്ടാമത് തുടർന്നു വന്നതും ഡബിൾ ലോട്ടറിയടിച്ചത് പോലെ. സരിത എന്തൊക്കെ വേഷം ആർക്കൊക്കെ വേണ്ടിയോ കെട്ടിയല്ലോ ഓരോ വേഷത്തിനും എന്തായിരുന്നു എന്നറിയണമല്ലോ. അതേസമയം ഒരു കേസിൽ പേര് വരുമെന്നറിഞ്ഞു മാന്യതയുള്ള ഒരാൾ വെറുതെ എന്നെ പ്രതിയാക്കരുത് എന്ന് ബന്ധപ്പെട്ടവരെ വിളിക്കുന്നതിൽ എന്താണ് തെറ്റ് ? നാം ആരായാലും അത് ചെയ്തു പോകും. പേര് ഒഴിവാക്കണമെങ്കിൽ നിശ്ചിത തുക നൽകണമെന്ന് പറഞ്ഞാൽ താങ്ങാവുന്ന തുക നൽകുന്നതിൽ പോലും തെറ്റില്ല. പക്ഷേ, വാങ്ങുന്നതിലാണ് തെറ്റ്. ഗൂഢാലോചനക്കേസ്സ് ഫെനിയെ ഒന്നാം പ്രതിയാക്കി ഫയൽ ചെയ്യാനും അഭിഭാഷക വൃത്തിയിൽ നിന്ന് തന്നെ പുറത്താക്കാനും പൊതുജനങ്ങളിൽ ആരെങ്കിലുമൊക്കെ പുറത്തു വരാതിരിക്കുമോ ?
അടിക്കുറിപ്പ് : ദല്ലാളിന്റെ ആരോപണത്തിൽ രണ്ടു മുൻ ആഭ്യന്തര മന്ത്രിമാരെ സംശയത്തിന്റെ നിഴലിലാക്കിയത്, ഈ കേസിലെ ഗതി എന്തായിയെന്ന് അറിയാൻ തിടുക്കപ്പെട്ടു എന്നതാണ്. നമ്മളായാലും ഇത്തരം കാര്യങ്ങൾ അറിയാൻ തിടുക്കപ്പെടുകയില്ലേ ? അറിയുന്നവരോട് അത് ചോദിച്ചതിലും തെറ്റില്ല. തെറ്റ് രണ്ടുപേരും സംയുക്തമായി പത്രസമ്മേളനം വിളിച്ച് ഗൂഢാലോചനക്കേസ് ഉടൻ തുടങ്ങണമെന്ന് പറയാത്തതിൽ മാത്രമാണ്.
കെ.എ ഫ്രാന്‍സിസ്