"എന്താ പിള്ളേച്ചാ, സോളാർ കേസ് പുതിയ വഴിത്തിരിവിലാണല്ലോ."
"എതിലേ വഴി തിരിഞ്ഞാലും ചെല്ലുന്നത് ഒരിടത്തേക്കല്ലേടോ?"
"അതെന്താ പിള്ളേച്ചാ അങ്ങനെ പറഞ്ഞത്?"
"എന്താണെടോ ഈ സോളാർ കേസ് എന്ന് പറഞ്ഞാൽ?"
"അതൊരു പെണ്ണ് മനപ്പൂർവ്വം ചിലരെ കുടുക്കാൻ ചെയ്‌ത ഒരു പണിയല്ലേ?"
"ഹേയ്, ആ പെണ്ണിനെ മാത്രം കുറ്റം പറയണ്ട. അവളെ പൂതനയായി വേഷം കെട്ടിച്ചു വിട്ട ചിലരുണ്ടെടോ. അവരാണ് ഇതിന്റെ അണിയറ ശിൽപ്പികൾ. എന്നിട്ട് അവരൊക്കെയിപ്പോൾ സത്യവാന്മാരായി കിരീടം വച്ച് വാഴുന്നു!"
"എന്താണെന്ന് വച്ചാൽ തെളിച്ചു പറ പിള്ളേച്ചാ."
"എടോ, ഈ സോളാർ കേസിനെ ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, നെറികേടിന്റെയും വഞ്ചനയുടെയും കുതികാൽ വെട്ടിന്റെയും അപ്പോസ്തോലന്മാരായി അസൂയയുടെയും അധികാര ഭ്രാന്തിന്റെയും കിരീടം ധരിച്ചു നാഴികയ്ക്ക് നാല്പതു വട്ടം സ്വന്തം പ്രസ്‌താവന മാറ്റി പറയുന്ന മനസ്സാക്ഷിക്കുത്തില്ലാത്ത രാഷ്ട്രീയത്തിലെ നപുംസക ജന്മങ്ങളായ ഒരു കൂട്ടം നരാധമന്മാരുടെ ഒരു സൃഷ്ടി!”
"എന്നു മാത്രം പറഞ്ഞാൽ ശരിയാകുമോ? മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന ചിലരുടെ ഒത്താശയോടെ വൻ സാമ്പത്തിക തട്ടിപ്പു നടന്നില്ലേ?"
"അതിനല്ലേ അവരെ പോലീസ് അറസ്റ്റ് ചെയ്തത്?"
"അങ്ങനെയല്ലേ വേണ്ടത്? മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ആയിട്ടുപോലും അവരുടെ പേരിൽ കേസെടുത്ത് അകത്തിട്ടില്ലേ? ഇപ്പോൾ അത് ചിന്തിക്കാനെങ്കിലും പറ്റുമോ?"
"ഇയാൾ പറഞ്ഞ അക്കാര്യം ശരിയാണ്. കേരള ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത തരത്തിൽ ഇത്രയധികം അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടും ഏതെങ്കിലും ഒരാളെ അറസ്റ്റ് ചെയ്‌തു ശിക്ഷിച്ചിട്ടുണ്ടോ, 'അശ്വത്ഥാമാവ് വെറും ഒരു ആന' ആണെന്നു തിരിച്ചറിഞ്ഞ ഒരാളെ ബലിയാടാക്കിയതൊഴികെ? കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു മാത്രം 500 കോടിയാണെന്നാ കണ്ടെത്തിയിരിക്കുന്നത്!"
"മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ രണ്ടു പേരെ അറസ്റ്റ് ചെയ്‌തത് ആ മുഖ്യമന്ത്രി വിദേശത്തു പോയ സമയം നോക്കി ആഭ്യന്തര മന്ത്രിയാണ്. അത് മറക്കണ്ട."
"അതാണെടോ ഇതിന്റെ തുടക്കം. അത് കുറച്ചു പേരെ സോപ്പിട്ടോ അല്ലാതെയോ ഒക്കെ വശീകരിച്ചു ലക്ഷങ്ങൾ അടിച്ചു മാറ്റിയ പെരുംകള്ളിയായ ഒരു സ്ത്രീയുടെ തട്ടിപ്പിന്റെ മാത്രം കഥയായി തീരേണ്ട സംഗതിക്കു മസാല ചേർത്ത് ലൈംഗിക ആരോപണങ്ങളുടെ നിറക്കൂട്ട് ചാർത്തി നിരപരാധിയായ ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും നിരന്തരമായി നിയമസഭയിലും പുറത്തും തേജോവധം ചെയ്ത് അധികാരത്തിന്റെ കസേര ഉറപ്പിക്കാൻ തിരക്കഥ ഒരുക്കിയ നാറിയ നാടകം."
"അതിന് ഇടതുപക്ഷത്തെ മാത്രം കുറ്റം പറയണോ, പിള്ളേച്ചാ?"
"ഇടതു പക്ഷം കിട്ടിയ അവസരം യാതൊരു മനഃസ്സാക്ഷിയുമില്ലാതെ ഉപയോഗിച്ചു എന്നേയുള്ളൂ. അവർക്ക് അടിക്കാനുള്ള വടി വെട്ടിക്കൊടുത്തത് ഭരണപക്ഷമായ യുഡിഎഫ് ആണെടോ. കൂടെ വിശ്വസ്തരായി നിന്നവർ തന്നെയാണ് പള്ളയ്ക്ക് കത്തി കേറ്റിയത്! അതിനു തിരക്കഥ തയ്യാറാക്കിയത് ആരാണെന്നും എവിടെ വച്ചാണെന്നും ഉള്ള എല്ലാ വിവരങ്ങളും ഇന്ന് വെളിവായിരിക്കയാണല്ലോ."
"സിബിഐ യുടെ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രിയുടെ പേരിൽ അപവാദ കഥകളുണ്ടാക്കി പ്രചരിപ്പിച്ചത് ചിലർ നടത്തിയ ഗൂഡാലോചനയുടെ ഫലമായിട്ടാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് വിശദമായ അന്വേഷണത്തിന് ഉത്തരവിടാമല്ലോ!"
"അത് ശരിയാണ്. അത് പ്രതിപക്ഷമാണ് ആവശ്യപ്പെടേണ്ടത്."
"അങ്ങനെ ഒരു കാര്യം ഈ ജന്മത്തു നടക്കില്ലെടോ. ശരിയായ രീതിയിൽ അന്വേഷണം ഉണ്ടായാൽ പല മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞു വീഴും. ഇതിൽ രണ്ടു പക്ഷത്തുള്ളവരും പെടും."
"അതുകൊണ്ടാണോ പിള്ളേച്ചാ, ഈ പ്രതിപക്ഷം ഉരുണ്ടു കളിക്കുന്നത്?"
"സംശയമെന്താ? ജനസമ്പർക്ക പരിപാടി കൊണ്ടും പല വികസന പരിപാടികൾ കൊണ്ടും നാടിന്റെ മുഖഛായ മാറിയതോടുകൂടി മുഖ്യൻ പേരെടുത്തു. ഭരണത്തുടർച്ച ഏതാണ്ട് ഉറപ്പായപ്പോൾ വീണ്ടും അദ്ദേഹം തന്നെ മുഖ്യനാകുമെന്നു മനസ്സിലാക്കിയ സഹ പ്രവർത്തകരിൽ ചിലർ അദ്ദേഹത്തെ പുറകിൽ നിന്നും കുത്തി. ആ കത്തി ഊരിയെടുത്തു മൂർച്ച കൂട്ടി ഭരണം ഏറ്റുവാങ്ങാൻ വെമ്പൽ കൊണ്ടിരുന്ന പ്രതിപക്ഷം അദ്ദേഹത്തെ മാത്രമല്ല കുടുംബാംഗങ്ങളെപ്പോലും വെട്ടി. വെറും രണ്ടു പേരുടെ മാത്രം ഭൂരിപക്ഷത്തിൽ പിടിച്ചു നിന്നിരുന്നതുകൊണ്ടു യാതൊന്നും പ്രതികരിക്കാതെ നിയമത്തിനു വിധേയപ്പെട്ട് അദ്ദേഹം ആ വേദന മുഴുവൻ സഹിച്ചു മുന്നോട്ടു നീങ്ങി. ഇപ്പോൾ അദ്ദേഹം വീഴുമെന്നും ഉടനെ തനിക്കു മുഖ്യൻ ആകാൻ കഴിയുമെന്നും സ്വപ്നം കണ്ട് കുപ്പായം അടിവസ്ത്രത്തിൽ തിരുകി നടന്ന പല നേതാക്കന്മാരും അപ്പോഴും ചിരിച്ചു കാണിച്ചുകൊണ്ടാണ് നിന്നിരുന്നത്. ആളിക്കത്തിക്കാവുന്ന അത്രയും അവർ ആളിക്കത്തിച്ചു. ഒരു മാനുഷിക മൂല്യങ്ങൾക്കും വില നൽകരുതെന്നും അധികാരവും സമ്പത്തും നേടുന്നത് മാത്രമായിരിക്കണം ജീവിതത്തിൽ ലക്ഷ്യമെന്നും അതിനായി ആരെയും ചവുട്ടി അരയ്ക്കാമെന്നും അതായിരിക്കണം രാഷ്ട്രീയമെന്നും അവർ അടുത്ത തലമുറയെ കാണിച്ചു കൊടുത്തു. യാതൊരു നൈതികതയുമില്ലാതെ സത്യമെന്തെന്ന് അന്വേഷിക്കപോലുമില്ലാതെ കേൾക്കുന്നതൊക്കെ റേറ്റിങ് മാത്രം ലക്ഷ്യമാക്കി 'ബ്രേക്കിങ് ന്യൂസ്' നൽകുന്ന മാപ്രകളും വ്യത്യസ്തമല്ല.”
"അങ്ങനെയാണെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് ഒരു അന്വേഷണത്തിന് ഉത്തരവിടാമല്ലോ. അപ്പോൾ ആരൊക്കെയാണ് ഇതിനു പിന്നിൽ കളിച്ചിരിക്കുന്നതെന്നും അറിയാമല്ലോ."
"രാഷ്ട്രീയ ലോകത്തുള്ളവർക്കൊക്കെ അത് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ആരും അന്വേഷണം ആവശ്യപ്പെടുകയില്ല. ഇത് വീണ്ടും ഇടതുപക്ഷത്തിന് ഒരു തുടർഭരണം കിട്ടാനുള്ള വജ്രായുധമാണ്. സമയമനുസരിച്ച് ഒരന്വേഷണത്തിന് ഉത്തരവിട്ടാൽ അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും അതിന്റെ റിപ്പോർട്ട് വരും. ആ തുറുപ്പു ചീട്ടു കാണിച്ചു പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ഭരണപക്ഷത്തിനാകും. കൂടെ നിന്നു കുതികാൽ വെട്ടിയവരെയും അസത്യമാണെന്നറിഞ്ഞിട്ടും അസഭ്യം പറഞ്ഞവരെയും എല്ലാം ജനം തിരിച്ചറിയും."
"അപ്പഴപ്പോൾ കാണുന്നവനെ അപ്പനെന്നു വിളിക്കാൻ ഉളുപ്പില്ലാത്തവനും ചക്കരപ്പെണ്ണിനെ താലോലിച്ചവനും എല്ലാം ഇപ്പോഴും ഞെളിഞ്ഞു നടപ്പുണ്ടല്ലോ."
"അതാണെടോ ലോകം. 'ദുഷ്ടനെ പനപോലെ വളർത്തും' എന്നല്ലേ പറയുന്നത്!"
__________________