ഡോ.കുഞ്ഞമ്മ ജോർജ് എഴുതിയ രണ്ടാമത്തെ പുസ്തകം. 'അത് എൻറെയും ജീവനായിരുന്നു' ഒറ്റയിരുപ്പിൽ ഞാൻ വായിച്ചു തീർത്തു. അവരുടെ ആദ്യ പുസ്തകമായ 'അക്ഷരപ്പെട്ടി'യും ഞാൻ വായിച്ചിട്ടുണ്ട്.
'അത് എൻറെയും ജീവനായിരുന്നു' എന്ന പുസ്തകം ഒരു ഡോക്ടറുടെ ജീവിതത്തിൽ കടന്നുവരുന്ന രോഗികളും ഡോക്ടറും തമ്മിലുള്ള ഇടപെടലുകളുടെ വിവരണമാണ്.
എനിക്ക് ഈ ബുക്കിന്റെ വായന ഒരു ഡോക്ടറായിരുന്ന എൻറെ അച്ഛനുമായുള്ള ഒരു നീണ്ട സംഭാഷണം പോലേ അനുഭവപ്പെട്ടു. അച്ഛൻ സ്പെഷ്യലൈസ് ചെയ്തിരുന്നില്ല. ഡോ. കുഞ്ഞമ്മ ഒരു മയക്കുവിദഗ്ധയാണ്. അതാണ് പ്രധാന വ്യത്യാസം.
മെഡിക്കൽ ടെർമിനോളജി കുറച്ചുണ്ടെങ്കിലും അത് വായനയുടെ ഒഴുക്കിനെ ഒട്ടും തന്നെ ബാധിക്കുന്നില്ല. കാരണം ഡോക്ടർ എഴുതിയിരിക്കുന്നത് മനുഷ്യരുടെ കഥകളാണ്.
ജനനത്തിൻറെ,പ്രതീക്ഷകളുടെ, പുഞ്ചിരികളുടെ,രോഗങ്ങളുടെ, അക്രമങ്ങളുടെ, സഹനങ്ങളുടെ, അബദ്ധങ്ങളുടെ, മരണങ്ങളുടെ..... അറിവില്ലായ്മകളുടെ....മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളേയും സ്പർശിക്കുന്ന ഒരു മനോഹരമായ പുസ്തകമാണ് ഡോക്ടർ എഴുതിയിട്ടുള്ളത്.
എല്ലാവരും ഡോക്ടറുടെ മെഡിക്കൽ ഡയറിയായ ഈ പുസ്തകം വായിക്കണമെന്ന് ഞാൻ പറയും. ഡോക്ടർ കൃതഹസ്തയായ ഒരു എഴുത്തുകാരിയാണ്. അവർ കൂടുതൽ പുസ്തകങ്ങൾ രചിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
മാക്ബെത്ത് പബ്ലിക്കേഷൻസിൻറെയാണ് പ്രസാധനം. വില. 200.00
https://macbethpublications.com/product/athu-enteyum-jeevanayirunnu/