ഇന്ത്യയിൽ ജനിച്ച് അമേരിക്കയിലെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും താജ്മഹാൾ കാണുവാൻ കഴി ഞ്ഞില്ലെ യെന്നു ള്ള ദുഃഖം എന്നെ കുറേനാളായി അലട്ടിക്കൊ ണ്ടേയിരുന്നു. അതിന് വിരാമമിട്ടു കൊണ്ട് ഞാനും ഭാര്യയും മക്കളുമെടു ത്ത തീരുമാനം ഓഗസ്റ്റ് രണ്ട് 2023-ൽ സഫലമാക്കി യെടുത്തു.നാലുപേരും കൂടി യാത്രക്ക് തയ്യാറായി എമിറേറ്റ്സ് എയർലൻസിന് ടിക്കറ്റെടുത്തു .പീക്ക് ടൈം ആയതിനാൽ ടിക്കറ്റ് നിരക്ക് വളരെ ഉയർന്നെങ്കിലും ടാജ് മഹാൾ എന്ന ലോക അൽഭുതം എന്തു വില കൊടു ത്താലും കാണണം എന്ന എന്റെ ഭാര്യ ലിനു വിന്റെയും മക്കളായ ജയ്സിന്റെയും ജയ്ക്കിന്റെയും വാക്കിന് മുഖ്യ വില കൊടു ത്ത്കൊണ്ട് ഞങ്ങൾ യാത്രതിരിച്ചു .എമിറേറ്റ്സ് വിമാനം ന്യൂയോർക്ക് JFk എയർ പോർട്ടിൽ നിന്നും ഞങ്ങളേയും വഹിച്ചു കൊണ്ട് അനന്തവിഹായ സ്സിലേക്ക് പറക്കുമ്പോൾ ആ പ്രണയ കുടീരം എന്റെ മനസ്സിൽ തീർത്ത വികാരങ്ങൾ ചില്ലറയല്ല. വിമാനം അതിന്റെ ചിറകുകൾ ചലിപ്പിച്ച് വീലുകൾ താഴ്ത്തി ദുബായ് എയർ പോർട്ടിൽ താണിറങ്ങി.ദുബായ് എയർപോർട്ടിന്റെ മനോഹാരിത ആസ്വദിച്ച് ഞങ്ങൾ രണ്ടു മണിക്കൂർ അവിടെ തങ്ങി കുറെ ഷോപ്പിങ്ങ് നടത്തി കഴിഞ്ഞ പ്പോൾ അടുത്ത എമിറേറ്റ്സ് വിമാനം ഡൽഹിയാത്രക്ക് തയ്യാറായി നിൽക്കുന്നു ണ്ടായിരുന്നു. ഞങ്ങൾ വീണ്ടും ആകാശത്തിലേക്ക് പറന്നുയർന്നു .മൂന്നരമണിക്കൂർ പൈലറ്റ് നടത്തിയ ആത്മാർത്ഥ മായ ജോലി 'വീണ്ടും പ്ലയിൻ ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ വളരെ മന്ദമായി മനോഹരമായി ഇറക്കിയപ്പോൾ എല്ലാവരിലും സന്തോഷത്തിന്റെ ആനന്ദാശ്രുക്കൾ പൊഴിഞ്ഞുവീണു. ഞങ്ങളേയും കാത്ത് പപ്പു എന്ന ഡ്രൈവർ എന്റെ പേർ ഉയർത്തി പ്ലാക്കാർഡു മായി ഡൽഹി എയർപോർട്ടിൽ കാത്ത് നിൽക്കുന്നത് ഞങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടു . ടൊയോറ്റ യുടെ ഇന്നോവ വാനിലേക്ക് ഞങ്ങളെ ക്ഷണിക്കുക യും ഞങ്ങൾക്കെല്ലാം ഒരോ പൂമാല അണിയിച്ച് സ്വീകരിക്കുകയും ചെയ്തു .ലെഗേജ് എല്ലാം അദ്ദേഹം കാറിൽ കയറ്റി ഞങ്ങളെ ഡൽഹിയിലെ ജയ്പി വാസന്ത് കോൺടിനെന്റെൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊണ്ടാക്കി . ഇനിയും തുടർന്ന് ഇന്നോവയിൽ ഡൽഹി നഗരം ,ഉത്തര പ്രദേശ്, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങൾ സന്ദർശിക്കേണ്ടതു ണ്ട്. എല്ലാം ഇനിയും റോഡ് മാർഗ്ഗമുള്ള സഞ്ചാരമാണ് .ഹോട്ടലിൽ അൽപം റെസ്റ്റ് എടുത്ത് ഫ്രഷ് ആയി ഞങ്ങൾ അന്നു വൈകിട്ടു തന്നെ ഇന്ത്യാ ഗേറ്റ് കാണുവാൻ തീരുമാനിച്ചു .
2500 Dollar പാക്കേജ് എടുക്കു മ്പോൾ മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടൽ താമസം സഞ്ചരിക്കാൻ ഇന്നോവ കാറും ഡ്രൈവറും പിന്നെ ഗൈഡും കിട്ടും .പെട്രോൾ 'ടോൾ ,കാഴ്ചകൾ കാണു വാനുള്ള ടിക്കറ്റ് മുതലായവ ഈ പാക്കേജിൽ ഉൾപ്പെടുന്ന താണ്. ഫുഡിനു പണം നമ്മൾ മുടക്കണം. പിന്നെ ഡ്രൈവർക്കും ഗൈഡിനും നമ്മുടെ മനസ്സ് തുറന്ന് ടിപ്പുകൊടുത്താൽ മാത്രം മതി. നമ്മുടെ പണം മൂലമാണല്ലോ അവരുടെ ജീവിതത്തിന്റെ രണ്ടറ്റവും കുട്ടി മുട്ടിക്കുന്നത് അതിനാൽ ഞാൻ അൽപം കരുതി ടിപ്പു കൊടുത്ത തിനാൽ നല്ലതു പോലെ എല്ലാം വിവരിച്ചു തരികയും സഹകരിക്കു കയും ചെയ്തതിനാൽ യാത്ര എല്ലാം സന്തോഷകര മായിരുന്നു.
അതാ പപ്പു ഡ്രൈവർ വീണ്ടും എത്തിക്കഴിഞ്ഞു ജാർഖണ്ട് കാരനായ ഇദ്ദേഹം ഡൽഹിയിൽ ഇരുപതു വർഷമായി വിനോദസഞ്ചാരികളെ കൊണ്ടു പോകുന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്നു വെന്ന് എന്നോടു ഹിന്ദിയിൽ പറഞ്ഞു. ഇംഗ്ലീഷ് അദ്ദേഹത്തിന് അത്ര വശമില്ല യെങ്കിലും ഞാൻ അൽപ്പം ഹിന്ദി വശമാക്കിയത് ഭാഗ്യമായി . മാത്രവുമല്ല ഉത്തരപ്രദേശിൽ പഠിക്കുകയും അവിടെ ജോലി ചെയ്യുകയും ചെയ്ത എന്റെ ഭാര്യക്ക് ഹിന്ദി നല്ല വശമുണ്ടായ തിനാൽ സംഭാഷണങ്ങൾ ക്ക് ബുദ്ധി മുട്ടേണ്ടി വന്നില്ല . അതാ ഗൈഡും എത്തിക്കഴിഞ്ഞു ദിലീപ് ശങ്കർ എന്നാണ് പേർ .എന്താ പോകാം ഇന്ത്യാ ഗേറ്റി ലേക്ക് ,ദിലീപ് നാവനക്കി .അതാ ഞങ്ങൾ എല്ലാവരും കൂടി ഇന്ത്യാ ഗേറ്റിലേക്ക് യാത്രയായി .ഹോട്ടലിൽ നിന്നും ഇരുപത് മിനിട്ട് മാത്രം. ദിലീപ് എന്ന ഗൈഡിന് ഇംഗ്ലീഷും ഹിന്ദിയും ഫ്രഞ്ചും സ്പാനിഷും സംസാരിക്കാൻ കഴിവുള്ള ഇന്ത്യയിലെ സർട്ടിഫിക്കറ്റും ലൈസൻസും ഉള്ള നാഷണൽ ഗൈഡാണ് .മോദിഭക്തനാണ് ഇദ്ദേഹം എന്നു മനസ്സിലാക്കിയ ഞാൻ മോദിയെ ചിലപ്പോഴൊക്കെ ഉയർത്തിക്കാട്ടി അദ്ദേഹത്തിന്റെ മനസ്സിനെ സന്തോഷിപ്പിച്ചു .ഡ്രൈവറുംBJPക്കാരനായതിനാൽ ഞങ്ങൾ അവരുടെ മനസ്സ്അറിഞ്ഞു പെരുമാറിതുടങ്ങിയത് യാത്രാ വേളയെ സുഖകരമാക്കി.സൈക്കോളജി മനസ്സിലാക്കി പെരുമാറിയാൽ എല്ലാവരും നമ്മെ അംഗീകരിക്കും എന്ന് എനിക്ക് തോന്നിത്തുടങ്ങി. അതാ ഇന്ത്യാഗേറ്റിനടുത്ത് എത്തിക്കഴിഞ്ഞു .
ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹാ യുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ ഓർമ നിലനിർത്തുന്നതിനു വേണ്ടി 1921 ൽതുടങ്ങി പത്തു വർഷം കൊണ്ട്1931 ൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു .42 മീറ്റർ ആണ്ഇതിന്റെ ഉയരം .നിറമിഴിയോടെ ഇതിൽ നോക്കി നമ്മുടെ സൈനികരെ ഒന്ന് മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധസ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.അമർജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത് . കറുത്ത മാർബിൾകൊണ്ട് നിർമിച്ചിരിക്കുന്ന ഇതിലെ ദീപം ഒരിക്കലും അണയാത്തവിധം സജ്ജീകരിച്ചിട്ടുണ്ട് .1971 ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിന്റെ ഓർമക്കായി 1972 ലാണ് അമർജവാൻ ജ്യോതി സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപനകർമ്മം അന്നത്തെ പ്രധാനമന്ത്രി യായിരുന്ന ഇന്ദിരാ ഗാന്ധിയാണ് നിർവഹിച്ചത് .
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ ഒരു പ്രധാന പാതയാണ് രാജ്പഥ് (രാജാവിന്റെ വഴി) . ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്നു തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യാ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ് രാജ്പഥ് . പാർലമെൻറ് മന്ദിരം ഈ പാതയുടെ അടുത്തായി സ്ഥിതിചെയ്യുന്നു. രാജ്പഥിന്റെ പാതയിലെ ഒരറ്റത്താണ് ഇന്ത്യയുടെ പരമോന്നത ഭരണാധികാരിയായ രാഷ്ട്രപതിയുടെ ഔദ്യോഗിക മന്ദിരമായ രാഷ്ട്രപതി ഭവൻ.ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടുന്നതിനു മുൻപ് ഇത് വൈസ്രോയിയുടെ വസതിയായിരുന്നല്ലോ. സന്ധ്യാസമയത്ത് ഇന്ത്യാ ഗേറ്റിലെ മനോഹരമായ ദീപാലങ്കാരങ്ങളും പൂക്കളും ചെടികളും നിറഞ്ഞ ഉദ്യാനം നമ്മെ കോൾമയിർ കൊള്ളിക്കു ന്നതാണ് . ധാരാളം വിനോദസഞ്ചാരികൾ മന്ദമാരുതന്റെ തലോടലേറ്റ് ഇവിടെ വന്ന് റിലാക്സ് ചെയ്തപ്പോൾ ഞങ്ങളും അവരിൽ ഒരാളായിമാറി.
രാഷ്ട്രപതി ഭവനും സെക്രട്ടറിയേറ്റും സുപ്രീം കോടതിയും മോദിയുടെ വസതിയും കാറിൽ ഇരുന്ന് കണ്ടതല്ലാതെ പോലീസ് ഞങ്ങളെ ഉള്ളിലേക്ക് കടത്തിവിട്ടില്ല . കാരണം ഇപ്പോഴത്തെ സേഫ്റ്റി പ്രശ്നവും ആഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും നടത്തുവാനുള്ള തയ്യാറെടുപ്പും ആയിരിക്കാം.
അൽപസമയം വിശ്രമം കഴിഞ്ഞ് പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം ആയിരുന്നു. ചരിത്ര വഴിയിലെ ഉറങ്ങാത്ത മുറിവുകൾ എന്നു തന്നെ പറയാം. രാജ്യത്തിനുവേണ്ടി സ്വജീവൻ ബലി കഴിച്ച നെഹ്റു കുടുംബം. വളരെ ആകസ്മികമായിരുന്നു ഞങ്ങൾ അവിടം സന്ദർശിച്ചത്. ഇന്ദിരാഗാന്ധിയും സിഖ് വിരുധ കലാപവും ചിന്തിച്ചപ്പോൾ അവിടം സന്ദർശിക്കണ മെന്ന് ഭാര്യ ലിനു വാശിപിടിച്ചു. സഫ്ദർജംഗ് റോഡിലെ പടർന്നു പന്തലിച്ച തണൽ മരങ്ങൾക്കിടയിലെ കവാടം കടന്ന് മെമ്മോറിയൽ ഹാളിൽ എത്തുമ്പോൾ അവിടെ ഭാരതത്തിന്റെ പ്രധാനപ്പെട്ട ഭരണാധികാരിയുടെ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടും . മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വസതി പിന്നീട് ഇന്ദിരാ മെമ്മോറിയൽ മ്യൂസിയമാക്കി മാറ്റുകയാണ് ഉണ്ടായത്. ഡൽഹിയിലെ ചരിത്ര പ്രധാനമായ സ്മാരകം . ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ എന്നെ അയവിറക്കി ക്കോണ്ടേയിരുന്നു. 1984 ഒക്ടോബർ 31 ന് സ്വന്തം അംഗരക്ഷകരാൽ ഇന്ദിരാഗാന്ധി കൊലചെയ്ത സ്ഥലവും ആ മഹതിയുടെ ചോര പുരണ്ട സാരിയും കാണുവാൻ ഇടയായപ്പോൾ എനിക്ക് നെടുവീർപ്പ് അടക്കുവാൻ നന്നേ പാടു പെടേണ്ടിവന്നു വെന്നു പറയാമല്ലോ .
ഇപ്പോഴും ഖാലിസ്ഥാൻ വിവാദം രൂപപ്പെട്ടു കൊണ്ടിരിക്ക യാണല്ലോ . സ്വന്തം രാജ്യത്ത് വിഘടനവാദം വരുത്തി വെയ്ക്കുന്ന വിനകൾക്ക് എത്രയോ മഹാൻമാരുടെ ജീവിത മാണ് നഷ്ടപ്പെടേ ണ്ടി വന്നതെന്നോർ ക്കുമ്പോൾ ആരുടേയും ഹൃദയം തകർന്നു പോകും. വർഗ്ഗീയതയും മതഭ്രാന്തും നമ്മുടെ രാഷ്ട്രപിതാവി നേപ്പോലും ഇല്ലാതാക്കിയത് ചിന്തിക്കാൻ പോലും കഴിയില്ല . ഇത് മനസ്സിൽ അങ്കുരിച്ചപ്പോഴാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ട് കാണുവാൻ ആഗ്രഹം തോന്നിയത്. മനോഹരമായ വലിയ ഉദ്യാനത്തിന്റെ നടുവിൽ നാലു ചുറ്റും മനോഹരമായ പൂക്കളാൽ രാജ്ഘട്ട് ഭംഗിയാക്കിയിട്ടുണ്ട് അകത്തുപ്രവേശനം അന്ന് അനുവദി ക്കാത്തതിനാൽ പുറമേ നിന്നു കണ്ട് ഗാന്ധിജിയെ മനസ്സിൽ ധ്യാനിച്ചു നിന്ന് '
കൈകൂപ്പിവണങ്ങി.
അടുത്ത യാത്ര ഡെൽഹിയിലെ കുത്തബ് മിനാറായിരുന്നു. ഡ്രൈവർ പപ്പു കുത്തബ് മിനാർ ലക്ഷ്യമാക്കി സ്റ്റിയറിംഗ് തിരിച്ചുകൊണ്ടേയിരുന്നു. അതാ കുത്തബ് മിനാറിന്റെ ഗോപുരം കണ്ടു തുടങ്ങി.
ഇഷ്ടികകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മിനാറാണ് കുത്തബ് മിനാർ എന്നു ചിന്തിക്കുമ്പോൾ ഏവർക്കും അതിശയം തോന്നും .വാസ്തു ശിൽപകലക്ക് ഉത്തമ ഉദാഹരണമാണ് കുത്തബ് മിനാർ. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇതുൾപ്പെടു ത്തിയതിൽ അതിശയോക്തിയില്ല . 237.8 അടി ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിൽ കയറുന്നതിന് 399 പടികളുണ്ട്. 1199-ൽ ദില്ലി സുൽത്താനായ ഖുത്തബ്ദീൻ ഐബക്ക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണി കഴിപ്പിച്ചത് .വളരെ ഉയരത്തിൽ നിൽക്കുന്ന ഈ ഗോപുരത്തിന്റെ ശിൽപകലകൾ ആ കാലത്ത് ചെയ്ത അപൂർവ്വ അതിശയങ്ങളിൽ ഒന്നാണ്.
ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടു ണ്ടെന്ന് ഗൈഡ് ഞങ്ങളോട് പറയുകയുണ്ടായി. 1368-ൽ ഇടിമിന്നലിൽ ഉണ്ടായ കേടുപാടുകൾ തീർത്തത് ഫിറോസ് ഷാ തുഗ്ലക്ക് ആണെന്നും മുകളിൽ കാണുന്ന മാർബിൾ പാളികൾ പതിച്ചത് അദ്ദേഹമാണെന്നും ഗൈഡ് ദിലീപ് പറയുമ്പോൾ അദ്ദേഹത്തിന്റെ ഓർമ ശക്തിയിൽ എനിക്ക് അൽഭുതം തോന്നിത്തുടങ്ങി. കുത്തബ് മിനാറിലേക്കു കയറുവാനുള്ള കവാടവും മനോഹരമായി നിലകൊള്ളുന്നു. ഇതിന്റെ പേർ അലൈ ദർവാസ എന്നാണ്. 1980-ൽ വൈദ്യുതി തകരാനിനെ തുടർന്ന് തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരിച്ചതിനെ തുടർന്നും .പലരും ഇതിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതിനാലും ഇപ്പോൾ അകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. ഞങ്ങളുടെ ഡൽഹി സന്ദർശനം വളരെ ചൂടുള്ള സമയമായതി നാൽ കുട്ടികൾ ക്ക് വളരെ പ്രയാസം നേരിടേണ്ടി വന്നു. കേരളത്തിലേക്കാളും ഹരിതാഭയാർന്ന സ്ഥലമായാണ് ഡെൽഹി കണ്ടപ്പോൾ എനിക്കുതോന്നിയത്. എങ്കിലും ജനസാന്ദ്രത മൂലം ശരിയായ ഓക്സിജൻ ലഭിക്കുന്നില്ല എന്ന പരാതിയും കേൾക്കാൻ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ചരിത്രപ്രാധാന്യം നിറഞ്ഞ നഗരങ്ങളിലൊന്നാണ് ഡൽഹി.ഡൽഹിയുടെ ചരിത്രം തുടങ്ങുന്നത് തന്നെ ഏകദേശം 268 BC യിൽ മൗര്യ രാജവംശത്തിന്റെ കാലത്താണ്. 1966-ൽ മൗര്യവംശജനായ അശോക ചക്രവർത്തിയുടെ കാലത്തെ ചില മുദ്രണങ്ങൾ നോയിടക്കടു ത്തുള്ള ശ്രീനിവാസ് പുരിയിൽ നിന്നും കണ്ടെടുത്തിരുന്നു. ഡെൽഹി മൊത്തത്തിൽ എട്ടു നഗര ങ്ങളുടേയും ആയിരം സംസ്ക്കാരങ്ങളുടേയും നാടാണ്. അതിൽ പ്രധാനമാണ് ഓൾഡ് ഡെൽഹിയും ന്യൂഡെൽഹിയും .ന്യൂ ഡെൽഹി സ്ഥാപിച്ചത് ബ്രിട്ടീഷ് ഭരണകൂട മായിരുന്നു .ശേഷം അടുത്തതിൽ