ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഒരു ക്രിസ്ത്യന്‍ പുരോഹിതന് ശബരിമലയില്‍പോയി അയ്യപ്പനെ വണങ്ങിയത്. 41 ദിവസത്തെ വ്രതമെടുത്ത് നോമ്പ് നോറ്റ് കെട്ടു മുറുക്കി പതിനെട്ടാംപടി കയറി ശബരിമല ശാസ്താവിനെ തൊഴുത് ശ്രി. കെ.ജി മനോജ് സംതൃപ്തി അടഞ്ഞു. തന്റെ ശിഷ്യരുള്പ്പെടുന്ന ഒരു സംഘത്തോടൊപ്പമാണ് മല ചവിട്ടിയത്. അയ്യപ്പനും യേശുവും ഒന്നാണെന്ന സങ്കല്‍പ്പമാണ് ഇപ്പോള്‍ അദ്ദേഹത്തിന്. എല്ലാ ദൈവങ്ങളും ഒന്ന്. ഒന്നായ നിന്നെയിഹ... .ആംഗ്ളിക്കന്‍ സഭയിലെ പുരോഹിതനായിരുന്ന ശ്രി. മനോജ് ഇപ്പോള്‍ വെറും മനോജാണ്. കാരണം ശബരിമല ചവിട്ടാനുള്ള അനുവാദം സഭ നല്‍കിയില്ലെന്നു മാത്രമല്ല അച്ചന് പട്ടം നല്‍കിയത് റദ്ദാക്കുകയും ചെയ്തു. പൗരോഹിത്യ ചുമതലയില്‍ നിന്ന് സ്വതന്ത്രനായ റവ കെ.ജി.മനോജ് 'റവ' നഷ്ടപ്പെട്ട മനോജായി. പൗരോഹിത്യം ഇല്ലാത്തതിനാല്‍ അച്ചാ വിളി ഇനി അനാവശ്യമാണെന്നു സാരം.
പുരോഹിതനായിരുന്ന അദ്ദേഹം ളോഹയൂരി ശബരി മലയ്ക്കു പോയതിനാല്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ മനോജിനുനേരെ പടവാളോങ്ങുമെന്നു ധരിച്ചവര്‍ നിരാശരായി. ആരും തന്നെ അറിഞ്ഞ മട്ടു കാണിച്ചില്ല. ഇത്തരം നൂറു മനോജുമാര്‍ പുറത്തുപോയാലും സഭയ്ക്ക് ഒന്നും സംഭവിക്കില്ല. എങ്ങാണ്ടൊക്കെ ചില അഭിപ്രായങ്ങള്‍ കേട്ടെന്നു മാത്രം. അതേ സമയം സോഷ്യല്‍ മീഡിയ സജീവമായി വിഷയം ഏറ്റെടുത്തു. ഇരുമുടിക്കെട്ടു വഹിച്ച മനോജിന്റെ കഴുത്തിലേക്ക് ഞാനൊന്നു നോക്കി. അവിടെ രണ്ടുമാല കിടന്നിരുന്നു ഒന്നില്‍ കുരിശില്‍ തൂങ്ങുന്ന ഈശോയും മറ്റേതില്‍ അയ്യപ്പനും. ലോക്കറ്റിനുള്ളില്‍ മനോജിന്റെ ഹൃദയത്തോടു ചേര്‍ന്ന് അവര്‍ ഉറങ്ങുകയാണ്, പരസ്പര സഹവര്‍ത്തിത്തത്തോടെ. മനോജ് നടക്കുമ്പോഴും തേങ്ങ ഉടയ്ക്കുമ്പോഴും ഇരുമുടിക്കെട്ടേന്തുമ്പോഴും ലോക്കറ്റുകള്‍ കൂട്ടിമുട്ടിയെങ്കിലും കലഹങ്ങള്‍ ഉണ്ടായില്ല!. പേരെടുക്കാനുള്ള മനോജിന്റെ സൂത്രങ്ങളേ.. ചിരിക്കാതെന്തു ചെയ്യും. ഒറ്റ ദിവസം കൊണ്ടു നടന്ന ഒരു എടുത്തുചാട്ടമല്ല ഈ ളോഹയൂരല്. വിശ്വാസവും ഭാവിയും നിലനില്പ്പുമെല്ലാം നന്നായി ആലോചിച്ച് ഉറപ്പിച്ചശേഷം കാലെടുത്തു വച്ചതാണ് പുതിയ പരീക്ഷണത്തിലേക്ക്. കാരണം പലപല വിശ്വാസപരീക്ഷണങ്ങള് നടത്തിയ ആളാണ് മനോജ്. ഇത്രനാളും കിസ്തുവിനൊപ്പം നടന്ന് മാമോദിസയും ഹോളികമ്മ്യൂണിയനും വിശ്വാസികള്‍ക്കു സമര്‍പ്പിച്ച ആംഗ്ളിക്കന്‍ പുരോഹിതന് ശബരിമലയ്ല് പോയി അയ്യനെ വണങ്ങിയാല്‍ പൊഴിഞ്ഞുവീഴുന്നതാണോ ബാക്കി ക്രിസ്ത്യാനികളുടെ വിശ്വാസം.?. മനോജിനെ വെറുടെ വിടാം. കാരണം തന്റെ ജീവിതം എങ്ങനെയും ജീവിച്ചു തീര്‍ക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. വിദ്യാഭ്യാസവും പരിജ്ഞാനവുമുള്ള മധ്യവയസ്കനായ പുരോഹിതനെ നേര്‍വഴി നടത്താന്‍ ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിനെന്തു ബാധ്യത. എന്റേതല്ലാത്ത എല്ലാ വിശ്വാസവും തെറ്റാണെന്ന തീവ്രവാദം ക്രിസ്ത്യാനികള്ക്കൂടെ ഏറ്റുപിടിച്ചാല്‍ അസ്സലായി.
ഒരു ഹൈന്ദവപൂജാരി മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായാല്‍ എന്നാ ആഘോഷമായിരുന്നേനേ. ഇതര ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു പുരോഹിതന് ളോഹയൂരി പെന്തക്കോസ്തില്‍ ചേര്‍ന്നാല്‍ എന്നാ കൊട്ടിപ്പാട്ടായിരിക്കും. ദൈവവും വിശ്വാസവും ഭക്തിയും ഒരാളുടെ സ്വകാര്യ കാര്യങ്ങളാണ്. ഇടവകയിലെ വിശ്വാസികളെ നേര്‍വഴി നടത്താന്‍ , മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് സഭാനേതൃത്വം നിയോഗിക്കുന്നവരാണ് പുരോഹിതര്‍. നീണ്ടവര്‍ഷങ്ങളിലെ സെമിനാരി പഠനം കഴിഞ്ഞ് തിയോളജിയില്‍ ആഴത്തിലുള്ള അറിവുനേടിയാണ് വൈദികര്‍ പുറത്തുവരുന്നത്. അങ്ങനെയുള്ള അച്ചനായിരുന്ന മനോജ് അതുവരെയുള്ള വിശ്വാസ കാഴ്ചപ്പാടില്‍നിന്ന് മാറി സഞ്ചരിക്കാന്‍ തീരുമാനിച്ചാല്‍ അല്മായര് എന്തിന് പരിഭ്രമിക്കണം , സഹപുരോഹിതരും സഭാനേതൃത്തവും എന്തിന് വ്യാകുലപ്പെടണം ?. നേടിയ അറിവിലും അതുവരെ വിശ്വാസികളുമായി പങ്കിട്ട വചനങ്ങളിലും തൃപ്തനല്ലാത്തതിനാലാണല്ലോ ഈ പാതമാറ്റം. ക്രിസ്ത്യന്‍ സഭ അതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ അത് മതതീവ്രവാദമാണ്. അത് ഇരട്ട മുഖമാണ്. ഹിന്ദുവോ മുസ്ളിമോ ക്രിസ്ത്യാനിയായാല്‍ അത് വളരെ ശരി. ക്രിസ്ത്യാനി ഹൈന്ദവപാത പിന്തുടര്ന്നാല് അത് തെറ്റ്. ക്രിസ്ത്യാനി സ്വര്‍ഗ്ഗീയ പാതയില്‍, ഹിന്ദ്വാനി നരക പാതയില്‍ എന്ന കലിപ്പു പാടില്ല. ക്രിസ്ത്യന്‍ മതത്തിലേക്ക് കണ്‍വേര്‍ഷന്‍ നടക്കുമ്പോള്‍ പരമാനന്ദം. ഒരു കുഞ്ഞാട് ഹിന്ദുവിശ്വാസം സ്വീകരിച്ചാല്‍ ആക്രോശം !. കുറേനാള്‍ മനോജ് അച്ചന്‍പട്ടം ചുമ്മിയതല്ലേ. ഇനി കുറേനാള്‍ ഇരുമുടിക്കെട്ടു വഹിക്കട്ടെ. അതുകൊണ്ട് ഇവിടെ ഭൂലോകം ഇടിഞ്ഞുവീഴില്ല.
ഇതുവരെ മനോജ് തങ്ങളെ പഠിപ്പിച്ചതും ഉപദേശിച്ചതും തെറ്റായിരുന്നെന്നു പറഞ്ഞ് വഴി മാറുമ്പോള്‍ അമ്പരന്നുപോകുന്ന പാവപ്പെട്ട കുറേ വിശ്വാസികളുണ്ട്. മനോജ് പരീക്ഷണങ്ങളുടെ പാതയിലാണ്. ഇടയ്ക്ക് കുറേനാള്‍ പെന്തക്കോസ്തിലും സഹയാത്രികനായിരുന്നു. ആര്‍ക്കുവേണമെങ്കിലും എന്തു തട്ടിപ്പും കാണിക്കാവുന്ന ഒരു കച്ചവടമായി ക്രിസ്തീയത ഉപയോഗിക്കപ്പെടുകയാണ്. എന്തും എങ്ങനെയും പ്രസംഗിക്കാം, എന്തു മാജിക്കും കാണിക്കാം, അത്ഭുതങ്ങള്‍ എന്നപേരില്‍ വന്‍തട്ടിപ്പു നടത്തി കോടികള്‍ സമ്പാദിക്കാം.. ശബരിമല കയറിയ മനോജിന്റെ മുന്നിലും ഉഗ്രന്‍ വഴികള്‍ തുറന്നു കിടപ്പുണ്ട്. പ്രഭാഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു, ചാനലുകളില്‍ പുത്തന്‍ സുവിശേഷം അദ്ദേഹം ഇറക്കുമതി ചെയ്തുകഴിഞ്ഞു. വിശാലകാഴ്ചപ്പാടുകളുടെ മായാലോകമാണ് വാചകമടിയില്‍ പുറത്തെടുക്കുന്നത്. അടിത്തറയില്ലാത്തവന് കുഴിയില്‍ വീഴും. വീഴുന്നവനെ മുതലാക്കി കച്ചവടം കൊഴുപ്പിക്കും. പുതിയൊരു ബാബയോ ശ്രിശ്രീയോ, ഓഷോയോ നിത്യാനന്ദയോ അവതരിച്ചെന്നുമിരിക്കും. ഒരു ആശ്രമത്തിന്റെ മണമടിക്കുന്നുമുണ്ട്. എല്ലാ തുടക്കവും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.
എന്തായാലും മനോജ് ശബരിമല കയറിയിറങ്ങി. ഒന്നും സംഭവിച്ചില്ല, പിറ്റേന്നും സൂര്യന് ഉദിച്ചുയര്‍ന്നു. പിന്നെ സന്ധ്യയായി ഉഷസ്സുമായി.കാക്ക മലര്‍ന്നു പറന്നില്ല. ഒരു ഭൂകമ്പവും ഉണ്ടായില്ല. മനോജ് ഒന്നറിയണം, നിങ്ങള്‍ വിചാരിച്ചതുപോലെ കേരളം ഈ വിഷയം ഏറ്റെടുത്തില്ല. ഒരു പുരോഹിതന് നോമ്പുനോറ്റ് ശരണം വിളിച്ച ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാല്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ ഇളകി മറിയുമെന്നും ആ വഴി കുറച്ച് പബ്ളിസിറ്റി കിട്ടുമെന്നുമൊക്കെ കണക്കുകൂട്ടിയത് വെറുതെയായി. ഇവിടുള്ള ഒരു ക്രിസ്ത്യാനിയും ആര്‍ക്കുവേണ്ടിയും അങ്ങനെ ബഹളം വയ്ക്കുന്നവരല്ല. താങ്കളുടെ ളോഹ നിങ്ങളുടെ മാത്രമാണ് . അത് ഊരാനും വലിച്ചെറിയാനും കത്തിക്കാനുമുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. ആംഗ്ളിക്കന്‍ പുരോഹിതന് ളോഹ ഊരിയെറിഞ്ഞാല്‍ കത്തോലിക്കാപുരോഹിതര്ക്കും കുഞ്ഞാടുകള്‍ക്കും എന്നാ ചേതം ?. അവരെ ബാധിക്കുന്ന കാര്യമേയല്ല ഇത്. ആംഗ്ളിക്കന്‍ സഭക്കാരും കലി തു്ളളിയില്ല. തന്ന അച്ചന് പട്ടം അവര്‍ റദ്ദാക്കി കതകടച്ചു. പിന്നെ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗം. ദേ,പുതുപ്പള്ളിപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ സംസ്കരിച്ച കബറിടത്തില്‍ ജനം ഊഴമിട്ട് തലമുട്ടിച്ച് മുത്തിമുത്തി പുണ്യാളനാക്കിയിട്ട് ഓര്‍ത്തഡോക്സ് സഭ ഒരക്ഷരം ഉരിയാടിയില്ല. കാണിക്കമണ്ഡപം ഫിറ്റ്ചെയ്ത് പത്തുകാശ് ഉണ്ടാക്കാന്‍ ആര്‍ത്തി കാണിച്ചുമില്ല. അവര്‍ പഴയപോലെ ചൊല്ത്തും കുര്‍ബ്ബാനയുമായി സജീവമായി പോകുന്നു. പിന്നെ മാര്‍ത്തോമ്മ , അവര്‍ മനോജിനെപ്പറ്റി കേട്ടിട്ടുണ്ടോയെന്നുപോലും അറിയില്ല, പെന്തക്കോസ്തുകാര്‍ക്ക് ഇതൊരു നേരംപോക്കു മാത്രം. ഇത്രനാളും അച്ചന് പ്രസംഗിച്ചുനടന്നത് എന്തോന്നായിരുന്നു എന്നാണ് അവര്‍ അടക്കം പറയുന്നത്. അടിത്തറയില്ലാത്ത വിശ്വാസമാണ് മനോജിനുണ്ടായിരുന്നത്. അതിനാല്‍ ് ആടിയുലയുകയാണെന്ന് പറഞ്ഞ് ചിരിക്കയാണവര്.
തത്വമസിയെപ്പറ്റി മനോജ് വാചാലനായിത്തുടങ്ങി. പതിനെട്ടാംപടി ചവിട്ടിനിന്നപ്പോള്‍ പുതിയൊരു അറിവും അനുഭവവും ഉണ്ടായതായി പറയുന്നു. ഈശ്വരനെ ആസ്വദിക്കാന്‍ കഴിഞ്ഞത്രേ. ഇതുവരെ അച്ചനായി ജീവിച്ചിട്ടും ഈശ്വരനെ ആസ്വദിക്കാന്‍ കഴിയാഞ്ഞ മനോജിന് അയ്യപ്പസന്നിധിയില്‍ അതിനു കഴിഞ്ഞെങ്കില്‍ നല്ലത്. പക്ഷേ മനോജ് ഒന്ന് ഓര്‍മിക്കുന്നത് നല്ലത്. പഴയ ഹിന്ദുവല്ല ഇപ്പോഴുള്ളത്. നൂറ്റാണ്ടുകളായി ഒരുപാട് കബളിപ്പിക്കലും മുതലെടുപ്പും അനുഭവിച്ച് പതംവന്ന കൂട്ടരാണ് . കൊല്ലക്കുടിയില്‍ സൂചിവില്ക്കാന് പോകരുത്. അദ്ദേഹം പ്രതീക്ഷിച്ചപ്പോലെ ഒന്നും സംഭവിച്ചില്ല. കുറച്ചു ക്രിസ്ത്യാനികളെങ്കിലും ബഹളം വയ്ക്കുമായിരുന്നെന്നു പാവം പ്രതീക്ഷിച്ചു. എങ്കില്‍ നല്ലൊരു പബ്ളിസിറ്റിയൊക്കെ ചുളുവില്‍ കിട്ടുമായിരുന്നു . ആരാണ്ട് ഭീഷണിപ്പെടുത്തിയെന്ന് എവിടെയോ പറയുകയും ചെയ്തു. ആര് പേടിപ്പിക്കാന്‍ ?. മനോജിന്റെ ആംഗ്ളിക്കന്‍ സഭപോലും ഉരിയാടിയില്ല. വല്ലാത്ത കഷ്ടമായിപ്പോയി. ഇത്രനാളും ക്രിസ്തുവിന്റെ പ്രതിപുരുഷനായി അഥവാ കുഞ്ഞാടുകളെ പരിപാലിക്കാനുള്ള ദൗത്യം നിര്‍വഹിച്ചുകൊണ്ടിരുന്ന പുരോഹിതന് ശബരിമലയിലേക്കു പുറപ്പെടുമ്പോള്‍ സമൂഹം ഞെട്ടുമെന്ന് അദ്ദേഹം കണക്കു കൂട്ടിയിരുന്നു. ഒക്കെ തെറ്റിപ്പോയി.
പക്ഷേ മറ്റു ചിലര്‍ രംഗത്തു വന്നു തുടങ്ങി. തിരുവനന്തപുരത്തെ ഒരു പിതാവ് തന്റെ മൂന്നു പെണ്‍കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിയുമായി എത്തിയിട്ടുണ്ട്.. ദുരുപദേശം പഠിപ്പിച്ച് മക്കളെ വഴിതെറ്റിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്തായാലും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് മതതീവ്രവാദമില്ലെന്ന് അസന്നിഗ്ധമായി സമൂഹത്തില്‍ തെളിയിക്കാന്‍ മനോജിന്റെ ശബരിമല പ്രവേശനത്തിനു കഴിഞ്ഞത് വലിയൊരു നേട്ടമാണ് ഞങ്ങള്‍ക്ക്..!.