Image

കെ ജി ജോർജിനെ ഓര്‍ക്കുമ്പോള്‍.... (തമ്പി ആന്റണി)

Published on 25 September, 2023
കെ ജി ജോർജിനെ ഓര്‍ക്കുമ്പോള്‍.... (തമ്പി ആന്റണി)

ഭാരതമുനിയൊരു കളം വരച്ചു 
ദാസകാളിദാസ കരുക്കൾ വെച്ചു 
കറുപ്പും വെളുപ്പും കരുക്കൾ നീക്കി 
കാലം കളിക്കുന്നു.
ആരോ കൈകൊട്ടി ചിരിക്കുന്നു. 


കവി ഓ എൻ വി കുറിപ്പിന്റെ  ഈ പാട്ടുകേൾക്കുബോൾ യവനിക എന്ന സിനിമയും മലയാള സിനിമക്കു കെ ജി ജോർജ് എന്ന സംവിധായകൻ നൽകിയ സംഭാവനയും അത്ര പെട്ടന്നൊന്നും ആർക്കും മറക്കാൻ പറ്റുമെന്നു തോന്നുന്നില്ല. പ്രതിഭാശാലിയായ ആ സംവിധായകനെ, ഒരിക്കലേ കണ്ടിട്ടുള്ളു . പ്രശസ്ത എഴുത്തുകാരൻ രാമനുണ്ണിയുമായി അദ്ദേഹത്തിന്റെ വീട്ടിൽവെച്ചാണത്. ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ടാണ് അന്നു വീട്ടിൽപോയത് . അദ്ദേഹത്തിനെ ശാരീരികമായ അസ്വസ്ഥതമൂലും അന്ന് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഞങ്ങളുടെ നാട്ടിൽ, പൊൻകുന്നത്തെ പുതിയ തീയറ്റർ ലീലാമഹലിലെ  ഉൽഘാടന ചിത്രം കെ ജി ജോർജിന്റെ യവനികയായിരുന്നു. അത് അന്ന് എത്രപ്രവശ്യം കണ്ടു എന്ന് എനിക്കുപോലും ഇപ്പോൾ ഓർമ്മയില്ല. അത്രക്കിഷ്ടപെട്ട സിനിമ. മലയാളസിനിമയുടെ നാഴികക്കലായിരുന്ന ആ ചിത്രത്തിലെ എല്ലാ ഡയലോഗും ഇപ്പോഴും
ഇന്നെന്നപോലെ ഓർക്കുന്നു 
ഓർമയിൽനിന്നും ഒരു രംഗം: 🤔 
പോലീസ് ഓഫിസറായിരുന്ന ജേക്കബ് (മമ്മൂട്ടി) നാടകക്കാരനായിരുന്ന വരുണനെ( ജഗതി ശ്രീകുമാർ) ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട് .
രംഗം പോലീസ് സ്റ്റേഷൻ. തബലിസ്റ്റ് അയ്യപ്പൻറെ ( ഭാരത് ഗോപി ) ദുരൂഹ സാഹചര്യത്തിലെ മരണത്തിൽ അന്വേഷണം നടക്കുന്ന സമയമാണ് സിനിമയിൽ. 
ജഗതി ശ്രീകമാർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതനുസരിച്ച് മമ്മൂട്ടിയുടെ ഓഫീസിലേക്കു ചിരിച്ചുകൊണ്ടു കയറിവരുന്നു. ഇരിക്കാൻ പറയാതെതന്നെ കസേരയിൽ വന്നിരിക്കുന്നിട്ട് മുഖവുരയൊന്നുമില്ലാതെ ഒരു ചോദ്യം 
" എന്താ സാർ സുഖമല്ലേ" 
അതിഷ്ട്ടപെടാത്ത പോലീസ് ഓഫീസർ ദേഷ്യപ്പെട്ട് 
" എഴുനെൽക്കടാ "
വരുണൻ തന്നോടുതന്നെയോ എന്നുറപ്പില്ലാതെ പിറകോട്ടു തിരിഞ്ഞുനോക്കുന്നു, 
" നിന്നോടുതന്നെയാ, എഴുനേക്കടോ'
വരുണൻ ഉടൻതന്നെ ചാടിയെഴുനേൽക്കുന്നു.
" നിന്നോടിരിക്കാനാരുപറഞ്ഞു"
"കസേരകണ്ടതുകൊണ്ട്..."  ഒന്നു ചമ്മിയ വരുണൻ വിനയപൂർവം പറഞ്ഞു.
" കസേരകണ്ടാൽ  ഉടൻ നീ ഇരിക്കുമല്ലേ "
" സാധാരണ അങ്ങനെയാ "
വരുണന്റെ ചമ്മിയ മുഖം ക്ലോസപ്പിൽ!
ആ സിനിമയിൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. വെറും രണ്ടു സീനിൽ മാത്രം വന്ന അയ്യപ്പൻറെ മകൻ വിഷ്ണുവിനോട്  ( അശോകൻ) പോലീസ് ഓഫീസർ ചോദിക്കുന്ന ഒരു കിടിലം ചോദ്യമുണ്ട് .
"നീയാണോടാ നിന്റെ തന്തയെ കൊന്നത് " വിഷ്ണുവിന്റെ മറുപടിയും കുറിക്കു കൊള്ളുന്നതായിരുന്നു .
" കൊല്ലണമെന്നുണ്ടായിരുന്നു സാറേ അവസരം കിട്ടിയില്ല " സാഷാൽ തന്തകാലനായിവന്ന വിഷ്ണുവും വളരെയധികം ശ്രദ്ധ നേടി. അതറിഞ്ഞ നാടകത്തിന്റെ സംവിധായകൻ വക്കച്ചൻ ( തിലകൻ ) ആത്മഗതമെന്നോണം  പറയുന്നു. 
" അയ്യപ്പനും വിഷ്ണുവും, രണ്ടും ദൈവനാമങ്ങൾ"
പട്ടയടിച്ചുകൊണ്ട് തബലയടിക്കുന്ന അയ്യപ്പനെ കണ്ടിട്ട് വക്കച്ചന്റെ മറ്റൊരു വാചകമുണ്ട് 
" എടാ ചങ്കുവാടും രണ്ടു താറാമുട്ടയെങ്കിലും കഴിക്ക് "
അയ്യപ്പൻ ചിരിച്ചുകൊണ്ട് അതിനു മറുപടിയും പറയുന്നുണ്ട് 
" അതുഞായം " 
അതിനുശേഷം ഗ്ലാസ്സിളിരുന്ന പട്ടച്ചാരായം ഒറ്റയടിക്ക് അകത്താക്കിയിട്ട്  പൂർവാധികം ശക്തിയോടെ തബലയടിക്കുന്നു. 

താരതമ്യേന പുതുമുഖമായിരുന്ന തിലകനെ നാടകക്കാരനാക്കിയതും, മമ്മൂട്ടിക്ക് ആദ്യമായി ഒരു പോലീസ് ഓഫീസറുടെ വേഷം കൊടുത്തതും. തബലയാടി പഠിക്കാത്ത ഗോപിയെക്കൊണ്ടു തബലയാടിപ്പിച്ചതും, ജോർജ് സാറായിരുന്നു. 
കെ ജി ജോർജും എസ എൽ പുരവും ചേർന്നാണ് തിരക്കഥ രചിച്ചത് എങ്കിലും അതൊരു വ്യത്യസ്തമായ കുറ്റാന്വേഷണ കഥയായിരുന്നു. കച്ചവടവും കലയും ഇത്ര തന്മയത്വമായി കോർത്തിണക്കിയ ഒരു സിനിമ അന്നുവരെ മലയാളത്തിൽ  ഉണ്ടായിരുന്നില്ല. 1982 ൽ കേരളാ സ്റ്റേറ്റ് അവാർഡും യവനികക്കായിരുന്നു. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽനിന്നും പഠിച്ചിറങ്ങിയ കെജി ജോർജിന്റെ  ആദ്യസിനിമ പുതുമുഖനങ്ങളെ മാത്രം അഭിനയിപ്പിച്ച, ധാരാളം ശ്രദ്ധയും അംഗീകാരങ്ങളും നേടിയ സ്വപനാടനമായിരുന്നു.  ആക്ഷേപഹാസ്യവും രാഷ്ട്രീയവും കൂട്ടികലർത്തിയ പഞ്ചവടിപ്പാലവും, സാമൂഹിക പച്ഛാത്തലത്തിലുള്ള ഇരകൾ,മേള, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, കോലങ്ങൾ, മറ്റൊരാൾ, ഈ കണ്ണികൂടി. കൂടാതെ  ജോർജ് ഓണക്കൂറിന്റെ നോവലിനെ ആസ്‌പദമാക്കിയടുത്ത കോളേജ് കാമ്പസ് ചിത്രമായ "ഉൾക്കടൽ" അന്നത്തെ കോളേജ് ക്യാമ്പസുകളെ ഇളക്കിമറിച്ച ഉലക്കടൽ സാമ്പത്തികവിജയം നേടിയ ചിത്രമായിരുന്നു. കവിയായി അഭിനയിച്ച വേണു നാഗവള്ളിയുടെ ശ്രദ്ധേയമായ ചിത്രംകൂടിയായിരുന്നു. അങ്ങനെ ധാരാളം നല്ല ചിത്രങ്ങൾ മലയാളത്തിനു സംഭാവന ചെയ്യിത, മലയാളസിനിമക്കു മറക്കാനാവാത്ത കെ ജി ജോർജ് എന്ന സംവിധായകന് ആദരാഞ്ജലി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക