ആരെന്തു പറഞ്ഞാലും ആ പെണ്ണുംപിള്ള കാണിച്ചത് ഒരു മാതിരി മറ്റേ പണി ആയിപ്പോയി. ഭക്തിമൂത്തു കിളി പോയതാണോ, അതോ കൃപാസനത്തിലെ പാതിരി കൊടുത്ത പണിയാണോ? ആകപ്പാടെ കണ്‍ഫ്യൂഷന്‍ ആയല്ലോ!
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദര്‍ശത്തിന്റെ ആള്‍രൂപമാണ് ബഹുമാന്യനായ അറക്കപറമ്പില്‍ ആന്റണി. ആളൊരു അറിയപ്പെടുന്ന നിരീശ്വരവാദിയാണ്. പള്ളിയും പട്ടക്കാരനുമൊക്കെ പുള്ളിക്കാരനു പരമപുച്ഛമാണ്. അദ്ദേഹത്തിന്റെ പത്‌നിയാണ് ശ്രീമതി എലിസബത്ത്. ആളൊരു തികഞ്ഞ വിശ്വാസിയാണ്.
ആദര്‍ശത്തിന്റെ പൊയ്മുഖ മണിഞ്ഞു നടക്കുന്ന ആന്റണിയെക്കൊണ്ട് ഇന്നുവരെ ആര്‍ക്കും അഞ്ചുനയാപൈസായുടെ ഗുണമുണ്ടായിട്ടുള്ളതായി അറിവില്ല. തികച്ചും ഒരു കുറുക്കന്റെ കൗശലത്തോടെ, അധികാരത്തിന്റെ പടികള്‍ ചവുട്ടിക്കയറി ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിവരെയായി. കേന്ദ്രമന്ത്രി സ്ഥാനം അലങ്കരിച്ചപ്പോള്‍ സര്‍ക്കസിലെ കോമാളിയെപ്പോലെ ചങ്ങഴി കമഴ്ത്തിയതു പോലെ, ചിത്രപ്പണി ചെയ്ത ഒരു തൊപ്പിതലയിലുണ്ടായിരുന്നു.
ആന്റണി-എലിസബത്ത് ദമ്പതികള്‍ക്ക് അനില്‍ എന്നും, അജിത് എന്നും നാമകരണം ചെയ്യപ്പെട്ട രണ്ട് അരുമ കുഞ്ഞുങ്ങളുണ്ട്. അനില്‍ മോന്റെ മോന്ത കണ്ടാല്‍, നമ്മള്‍ ഏതാണ്ടു ചെയ്തതു പോലെയുള്ള ഒരു ഭാവമാണ്. ഈ ലോകത്തോടു തന്നെ ഒരു മാതിരി വെറുപ്പുള്ള ഭാവം. ഏതായാലും പയ്യന്റെ ഒന്നു രണ്ട് സ്‌ക്രൂ പോയിക്കിടക്കുകയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.
ചെറുക്കന്റെ എന്‍ജിനീയറിംഗ് പരീക്ഷയൊക്കെ പാസ്സായി, തരക്കേടില്ലാത്ത ഒരു ജോലിയും ചെയ്തു ജീവിക്കുകയായിരുന്നു. എന്നാല്‍ തന്റെ അപ്പനെപ്പോലെ വിയര്‍ക്കാതെ അപ്പം ഭക്ഷിക്കണമെന്ന് ആഗ്രഹം അവനെ അലട്ടി-രാഷ്ട്രീയമാണല്ലോ വലിയ അദ്ധ്വാനമൊന്നുമില്ലാതെ, പെട്ടെന്നു പത്തു പുത്തനുണ്ടാക്കുവാനുള്ള പറ്റിയ പണി. അപ്പന്‍ അന്തോണി എട്ടുക്കും ഏഴുക്കും അടുക്കുന്നില്ല. തന്നെയുമല്ല കോവിഡ്ബാധിതനായ ശേഷം, അദ്ദേഹത്തിന് പഴയ 'കോണ്‍ഫിഡന്‍സ്' ഒന്നുമില്ല.
വിഷയം മാതാജിയുടെ അടുത്ത് അവതരിപ്പിച്ചു. 'എനിക്കു ജനസേവനം ചെയ്യണം, എനിക്കു ജനസേവനം ചെയ്യണം' എന്ന ഒടുക്കത്തെ പിടിവാശി. കോണ്‍ഗ്രസ് ഈ അടുത്ത കാലത്തൊന്നും ഗതിപിടിക്കുമെന്നു തോന്നുന്നില്ല. അധികാരമില്ലാത്ത രാഷ്ട്രീയം, ഉള്ളിയില്ലാത്ത സാമ്പാറു പോലെയാണ്.
മക്കളുടെ ആഗ്രഹം എങ്ങിനെയെങ്കിലും ബാധിച്ചു കൊടുക്കണമെന്നാണല്ലോ അമ്മമാരുടെ മനസ്-ഇനിമാണ് ട്വിസ്റ്റ്.
ആലപ്പുഴക്കടുത്ത് 'കൃപാസനം' എന്നൊരു സ്ഥാപനമുണ്ട്. ഈ ആസനത്തില്‍ അഭയം പ്രാപിച്ച് അപേക്ഷിച്ചാല്‍ ഏതു കാര്യവും സാധിക്കുമത്രേ! ഇവിടുത്തെ പാതിരിക്ക് സ്വര്‍ഗ്ഗരാജ്യവുമായി ഡയറക്ട് കോണ്‍ഡാക്റ്റാണ്. ഒരു തുണ്ടു കടലാസില്‍ നമ്മുടെ ആവശ്യം എഴുതി കൊടുത്താല്‍ മതി. ആ വഴിക്ക് ഒന്നു നീങ്ങാമെന്ന് അവര്‍ തീരുമാനിച്ചു.
എന്റെ ഭര്‍ത്താവ് അറക്കപറമ്പില്‍ ആന്റണി ആര്‍ക്കും ഒരു ഉപകാരവും ചെയ്യാത്ത ഒരു നിര്‍ഗുണനാണ്. മകന്‍ അനിലിന് രാഷ്ട്രീയത്തില്‍ കേറണമെന്നുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നാല്‍ ഒരു ഗുണവുമില്ല എന്നാണ് അവന്‍ പറയുന്നത്. അധികാര രാഷ്ട്രീയത്തിലാണു അവനു താല്‍പര്യം. ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട അച്ചന്‍ ഒരു ഉപദേശം തരണം-എന്നു വിനീത വിധേയ, എലിസബത്ത്'-
ഈ അപേക്ഷ വായിച്ച അച്ചന്‍ കരഞ്ഞുപോയി. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്തവനാണ് ഇദ്ദേഹം. ഉടന്‍ തന്നെ ഫോണെടുത്ത് സ്വര്‍ഗ്ഗത്തില്‍, പരിശുദ്ധ മാതാവിനെ വിളിച്ചു.
'മാതാവേ, ഞാന്‍ കൃപാസനത്തില്‍ നിന്നും അച്ചനാണ് വിളിക്കുന്നത്.'
'എന്റെ മകനേ- നിന്നെക്കൊണ്ട് വല്യശല്യമായല്ലോ! ഞാനിവിടെ വളരെ ബിസിയാണ്.- വളിച്ചകാര്യം പറ'.
കൃപാസനം അച്ചന്‍ വിഷയം അവതരിപ്പിച്ചു.
'നമുക്കു രണ്ടു കൂട്ടര്‍ക്കും പ്രയോജനമുള്ള കാര്യമാണ്-'
'മകനേ, സ്വര്‍ഗ്ഗത്തില്‍ രാഷ്ട്രീയമൊന്നുമില്ല. ഏതായാലും നീ നാണില്ലാതെ വിളിച്ചതല്ലേ? ഞാനൊന്നു പറഞ്ഞു നോക്കാം.
മാതാവ് വിഷയം യേശുവിന്റെ മുന്നില്‍ അവതരിപ്പിച്ചു.
'അമ്മ എന്തിനാണ് ഈ ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നത്? പണ്ടു കാനാവിലെ കല്യാണത്തിനു വീഞ്ഞുണ്ടാക്കണമെന്നു പറഞ്ഞ് എന്നെ കുഴപ്പത്തില്‍ ചാടിച്ചില്ലേ? ആ സംഭവം പറഞ്ഞാണ് പല കുടിയന്മാരും കൂത്താടി നടക്കുന്നത്. അമ്മ പഞ്ഞതല്ലേ; ആ പയ്യന്റെ ഇഷ്ടം പോലെ ചെയ്യാന്‍ പറ.'
മാതാവ്, ഈ വിവരം കൃപാസനത്തിലെ അച്ചനെ വിളിച്ചു പറഞ്ഞു. അച്ചന്‍ എലിസബത്തിനെ വിവരം ധരിപ്പിച്ചു. അനില്‍ മോന്‍ ബി.ജെ.പി.യില്‍ ചേരുവാനാണ് പറഞ്ഞിരിക്കുന്നത്. അവിട അവന്‍ ഉന്നത പദവിയിലെത്തും. ചിലപ്പോള്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി വരെ ആകുവാന്‍ സാദ്ധ്യതയുണ്ട്-'
ഈ വാക്കുകള്‍ കേട്ടതോടെ എലിസബത്തിനു ബി.ജെ.പി.യോടുണ്ടായിരുന്ന അറപ്പും വെറുപ്പും ദേഷ്യവും മാറി. അവര്‍ക്കൊരു പുതിയ ഹൃദയമുണ്ടായി.
'അച്ചോ, ഒരു കാര്യം കൂടി- കൊറോണാ ബാധിതനായ ശേഷം തങ്കച്ചന് യാതൊരു ശുഷ്‌കാന്തിയുമില്ല. അതു തിരികെ നല്‍കി, അങ്ങേരെ വര്‍ക്കിംഗ് കമ്മറ്റിയില്‍ എടുപ്പിക്കണം. അതുപോലെ വീട്ടിലെ ക്രമസമാധാനനില പുന:സ്ഥാപിക്കണം-'
'അതൊക്കെ എപ്പോഴെ നടപ്പിലായിക്കഴിഞ്ഞു.'
'ഞാന്‍ ഈ വലിയ ഉപകാരത്തിന് എങ്ങിനെയാണു നന്ദി പറയേണ്ടത്.'
'നന്ദിയൊന്നും വേണ്ടാ- ഈ നടന്ന കാര്യങ്ങളൊക്കെ ഒന്നു സാക്ഷ്യപ്പെടുത്തണം- ഞങ്ങളതു വീഡീയോയില്‍ പകര്‍ത്തി എല്ലാ ചാനലുകാര്‍ക്കും കൊടുക്കും. അങ്ങിനെ നീ ഭാഗ്യവതി എന്ന് എണ്ണപ്പെടും. നിന്റെ ഖ്യാതി ലോകമെങ്ങും പരക്കും- ഞങ്ങള്‍ക്കും നല്ല മൈലേജ് കിട്ടും-'
അങ്ങിനെ ഒരു വീഡിയോ വന്നതുകൊണ്ടാണ് നമ്മള്‍ക്ക് ഈ നല്ല വാര്‍ത്ത അറിയുവാന്‍ കഴിഞ്ഞത്.
ഏതായാലും ഈ വയസുകാലത്ത് അമ്മയും മകനും കൂടി ആന്റണിക്ക് കൊടുത്തത് ഒന്ന് ഒന്നര പണി ആയിപ്പോയി! ആമീന്‍!