ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കു വലുതാണ്. പണ്ട് ഏതാനും പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്തു ജനങ്ങൾ തലേന്നു നടന്ന കാര്യങ്ങളാണ് രാവിലെ അറിഞ്ഞിരുന്നത്. അന്ന് പത്ര മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് അതീവ ശ്രദ്ധയോടെയായിരുന്നു. ചില വാർത്തകൾ പ്രസിദ്ധീകരിച്ചാൽ അത് സമൂഹത്തിനു ദോഷം ചെയ്യുമെന്നുണ്ടെങ്കിൽ ആ വാർത്തകൾ വെളിച്ചം കാണില്ലായിരുന്നു. അതുപോലെ തന്നെ വാർത്തകളുടെ ആധികാരികത ഉറപ്പു വരുത്തിയിട്ട് മാത്രമേ പ്രസിദ്ധീകരിക്കയുണ്ടായിരുന്നുള്ളൂ. ഏതാനും പത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവർ തമ്മിൽ മത്സരം ഉണ്ടായിട്ടും ചില വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അന്യോന്യം ആലോചിച്ചിരുന്നു. അതുകൊണ്ടു തന്നെ രാജ്യ സുരക്ഷയെ ബാധിക്കുന്നതോ മതസഹാർദ്ദം തകർക്കുന്നതോ ആയ ഒരു വാർത്തയും അവർ പ്രസിദ്ധീകരിച്ചിരുന്നില്ല.
ഇന്ന് കാല മാറി. സമൂഹ മാധ്യമങ്ങൾ വാർത്താ വിതരണ ലോകത്ത് ചിറകു വിരിച്ചതോടെ മേൽപറഞ്ഞ യാതൊരു വ്യവസ്ഥിതിയും പാലിക്കേണ്ട ഉത്തരവാദിത്തം ഇല്ലാതായി. മറ്റുള്ളവരെക്കാൾ കൂടുതൽ 'വ്യൂവർഷിപ്' കിട്ടുവാനായി എന്തും വിളിച്ചു പറയുന്നത് ന്യായമാണെന്ന സ്ഥിതി സംജാതമായി. യൂട്യൂബിൽ ഓരോ ഭാഷയിലും നൂറു കണക്കിനു പോർട്ടലുകൾ തുറക്കപ്പെട്ടു. യാതൊരു മാധ്യമ പരിശീലനവും പരിചയവും ഇല്ലാത്തവർ പോലും വാർത്താ അവതാരകരായി പ്രത്യക്ഷപ്പെട്ടു. ഓരോരുത്തരുടെയും സബ്‌സ്‌ക്രിപ്ഷനിലും വ്യൂവർഷിപ്പിനും അനുസരിച്ചു വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ എങ്ങനെയും വ്യൂവർഷിപ്പ് കൂട്ടുവാനായി ഇവർ യാതൊരു എത്തിക്‌സുമില്ലാതെ എന്തും വിളിച്ചു പറയാൻ തുടങ്ങി.
സർക്കാരിന്റെ പരസ്യം കിട്ടിക്കൊണ്ടിരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ സർക്കാരിന്റെ അഴിമതിക്കഥകൾ പുറത്തു കൊണ്ടുവരാൻ മടിച്ചതോടെ അവ പച്ചയ്ക്കു വിളിച്ചു പറയാൻ ചില യൂട്യൂബ് മാധ്യമങ്ങൾ ധൈര്യപ്പെട്ടു. അതിൽ മുൻപിലായിരുന്നു മറുനാടൻ മലയാളി എന്ന പോർട്ടലും അതിന്റെ വാർത്താ അവതാരകൻ ഷാജൻ സ്‌കറിയായും. അദ്ദേഹത്തിന്റെ വാർത്താ വീഡിയോകൾ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കാണികൾ ഉണ്ടായതോടെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുതിയ പുതിയ വിഡിയോകൾ ഇറങ്ങുകയും ചെയ്‌തു. ഇത് ചിലരുടെയെങ്കിലും ഉറക്കം കെടുത്തി. അവർ അദ്ദേഹത്തെ എങ്ങനെയും കുടുക്കാൻ അരകെട്ടി ഇറങ്ങി. അതിന്റെ കഥകൾ കൂടി പുറത്തു വന്നതോടെ കാണികൾ വീണ്ടും കൂടി. അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തുന്ന ഒറ്റയാൻ പട്ടാളം എന്ന പരിവേഷം അദ്ദേഹത്തിന് വന്നു ചേർന്നു. എങ്കിലും തിരുവനന്തപുരം മുതൽ ഡെൽഹി വരെ അനേകം കോടതികളിൽ അദ്ദേഹത്തിനെതിരെ കേസുകൾ ഉണ്ടായി. മുഖ്യമന്ത്രിയുടെ ലാവ്‌ലിൻ കേസ് മാറ്റി വയ്ക്കുന്നതു പോലെ തന്റെയും കേസുകൾ അനന്തമായി നീണ്ടു പോയെങ്കിൽ എന്ന് അദ്ദേഹവും ചിന്തിച്ചിട്ടുണ്ടെങ്കിൽ കുറ്റം പറയാനാകില്ലല്ലോ. അതെന്തെങ്കിലും ആകട്ടെ.
എന്നാൽ ഇപ്പോൾ ഇതെഴുതാൻ കാരണം ഈയിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ ചില വീഡിയോകൾ ആണ്. ഇപ്പോൾ കാനഡയുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കയാണല്ലോ. ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാർ വാന്കൂവറിലെ സിറിയിൽ കൊല്ലപ്പെട്ടത് സംബന്ധിച്ചുണ്ടായ ആരോപണത്തെ തുടർന്നാണത് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. കാനഡ ആരോപിക്കുന്നത് ഇന്ത്യൻ ഏജന്റ്മാരാണ് ആ കൊല നടത്തിയതെന്നാണ്. എന്നാൽ ഇന്ത്യ അത് 'അസംബന്ധം' എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. എന്നാൽ ഷാജൻ സ്‌കറിയ അന്നു രാവിലെ ചെയ്ത വീഡിയോയിൽ "ഇത് ഇന്ത്യ ചെയ്‌തതാണ്" എന്ന് തറപ്പിച്ചു പറഞ്ഞു. ഇത്ര കൃത്യമായി പറയാൻ എന്തു തെളിവാണ് അദ്ദേഹത്തിന്റെ പക്കൽ ഉള്ളതെന്നദ്ദേഹം പറഞ്ഞില്ല. ഇത് കാണികളെ ആശയക്കുഴപ്പത്തിലാക്കും. മുഖ്യധാരാ മാധ്യമങ്ങളൊന്നും ആ അവകാശവാദം ഉന്നയിച്ചില്ല. പിന്നീട് അദ്ദേഹം ഈ വിഷയത്തെപ്പറ്റി നിരവധി വീഡിയോകൾ ചെയ്‌തു. അതിൽ പലതിലും ഇന്ത്യ ആയിരിക്കാം ചെയ്തത് എന്ന തരത്തിൽ അൽപ്പം കൂടി മയപ്പെടുത്തി എന്ന് മാത്രം.
എന്നാൽ അദ്ദേഹം ഈ വീഡിയോകളിൽ എല്ലാം "ഇത് പഴയ ഇന്ത്യയല്ല, തിരിച്ചടി കൊടുക്കാൻ ധൈര്യമുള്ള ഭരണാധികാരിയാണ് ഭരിക്കുന്നത്" എന്ന് ഊന്നി ഊന്നി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മോദിജിയെ പുകഴ്‌ത്തേണ്ടത് ഒരു പക്ഷേ ആവശ്യമായിരിക്കാം, പ്രത്യേകിച്ച് സംസ്ഥാന സർക്കാർ ഒരു വേട്ടപ്പട്ടിയെ പോലെ അദ്ദേഹത്തെ ആക്രമിക്കുമ്പോൾ. ആയിക്കോട്ടെ, പക്ഷേ, ഇങ്ങനെയുള്ള പ്രസ്‌താവനകൾ ക്യാനഡയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ദോഷമായി ബാധിക്കും എന്നു മനസ്സിലാക്കണം. ഇന്ത്യൻ ഏജന്റമാർ ആണ് ചെയ്‌തതെന്ന് ആധികാരികമായി പറയാൻ ഇങ്ങനെയുള്ള അവതാരകർക്ക് എന്തവകാശം? ഇങ്ങനെയുള്ള പ്രസ്‌താവനകൾ സർക്കാരിനെയും മോദിയെയും സഹായിക്കയല്ല വെട്ടിലാക്കുകയാണ് എന്നു മനസ്സിലാക്കണം. ഇത് സഹായിക്കുന്നത് ജസ്റ്റിൻ ട്രൂഡോയെയാണ്. ട്രൂഡോ പറയുന്നതാണ് ശരി എന്നല്ലേ ഇതിന്റെ അർഥം!
ഈയിടെ ഈ ലേഖകൻ ക്യാനഡയിലുള്ള ടോറോന്റോ, ബാരി, ലണ്ടൻ, കിച്ചനെർ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു പല ഇന്ത്യൻ വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നു. ഈ നാട്ടിൽ വന്നു ജീവിതം കരുപ്പിടിപ്പിക്കാൻ വളരെയധികം കഷ്ടപ്പെടുന്ന അവരൊക്കെ വളരെ ആശങ്കയിലാണ്. അതിനിടയിൽ ഇങ്ങനെ വ്യൂവർഷിപ്പ് കൂട്ടാനായി സാമൂഹ്യ മാധ്യമങ്ങളിൽ നിരുത്തരവാദപരമായി പ്രസ്‌താവനകൾ ഇറക്കുന്നവർ രണ്ടുവട്ടം ചിന്തിക്കണം. നിങ്ങൾ ഈ വിദ്യാർത്ഥികൾക്കിട്ടു പാര പണിയുകയാണ്. ദയവായി അങ്ങനെ ചെയ്യരുത്!
_________________