Image

സി.എമ്മിനെ കണ്ടപ്പോള്‍ മീഡിയയുടെ നാവിറങ്ങിപ്പോയോ ?: (കെ.എ. ഫ്രാന്‍സിസ്)

കെ.എ. ഫ്രാന്‍സിസ്  Published on 27 September, 2023
സി.എമ്മിനെ കണ്ടപ്പോള്‍ മീഡിയയുടെ നാവിറങ്ങിപ്പോയോ ?: (കെ.എ. ഫ്രാന്‍സിസ്)

എന്തായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തതിലുള്ള പുകില്, കണ്ടപ്പോഴാ ? ഇവന്മാരുടെ നാവൊക്കെ ഇറങ്ങിപ്പോയോ ? അലോസരപ്പെടുത്തുന്ന ഒരു ചോദ്യവും വന്നില്ല. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എഴുതി തയ്യാറാക്കിയ വിശദമായ മറുപടി മുഖ്യന്‍ പറയുകയും ചെയ്തു. പത്രസമ്മേളനത്തില്‍ ഒരു 'കറുത്ത വറ്റാ'യി ഒരു മാധ്യമപ്രവര്‍ത്തകനും  ഒരു ചോദ്യവും ചോദിച്ചില്ല. ഇനി മുഖ്യന്‍ പത്രസമ്മേളനം നടത്തില്ലെന്ന് ഇവരാരും പരാതിപ്പെടരുത്. 

അടുത്ത മന്ത്രിസഭാ പുന:സംഘടനയില്‍ ആരോഗ്യ മന്ത്രി സ്ഥാനം വീണ ജോര്‍ജ്ജിന് നഷ്ടപ്പെടുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ വീണയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അഖില്‍ മാത്യു സംശയത്തിന് നിഴലിലായതും  വീണ മന്ത്രി അയാള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതും വലിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. പത്തനംതിട്ടക്കാരന്‍ തന്നെയായ സ്ഥിരം കുറ്റവാളിയെന്ന അഖില്‍ സജീവാണത്രേ ഇതിനു പിന്നില്‍. അയാളുടെ വീടാകട്ടെ കുറെ കാലമായി പൂട്ടിയിട്ട നിലയിലാണ്. പലതരം ജപ്തി നോട്ടീസുകള്‍ വാതിലില്‍ പതിച്ചിട്ടുണ്ട്. ഭാര്യ പിണങ്ങിപ്പോവുകയും ചെയ്തു. ഹരിദാസ് എന്ന മലപ്പുറത്തുകാരന്‍ തന്റെ മരുമകളായ ഡോക്ടര്‍ക്ക് ജോലി തരാമെന്ന് കാണിച്ച് ആയുഷില്‍ നിന്നയച്ച കത്തും ഇതിന്റെ പേരില്‍ അഖില്‍ സജീവും, അഖില്‍ മാത്യുവും കൈക്കൂലി വാങ്ങിയെന്ന  പരാതിയും വീണാ മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതി അഖില്‍ മാത്യുവിന്റെ പരാതിയാണ് മന്ത്രി നേരിട്ട് ഇടപെട്ട് തിരുവനന്തപുരം കണ്ടോണ്‍മെന്റ് പോലീസ് കേസ് ആക്കിയത്. പ്രതികളെ ആരെയും ചേര്‍ത്താതെയാണ് കേസ്. ഇനി ഹരിദാസ് എന്ന പരാതിക്കാരന്‍ പ്രതിയാവില്ലെന്ന് ആരു കണ്ടു ? അന്വേഷണത്തില്‍ അഖില്‍ സജീവ് സി.ഐ.ടി.യു ഓഫീസ് സെക്രട്ടറി ആയിരുന്ന കാലത്ത് തൊഴിലാളികള്‍ അടച്ച മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന ആരോപണം ഉണ്ട്. 9 വര്‍ഷം ഓഫീസ് സെക്രട്ടറി സ്ഥാനത്തു ഇയാളുണ്ടായിരുന്നു. 

ഡോക്ടര്‍ നിയമനത്തിന് 5 ലക്ഷം രൂപയാണ് ചോദിച്ചത് എന്നും അതില്‍ 1.75 ലക്ഷം രൂപ നല്‍കിയെന്നുമാണ് മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളിയുടെ പരാതി. അഖില്‍ സജീവിനു  75,000 രൂപയും മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇദ്ദേഹം കൈക്കൂലി നല്‍കി പോലും. എന്നിട്ടും മരുമകള്‍ക്ക് ജോലി കിട്ടിയതുമില്ല.  ഇപ്പോള്‍ കൈയ്യിലെ പണം വെറുതെ പോയത് മാത്രമല്ല കേസിലുമാകും. 

അടിക്കുറിപ്പ് : ഭരണകക്ഷിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ വീണ്ടും കലിപ്പിലാണ്. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും സര്‍ക്കാരിനും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.  മന്ത്രിമാര്‍ മണ്ഡലം സദസിനു പോകുന്നത് തിരിച്ചടിയാകുമെന്നും സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി - ക്വാറി മാഫിയ ആണെന്നും വിമര്‍ശനമുണ്ടായി. കാനം സമ്മേളനത്തിന്റെ വികാരമനുസരിച്ച് 'തിരുത്തല്‍ ശക്തി'യാവാന്‍  ഒരു ശ്രമം നടത്തുമോ എന്നാണ് കണ്ടറിയേണ്ടത്. മുഖ്യമന്ത്രിയുമായ മാസപ്പടി ഭരണ മുന്നണിയെ ബാധിക്കും. സി.പി.ഐ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തൃശൂര്‍ പാര്‍ലമെന്റ് സീറ്റിന്റെ  കാര്യം കരുവന്നൂര്‍ കേസിന്റെ പേരില്‍ പോകുമെന്നാണ് അവരുടെ ആശങ്ക.

കെ.എ. ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക