Image

മകളുടെ വിവാഹത്തിനായി ലോക്കറില്‍ സൂക്ഷിച്ച പണം ചിതലരിച്ചു;നഷ്ടമായത് പതിനെട്ടു ലക്ഷം രൂപ : (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 29 September, 2023
മകളുടെ വിവാഹത്തിനായി ലോക്കറില്‍ സൂക്ഷിച്ച പണം ചിതലരിച്ചു;നഷ്ടമായത് പതിനെട്ടു ലക്ഷം രൂപ : (ദുര്‍ഗ മനോജ്)

പണം പല മട്ടില്‍ സൂക്ഷിക്കാറുണ്ട് നമ്മള്‍. അരി പാത്രത്തില്‍, കുടുക്കയില്‍, പെട്ടിയിലെ രഹസ്യ അറയില്‍ അങ്ങനെ പല വിധത്തില്‍ സ്ത്രീകള്‍ പണം ഒളിപ്പിച്ചു വെക്കാറുണ്ട്. എന്നാല്‍ അതൊക്കെ ചെറിയ തുകകളാവും. അല്പം കൂടുതല്‍ കാശ് വന്നാല്‍ അതു വീട്ടില്‍ സൂക്ഷിക്കാതെ നേരെ അക്കൗണ്ടില്‍ അടക്കാനേ നമ്മള്‍ ശ്രമിക്കൂ. എന്നാല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നും പുറത്തു വരുന്നത് ഒരു വിചിത്രവാര്‍ത്തയാണ്. മകളുടെ വിവാഹത്തിനായി അമ്മ ശേഖരിച്ച പണം അത് ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയില്‍ ഒരു ലോക്കര്‍ ആരംഭിച്ച് അതില്‍ സൂക്ഷിക്കാന്‍ തുടങ്ങി.

ബാങ്ക് ലോക്കറുകള്‍ സ്വര്‍ണവും മറ്റ് ഡോക്യുമെന്റുകളും സൂക്ഷിക്കാനുള്ളതാണ്. അതൊരിക്കലും പണം സൂക്ഷിക്കേണ്ട ഇടമല്ല. മാത്രവുമല്ല, ലോക്കറില്‍ എന്താണു സൂക്ഷിക്കുന്നത് എന്ന് ബാങ്ക് അറിയുന്നുമില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അല്‍ക്ക പഥക് എന്ന സ്ത്രീ 18 ലക്ഷം രൂപ ബാങ്ക് ലോക്കറിനുള്ളില്‍ വെച്ചത്. ഇപ്പോള്‍ കെ വൈ സി പുതുക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടത് അനുസരിച്ച് ബാങ്കില്‍ വന്ന അവര്‍ ലോക്കറും പരിശോധിച്ചപ്പോഴാണ് പണം മുഴുവന്‍ ചിതലുതിന്നതായി കാണുന്നത്. ഇതറിഞ്ഞ് ബാങ്ക് അധികൃതരും ഞെട്ടി. അതോടെ വിവരം ബാങ്ക് ആസ്ഥാനത്ത് അറിയിച്ചു.
റിസര്‍വ് ബാങ്ക് നിയമപ്രകാരം ലോക്കറില്‍ പണം സൂക്ഷിക്കുന്നതു നിരോധിച്ചിട്ടുണ്ട്. ബാങ്കിന്റെ ലോക്കര്‍ കരാറിലും ഇതു വ്യക്തമാക്കിയിട്ടുണ്ട്. ലോക്കറിലുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയാല്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ട്. കെട്ടിടം തകര്‍ന്നു വീഴുകയോ തീപിടിക്കുകയോ ചെയ്താലും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ നിയമം ലംഘിച്ച് പണം സൂക്ഷിച്ച കേസില്‍ ബാങ്ക് നടപടി എന്താവും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

ഇന്നും സീറോ ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങാവുന്ന നാടാണ് നമ്മുടേത്. എന്നിട്ടും ആളുകള്‍ പണം, പണമായിത്തന്നെ അക്കൗണ്ടില്‍ അടക്കാതെ മറ്റു പലതിലും സൂക്ഷിക്കുന്നത് ഇത്തരം വലിയ ധനനഷ്ടത്തിലേക്കു മാത്രമേ നയിക്കൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക