Image

നിക്ഷേപകര്‍ക്ക് ഇ.ഡി ദൈവം വന്നതുപോലെ... : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 29 September, 2023
നിക്ഷേപകര്‍ക്ക് ഇ.ഡി ദൈവം വന്നതുപോലെ... : (കെ.എ ഫ്രാന്‍സിസ്)

കൊടുങ്ങല്ലൂര്‍ ബാങ്കില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം നിക്ഷേപിച്ചവര്‍ക്ക് 'നിങ്ങളുടെ ചില്ലിക്കാശ് വരെ' തിരിച്ചു തരും എന്ന് പറയാന്‍ തുടങ്ങിയിട്ട് എത്ര നാളായി ? ഇപ്പോഴെങ്കിലും അത് തരാന്‍ സര്‍ക്കാര്‍ നെട്ടോട്ടമോടിയത്  ഇ.ഡി വന്നത് കൊണ്ടല്ലേ ? ഇ.ഡിയ്ക്ക് സ്‌തോത്രം ! 

എം.കെ കണ്ണനെ ഇ.ഡി ആരോഗ്യ കാരണങ്ങളാല്‍ ചോദ്യം ചെയ്യുന്നത് നിര്‍ത്തി വച്ചെന്നു പറയുമ്പോള്‍ താന്‍ ആരോഗ്യവാനാണെന്ന് കണ്ണനും പറയുന്നു. ഇ.ഡി  വന്നത് കരുവന്നൂര്‍ സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് രക്ഷയായി. നിക്ഷേപകരുടെ ചില്ലിക്കാശ് നഷ്ടപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും വാഗ്ദാനം ഒരാഴ്ചക്കകം സഫലമായേക്കും. മുഖ്യന്‍ പിണറായി കേരള ബാങ്ക് വൈസ് പ്രസിഡണ്ടായ എം.കെ കണ്ണനുമായ ചര്‍ച്ചയില്‍ അങ്ങനെയൊരു പ്രശ്‌നപരിഹാരം തൃശൂര്‍  രാമനിലയത്തില്‍ വച്ചുണ്ടായതായാണ് അറിവ്. കരുവന്നൂര്‍ ബാങ്ക് പ്രശ്‌നം മൂലം തൃശ്ശൂര്‍ ജില്ലയിലെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധമുള്ള നാണക്കേടല്ലേ വരുത്തിവെച്ചത്? നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നതിന്റെ പ്രധാന കാരണം ചിലര്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ  പേരില്‍ നടന്ന ചില അഡ്ജസ്റ്റ്‌മെന്റ് കൊണ്ടാണെന്നല്ലേ ഇപ്പോള്‍ മറ്റു രാഷ്ട്രീയ കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. ഇ.ഡിയുടെ റെയ്ഡ് വാര്‍ത്തകള്‍ 
വന്നതോടെ ഉന്നതരായ പലരുടെയും വെള്ളക്കുപ്പായത്തില്‍ ചെളി തെറിക്കുകയും ചെയ്തു. 

കേരള ബാങ്കിന്റെ യോഗം നാളെ ചേര്‍ന്ന് 50 കോടി കരുവന്നൂര്‍ ബാങ്കിനു നല്‍കാനാണ് ശ്രമം. നേരത്തെ മറ്റൊരു ശ്രമം നടത്തി ഇങ്ങനെ സെറ്റില്‍മെന്റ് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും റിസര്‍വ്ബാങ്ക് ഉടക്കിട്ടു. രാഷ്ട്രീയക്കാര്‍ മാത്രമല്ല, പോലീസുകാരും ചക്കരക്കുടത്തില്‍ കയ്യിട്ടു വാരിയിട്ടുണ്ട്. മുന്‍ പോലീസ് സൂപ്രണ്ട് കെ.എം ആന്റണി, ഡി.വൈ.എസ്.പി  ഫെയ്മസ് വര്‍ക്ക് എന്നിവരുടെ പേരിലും ഇ.ഡി അന്വേഷണം ഉണ്ട്. 

വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അഖില്‍ മാത്യുവിനെതിരെ പരാതി നല്‍കിയതിനെതിരെ അഖില്‍ മാത്യു നല്‍കിയ പരാതിയിന്മേലുള്ള കേസന്വേഷണത്തിന് കന്റോണ്‍മെന്റ് എസ്.ഐയായ ഷെഫിന്‍ മലപ്പുറത്തെ ഹരിദാസിന്റെ വീട്ടില്‍ ഒന്‍പതര മണിയോടെ ഓടിയെത്തി ചോദ്യം ചെയ്യല്‍ തുടങ്ങി. ഇതോടെ ഇതില്‍ എ.ഐ.എസ്.എഫ് നേതാവ് ബാസിദും ഒരു ലെനിനും കൂടി നടന്ന ചില കളികളും ഇപ്പോള്‍ പുറത്തു വന്നു. അഖില്‍ മാത്യുവിന്റെ അമ്മ തന്നെ പറയുന്നത് ഹരിദാസന്‍ പറയുന്ന സമയത്ത് അഖില്‍  മാത്യു പത്തനംതിട്ടയില്‍ തന്നെയുണ്ടെന്നാണ്. അതേസമയം ഹരിദാസ് ടിവിയില്‍ കണ്ട അഖില്‍ മാത്യുവിന്റെ  ദൃശ്യം കണ്ടു തിരിച്ചറിയുകയും ചെയ്തു. മരുമകളായ ഹോമിയോ ഡോക്ടര്‍ക്ക് ജോലി ലഭിക്കാന്‍ ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷം കൈക്കൂലിയായി നല്‍കിയെന്നാണ് ഹരിദാസിന്റെ പരാതി. വഞ്ചനാ കേസ്സായി  രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ഇപ്പോള്‍ പ്രതികള്‍ ഇല്ല. ഇന്നലെ നാം പറഞ്ഞതുപോലെ ഹരിദാസന്‍ ഇനി പ്രതിയാവാനും ഇടയുണ്ട്. 

കോട്ടയത്ത് ബസ്സുടമ രാജമോഹനെ സി.ഐ.ടി.യു നേതാവ് അജയന്‍ മര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതിയില്‍ പരസ്യമായി രാജമോഹനോട് മാപ്പ് പറഞ്ഞു കേസ് സബൂറാക്കി. പോലീസിനെ കബളിപ്പിച്ച് ചെന്നൈയില്‍ ഒളിവിലായിരുന്നു 'പട്ടി റോബിനെ' പിടികൂടി. സുഹൃത്ത് അനന്തു പ്രസന്നന്‍  കൊണ്ടുവച്ച് ബാഗാണിതെന്ന് ആണ് റോബിന്റെ വാദം. പോലീസ് അനന്തു പ്രസന്നനെ തേടുന്നു. ഇനി അങ്ങനെ ഒരാളുണ്ടോ ആവോ ? 

അടിക്കുറിപ്പ് : ഇരട്ട ചങ്കന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിലേക്ക് പെരുമഴ എത്തിക്കാന്‍  'ഇരട്ട ന്യൂനമര്‍ദ്ദം' കടലില്‍ രൂപപ്പെട്ടു വരുന്നു. 14 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് അതില്‍ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. മഴ മതിയായാല്‍ പറയണേ എന്ന മട്ടിലാണ് അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും രണ്ടു ചക്രവാത ചുഴികളും.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക