Image

ഏകാന്തതയുടെ അപാര തീരം : (എസ്. ബിനുരാജ്)

എസ്. ബിനുരാജ് Published on 30 September, 2023
ഏകാന്തതയുടെ അപാര തീരം : (എസ്. ബിനുരാജ്)

' ഈ പാട്ട് കാലത്തെ അതിജീവിക്കും '
മദിരാശിയിലെ രേവതി സ്റ്റുഡിയോയിലെ റെക്കോഡിംഗ് ബൂത്തില്‍ നിന്നും പാട്ട് പാടി പുറത്തിറങ്ങിയ ആ ഗായകനെ ആ വലിയ എഴുത്തുകാരന്‍ ആലിംഗനം ചെയ്ത ശേഷം പറഞ്ഞ അനുമോദന വാചകമാണിത്. 

അദ്ദേഹം പറഞ്ഞതു പോലെ പാട്ട് കാലത്തെ അതിജീവിച്ചു. ഈ ഗാനത്തെ കുറിച്ച് ഇങ്ങനെയൊരു പ്രവചനം നടത്തിയത് വൈക്കം മുഹമ്മദ് ബഷീറാണ്. പലവുരു പരിശീലിച്ച് പാടി പാടി തളര്‍ന്നു പോയ ആ ഗായകന്‍ കമുകറ പുരുഷോത്തമനും. 

ഭാര്‍ഗവിനിലയത്തിലെ ഏകാന്തതയുടെ അപാര തീരം എന്ന ഗാനം കാലാതിവര്‍ത്തിയായതിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. അതിലൊന്ന് ശാശ്വതമായ മരണത്തെ കുറിച്ചും നശ്വരമായ ജീവിതത്തെ കുറിച്ചുമുള്ള സാര്‍വലൗകിക സത്യം ആ ഗാനം വിളിച്ചു പറയുന്നു എന്നുള്ളതു കൊണ്ടാണ്. മറ്റൊന്ന് കടുകട്ടിയായ കവിതയെ നെഞ്ചില്‍ തറയ്ക്കുന്ന ഗാനമാക്കി മാറ്റിയ ബാബുരാജിന്റെ ഇന്ദ്രജാലം. എന്നാല്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത് കമുകറയുടെ ആലാപനശൈലിയും ഭയത്തിന്റെ തണുപ്പ് അരിച്ചു കയറുന്നത് പോലെയുള്ള ശബ്ദവുമാണ്.

നൂറ്റാണ്ടുകളുടെ ഗോപുരമണികള്‍ വീണു തകര്‍ന്നൊരു തെരുവീഥികളില്‍ എന്ന് കമുകറ പാടുമ്പോള്‍ നമ്മുടെ ജീവിതം പുറകോട്ടു പോകുന്നതായും സമയത്തിന്റെ വേരുകളറ്റു പോയ ശൂന്യമായ തെരുവീഥിയില്‍ നമ്മള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതായും തോന്നിപ്പോകും. ഭയത്തിന് സമാനമായ ഒരു വികാരം നമ്മളെ വന്നു പൊതിയും. 

ഗദ്യം പോലെയുള്ള വരികളാണ് ഭാസ്‌ക്കരന്‍ മാഷ് എഴുതി വിന്‍സന്റ് മാഷിന്റെ കൈയില്‍ കൊടുക്കുന്നത്. ഒരു ഗാനമാക്കി എടുക്കുന്നത് വളരെ പ്രയാസമാണ്. ഏതാണ്ട് ജി ശങ്കരക്കുറുപ്പിന്റെ ശ്രാന്തമംബരം പോലെയും ജി കുമാരപിള്ളയുടെ ഹൃദയത്തിന്‍ രോമാഞ്ചം പോലെയും. ഇങ്ങനെ കനപ്പെട്ട ഗാനം പാടാന്‍ മലയാളത്തില്‍ അന്ന് ആരുമില്ലെന്ന തീരുമാനത്തില്‍ ബഷീറും ബാബുരാജും എത്തി. ബംഗാളി ഗായകന്‍ ഹേമന്ദ് കുമാര്‍ നന്നായിരിക്കുമെന്ന് ബാബുരാജ് പറഞ്ഞു. ബഷീറിനും സമ്മതം. പങ്കജ് മല്ലിക്കിന് ശേഷം രബീന്ദ്ര സംഗീതത്തെ ജനകീയമാക്കിയ ഗായകനായിരുന്നു ഹേമന്ദ് കുമാര്‍. പങ്കജിന്റെ ശൈലിയാണ് ഹേമന്ദും പിന്തുടര്‍ന്നിരുന്നത്. ബഷീറാണെങ്കില്‍ പങ്കജിന്റെ ആരാധകനും. 

മലയാളം പഠിച്ചെടുക്കുന്നത് കടുകട്ടിയാണെന്ന് മനസിലാക്കി ഹേമന്ദ് കുമാര്‍ പിന്മാറി. പിന്നെ ഇനി ആരെ നോക്കും?
 പ്രണയത്തിന്റെ തരളമായ ഭാവങ്ങളോ വിരഹത്തിന്റെ നേര്‍ത്ത ശോകമോ അല്ല ഈ പാട്ടിന്. അതു കൊണ്ട് തന്നെ യേശുദാസിന്റെ ശബ്ദം ഇത്തരം ഗാനത്തിന് യോജിച്ചതല്ലെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായില്ല. 

അപ്പോള്‍ ബാബുരാജ് തന്നെയാണ് കമുകറയുടെ പേര് നിര്‍ദേശിക്കുന്നത്. ആത്മവിദ്യാലയമേ, മറ്റൊരു സീതയെ തുടങ്ങിയ ഗാനങ്ങളായിരിക്കണം ബാബുരാജിന്റെ മനസില്‍ വന്നത്. അങ്ങനെ കമുകറ പാടാനെത്തി. 

പാട്ട് എഴുതിയ കടലാസ് നോക്കിയ കമുകറയുടെ കണ്ണു തള്ളി. ഇതെങ്ങനെ പാടി ഒപ്പിക്കും? ഒന്ന് ചിട്ടപ്പെടുത്തിയെടുക്കാന്‍ തന്നെ പ്രയാസം. തന്റെ ആശങ്ക ബാബുരാജിനോട് അദ്ദേഹം പങ്ക് വച്ചു. 

' പുരുഷോത്തമന്‍ സമാധാനിക്ക്. ഞാനിത് റെഡിയാക്കാം.  ' പിന്നെ സംഭവിച്ചത് ചരിത്രം. 

തിരമാലയുടെ ഉയര്‍ച്ച താഴ്ചകള്‍ പോലെയാണ് ഈ ഗാനത്തിന്റെ രീതി. കഥാപാത്രത്തിന്റെ സംഘര്‍ഷഭരിതമായ മനസിന് ചേരുന്ന തരത്തില്‍ തന്നെ ബാബുരാജ് ഈണമിട്ടു. അടിസ്ഥാനം ആഭേരിയാണെങ്കിലും ഉയര്‍ച്ച താഴ്ചകളില്‍ ഗാന്ധാരവും ധൈവതവുമൊക്കെ ഇടകലര്‍ന്നു വരുന്ന അപൂര്‍വ കമ്പോസിഷന്‍ ആണ് ഏകാന്തതയുടെ മഹാതീരം. ഹാര്‍മ്മോണിയത്തില്‍ സമുദ്രത്തെ ആവാഹിച്ച സംഗീതസംവിധായകനായിരുന്നല്ലോ ബാബുരാജ്. 

തത്വചിന്തപരമായ അര്‍ത്ഥങ്ങളുള്ള ചില ഗാനങ്ങളാണ് കമുകറയെ ശ്രദ്ധേയനാക്കിയത്. ഏകാന്തതയുടെ അപാര തീരത്തിന് പുറമെ  ഹരിശ്ചന്ദ്രയിലെ ആത്മവിദ്യാലയമേ, ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ, കായംകുളം കൊച്ചുണ്ണിയിലെ പടച്ചവന്‍ പടച്ചപ്പോള്‍, തറവാട്ടമ്മയിലെ മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു തുടങ്ങിയ ഗാനങ്ങളിലൂടെ കമുകറ എന്നും ഓര്‍മ്മിക്കപ്പെടുമെങ്കിലും മലയാള ചലച്ചിത്ര ഗാനചരിത്രത്തില്‍ ഓരോ ഗായകനും ഓരോ ഗാനം കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കമുകറയ്ക്ക് നല്‍കാവുന്നത് ഏകാന്തതയുടെ അപാര തീരം തന്നെയാണ്.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ ജനിച്ച കമുകറ പുരുഷോത്തമന്‍ തന്റെ അരങ്ങേറ്റം നടത്തിയത് പ്രസിദ്ധമായ തിരുവട്ടാര്‍ ആദികേശവ  പെരുമാള്‍ ക്ഷേത്രത്തിലാണ്. ഈ ക്ഷേത്രത്തില്‍ വച്ച് തന്റെ വാള്‍ പൂജിച്ച ശേഷമാണ് മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരുമായുള്ള യുദ്ധത്തിന് പുറപ്പെടുന്നത്. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ കീഴടക്കി. തിരുവട്ടാറില്‍ അരങ്ങേറിയ കമുകറ പുരുഷോത്തമന്‍ ഒരൊറ്റ ഗാനം കൊണ്ട് ആസ്വാദക മനസുകള്‍ കീഴടക്കി.

എസ്. ബിനുരാജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക