ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ എടുത്തു പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കാനഡായിലും ഇപ്പോള്‍ പ്രശ്‌നങ്ങളായിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെല്ലാം ഒരിയ്ക്കല്‍ കണ്ടിരുന്ന ഒരു ഏകാത്മകത ഇന്നത്തെ ബഹു സ്വരത മൂലം എത്രമാത്രം നഷ്ടപ്പെടുന്നുവോ അത്രമാത്രം ഏകതാനതയും നഷ്ടപ്പെടുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെല്ലാം ഇന്നൊരു പാരഡൈം ഷിഫ്റ്റ് നടക്കുകയാണ്. കനേഡിയന്‍ ഖാലിസ്ഥാനിവാദ തീവ്രവാദികളുടെ നേതാവ് ഹര്‍ദീപു സിംഗ് നിജ്ജാര്‍ സമീപകാലത്തു കൊല്ലപ്പെട്ടു. ഇന്ത്യയുടെ കറുത്ത കരങ്ങളാണു അതിനു പിന്നില്‍ എന്നും ആ വിവരം യു.എസ് ആണു കാനഡയ്ക്കു ചോര്‍ത്തിക്കൊടുത്തതെന്നും പല അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണിപ്പോള്‍.
ഇന്നു വെറും എട്ടുലക്ഷത്തോളം മാത്രം വരുന്ന കനേഡിയന്‍ സിക്കുകാരിലെ ചിലര്‍, ഹിന്ദുക്കള്‍ അവിടം വിട്ടു പോകണമെന്നു ചന്ദ്രഹാസം ഇളക്കുന്നു. അതായത് കാനഡായെ നിയന്ത്രിക്കാന്‍ തക്കവണ്ണം ജനസംഖ്യയുടെ കേവലം രണ്ട് ശതമാനം മാത്രമായ അവര്‍ രാഷ്ട്രീയപരമായി വളര്‍ന്നിരിക്കുന്നു, അല്ലെങ്കില്‍ അവര്‍ക്കു തന്റേടം വന്നിരിക്കുന്നു. മള്‍ട്ടികള്‍ച്ചറലിസം ഒരു രാജ്യത്തിനു നല്ലതോ, തീയതോ എന്നു സ്വയം ചോദിക്കേണ്ടുന്ന ഒരു അവസ്ഥയിലാണിപ്പോള്‍. അധികാരക്കസേരയില്‍ വീണ്ടും അമര്‍ന്നിരിക്കാന്‍ ഈ രണ്ടു ശതമാനം വരുന്ന സിക്കുകാരുടെ സഹായം അവശ്യം അത്യാവശ്യമായിവരികയാണിപ്പോള്‍. പണ്ടുമുതലേ വിഘടനവാദികളായ സിക്കുകാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തെളിവു സഹിതം പലപ്രാവശ്യം മുമ്പെല്ലാം കാനഡായെ ഇന്ത്യ അറിയിച്ചിട്ടും, അവര്‍ സിക്കു തീവ്രവാദികളെ നിയന്ത്രിക്കേണ്ടതിനു പകരം ഒരു നിസ്സംഗമനോഭാവം പുലര്‍ത്തിയതുമൂലം ഇപ്പോള്‍ മറ്റുപോംവഴിയൊന്നുമില്ലാതെ 'ചെയ്‌തെങ്കില്‍' (?) അതിനു എന്താണു തെറ്റ് ?
ട്രൂഡോയുടെ പരാതിയിതാണ്; ഒരു സോവറിന്‍ രാജ്യമായ തന്റെ രാജ്യത്തു കടന്നു കയറി അവരുടെ ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ നേതാവിനെ വധിക്കാന്‍ ഇന്ത്യക്കെന്തുകാര്യം ? അതു ശരിയല്ല എന്നു വല്ല്യേട്ടനായ യു.എസും കൂടെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്തുപോയി ഇത്തരമൊരു പ്രവര്‍ത്തനം നടത്തുന്നതു അനുവദിക്കാനാവില്ലെന്നാണു സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്‌ളിങ്കന്‍ പറയുന്നത്.... 'അതു വളരെ ഗൗരവമായി എടുക്കേണ്ട കാര്യമാണ്. ഏതെങ്കിലും രാജ്യം അങ്ങനെ ചെയ്യുന്നതു സ്വീകരിക്കാനാവില്ല എന്നതുകൊണ്ടു കൂടുതല്‍ വിശാലമായ പശ്ചാത്തലത്തിലാണു ഈ വിഷയം കാണേണ്ടതു എന്നാണ് '. ഒരു സോവറിന്‍ രാജ്യമായ പാകിസ്ഥാനില്‍ നടന്നുകയറിയല്ലെ ഒരു തീവ്രവാദിയായ ബിന്‍ ലാദനെ വധിച്ചത് ? സദാംഹുസൈനു എന്തു പറ്റി ? അയാളുടെ സ്വന്തം രാജ്യത്തു കടന്നു കയറിയല്ലെ പി്ന്നീടയാളെ കൊലക്കയറിനു ഏല്‍പ്പിച്ചുകൊടുത്തത് ? ഇതെല്ലാം അത്ര പെട്ടെന്നു മറന്നു പോയോ ? കമോണ്‍, ലെറ്റ്‌സ്ബീഫെയര്‍ !!! ഇവരെ ഇല്ലാതാക്കിയതു ശരിയോ തെറ്റോ എന്നു വാദിക്കുകയല്ലിവിടെ. അപ്പോള്‍ ഇന്തയ്ക്കു നിരന്തരം വര്‍ഷാവര്‍ഷങ്ങളായി തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരുവനെ മറ്റൊരു രാജ്യത്തു കയറി വധിച്ചെങ്കില്‍... ? ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് ഓര്‍ക്കണം. ഈ ഒരു കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല ഇതുവരെയും; പ്രത്യുത വെറും അഭ്യൂഹം മാത്രമാണല്ലോ ? ഹാംബര്‍ഗര്‍ കഴിക്കുന്ന ഏവനും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണിതിലെ സുതാര്യത. അതു മാത്രവുമല്ല ഇതെന്തൊരു നീതിയെടേ...?
പാകിസ്ഥാന്‍ ഒരിക്കല്‍ പറഞ്ഞതു അമേരിക്ക നല്ലവനായി അഭിനയിച്ചു അവരെ ഉപയോഗിച്ച ശേഷം വെറും.... പോലെ വലിച്ചെറിഞ്ഞെന്നാണ്. സായിപ്പു മനസ്സിലുള്ളതു മറച്ചു വച്ചു നല്ല പിള്ളയായി പുറമെ അഭിനയിക്കാന്‍ കഴിവുള്ളവനാണെന്നു ഒരിയ്ക്കല്‍ എഴുതിയയതു മറ്റാരുമല്ല നിത്യ ചൈതന്യയതി സ്വാമിജിയാണ്. അതാണു സായിപ്പ്. അവര്‍ക്കു എമേര്‍ജിംഗ് ഇന്ത്യയെ പിണക്കാന്‍ പറ്റിയ സമയമല്ല ഇപ്പോള്‍. ഈ ലേഖകനിവിടെ വരുന്ന കാലത്ത് ഇന്ത്യയിലെ പട്ടിണിയേപ്പറ്റിയും ദാരിദ്ര്യത്തേപ്പറ്റിയും കൂടെ, കൂടെ ഓര്‍മ്മിപ്പിച്ചു വേദനിപ്പിച്ചതിന്റെ ഓര്‍മ്മയിന്നും വേട്ടയാടുകയാണ്. ആ ഇന്ത്യയാണിന്നു ലോകത്തിനു അനിവാര്യഘടകമായി മാറിയിരിക്കുന്നതു. ചൈന എന്ന കമ്മ്യൂണിസ്റ്റ് ശക്തിയുടെ മേല്‍ക്കോയ്മ ഇന്നു പടിഞ്ഞാറിന്റെ ഉറക്കം കെടുത്തുന്നവയാണ്. അതിനുപരി റഷ്യയുമായുള്ള അവരുടെ ചങ്ങാത്തം. പ്രജ്ഞ നഷ്ടപ്പെട്ട രണ്ടു ലോക നേതാക്കള്‍ ! ആ സാഹചര്യത്തിലാണു ഇന്ത്യയുടെ ആവശ്യം ഇന്നു ലോകം മനസ്സിലാക്കുന്നത്. കൂടാതെ ദക്ഷിണ കൊറിയയുടേയും, ജപ്പാന്റെയും ഉപസ്ഥാനത്തിലെ കട്ടുറുമ്പായ ഉത്തര കൊറിയയിലെ പിരാന്തന്‍ ചെറുക്കന്‍ ഉറുമ്പു അരി ചുമന്നു കൊണ്ടു പോകുന്നപോലെ എല്ലാ മാസവും കുറേ വലിയ പച്ചക്കുഴലുകള്‍ നിരത്തിലൂടെ എഴുന്നെള്ളിച്ചു അമേരിക്കയേയും, യൂറോപ്പിനേയും ചൊടിപ്പിച്ചുകൊണ്ടിരിക്കുന്നു. ലക്കും, ലഹാനുമില്ലാത്ത അവന്‍ ഒരെണ്ണം അമേരിക്കയുടെ സുഹൃത്തുക്കളായ ജപ്പാന്റെയോ, ദക്ഷിണ കൊറിയയുടേയോ മേല്‍ വര്‍ഷിച്ചാല്‍...? അപ്പോള്‍ അത്യഭൂതപൂര്‍വ്വമായി, ഒരു സൂപ്പര്‍ പവ്വറായി വളര്‍ന്നു കൊണ്ടിരിക്കുന്ന, എല്ലാവിധ ആധുനീക പടക്കോപ്പുകളുമുള്ള ഇന്ത്യയെ പിണക്കാതെ പുറമേ ചിരിച്ചു തോളില്‍ കയ്യിട്ടു അമേരിക്ക സ്ഥാനം ഉറപ്പിക്കുന്നതോടൊപ്പം അതു ഇന്ത്യ നന്നായി മനസ്സിലാക്കുന്നു എന്നും പാശ്ചാത്യലോകം അറിഞ്ഞിരിക്കേണ്ടതുമാണ്.
കാനഡായിലെ മറ്റു ഇന്ത്യക്കാര്‍ക്കു ഈ പ്രശ്‌നം മൂലം ഒരു പുല്ലും സംഭവിക്കുകയില്ല; ചില ഖാലിസ്ഥാന്‍ തീവ്രവാദികള്‍ അവിടെയും ഇവിടെയുമായി അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇതുപോലെയുള്ള ന്യൂയിസന്‍സിനെ കയറ്റിയതുമൂലം മറ്റു പാശ്ചാത്യ രാജ്യങ്ങളും ഇതേപോലെയുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണിന്ന്. എല്ലാവര്‍ക്കും എങ്ങനെയെങ്കിലും, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വരികയും വേണം, വന്നുകഴിഞ്ഞാല്‍ അവരുടെ രാജ്യത്തിന്റെ, വിശ്വാസത്തിന്റെ രീതിയില്‍ നിയമങ്ങളെല്ലാം വളച്ചൊടിച്ചു പൊളിച്ചെഴുതുകയും വേണം. അവനവന്റെ രാജ്യത്തു നല്ല രീതിയിലാണു കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പിന്നെ എന്തിനു കൂടും, കുടുക്കയും പറുക്കി ഇറങ്ങിത്തരിച്ചിരിക്കുന്നു ?
ഒരു തീവ്രവാദിയുടെ കൊലപാതകത്തിന്റെ ഓരേയൊരു കാരണത്താല്‍ കാനഡായിലെ സായിപ്പന്മാരായ ജനസാമാന്യങ്ങളില്‍ നിന്നും മറ്റു ഇന്ത്യക്കാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാവില്ല; അവരുടെ സംസ്‌കാരം വേറൊന്നാണ്. എന്നാല്‍ മീഡിയ എന്ന പബ്ലിക്ക് ന്യൂയിസന്‍സ് ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഒരുത്തനെ വളര്‍ത്താനും, അതേനാണയത്തില്‍ അവനെ തളര്‍ത്താനും കഴിവുള്ളവരാണ് മീഡിയക്കാര്‍. ഒരു പ്രശ്‌നമുണ്ടായാല്‍ അത് ഊതിപ്പെരുപ്പിക്കനുള്ള അവരുടെ പങ്ക് അപാരമാണ്.
കാനഡായിലെ ട്രൂഡോ ഒരു അപക്വമതിയാണ്. പണ്ടുമുതലേ അയാള്‍ ഇന്ത്യയുടെ നല്ല ലിസ്റ്റിലുള്ളവനല്ല. നാലു വോട്ടിനുവേണ്ടി ഈ തീവ്രവാദി ജനുസിന്റെ തോളില്‍ കൈയ്യിട്ടു നടക്കുകയാണയാള്‍. നിജ്ജാറിന്റെ പേരില്‍ കാനഡയ്ക്കു ഇന്ത്യയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല, അത്രമാത്രം ശക്തമായ ഒരു രാഷ്ട്രമാണിന്ന് ഇന്ത്യ - ഇന്നു ഇന്ത്യയാണു താരം ! ഇന്നു ഇന്ത്യയ്ക്കു കാനഡായേ വേണ്ടതിനേക്കാള്‍ കാനഡായ്ക്ക് ഇന്ത്യയെ ആണ് കൂടുതല്‍ ആവശ്യം ! ലോകം വളരെ വേഗത്തില്‍ നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ സാങ്കേതിക വിദ്യ കൈവെള്ളയില്‍ കൊണ്ടു നടക്കുന്ന ഇന്ത്യക്കാരെ ഇന്നല്ലെങ്കില്‍ വരും കാലങ്ങളിലും കാനഡായ്ക്ക് ആശ്രയിക്കേണ്ടതായി വരും. മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ആണ് ഇന്ന് കാനഡായില്‍ പഠിക്കുന്നത്. അവരില്‍ നിന്നും ലഭിക്കുന്ന പണം കനേഡിയന്‍ യൂണിവേഴ്‌സിറ്റിയുടെ ജീവവായുവാണ്.
അതേസമയം അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ അവസ്ഥയ്ക്കു കാനഡായോ, മെക്‌സിക്കോയേയോ പിണക്കാനും പറ്റില്ല. അപ്പോള്‍, അമേരിക്ക രണ്ടു രാജ്യങ്ങളുമായും ഒരു സമവായം നടപ്പാക്കിയേ മതിയാവൂ. അതു അമേരിക്കയുടെ നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്.
ഇവിടെ വേറൊന്നുകൂടെ കൂട്ടിവായിക്കേണ്ടതായിട്ടുണ്ട്. അതായത്, ഇന്ത്യയുടെ ചന്ദ്രയാന്‍, ചന്ദ്രനിലെ ദുര്‍ഘടമായ ഒരു ഭാഗത്തു തന്നെ ചെന്നു സോഫ്റ്റ് ലാന്റിംഗു നടത്തിയതു അമേരിക്കയ്‌ക്കോ, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ അത്ര സുഖിച്ചുകാണാന്‍ വഴിയില്ല. അപ്പോള്‍ അവരാരും നേരിട്ട് ഒന്നും ചെയ്യാതെ ഇന്ത്യയ്ക്കു അല്പം മങ്ങല്‍ ഏല്‍ക്കട്ടെ എന്നു മനസ്സില്‍ കാണുന്നതില്‍ അവരെയും കുറ്റം പറയാന്‍ പാടില്ലല്ലോ ?
ഖാലിസ്ഥാന്‍ തീവ്രവാദികളെ കനേഡിയന്‍ മണ്ണില്‍ നിയന്ത്രിക്കാന്‍ അവര്‍ക്കുള്ള ഒരു സുവര്‍ണ്ണാവസരം കൂടെയാണിത്. ഇവിടെ സിക്കു തീവ്രവാദികള്‍ അഴിഞ്ഞാടുന്നു എന്നു ലോകം മുഴുവന്‍ അറിഞ്ഞിരിക്കെയാണിന്ന്. ഇത് ഒരു നിമിത്തം മാത്രമാണ്. ഭീകരവാദം ഇന്നും മറ്റു പരിഷ്‌കൃത ലോകത്തെയും ഗ്രസിച്ചിരിക്കയാണ്. ഖാലിസ്ഥാന്‍ തീവ്രവാദികളോടു ഒരു മൃദു സമീപനം നടത്തി അവരെ വീണ്ടും പാലൂട്ടി വളര്‍ത്തിയാല്‍ കാനഡാ ചിലപ്പോള്‍ വലിയ വിലകൊടുക്കേണ്ടിവരും ഭാവിയില്‍. ഇന്നു ഈ ന്യൂനപക്ഷം ഒരു പൂരിപക്ഷത്തേപ്പോലെ പെരുമാറുന്നത് ആ രാജ്യത്തെ കാലക്രമത്തില്‍ ഭിന്നിക്കാനേ സഹായിക്കുകയുള്ളൂ.
'അര്‍ത്ഥാപത്തിയതോ പിന്നെചൊല്ലാനില്ലെന്ന യുക്തിയാം'