കാണാതായ രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിൻ്റെ വാർത്തയും ദൃശ്യങ്ങളും പുറത്തായതോടെ മണിപ്പൂർ വീണ്ടും യുദ്ധക്കളമായി. ആളിപ്പടരുന്ന പ്രതിഷേധം തണുപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കേന്ദ്രം, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് ബൽവാലിനെ നിയോഗിച്ചു.
2021 ഡിസംബർ മുതൽ രാകേഷ് ബൽവാല് ശ്രീനഗറിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കാലാവധി പൂർത്തീകരിക്കും മുൻപ് ആണ് മണിപ്പൂരിലേക്കു പെട്ടെന്നു സ്ഥലം മാറ്റിയത്. പുൽവാമ ഭീകരാക്രമണ കേസ് ഉൾപ്പെടെയുള്ളവ തെളിയിക്കുന്നതിൽ ബൽവാൽ നടത്തിയ ഇടപെടലുകൾ അഭിനന്ദാർഹമായിരുന്നു. അതേത്തുടർന്നാണ് ഇപ്പോൾ മണിപ്പൂരിലേക്കുള്ള സ്ഥലം മാറ്റം നടപ്പാക്കിയിരിക്കുന്നത്. മണിപ്പൂർ കേഡറിൽ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ് ജമ്മുവിലെ ഉധം പൂർ സ്വദേശിയായ ബൽവാൽ 2021 ൽ അരുണാചൽ, ഗോവ, മിസോറാം, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിടത്ത് ജോലി ചെയ്തു കൊണ്ടിരിക്കവേയാണ് കാശ്മീരിലേക്കു സ്ഥലം മാറ്റിയത്.
അവിടെ നിന്നും മണിപ്പൂരിലേക്കു മാറ്റുന്നത് നിലവിലെ കത്തുന്ന മണിപ്പൂരിലെ തീ അണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. അക്രമം ഏറ്റവും രൂക്ഷമായ ചുരാചന്ദ്പൂരിൽ മുൻപ് അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് എന്നതും മാറ്റത്തിൻ്റെ കാരണങ്ങളിൽ ഒന്നാണ്. 2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ സംവരണത്തിൻ്റെ പേരിൽ സംഘർഷം ആരംഭിച്ചത്. നിലവിൽ ക്രമസമാധാനനില പുനഃസ്ഥാപിക്കാൻ ഏതാണ്ട് നാൽപ്പത് ഐ പി എസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
മുൻപ് കാശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്കെതിരെ ആക്രമണം വ്യാപകമായിരുന്നു. ബൽവാൽ അതിന് അന്ത്യം വരുത്തി.ബൽവാലിൻ്റെ കാലത്താണ് മുപ്പതു വർഷങ്ങൾക്കു ശേഷം പ്രശ്നങ്ങൾ ഇല്ലാതെ ഒരു മുഹറം ഘോഷയാത്ര ശ്രീനഗറിൽക്കൂടി കടന്നു പോയത്. സ്വാതന്ത്ര്യദിനച്ചടങ്ങുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ലഭിച്ചതും അദ്ദേഹത്തിൻ്റെ തീരുമാനപ്രകാരമായിരുന്നു.
2019 ൽ നടന്ന പുൽവാമ ആക്രമണത്തിൽ നാല്പതു ജവാന്മാർക്കു ജീവൻ നഷ്ടമായിരുന്നു. ആ അന്വേഷണവും വഴിമുട്ടി നിന്നിടത്തു നിന്നും മുന്നേറാൻ സാധിച്ചതും ചുരുളഴിച്ചതും രാകേഷ് ബൽവാൽ ആയിരുന്നു.
ഇനി കാത്തിരിക്കാം മണിപ്പൂരിൽ ബൽവാൽ മാജിക് കൊണ്ട് സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കുമോ എന്ന്.