നോട്ടം പിഴയ്ക്കുമ്പോൾ
നഷ്ടപ്പെടുന്ന
വിശ്വാസത്തിന്റെ
ചില നേർക്കാഴ്ച്ചകളുണ്ട്
കൊത്തിപ്പറിക്കുന്ന
തീക്ഷ്ണ നോട്ടങ്ങളിൽ
എരിഞ്ഞു പുകയുകയും
വിവസ്ത്രയാക്കപ്പെടുകയും
ചെയ്യുന്ന പെണ്ണിടങ്ങൾ ..
സ്വാതന്ത്ര്യത്തിന്റെ
പൂക്കാമരചില്ലയിൽ
വിടരുന്നൊരു
പെൺപൂവിന്റെ
നിറം ചോർന്ന
വിളറിയ ഇതളുകൾ
ലഹരിയുടെ ഉന്മാദങ്ങൾ
ഇരുൾ വീഴ്ത്തിയ
പുറമ്പോക്കുകളിൽ
നിസ്സഹായതയുടെ
ഉടുതുണിയഴിക്കുന്ന
വന്യതയുടെ നിറഞ്ഞാട്ടം
നഗരതിരക്കുകളുടെ
ഇരുമ്പുരയുന്ന താളങ്ങളിൽ
കിതപ്പിന്റെ തോളിലെ
ഉച്ച മയക്കങ്ങളിൽ
തലചായ്ക്കുന്നേരം
സ്ഥാനം തെറ്റുന്ന
ഉടയാടകളെ തുളച്ചു കയറുന്ന
വൈകൃത നോട്ടങ്ങൾ
വഴിയോരങ്ങളിൽ
വിടരുന്ന
ഉടൽ ലാവണ്യങ്ങൾക്ക്
കാവലിരിക്കുന്ന
കഴുകൻ കണ്ണുകളെ
അവഗണനയാൽ മറച്ച്
സ്ത്രീത്വത്തിന്റെ
അതിജീവന യാത്രകൾ.....