മന്ത്രിസഭയില്‍ 'വല്യേട്ടനെ' പേടിച്ചു കുറച്ചുനാള്‍ കഴിയുമ്പോള്‍ സി.പി.ഐ മറുകണ്ടം ചാടും! അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഒരു ശക്തിയാണെന്ന് തോന്നിയാല്‍ അത് ഉണ്ടാകും. പക്ഷേ, അതിനുമുമ്പ് മൂന്നാറിലെ ഭൂമികയ്യേറ്റത്തിന്റെ പേരില്‍ ആ പാര്‍ട്ടികള്‍ രണ്ടു തട്ടിലായി കഴിഞ്ഞു. അത്ര ശക്തമാണവിടെ സി.പി.എം സി.പി.ഐ പോര് എന്നു പറഞ്ഞാല്‍ മതിയല്ലോ. സി.പി.എമ്മിലെ മണിയും, സി.പി.ഐയിലെ ശിവരാമനും മോശക്കാരല്ലല്ലോ.
മൂന്നാറിലെ ഭൂമികയ്യേറ്റത്തില്‍ ഹൈക്കോടതി ദൗത്യസംഘത്തെ നിയോഗിച്ചതോടെ സി.പി.എം - സി.പി.ഐ പോര് മുറുകി. ദൗത്യസംഘം അതിരുവിട്ടാല്‍ കയ്യും കാലും വെട്ടുമെന്ന് വരെ സി.പി.എം ഭീഷണിപ്പെടുത്തി പോലും ! എങ്കില്‍ കൈയ്യും കാലും എന്തിനു മാത്രമാകുന്നു തലതന്നെ വെട്ടുമെന്ന് പറഞ്ഞു കൂടായോ എന്ന് സി.പി.ഐ !
സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ എം.എം.മണിയോട് ഏറ്റുമുട്ടാന്‍ തന്നെ തീരുമാനിച്ചത് പോലെയാണ് ഇന്നത്തെ കെ.കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭൂമി കയ്യേറിയ വമ്പന്മാരെയും കൊമ്പന്മാരെയും ജയിലിലടക്കണമെന്ന പക്ഷക്കാരനാണ് ശിവരാമന്‍. കയ്യേറ്റക്കാരുടെ മാഫിയ തന്നെ ഇടുക്കിയില്‍ ഉണ്ട്. ആയിരക്കണക്കിന് തോട്ടം ഭൂമി തുണ്ടം തുണ്ടമായി മുറിച്ചുവിറ്റ് 'കുരിശു കൃഷി' നടത്തുന്നവര്‍ കുടിയേറ്റക്കാരല്ല. ചിന്നക്കനാലില്‍ ഭൂമി മാഫിയ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സി.പി.ഐ മന്ത്രിമാര്‍ പ്രതിജ്ഞാബദ്ധരാണ്. അതിനാല്‍ ദൗത്യസംഘത്തിന് സി.പി.ഐ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് ശിവരാമന്‍ അറിയിച്ചു. ഈയിടെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തോടെ സി.പി.എമ്മിനെതിരെ ആഞ്ഞടിക്കാന്‍ തന്നെയാണ് സി.പി.ഐ സഖാക്കളുടെ ശ്രമം.
അന്ത്യശാസനം :
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് എം.കെ കണ്ണന്റെയും കുടുംബത്തിന്റെയും സമ്പാദ്യം വ്യക്തമാക്കണം എന്ന് ഇ.ഡി അന്ത്യശാസനം നല്‍കി. ഇതിനിടെ ശാന്തിവിള രാജേന്ദ്രന്‍ പ്രസിഡന്റായ കോണ്‍ഗ്രസ് സഹകരണ സംഘം കൂടി പൊളിഞ്ഞത് സി.പി.എമ്മിന് വലിയ പിടിവള്ളിയായി. മുന്‍മന്ത്രി ശിവകുമാറിന്റെ ബിനാമിയാണ് ശാന്തിവിള രാജേന്ദ്രന്‍ എന്നത് രാജേന്ദ്രന്‍ തന്നെ നിഷേധിച്ചു. ശിവകുമാറിനെതിരെ കോണ്‍ഗ്രസുകാരില്‍ ചിലര്‍ ആരോപിക്കുന്ന ഒരു 'സ്റ്റണ്ട്' മാത്രമാണ് അതെന്ന് രാജേന്ദ്രന്‍. 12 ശതമാനം പലിശ തരാം എന്ന് പറഞ്ഞായിരുന്നു ഡെപ്പോസിറ്റ് വാങ്ങിയത്. 13 കോടി രൂപ നിക്ഷേപമുള്ള ബാങ്കാണിത് കരുവന്നൂര്‍ ബാങ്കിനെതിരെ ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസ്സിനെതിരെ പൊട്ടിക്കാന്‍ സൈബര്‍ സഖാക്കള്‍ക്ക് ഈ 'ഗുണ്ട്' മാത്രം ഇനി മതിയല്ലോ.
കൊച്ചുവേളിയില്‍ വന്ദേഭാരതിന്റെ എട്ട് റേക്ക് എത്തി. പുതിയൊരു വന്ദേഭാരത് തിരുവനന്തപുരം- കണ്ണൂര്‍ റൂട്ടില്‍ ഓടിക്കുന്നതിന് ഇതുമതി. ഒരുപക്ഷേ അത് നാലു വീതം ഇപ്പോള്‍ ഓടുന്ന വന്ദേഭാരതില്‍ കൂട്ടാനുമാവാം. ഇത് എന്തായാലും എന്തിനാണെന്ന് റെയില്‍വേ പറഞ്ഞിട്ടില്ല.
അടിക്കുറിപ്പ് : കെ.സുധാകരനൊഴിച്ച് എല്ലാം എം.പിമാരെയും അതാത് മണ്ഡലത്തില്‍ നിര്‍ത്തി മത്സരിപ്പിക്കാനാണല്ലോ കോണ്‍ഗ്രസിന്റെ തീരുമാനം. പക്ഷേ. അങ്ങനെ ആരും സീറ്റ് കുത്തകയായി വെയ്ക്കേണ്ടെന്ന് പുത്തന്‍ കൂറ്റുകാര്‍. മുതിര്‍ന്നവര്‍ പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് ചേക്കേറട്ടെ. തരൂരിന് അവിടെ അദ്ദേഹം തന്നെ വേണം. അടൂര്‍ പ്രകാശിനെതിരില്ല, ആറ്റിങ്ങലില്‍ എതിരെയുള്ളൂ. ഏഴ് തവണ വിജയിച്ച കൊടിക്കുന്നില്‍ സുരേഷും മൂന്നു തവണ മത്സരിച്ച പത്തനംതിട്ടയിലെ ആന്റോ ആന്റണിയും മാറണമെന്ന് പറയുന്നവരുണ്ട്. ബെന്നി ബെഹനാന് പാര്‍ലമെന്റംഗമാകാന്‍ താല്പര്യമില്ല, സംസ്ഥാനത്ത് മത്സരിക്കാന്‍ കിട്ടിയാല്‍ മന്ത്രിയാകാമല്ലോ.
കെ.എ ഫ്രാന്‍സിസ്