"എടീ മിലിയേ " എന്ന ആ നീട്ടി വിളി നിലച്ചിട്ട് മൂന്നു വർഷങ്ങൾ.ആ വിളിയിൽ സ്നേഹം,കരുതൽ,വാത്സല്യം ചിലപ്പോൾ താക്കീത് എല്ലാമുണ്ടായിരുന്നു.ഇപ്പോഴും ഞാൻ ഇടയ്ക്കു അത് കേൾക്കാറുണ്ട്.
എടീ ........നിങ്ങൾ എവിടെയായി ?ഞാൻ വഴിയിൽ നിങ്ങളെ കാത്തു നില്പുണ്ട് . ഫോണിലൂടെ അവൾ ചോദിച്ചു.
ഞാൻ കാറിൽ ഇരുന്നു അവളെ കണ്ടു. അവൾ കാറിനെ നോക്കി നില്കുന്നു.ഡ്രൈവറോട് വണ്ടി നിർത്താൻ ഞാൻ ആവശ്യപ്പെട്ടു.പക്ഷെ അത് ഗൗനിക്കാതെ ഡ്രൈവർ അവളെ കടന്നു പോയി. അവൾ വ്യസനത്തോടെ എന്നെ നോക്കി കൈനീട്ടുന്നു . അലാറം നീട്ടിയടിച്ചു . ഞാൻ സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലൂടെ ഉള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചു പകച്ചിരുന്നു പ്രിയകൂട്ടുകാരി സിന്ധു ഞങ്ങളിൽ നിന്ന് വിട്ടുപോയി കഴിഞ്ഞുള്ള നാട്ടിലേക്കുള്ള ആദ്യ യാത്ര .കാത്തിരിക്കാൻ അവൾ ഇല്ല എന്ന വ്യഥ എന്നെ അലട്ടികൊണ്ട് ഇരുന്നു.ദുഃഖം ഘനീഭവിച്ച മനസോടെ ഞാൻ യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
കൊച്ചിയിൽ വിമാനം ഇറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടയിൽ മനോമുകുരത്തിൽ തെളിഞ്ഞത് മുഴുവൻ 2017 ജൂൺ ഓർമ്മകൾ
2017 ജൂൺ 26 : ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു ശേഷം ഒരു ഒത്തുചേരൽ . St:Theresa’s കോൺവെൻറ് സ്കൂൾ ബോർഡിങ് ജീവിതത്തിൽ സഹോദരതുല്യം സ്നേഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ. ബ്ലസിയും ഞാനും കൂടി കൊച്ചിലേക്കു പോകുന്ന വഴി സിന്ധുവിൻറ്റെ വിളി .. എടീ ....രണ്ടുംകൂടി എവിടെ പോയി ?എത്താറായില്ലേ? അവളുടെ വീട്ടിലാണ് ഒത്തുചേരൽ .എല്ലാവരും ആവേശഭരിതരായി കാത്തിരിക്കുകയാണ്.വഴി തെറ്റിച്ച എൻറ്റെ സാരഥിയെ അവൾ വഴക്കു പറഞ്ഞു .അത്രയ്ക്ക് ആവേശത്തോടു ആയിരുന്നു ഈ ഒത്തുചേരൽ അവൾ ആസൂത്രണം ചെയ്തതു .
അവളുടെ വീട്ടിൽ എത്തി .ഞങ്ങൾ എല്ലാവരും പതിനഞ്ചു വയസുള്ള കൗമാരപ്രായക്കാർ ആയി .
ഞാനുൾപ്പെടെ ,അന്നും ഇന്നും കുറുമ്പും കുസൃതിയും മാറാത്ത കുറേപ്പേർ.എങ്കിൽ അന്നും ഇന്നും പ്രായത്തിൽ കവിഞ്ഞ പക്വതയുമായി സിന്ധു. ബോർഡിങ് സ്കൂളിൽ കാട്ടിക്കൂട്ടിയ കുസൃതികൾ ,കലോത്സവങ്ങൾ,,സിസ്റ്റർ ജിയോവാനി യുടെ അടി .സിസ്റ്റർ അമലയുടെ “വെള്ളയടിച്ച ശവകൂടിരങ്ങളെ …”എന്നുള്ള നീട്ടി വിളി ,സിസ്റ്റർ അനീറ്റയുടെ നുള്ള് എന്നിങ്ങനെ ഓർമ്മകൾ അയവിറക്കി.സിസ്റ്റർ ജിയോവാനിയിൽ നിന്നും ഏറ്റവും അധികം അടി കിട്ടിയവർ ആര് എന്ന് ചർച്ചയിൽ ആയിരുന്നു ഞങ്ങൾ..പഠനം മോശമായിട്ടല്ല കുറുമ്പിനുള്ള ഏറ്റവും കൂടുതൽ അടി കിട്ടിയ ബോര്ഡിങ് ലീഡർ ആയ ഞാൻ അതിൻറ്റെ അഹങ്കാരം ഒന്നും ഇല്ലാതെ ആ ഉന്നത പദവി ഏറ്റെടുത്തു .
ഞാനും സിന്ധുവും എങ്ങനെയാണ് സുഹൃത്തുക്കളായതെന്ന് കേട്ടാൽ രസമാണ് . അവളുടെ അച്ചൻ ഗൾഫിൽ നിന്ന് വാങ്ങിയ ഒരു പിങ്ക് മാഗ്നറ്റിക് പെൻസിൽ ബോക്സും സുഗന്ധമുള്ള പെൻസിൽ ഇറേസറുകൾ ഞങ്ങളുടെ മൂന്നാം ക്ലാസ് മുറിയിലേക്ക് കൊണ്ടുവന്നു.അത്തരത്തിലുള്ള പെട്ടികളും ഇറേസറുകളും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. മിക്ക കുട്ടികളും അത് സ്പർശിക്കാനും മണക്കാനും വെമ്പുന്നവരായിരുന്നു, സിന്ധു വളരെ അഭിമാനത്തോട് ഇരുന്നു, ആരെയും തൊടാൻ അനുവദിച്ചില്ല.ദുരഭിമാനം മാറ്റി വെച്ച് ഞാൻ അവളോട് അവ നോക്കാൻ അനുവാദം ചോദിച്ചു., "നിനക്ക് എൻറ്റെ പെൻസിൽ ബോക്‌സിൽ തൊടാം". പിങ്ക് മാഗ്നെറ്റിക് പെൻസിൽ ബോക്‌സിൽ തൊടാൻ അനുവദിക്കുകയും മണമുള്ള ഇറേസറുകൾ മണക്കാൻ എന്നെ അനുവാദം തന്നതിനൊപ്പം പിങ്ക് നിറവും റോസാപ്പൂവ് പോലെ സുഗന്ധവുമുള്ള ഞങ്ങളുടെ മനോഹരമായ സൗഹൃദം ആരംഭിക്കുകയായിരുന്നു .
ഏറ്റവും കൂടുതൽ അടി കിട്ടിയ സംഭവം ഒരുക്കലും മറക്കാൻ പറ്റില്ല.ബോർഡിങ് മിസ്ട്രെസ്സ് സിസ്റ്റർ ജിയോവാനി തിരവല്ലയ്ക്കു പോകുകയാണ് .ബോര്ഡിങ് ലീഡർ ആയ എന്നെ കാര്യങ്ങൾ ഭരമേല്പിച്ചു .ഞാൻ വിനയത്തോട് എല്ലാം സമ്മതിച്ചു.സിസ്റ്റർ പോയി.അപ്പോഴാണ് സന്ധ്യ ബന്ധുവിൻറ്റെ വിവാഹത്തിന് പോയിട്ട് “ചിത്രം” സിനിമ കാണാൻ പോയിരുന്നു എന്ന് ഞങ്ങളോട് രഹസ്യമായി സൂചിപ്പിച്ചു.(വിവാഹം ഒക്കെ കൂടുവാൻ ഒരു ദിവസം അവധി കൊടുക്കുകയുള്ളു ബോർഡിങ്ങിൽ ).കൊച്ചു സ്കൂളിലേക്ക് ഇറങ്ങുന്ന ചവിട്ടുപടികളുടെ ഇടയിൽ ഞങ്ങൾ എല്ലാവരും ആകാംഷയോടു ചിത്രം സിനിമയുടെ കഥ കേൾക്കുവാൻ ഇരുന്നു.സന്ധ്യ വളരെ സരസമായി കഥ പറഞ്ഞു കൊണ്ടേയിരുന്നു .സോമൻ മോഹൻലാലിനെ കണ്ടുപിടിച്ച സീനിൽ എത്തി. ലീഡറായ ഞാൻ ആദ്യം ഇരിക്കുന്നത് മറ്റുകുട്ടികളേ നോക്കണ്ടേ? ഉത്തരവാദിത്തം വേണ്ടേ ?
ആരോ എന്നെ പുറകിൽ നിന്ന് തട്ടി വിളിച്ചു . മോഹൻലാലിനെ പോലീസ് കൊണ്ട് പോകുമോ ഇല്ലയോ എന്ന് ആകാംഷയോടു ഇരിക്കുന്ന ഞാൻ തട്ടിയ ആളിനോട് പറഞ്ഞു" ഒന്ന് നിൽക്കു കഥ തീരട്ടെ ". സ്റ്റാൻഡ് അപ്പ് എന്നൊരു അലർച്ച കേട്ടത് വ്യക്തമായി ഓർമ്മയുള്ളു ..പായിപ്പാട്ടു ബസ് ചെന്നപ്പോൾ തിരുവല്ലയിൽ എന്തോ ഹർത്താൽ അന്ന് എന്ന് കേട്ട് സിസ്റ്റർ തിരിച്ചു വന്നതാണ്. ഞങ്ങൾക്ക് എല്ലാവർക്കും അടി ,കള്ളിയെ കാവൽ ഏല്പിച്ച ദുഖത്തിൽ ലീഡറിന് ഏത്തം ഇടൽ പിന്നെ മുട്ടുകുത്തി ചാപ്പലിൽ പോയി 25 സ്വർഗ്ഗസ്ഥനായ പിതാവേ ഇതായിരുന്നു എനിക്കു കിട്ടിയ ശിക്ഷകൾ .സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലുംപ്പോൾ പോലും മോഹൻലാലിൻറ്റെ കഥാപാത്രത്തിന് എന്ത് പറ്റി എന്ന ആശങ്കയിൽ ആയിരുന്നു ഞാൻ.കർത്താവു പോലും ആശങ്കപ്പെട്ടു കാണും എൻറ്റെ ഈ ആശങ്ക കണ്ടിട്ട്.
2017 ജൂൺ 27 രാവിലെ പ്രാതൽ കഴിക്കാൻ തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് നടക്കുമ്പോൾ ഞായറാഴ്ച്ച കുർബാനയ്ക്കു ചെങ്ങരൂർ പള്ളിയിലേക്ക് ബോര്ഡിങ് കുട്ടികളെ മേയിക്കുന്ന സിസ്റ്റേഴ്സിനെ പോലെ സിന്ധു കഷ്ടപെടുന്നുണ്ടായിരുന്നു ഞങ്ങളെ മേയിക്കാൻ .ഒന്ന് മര്യാദയ്ക്ക് നടക്കു പെണ്ണുങ്ങളെ എന്ന് ഞങ്ങളെ അവൾ ഓർമിപ്പിച്ചു കൊണ്ട് ഇരുന്നു .ഞങ്ങൾ അവളെ ജൂനിയർ സിസ്റ്റർ ജിയോവാനി എന്ന് വിളിച്ചു.
എല്ലാവർക്കും ഒരു പിന്തുണാ ശൃംഖല ആവശ്യമാണ് - നമ്മളുടെ സാമൂഹിക പിന്തുണാ സംവിധാനങ്ങളുടെ അടിസ്ഥാന ശിലയാണ് സൗഹൃദങ്ങൾ. മറ്റൊരാളുടെ സുഹൃത്തായി നിങ്ങൾ സ്വയം കണക്കാക്കുമ്പോൾ, അവളുടെ പിന്തുണാ ശൃംഖലയുടെ ഭാഗമാകാൻ നാം പരോക്ഷമായി വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും നല്ല സൗഹൃദങ്ങൾ പരസ്പരം വിശ്വസിക്കുകയും ,പരസ്പരം പ്രതിരോധിക്കുകയും മറ്റൊരാൾ ലോകത്തിന് അർഹനാണെന്ന് ചിന്തിക്കുകയും ചെയ്യുന്ന സൗഹൃദങ്ങളാണ്. അതായിരുന്നു ഞങ്ങൾ.
ഹോളിഡേ ഇൻ ഹോട്ടലിൽ ബിന്ദുവിന്റെ സർപ്രൈസ് പിറന്നാൾ പാർട്ടി ആയിരുന്നു സംഭവബഹുലമായ ഒത്തുചേരലിൻറ്റെ മറ്റൊരു പ്രധാന ചടങ്ങ് . ജീവിതത്തിൽ സന്തോഷം മാത്രം അനുഭവിച്ച കുട്ടിക്കാലത്തേക്ക് ഞങ്ങൾ പോയ ദിനങ്ങൾ ."ദേ പുട്ടിൽ " കഴിക്കാൻ പോയപ്പോൾ യൂബർ ഡ്രൈവറുമായി കുറെ നർമ്മങ്ങൾ പറഞ്ഞു രസിച്ചു ഡ്രൈവറിനു വഴി തെറ്റി. ഉണ്ണി മുകന്ദൻറ്റെ ഛായയുള്ള ഡ്രൈവർ വഴി തെറ്റിയാലും സാരമില്ല കുറച്ചു കറങ്ങി പോകാം എന്ന് പറഞ്ഞതിനും ,”ദൈവമേ ഇവളുമാർ എന്നെ കൊച്ചിയിൽ നിന്നും മാറി താമസിക്കേണ്ടി വരുത്തുമെല്ലോ “എന്ന് പറഞ്ഞു അവൾ വീണ്ടും ഞങ്ങളെ സദാചാര ബോധമുള്ളവർ ആക്കി.
ലുലു മാളിൽ ഷോപ്പിംഗ് , Marriott ഹോട്ടലിൽ ഫോട്ടോഷൂട്ട് എന്ന് വേണ്ട ഞങ്ങൾ ശരിക്കും ആഘോഷിച്ചു.
എല്ലാം കഴിഞ്ഞു , എല്ലാവരും പിരിഞ്ഞത് അടുത്ത ഒത്തുചേരൽ ലേലഡാക് എന്നും പറഞ്ഞായിരുന്നു .
മനുഷ്യൻ നിർദേശിക്കുന്നു പക്ഷെ ദൈവം നിശ്ചയിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആ രോഗം കടന്നുവന്നു.അർബുദം വരുമ്പോൾ, നിങ്ങൾ ജീവിതം മാറ്റിവയ്ക്കരുത്,
"കാൻസർ ഒരു വാക്കാണ്, ഒരു വാക്യമല്ല. "നീ ആഴമുള്ള വെള്ളത്തിലൂടെ പോകുമ്പോൾ ഞങ്ങൾ നിന്നോടുകൂടെ ഉണ്ടായിരിക്കും എന്ന് അവളുടെ രാജകുമാരനൊപ്പം ഞങ്ങളും വാക്ക് കൊടുത്തു.
ചികിത്സക്കും പ്രാർത്ഥനയ്ക്കും ഒപ്പം അവളുടെ രാജകുമാരൻറ്റെ സ്നേഹവും പരിചരണയും അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും ഞങ്ങൾ 2018 ജൂലൈ യിൽ ആലപ്പുഴ റിസോർട്ടിൽ ഒത്തുചേർന്നു .
അവളുടെ സന്തോഷം വർണ്ണനാതീതമായിരുന്നു .
പരുമല പള്ളിയിലേക്ക് ഞങ്ങൾ പദയാത്ര പോലെ നേർച്ചയായി അവൾക്കുവേണ്ടി നടന്നു.ഞങ്ങൾ ചിരിച്ചുകളിച്ചു നടന്നപ്പോൾ “പ്രാർത്ഥിച്ചു കൊണ്ട് നടക്കു പെണ്ണുങ്ങളെ “എന്ന് പറഞ്ഞു ഞങ്ങൾക്ക് അവൾ മൂത്തചേച്ചിയായി .അടുത്ത കൂടിച്ചേരൽ ചെന്നൈയിൽ പോകുവാ പിന്നെ കാഞ്ചിപുരം ഷോപ്പിംഗ് എന്റ്റെ മകൾ അമ്മുവിൻറ്റെ വിവാഹത്തിന് എന്തൊക്കെ വാങ്ങണം എന്ന് വരെ ഞങ്ങൾ തീരുമാനിച്ചു.
മാമ്മ മിയ എന്ന ഇംഗ്ലീഷ് സിനിമയിൽ നായികയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കുവാൻ വരുന്ന അമ്മയുടെ സുഹൃത്തുക്കൾ ഉണ്ട് .ഞങ്ങളെ പോലെ തന്നെ കുറച്ചു കുറുമ്പുള്ള ഒരു സംഘം സുഹൃത്തുക്കൾ .
എൻറ്റെ മകൾ അവളുടെ സുഹൃത്തുക്കളോട് പറയാറുണ്ട് ." എൻറ്റെ വിവാഹത്തിന് എൻറ്റെ അമ്മയും ഗാങ്ങും എങ്ങനെ ആവും എന്ന്.ഡാൻസും പാട്ടുമായി .....മഞ്ഞ് വീഴുകയും വെളുത്ത കാറ്റ് വീശുകയും ചെയ്യുമ്പോൾ, ഒറ്റപ്പെട്ട ചെന്നായ മരിക്കുന്നു, പക്ഷേ കൂട്ടം അതിജീവിക്കുന്നു.ഞങ്ങൾ അങ്ങനെ ഒരു കൂട്ടം ആയിരുന്നു.ഒന്നിനും വേര്പെടുത്താനാവാത്ത ഒരേ തൂവൽ പക്ഷികൾ.
സ്വപ്നങ്ങളും ,സന്തോഷങ്ങളും ,പ്രതീക്ഷക്കും ,പദ്ധതികളും എല്ലാം മാറ്റിമറിച്ചു കൊണ്ട് മഹാമാരിയുടെ തീക്ഷണതയിൽ ലോകം ഉരുക്കുമ്പോൾ അവളെ അവസാനമായി ഒന്ന് പോയി യാത്രപോലും പറയാൻ ആവാതെ , ഞങ്ങളുടെ പിങ്ക് റോസാപുഷ്പം അകാലത്തിൽ പൊഴിഞ്ഞു.
മരണത്തെ കൈകാര്യം ചെയ്യുന്നത് ഒരിക്കലും എളുപ്പമല്ല, എല്ലാവരും അതിനെ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നു, എന്നാൽ വളരെ അടുപ്പമുള്ളവരുടെ മരണത്തെ അംഗീകരിക്കുവാൻ എനിക്ക് തീർച്ചയായും ബുദ്ധിമുട്ടായിരുന്നു.
എനിക്ക് ദഹിക്കാവുന്ന ഉത്തരം ലഭിക്കാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്. ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും, യാഥാർത്ഥ്യത്തെ അംഗീകരിക്കുമ്പോഴും ഞാൻ എപ്പോഴും എന്റെ ഹൃദയത്തോട് കലഹിക്കുന്നു.
ഞങ്ങൾ ഇപ്പോഴും യാഥാർഥ്യവുമായി പൊരുത്തപ്പെട്ടിട്ടില്ല എന്നത് ഒരു ദുഃഖസത്യമാണ്.അവൾ കൊച്ചിയിൽ ഉണ്ട് ..ഇടയ്ക്കു സ്വപ്നത്തിൽ ,അവളുടെ വോയ്സിക്ലിപ്പുകൾ ശ്രവിക്കുമ്പോൾ എല്ലാം അവൾ കൊച്ചിയിൽ ഉണ്ട് ഇതെല്ലം ഒരു മിഥ്യാമാത്രം ആയിരുന്നു എന്ന് ഞാൻ കുറച്ചു നേരം മനസിനെ പറഞ്ഞു ആശ്വസിപ്പിക്കും.
എത്ര നാൾ ജീവിച്ചു എന്നതിനേക്കാൾ ഉപരി സന്തോഷമായി ജീവിച്ച തൻറ്റെ അസ്തിത്വം ലോകത്തെ അറിയിച്ച ,മറ്റുവരെ ഒരു മടിയും ഇല്ലാതെ സേവനം ചെയ്തു അവൾ കടന്നുപോയി .റോസാപുഷ്പത്തിൻറ്റെ സൗരഭ്യം പകർന്നു നൽകി...
2019 ഓഗസ്റ്റ് 2 -ഞാൻ അവസാനമായി അവൾക്കൊപ്പം താമസിച്ചു .ഞങ്ങൾ രാത്രി മുഴുവൻ ഭൂതം ,വർത്തമാനം ,ഭാവി എല്ലാം സംസാരിച്ചു. അവളുടെ രാജകുമാരനെ കുറിച്ച് സംസാരിക്കുമ്പോൾ അവൾ വളരെ വാചാലയാകും .എന്നെ ഒരു റാണിയെ പോലെ ഒരു പൂവിനെ പോലെ നമ്മൾ(അവളുടെ രാജകുമാരനെ അവൾ സംബോധന ചെയ്തിരുന്നത് ) എന്നെ സംരക്ഷിക്കും എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുകയായിരുന്നു.
ഉറ്റസുഹൃത്തുക്കൾ യഥാർത്ഥത്തിൽ ജീവിതത്തിന്റെ നിധികളാണ്. ചിലപ്പോൾ അവർ നമ്മൾ നമ്മെ തന്നെ അറിയുന്നതിനേക്കാൾ നന്നായി അറിയാം."
നമ്മുടെ ഹൃദയത്തിലുള്ള ഈണം അറിയുകയും ഓർമ്മ നഷ്ടപ്പെടുമ്പോൾ മറു പാട്ടു പാടുകയും ചെയ്യുന്നു.യഥാർത്ഥ സുഹൃത്തുക്കൾ വജ്രങ്ങൾ പോലെയാണ് - തിളക്കമുള്ളതും മനോഹരവും വിലപ്പെട്ടതും എല്ലായ്പ്പോഴും നമ്മളുടെ ശൈലിയിലുള്ളതുമാണ്.നമ്മെ വെല്ലുവിളിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെ കണ്ടെത്തുക; അവരോടൊപ്പം ധാരാളം സമയം ചിലവഴിക്കുക, അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. അങ്ങനെ എൻറ്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു പൂങ്കുല പുഷ്പങ്ങൾ ,അതിൽ റോസ് പുഷ്പം കൊഴിഞ്ഞു .എങ്കിലും അവളുടെ സൗരഭ്യ വാസന ഞങ്ങൾക്കൊപ്പം ഉണ്ട് .അവളെ രാജ്ഞി യെ പോലെ പരിപാലിച്ച അവളുടെ രാജകുമാരനു അവളുടെ സുഹൃത്തുക്കളെ സ്വന്തം സഹോദരിമാരെ പോലെ കരുതിയ അദ്ദേഹത്തിന് ഒരു കോടി നന്ദി. ദേവന്മാരുടെ അസൂയയോ കണ്ണേറോ ? എന്നിക്ക് ഉത്തരം ലഭിക്കാത്ത ഒരു പ്രഹേളിക .
സിന്ദുസേ ........നമ്മൾ ഒരുമിച്ചു ആസൂത്രണം ചെയ്ത കുറെ കാര്യങ്ങൾ ഉണ്ട്. അമ്മുവിൻറ്റെയും, പാറുവിൻറ്റെയും വിവാഹങ്ങൾ ,ചെന്നൈ കൂടിച്ചേരൽ ,അങ്ങനെ എന്തൊക്കെ.....എന്തിനാണ് നീ ഞങ്ങളിൽ നിന്ന് പറന്നു അകന്നത് .നിന്നെ ഓർമിക്കാത്ത ദിവസങ്ങൾ ഇല്ല. നീ ഞങ്ങളിൽ നിന്ന് വിട്ടു പോയ ദിവസം അടുത്ത് വരുന്നത് കൊണ്ടാവാം നീ എൻ്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു .
എന്റെ പ്രിയപ്പെട്ട സിന്ധു , എന്റെ ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയതിനും എനിക്ക് വളരെയധികം ആവശ്യമുള്ള സ്നേഹം, സൗഹൃദം, എന്നിവയാൽ അതിനെ സമ്പന്നമാക്കുന്നതിനും നന്ദി. ആകാശം മാത്രമാണ് അതിരെന്ന് നീ എപ്പോഴും പറഞ്ഞു.മകം പിറന്ന മങ്കമാരായി ആ മനോഹരതീരത്തു നമ്മൾക്ക് ഒത്തുചേരാം.
പ്രാണസുഹൃത് പൂങ്കുലയിലെ
നയനസുഭഗമായ പുഷ്പമേ
നീ പകർന്ന സൗരഭ്യം
അവർണ്ണനീയം .
നീ നിന്നിലെ മായാജാലം മനസ്സിൽ വിതറി
ഇന്നലെകളിലെ ഓർമ്മകളുടെ തേടൽ
വീണ്ടും വേദനയിൽ മുഴുകുന്നു
പഴയ നാളുകൾ പോൽ മധുരമാവില്ലെങ്കിലും
നിൻറ്റെ സൗരഭ്യം ഞങ്ങളിൽ നിറയുന്നു .
നീ നിന്നിലെ മായാജാലം ഞങ്ങളുടെ ഹൃത്തിൽ വിതറി
എന്തിനു നീ ഈ പൂങ്കുലയിൽ നിന്ന് അടർന്നു ...
ആയിരം നീഹാരങ്ങൾക്കാവുമോ ...
കനലെരിയുന്ന ഹൃത്തുകളിൽ
കുളിരാകുവാൻ ......