യൂട്യൂബര്‍മാര്‍ ഏതുവിധേനയും തങ്ങളുടെ ചാനലിന്റെ ഫോളോവേഴ്‌സിനെ കൂട്ടാന്‍ എന്തതിക്രമവും ചെയ്യാന്‍ മടിക്കാത്ത കാലമാണ്.അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കേസില്‍ യൂട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ഒരു തൊപ്പി ഉണ്ടാക്കിയ കോലാഹലങ്ങള്‍ മലയാളികള്‍ മറന്നു കാണില്ല. സ്‌കൂള്‍ കുട്ടികളാണ് തൊപ്പിയുടെ ആരാധകര്‍. ഇവിടെ ലക്ഷങ്ങള്‍ വിലയുള്ള രൂപയുടെ ബൈക്കുമായി റോഡില്‍ ഇറങ്ങി മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും അതും തന്റെ ഫോളോവേഴ്‌സിനെ രസിപ്പിക്കും എന്നു ചിന്തിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്കു തടയിടാന്‍ തന്നെയാണ് കോടതിയുടെ നിശ്ചയം. ടി ടി എഫ് വാസനെന്ന യൂട്യൂബര്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഒരു പാഠം പഠിച്ചിട്ട് പുറത്തിറങ്ങിയാല്‍ മതി എന്ന നിലപാട് കോടതി എടുത്തത്.
ചെന്നൈ വെല്ലൂര്‍ ദേശീയ പാതയില്‍ കഴിഞ്ഞ 17 ന് രണ്ടു ലക്ഷം രൂപയുടെ ജാക്കറ്റ് ധരിച്ച് ഇരുപതു ലക്ഷത്തിന്റെ ഇരുചക്രവാഹനത്തില്‍ പ്രകടനം നടത്തവേ വാസന്‍ തെറിച്ചു വീണ് അപകടം പറ്റിയിരുന്നു. യൂട്യൂബില്‍ നാലര ലക്ഷം പേരാണ് വാസനെ പിന്തുടരുന്നത്.
എന്നാല്‍ എത്ര ലക്ഷം പേര്‍ പിന്തുടരുന്നു എന്നതു ജാമ്യം നല്‍കാനുള്ള കാരണമല്ല എന്നും, മറ്റു യാത്രക്കാര്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെടുകയായിരുന്നുവെന്നും ജസ്റ്റിസ് സി. വി. കാര്‍ത്തികേയന്‍ നിരീക്ഷിച്ചു.
ഇത്തരം ആഢംബര ഇരുചക്രവാഹനങ്ങളില്‍ കറങ്ങി നടന്ന് ചില യുവാക്കള്‍ മാല പിടിച്ചുപറിക്കുന്നതും പതിവായിട്ടുണ്ട്. ബൈക്കില്‍ നടത്തുന്ന സാഹസിക പ്രകടനങ്ങള്‍ മറ്റ് യുവാക്കളെ ആകര്‍ഷിക്കുകയും അവരും സാഹസിക പ്രകടനങ്ങള്‍ക്കു മുതിരുന്നു എന്നതും ഗൗരവമുള്ള കാര്യമായി കോടതി പറഞ്ഞു.
അതിനിടയില്‍ കേരളത്തില്‍ എ ഐ ക്യാമറയെ പറ്റിക്കാന്‍ ശ്രമിച്ച വിരുതനെ എം വി ഡി പിടികൂടി. തുടര്‍ച്ചയായി എഐക്യാമറയില്‍ നിയമ ലംഘിച്ച് കണ്ട ഇരുചക്രവാഹന ഉടമയെ നമ്പര്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇരുചക്രവാഹനത്തിന്റേത് വ്യാജമാണെന്നു കണ്ടെത്തി. പിടിക്കപ്പെടില്ല എന്ന ധൈര്യത്തില്‍ യുവാവ് ഏതൊക്കെ നിയമലംഘനങ്ങള്‍ സാധ്യമാകുമോ അതൊക്കെ ചെയ്ത് നിത്യേന ക്യാമറയെ വെല്ലുവിളിച്ച് കടന്നു പൊയ്‌ക്കൊണ്ടിരുന്നു.എന്നാല്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ സ്വപ്ന, എറണാകുളം സ്‌ക്വാഡിനെ രംഗത്തിറക്കി. ഒടുവില്‍ വിരുതനെ പിടികൂടുക തന്നെ ചെയ്തു. കൈയോടെ 60000 രൂപ പിഴയും അടിച്ചു കൊടുത്തു. എന്നാല്‍ അത്രയും തുക ഇല്ലാത്തതിനാല്‍ 7000 രൂപ അടയ്ക്കാന്‍ സാവകാശം തേടിയിരിക്കുകയാണിപ്പോള്‍.
നിയമം അനുസരിക്കുക എന്നത് കുറച്ചിലായി തോന്നുന്ന കുറേ പേര്‍ ഏതു സമൂഹത്തിന്റെയും ഭാഗമാണ്. അവര്‍ക്കു നേരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് മറ്റുള്ളവരുടെ ജീവനുപോലും ഭീഷണിയാകുമ്പോള്‍ കടുത്ത നടപടികള്‍ തന്നെ വേണ്ടിവരും.