Image

 രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 07 October, 2023
 രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ (ദല്‍ഹികത്ത് : പി.വി.തോമസ് )

ഇന്‍ഡ്യ എന്ന ഭാരതം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ 2023-ന്റെ അവസാനത്തോടെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ അവസാനം 2024-ലെ പൊതുതെരഞ്ഞെടുപ്പോടു കൂടെ ആയിരിക്കും(ഏപ്രില്‍-മെയ്) അവസാനിക്കുക. തെരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, ഛത്തീസ്ഘട്ട്, മിസോറാം ആണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനവും ഹിന്ദി ഹൃദയഭൂമിയും വടക്കു-കിഴക്കന്‍ സംസ്ഥാനവും ഉള്‍ക്കൊള്ളുന്ന ഇന്‍ഡ്യയുടെ ഒരു പരിഛേദം ആണ് ഈ അഞ്ച് സംസ്ഥാനങ്ങള്‍. ഇതില്‍ ബി.ജെ.പി.(എന്‍.ഡി.എ.) ഭരിക്കുന്നത് മധ്യപ്രദേശ് മാത്രം ആണ്. രാജസ്ഥാനും ഛത്തീസ്ഘട്ടും കോണ്ഡഗ്രസാണ് ഭരിക്കുന്നത്. മിസോറാം പ്രാദേശിക കക്ഷിയായ  മിസോ നാഷ്ണല്‍ ഫ്രണ്ടും. മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്തുക എന്നത് ബി.ജെ.പി.യുടെ ഭാരിച്ച ഉത്തരവാദിത്വം ആണ് 2024-ന്റെ പശ്ചാത്തലത്തില്‍. അതുപോലെതന്നെ രാജസ്ഥാനും ഛാത്തീസ്ഘട്ടും നിലനിര്‍ത്തുക എന്നത് ദല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കുവാന്‍ കോണ്‍ഗ്രസിനും. ഹിമാചല്‍ പ്രദേശ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ ഇവയാണ്. ബി.ജെ.പി. അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹരിയാന മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, നാഗലാന്റ്, ത്രിപുര, സിക്കിം, ഉത്തര്‍പ്രദേശ്, ഉത്തരഖാണ്ഡ് എന്നിവടങ്ങളില്‍ അധികാരത്തിലിരിക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛാത്തീസ്ഘട്ടിലും കോണ്‍ഗ്രസും ബി.ജെ.പി.യും, തമ്മില്‍ നേരിട്ടുള്ള മത്സരം ആണ്. നേരിട്ടുള്ള മത്സരത്തില്‍ കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി.യെ കോണ്‍ഗ്രസ് തോല്‍പിച്ചതാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛാത്തീസ്ഘട്ടിലും. അതിനുമുമ്പ് നടന്ന കര്‍ണ്ണാടകയിലും കോണ്‍ഗ്രസ് ബി.ജെ.പി.യെ തോല്‍പിച്ചതാണ്. പക്ഷേ, കര്‍ണ്ണാടകയില്‍ ബി.ജെ.പി. പിന്‍വാതിലിലൂടെ അധികാരം തട്ടിയെടുക്കുകയാണ് ചെയ്തത്. അതു തന്നെ മധ്യപ്രദേശില്‍ പിന്നീട് സംഭവിച്ചു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ കോണ്‍ഗ്രസില്‍ നിന്നുള്ള കൂറുമാറ്റം ആണ് ബി.ജെ.പി. മുതലെടുത്തത്. കര്‍ണ്ണാടകയില്‍, കോണ്‍ഗ്രസ് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പകരം വീട്ടി. കര്‍ണ്ണാടകയില്‍  വന്‍ സന്നാഹങ്ങള്‍ക്കുശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന്റെ ആഘാതത്തിനുശേഷം ആണ് ബി.ജെ.പി. ഈ തെരഞ്ഞെടുപ്പുകളെ നേരിടുന്നത് 2021-ന്റെ പ്രാധാന്യം മുമ്പില്‍ കണ്ടുകൊണ്ട് മോദിയും ഷായും തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ഒഡീഷ അസംബ്ലികളുടെയും കാലാവധി 2024 മാസത്തില്‍ അവസാനിക്കുന്നതുകൊണ്ട് ഇവിടെയും തെരഞ്ഞെടുപ്പ് ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്കൊപ്പം നടത്തുമെന്ന് ഒരു ശ്രുതിയുണ്ട്. അതല്ല ലോകസഭതെരഞ്ഞെടുപ്പുതന്നെ പിറകോട്ടാക്കി എല്ലാംകൂടെ ഒരുമിച്ചു നടത്തുവാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ സംസാരം ഉണ്ട്. കേന്ദ്രം ഇതിനെ നിരാകരിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല. പുതിയതായി രൂപീകരിച്ച ഇന്‍ഡ്യാസഖ്യത്തിന്റെ കെട്ടുറപ്പും കരുത്തും പരിശോധിക്കുന്ന ഒന്നായിരിക്കും ഈ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍. നേരത്തെയുള്ള തെരഞ്ഞെടുപ്പിനും ഇന്‍ഡ്യാസഖ്യം കരുതലെടുക്കുന്നുണ്ട്. സഖ്യത്തിന്റെ മുംബെ സമ്മേളനത്തില്‍, സീറ്റ് വീതം വയ്ക്കുന്നതിനെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. ഇതാണ് സഖ്യത്തിനുള്ളിലെ ഏറ്റവും വലിയ കീറാമുട്ടി.   ഇത് പരിഹരിച്ചു കഴിഞ്ഞാല്‍ സഖ്യത്തിന് പൊതുനയ പരിപാടിയും മറ്റുമായി മുമ്പോട്ടു പോകാം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛാത്തീസ്ഘട്ടിലും കോണ്‍ഗ്രസ്-ബി.ജെ.പി. നേരിട്ടുള്ള മത്സരം ആയതുകൊണ്ട്  വലിയ പ്രശ്‌നം ഉണ്ടാകുവാന്‍ ഇടയില്ല. ചെറുപാര്‍ട്ടികള്‍ മാറിനില്‍ക്കും. സീറ്റു വിഭജനത്തില്‍ പാര്‍ട്ടികള്‍ പരസ്പരം ഇളവു കൊടുക്കുവാന്‍ തയ്യാറായില്ലെങ്കില്‍ സഖ്യം പരാജയമാകും. ഇവിടെ സഖ്യത്തിന്റെ പോളിസി ഗിവ്ആന്റ് ടേക്ക് ആയിരിക്കണം. പാര്‍ലിമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം നടത്തി ഗവണ്‍മെന്റ് വനിതാസംവരണ ബില്‍ പാസാക്കി നിയമം ആക്കിയത് ലോകസഭാ തെരഞ്ഞെടുപ്പ് നേര്‌ത്തെ നടത്തുവാനും ആണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. വനിതാസംവരണ നിയമം നല്ല ഒരു ആയുധം ആണ് ഗവണ്‍മെന്റിന്. നിയമം നടപ്പിലാക്കുവാന്‍ ഇനിയും പത്തുവര്‍ഷങ്ങള്‍ എടുക്കുമെങ്കിലും ഇത് ശക്തമായ ഒരു പ്രചരണ ഉപാധിയാണ്. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യവും ഗവണ്‍മെന്റിന്റെ ആവനാഴിയില്‍ ഉണ്ട്. ബി.ജെ.പി.-ആര്‍.എസിന്റെ പ്രധാന അജണ്ടയായ രാമമന്ദിരവും ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യലും കാശ്മീരിന്റെ വിഭജനവും സാദ്ധ്യമായ നിലയില്‍ ബി.ജെ.പി. തെരഞ്ഞെടുപ്പിന് സന്നന്ധമാണ്. വനിതാസംവരണ നിയമത്തില്‍ മറ്റു പിന്നോക്ക വിഭാഗങ്ങളെ(ഓ.ബീ.സി.) ഉള്‍പ്പെടുത്താതിരുന്നതു ഗവണ്‍മെന്റിന് ദോഷം ചെയ്യും. അതുപോലെ കോമണ്‍ സിവില്‍ കോഡ് പട്ടികജാതിയ്ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. 'ഹിന്ദുരാഷ്ട്രം' സംബന്ധിച്ച പ്രഖ്യാപനം ഉടന്‍തന്നെ നടത്തിയാല്‍ അത് നിയമസഭ- ലോകസഭ തെരഞ്ഞെടുപ്പിനു വലിയ ഗുണം ചെയ്യുമെന്ന് സംഘപരിവാറില്‍ ശക്തമായ അഭിപ്രായം ഉണ്ട്. ഗവണ്‍മെന്റ് വിതരണം ചെയ്ത ചില സര്‍ക്കുലറില്‍ മതേതരത്വം എന്ന പദം ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതും വലിയ വിവാദം ആവുകയുണ്ടായി. ചന്ദ്രയാന്റെ വിജയവും ജി-20-ന്റെ ആഗോളതലത്തിലുള്ള അംഗീകാരവും ഗവണ്‍മെന്റിന്റെ തുരുപ്പുശീട്ടുകളാണ് തെരഞ്ഞെടുപ്പുപ്രചരണത്തില്‍. മണിപ്പൂരിലെ കലാപവും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവരെ ഉന്നം വയ്ക്കുന്നതും ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ജി-20 ലൂടെയും മറ്റും ആഗോള പ്രതിഛായയ്ക്ക് തിളക്കം വര്‍ദ്ധിച്ചിട്ടുണ്ടെന്ന ഗവണ്‍മെന്റിന്റെ പ്രചരണത്തിനിടയില്‍ ആണ് ഇത്. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യ കണക്കപ്പെടുപ്പിനുള്ള പ്രതിപക്ഷ സംസ്ഥാന ഗവണ്‍മെന്റ്ുകളുടെ നീക്കം ഗവണ്‍മെന്റിന് വലിയ തിരിച്ചടിയാണ്. ഇതിലൂടെ ഓ.ബി.സി. വിഭാഗത്തിന്റെ ശരിയായ ജനസംഖ്യ വെളിച്ചത്ത് വരും. ഇപ്പോഴുള്ള ജനസംഖ്യ 1952-ലെ സെന്‍സസ് അനുസരിച്ചുള്ളതാണ്. അത് ശരിയായ ജനസംഖ്യയെക്കാള്‍ വളരെ കുറവാണ്. അങ്ങനെ വികസനത്തിലും മറ്റു അവര്‍ പിന്തുണപ്പെടുന്നു. ഇത് മാറ്റുവാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. ഹിന്ദുമതവിഭാഗത്തില്‍ മറ്റു പിന്നോക്ക വിഭാഗം ആണ് ഭൂരിപക്ഷം എന്നാണ് അവരുടെ വാദഗതി. ബി.ജെ.പി. ഇതിനെതിരാണ്. ഇങ്ങനെ ഒരു സെന്‍സസിന്റെ ആവശ്യമേയില്ലെന്നും ഇത് ഹിന്ദുക്കളെ തമ്മില്‍ വിഭജിക്കുവാനുള്ള ഒരു തന്ത്രം ആണെന്നും ഒരു തെരഞ്ഞെടുപ്പു പ്രചരണത്തില്‍ മോദി ആരോപിക്കുകയുണ്ടായി. കോണ്‍ഗ്രസിന് ഈ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും ഛാത്തീസ്ഘട്ടിലും തെലുങ്കാനയിലും വിജയം തീര്‍ച്ചയാണെന്നും രാജസ്ഥാനില്‍ ജയിച്ചേക്കുമെന്നും ആണ് രാഹുല്‍ഗാന്ധിയുടെ കണക്കുകൂട്ടല്‍. രാജസ്ഥാന്റെ സംശയം ഉണ്ട്. എന്നാല്‍ തെലുങ്കാനയെ സംബന്ധിച്ചുള്ള രാഹുലിന്റെ കണക്കുകൂട്ടല്‍ മുഖവിലയ്ക്ക് എടുക്കുവാന്‍ സാദ്ധ്യമല്ല. മധ്യപ്രദേശിന്റെയും ഛാത്തീസ്ഘട്ടിന്റെയും കാര്യത്തില്‍ രാഹുല്‍ ശരിയാകുവാന്‍ ഇടയുണ്ട്.  മിസോറാമിന്റെ കാര്യല്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തില്‍ തുടരുവാനാണ് സാദ്ധ്യത. ഒരു കാലത്ത് മിസോറാം കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട ആയിരുന്നു. ബി.ജെ.പി.യുടെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രം പതിവുപോലെ മതധ്രുവീകരണം ആണ്. പിന്നെ, മോദിയുടെ അതുല്യമായ വ്യക്തിപ്രഭാവവും. 2024ലും ഇതൊക്കെ തന്നെ ആയിരിക്കും സ്ഥിതിഗതി. അത് ഇക്കുറി വിജയിക്കുമോ? അത് ആവര്‍ത്തിക്കണമെന്ന് നിര്‍ബ്ബന്ധം ഇല്ല. കാരണം ഇന്‍ഡ്യസഖ്യത്തിന് അനുകൂലമായ  ഒരു ജനവികാരം പത്തു വര്‍ഷത്തെ തുടര്‍ഭരണത്തിനുശേഷം കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട്്. പ്‌ക്ഷേ, അത് ഒരു തരംഗം ഒന്നും ആയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക