സൂര്യനിലേക്ക് മുഖാര്‍ച്ചന ചെയ്യുന്ന,
സൂര്യകാന്തിപ്പൂവുപോലൊരുവള്‍,
ശ്രീത്വം തികഞ്ഞവള്‍, 'സുന്ദരിച്ചെല്ലമ്മ',
സ്ത്രീജന്മമായത് ദുര്‍വിധിയോ?
നൃത്ത സംഗീത നിപുണ,യദ്ധ്യാപിക,
എത്ര മികച്ച കലാകാരിയീ-
'സുന്ദരിച്ചെല്ലമ്മ', നൊമ്പരപ്പൂവായി,
എന്നുമനന്തപുരിതന്‍ മണ്ണില്‍
ശ്രീപത്മനാഭന്റെ ദാസനെ ധ്യാനിച്ച്-
പ്രേമതപസ്വിനിയായ ദാസി,
ദാഹജലം കൊതിക്കുന്ന വേഴാമ്പലായ്,
ജീവിതമാം മണല്‍ക്കാട്ടിലൂടെ....
കൊട്ടാരവാസികള്‍ക്കാ,യരങ്ങേറിയ,
നാടകത്തില്‍ നടിയായവള്‍ക്ക്,
തിരുവിതാംകൂര്‍ രാജവംശാധിനാഥന്‍,
ചിത്തിര നക്ഷത്ര നാമധാരി,
സന്തുഷ്ടചിത്തനായേകിയ സമ്മാനം-
കണ്ണഞ്ചിക്കുന്ന കസവുവസ്ത്രം,
കല്യാണപ്പുടവയാ,യുള്ളിലണിഞ്ഞവള്‍,
സ്വപ്നസഞ്ചാരിണിയായി മാറി;
അമ്പിളിമാമനെ,യെത്തിപ്പിടിക്കുവാന്‍,
ഇമ്പമോടെ കരംനീട്ടിയവള്‍,
മാമരം പാഴ്മുളയ്‌ക്കൊപ്പമല്ല,യെന്ന്,
താനെ തിരിച്ചറിയാതെപോയി;
ആ, മുഖം മാത്രം തിരഞ്ഞുനിരന്തരം,
ആ, വഴിത്താരയിലൂടെ യാത്ര.....
പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കതാ-
രാജപ്രമുഖനെഴുന്നള്ളത്തായ്;
ദര്‍ശന സൗഭാഗ്യം സായൂജ്യമാക്കുവാന്‍,
ഭക്തയ,ക്കോവിലില്‍ കാത്തുനില്‍ക്കെ,
കാവല്‍ഭടന്മാര്‍ ക്ഷണത്തില്‍ പുറത്താക്കി,
കാതര, നൈരാശ്യഗര്‍ത്തത്തിലായ്;
മോഹങ്ങള്‍ പാഴ്ക്കിനാവായവള്‍ക്കീ ഭൂവി,
സോപാനം മാത്രമ,ഭയസ്ഥാനം;
പ്രാണേശ്വരനായി തമ്പുരാനെത്തന്നെ,
മാനസക്കോവിലില്‍, ദേവനാക്കി,
സ്വന്തബന്ധങ്ങളില്‍ നിന്നകന്നേകയായ്,
'ശ്രീപത്മനാഭന്റെ' ദു:ഖപുത്രി,
കാലചക്രങ്ങള്‍ കറങ്ങി ഋതുക്കളായ്,
ഭ്രാന്തിയെപ്പോലെ,യുഴന്നവള്‍ ഹാ!;
മാറത്തുചേര്‍ത്തുപിടിച്ച മാറാപ്പുമായ്,
ക്ഷേത്ര നടയിലായ് നിത്യനിദ്ര.
ആത്മവെളിച്ചമാ,യന്യമാം ലോകത്ത്,
ശാന്തിനികേതനം മറ്റെവിടെ?
മാറ്റൊലിക്കൊള്‍കയോ, സുന്ദരിച്ചെല്ലമ്മേ,
കാറ്റിലിടയ്ക്കിടെ നിന്‍ കരച്ചില്‍?