Image

രാഹുലിന്റെ കാര്‍ഡ് 'ജാതിസര്‍വ്വേ'... :(കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 09 October, 2023
രാഹുലിന്റെ കാര്‍ഡ് 'ജാതിസര്‍വ്വേ'... :(കെ.എ ഫ്രാന്‍സിസ്)

വരുന്ന ഇലക്ഷനുകളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുല്‍ഗാന്ധിക്ക് നല്ലൊരു തുറുപ്പുചീട്ട് കിട്ടി. ബീഹാറില്‍ നിതീഷ് നടത്തിയ ജാതി സര്‍വ്വേയില്‍ 65 ശതമാനം പേരും പിന്നോക്കക്കാരും അതില്‍ 36 ശതമാനം അതിപിന്നോക്കക്കാരുമാണ്. ഇന്ത്യയിലെവിടെയും ഏറ്റക്കുറച്ചിലോടെ സ്ഥിതി ഏതാണ്ട് ഒന്ന് തന്നെ. അവരാകട്ടെ പട്ടിണിപാവങ്ങളും. രാഹുല്‍ ഈ തെരഞ്ഞെടുപ്പില്‍ അവരുടെ അഭിഭാഷകനാണെന്നതാണ് പ്രത്യേകത. ഇത് മോദിയെ ബുദ്ധിമുട്ടിലാക്കുമോ ? 

ജാതി സെന്‍സസിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെടുത്ത നിലപാട് 'ഇന്ത്യ' മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. അതിനു തുടക്കം കുറിച്ചതാകട്ടെ ബിഹാര്‍ സര്‍ക്കാറും. അങ്ങനെ ഒരു സര്‍വ്വേ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ മാത്രമേ ഇപ്പോഴത്തെ നിലയ്ക്ക് നന്നായി നടത്താനാവൂ. കാരണം രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസംബര്‍ മൂന്നിനു മാത്രമാണ് ഈ സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ റിസള്‍ട്ട് ഒന്നിച്ചു വരുക. ജാതി സെന്‍സസ് നടത്തുമെന്ന പ്രഖ്യാപനം ഈ  തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാതിരിക്കില്ല. ഒ.ബി.സി തുടങ്ങി ഭൂരിപക്ഷം വരുന്ന കീഴ്ജാതിക്കാര്‍ക്ക് സാധാരണഗതിയില്‍ ഇത് ആവേശം ചെയ്യേണ്ടതാണ്. 

കീഴ്ജാതിക്കാര്‍ എത്രയുണ്ടെന്നതല്ല, ആ വിഭാഗത്തിലെ പാവപ്പെട്ടവരാണ് ഇന്ത്യയിലേറെയുള്ളത് എന്നതാണ് അതിന്റെ പ്രസക്തി. കാലാകാലങ്ങളായി അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ മോദി സര്‍ക്കാര്‍ നിഷേധിച്ചു വരുകയാണെന്നതാണ് അതിന്റെ രാഷ്ട്രീയ അര്‍ഥം. ബി.ജെ.പി മേലാളന്മാരുടെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്ന് മുദ്രകുത്താന്‍ രാഹുലിനും സംഘത്തിനും കഴിഞ്ഞല്‍  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറിയുണ്ടാകും.

ജോഡോ യാത്രയിലാണ് ഈ ആശയം രാഹുലിന്റെ മനസ്സില്‍ പതിഞ്ഞത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടന്ന ഒരു ഉന്നത രാഷ്ട്രീയ നേതാവിനു കിട്ടിയ വലിയൊരു ഉള്‍കാഴ്ച തന്നെയാണ് ഈ ആശയം. ഇലക്ഷന്‍ നടക്കുന്ന അഞ്ചിടങ്ങളില്‍ മോദിക്ക് 'നല്ലൊരു പഞ്ച്' നല്‍കാനായാല്‍, ജാതി സര്‍വേ നടത്തി ആ  വിഭാഗത്തിന് പുതിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മോദി മടിക്കില്ല. എന്നാലും അത് രാഹുലിന് ഗുണകരമാവും. 

ഇന്ത്യ മുന്നണി പല രാഷ്ട്രീയ പാര്‍ട്ടികളുടെ 'അവിയല്‍' ആണെന്നിരിക്കെ അങ്ങനെയൊരു സര്‍ക്കാര്‍ ഉണ്ടായാല്‍ തന്നെ അതിനെ  ബി.ജെ.പി കൂറുമാറ്റം കൊണ്ടു വളരെ പെട്ടെന്ന് മറിച്ചിടില്ലേ എന്ന് ചിലര്‍ ചോദിക്കാം. ഒരു ഭരണം പോയാല്‍ ബി.ജെ.പിക്ക് എന്നല്ല ഭരിക്കുന്ന ഒരു പാര്‍ട്ടിക്കും സാധാരണഗതിയില്‍ അത് എളുപ്പമാവില്ല. ഭരിക്കുമ്പോള്‍ മാത്രമാണല്ലോ ഭരണസംവിധാനം ഇതിനൊക്കെ പ്രയോജനപ്പെടുത്താനാവുക. എന്തായാലും നേരിയ ഭൂരിപക്ഷത്തിലാണ് ഇന്ത്യ മുന്നണി ജയിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് തന്നെ അമിത്ഷാ പോലുള്ളവര്‍ക്ക് അത് സാധ്യമാക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. 

സി.പി.എമ്മില്‍ കരുവന്നൂര്‍ ബാങ്കിനെ പറ്റി ഇ.പി.ജയരാജനും, ജി.സുധാകരനും നടത്തിയതു പോലെ തോമസ് ഐസക്കും പാര്‍ട്ടിയെ ഒന്ന് തോണ്ടി. കരുവന്നൂര്‍ ബാങ്കില്‍നിന്ന് പാര്‍ട്ടി ഒരു പാഠം പഠിക്കണം എന്നാണ്  അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഓഡിറ്റിംഗ് എന്തായാലും ഇങ്ങനെ പോരാ, വേണ്ടത് വേണ്ടതു പോലെ അതാത് കാലത്ത് ചെയ്തില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അദ്ദേഹം തുറന്നടിച്ചു. 

അടിക്കുറിപ്പ്: ശോഭാ സുരേന്ദ്രന്‍ എന്ന വിപ്ലവകാരിയായ ബി.ജെ.പി നേതാവ് ചിലപ്പോള്‍ തമാശയും പറയും. സിനിമയിലാണെങ്കിലും 10 പേരോട് ഒറ്റയ്ക്ക് നേരിടുന്ന സുരേഷ്‌ഗോപിക്കുണ്ടോ 11 കിലോമീറ്റര്‍ നടക്കാന്‍ പ്രയാസം? കുടവയറും താങ്ങി ഈ വയസ്സുകാലത്ത് റിയലായി നടക്കുന്നതിന്റെ പ്രയാസം സുരേഷ് ഗോപിയ്ക്കല്ലേ അറിയൂ.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക