യൂണിറ്റ് 2.80 രൂപയ്ക്ക് സോളാര്‍ വൈദ്യുതി കിട്ടുമ്പോള്‍ നാമെന്തിന് 4.80 ന് വേറെ വൈദ്യുതി വാങ്ങുന്നു? യൂണിറ്റിന് രണ്ടു രൂപ ലാഭം കിട്ടുന്ന ഒരു 'വണ്‍ടൈം സ്‌കീം' സര്‍ക്കാര്‍ ചിന്തിക്കാത്തത് എന്തുകൊണ്ട്?
മഴക്കാലത്തു പോലും കേരളത്തിന് ആവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബിയുടെ പക്കലില്ലെന്ന് കേട്ടാല്‍ മലയാളികള്‍ ആരും ഞെട്ടില്ലെന്ന് മാത്രമല്ല 'അങ്ങനെയോ' എന്ന് ചോദിക്കുക പോലുമില്ല. ഇതിനു നാം പുറത്തു നിന്ന് വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങണം. പക്ഷെ നമ്മുടെ നാട്ടുകാര്‍ തന്നെ സോളാര്‍ വഴിയോ വിന്‍ഡ് വഴിയോ ഉല്പാദിപ്പിച്ചാലോ? വൈദ്യുത ബോര്‍ഡ് അതിനു പണമായി മതിയായ വിലയും കൊടുക്കില്ല.
ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 4 രൂപ 80 പൈസക്കാണെന്ന് കരുതുക. ഇന്ത്യയില്‍ സൗരോര്‍ജ്ജം വില്‍ക്കുന്ന ടാറ്റ പോലുള്ള വലിയ കമ്പനികള്‍ സോളാര്‍ വൈദ്യുതി യൂണിറ്റിന് 2 രൂപ 80 പൈസയ്ക്ക് തരാമെന്ന് പറഞ്ഞാലും നാമത് വാങ്ങില്ല. വാങ്ങാത്തത് സോളാര്‍ വൈദ്യുതി ശരിയാംവിധം സ്റ്റോര്‍ ചെയ്യാവുന്ന ബാറ്ററി നമുക്ക് ഇല്ലാത്തതു കൊണ്ടാണ്. എങ്കില്‍ സോളാര്‍ വൈദ്യുതി പകല്‍ പ്രയോജനപ്പെടുത്തി നമ്മുടെ വൈദ്യുതി രാത്രി ഉപയോഗപ്പെടുത്തിക്കൂടെയെന്ന് ചോദിച്ചാലോ? അതിന് ശരിയായ ഉത്തരവുമില്ല. നമ്മുടെ കടല്‍തീരത്ത് വിന്‍ഡ് ഇത്ര സ്‌കോപ്പുണ്ടായിട്ടും നാം മല കയറുന്നത് എന്തിന്? വിദേശത്ത് അത് വിജയകരമാണ്.
വിലക്കുറവില്‍ നിന്നു കിട്ടുന്ന വൈദ്യുതി വിലപേശി വാങ്ങി അതൊരു സ്റ്റോറേജ് ആക്കികൂടെയെന്ന് ഇന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ചോദിച്ചാലോ? നാളെ മുതല്‍ കൃഷി പഠിക്കാന്‍ ഇസ്രയേലിലോ മറ്റോ പോയി വരാനുള്ള അവസരം നല്‍കി ബി.അശോകിനെ പോലെ കൃഷിവകുപ്പിലിരിക്കാം.കൊഞ്ച് ചാടിയാല്‍ ചാടുന്നത് ചട്ടിയോളമല്ലേ? അതു ഭരിക്കുന്ന മന്ത്രിക്കും മന്ത്രികൂടത്തിനും അറിയാം. ഇതിനര്‍ത്ഥം ഇങ്ങനെയൊരു പരിഷ്‌കാരത്തെ പറ്റി ആലോചിക്കാനൊന്നുമല്ല സര്‍ക്കാര്‍ ഓരോരുത്തരെ നിയമിക്കുന്നതെന്ന് അവരെങ്കിലും മനസ്സിലാക്കാത്തതു കൊണ്ടല്ലേ? ഇതിനൊക്കെ എതിരെ ശബ്ദമുയര്‍ത്തുന്ന വി.ഡി സതീശന്‍ അഥവാ ഭരിച്ചാലും ഇതിലൊന്നും മാറ്റം വരാന്‍ ഇല്ല.
പക്ഷേ, ഇത്തരം പ്രശ്‌നങ്ങള്‍ക്കോ അനുമതികള്‍ക്കോ കാത്തു നില്‍ക്കാതെ പണമുഉള്ളവര്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയുണ്ട്. ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്ന ഏതിനം വൈദ്യുതിയും സൂക്ഷിക്കാവുന്ന ബാറ്ററി ഉള്ള ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുടങ്ങുക. രണ്ടോ മൂന്നോ ഏക്കര്‍ സ്ഥലം മതി. കേരള സംസ്ഥാനത്തിനോ മറ്റോ ആവശ്യമായ വൈദ്യുതി അവര്‍ക്ക് വാങ്ങി സ്റ്റോര്‍ ചെയ്ത് വില്‍ക്കാനാകും. ഈ എസ്റ്റേറ്റിന് വ്യവസായ മന്ത്രി പല ആനുകൂല്യങ്ങളും കിഴിവുകളും ഇപ്പോള്‍ നല്‍കും. കൂട്ടത്തില്‍ പറയട്ടെ : അങ്ങനെ ബാറ്ററി വികസിപ്പിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വി.ടി ജോയ് കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല, ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററി എന്ന അമേരിക്കന്‍ കമ്പനി അതിന് പാറ്റേണ്‍ വാങ്ങി കൊടുത്തു.
ലിഥിയം അയേണ്‍ ബാറ്ററികളാണ് ഇതിനു മാത്രമല്ല മൊബൈല്‍ ബാറ്ററികള്‍ക്ക് പോലും ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് മൊബൈല്‍ പൊട്ടിത്തെറിക്കുന്നതും മറ്റും. വാഹനങ്ങള്‍ നിന്ന നില്‍പ്പില്‍ കത്തിപ്പോകുന്നതും ഇങ്ങനെ തന്നെ. ഈ ലിഥിയത്തിനാകട്ടെ വലിയ വിലയും. ലിഥിയം നമ്മുടെ വടക്കന്‍ മേഖലയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഖനനം തുടങ്ങിയിട്ടുമില്ല. ലിഥിയത്തിനു പകരം നൂതന സിങ്ക് അധിഷ്ഠിത ബാറ്ററി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയാണ് വി.ടി ജോയിയും യുവതികളായ ഡെയ്ഫി ഡേവിസ്, ലയ മേരി എന്നിവരും വികസിപ്പിച്ചെടുത്തിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇത് പുറത്തിറക്കുമ്പോള്‍ മൂന്നുപേര്‍ക്കും ലാഭവിഹിതം ലഭിക്കും.
നമ്മുടെ കലാലയങ്ങളിലും ഇങ്ങനെയൊരു അന്വേഷണത്തിന് വേദിയുണ്ട്. അത് പ്രയോജനപ്പെടുത്തണം. ബ്രസീലില്‍ ഹംസ എന്ന കോഴിക്കോട് കുന്ദമംഗലത്തുകാരന്‍ ഒരു എന്‍ജിനീയറിങ് അധ്യാപകന്‍ തന്റെ പ്രിയ വിദ്യാര്‍ത്ഥികളോടൊപ്പം വലിയൊരു അന്വേഷണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിനടിയിലൂടെ വേറൊരു നദി ഒഴുകുന്നുണ്ടെന്നാണ് അവര്‍ തെളിയിച്ചത്. നദിയുടെ പ്രഭവസ്ഥാനവും ബഹിര്‍ഗമന വഴിയും അവര്‍ ലോകത്തിനു കാണിച്ചു കൊടുത്തു. ബ്രസീല്‍ സര്‍ക്കാര്‍ ആ നദിക്ക് ഇട്ട പേരെന്താണെന്നോ ? ഹംസാനദി !
തീര്‍ന്നില്ല, മനോരമയില്‍ ജേര്‍ണലിസ്റ്റായ പ്രവര്‍ത്തിക്കുന്ന കാലത്ത് ഹംസയുടെ മെയില്‍ ഐഡി തപ്പിപ്പിടിച്ച് ഞാനൊരു സന്ദേശമിട്ടു: ഹംസിക്കാ പ്രീയൂണിവേഴ്‌സിറ്റിക്ക് അങ്ങ് പഠിച്ച കോഴിക്കോട് ദേവഗിരി കോളേജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും വിദ്യാര്‍ഥിയായിരുന്നു. ഇപ്പോള്‍ മനോരമയില്‍ റിപ്പോര്‍ട്ടര്‍. എന്റെ മെയില്‍ ഐഡിയോടൊപ്പം മെയിലില്‍ ചേര്‍ത്ത എന്റെ ഫോണ്‍ നമ്പറില്‍ അദ്ദേഹം ഉടന്‍ വിളിച്ചു: "എടോ, ഇങ്ങ് പോര് യാത്രാചെലവ് മാത്രം എടുത്താല്‍ മതി ഇങ്ങുവാ." ശാന്തിഗിരിയിലെ ഗുരുരത്‌ന സ്വാമിയെയും കൊണ്ടാണു ഞാന്‍ പോയത്. വയലാര്‍ രവി ആയിരുന്നു പ്രവാസി മന്ത്രി. എയര്‍പോര്‍ട്ടില്‍ തന്നെ ഹൈക്കമ്മീഷനറും സംഘവും മലയാളികളായ എഞ്ചിനീയര്‍മാരും സ്വീകരിക്കാനുണ്ടായിരുന്നു.
ഞങ്ങള്‍ അവിടെ ബ്രസീല്‍ സര്‍ക്കാരിന്റെ അതിഥികളായി. മാത്രമല്ല, ആമസോണ്‍ കാണാന്‍ പോകുന്നവരൊന്നും പൊതുവേ കാണാത്ത അവിശ്വസനീയമായ ഒരു കാഴ്ച കൂടി കണ്ടു. മനോവയിലെ ആമസോണിന്റെ ഉത്ഭവസ്ഥാനത്ത് ഒരേ പുഴ വ്യത്യസ്തമായ രണ്ടു നിറങ്ങളിലാണ് ഒഴുകിയിരുന്നത്! ഒരു സ്പീഡ് ബോട്ടില്‍ ആ വെള്ളത്തെ തൊട്ടു ഞങ്ങള്‍ യാത്ര ചെയ്തു. മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ അതിന്റെ ചിത്രവും വിവരണവും നല്‍കാനായി. ഹംസിക്ക തിരിച്ചെത്തിയപ്പോള്‍ ദേവഗിരിയില്‍ സ്വീകരണവും സംഘടിപ്പിച്ചു.
കെ.എ ഫ്രാന്‍സിസ്