Image

ചേതനയറ്റ ചില്ലു കൊട്ടാരം (കഥാമത്സരം-സിനി മോൾ  എസ്)

Published on 12 October, 2023
ചേതനയറ്റ ചില്ലു കൊട്ടാരം (കഥാമത്സരം-സിനി മോൾ  എസ്)

തെച്ചിപഴങ്ങൾ കണ്ടിട്ടുണ്ടോ...? 
ആരും ആരെയും വേർപിരിയാതെ, ഇണങ്ങി കഴിയും ജന്മങ്ങൾ. കളിയും ചിരിയും എന്തിനേറെ കലഹങ്ങൾ പോലും അവരൊന്നായ് പങ്കിട്ടിടും. 
കൊച്ചു കിടാത്തികൾ പോലും വരും, അവരെ രുചിച്ചറിയാൻ... 

എങ്കിലും ഗീതുമോൾക്ക് എന്തുപറ്റി...? തെച്ചിപഴങ്ങളെ തലോടുന്ന കരങ്ങൾക്ക് കള്ളക്കണ്ണീരിന്റെ ചൊവയുണ്ടോ..? എന്നാൽ അതൊന്നറിയണമല്ലോ .... !

അമ്മേടെ മോളിങ്ങ് വന്നേ... ഒരു കാര്യം പറയട്ടെ. 
ഓല മേഞ്ഞ പഞ്ഞകുടിലിൻ വാതിൽ നാരിട്ടു വലിച്ചു മുറുക്കും നേരം മണിയമ്മ പറഞ്ഞു. 

കരിമഷി പരന്ന കണ്ണുകൾക്ക് കള്ള കണ്ണീരിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അവൾ ചിണുങ്ങി. 

"ഞാൻ ദൂരെയെങ്ങും പോവില്ല. 
മണികുട്ടനും അമ്പോറ്റി പെണ്ണും എനിക്ക് കൂട്ടായ്‌ ഉണ്ടല്ലോ.. ഞാൻ കുറച്ചു കളിച്ചിട്ട് വേഗം വരാ അമ്മേ .."

അമ്മേടെ രാജകുമാരിയല്ലെ... അമ്മ പറയുന്നത് എന്റെ മോള് അനുസരിക്കില്ല എന്നുണ്ടോ? ഈയമ്മക്ക് മോൾ അല്ലാതെ വേറെ ആരാ ഉള്ളത് ...?? 
അതും ആ കാട്ടിലേക്ക് !
രക്തദാഹിയായ കാടാണത്. 
എത്ര എത്ര പെൺ കുട്ടികളെയാ അത് കൊണ്ടുപോയത്.. 
അതിനു ചുറ്റും കേൾക്കുന്ന നിലവിളിയോ, എല്ലാം പെൺകുട്ടികളുടെ കരച്ചിലാ !
ചോരയും നീരുമുള്ള ഒരു പെണ്ണിനെ എങ്കിലും ബാക്കി വച്ചിട്ടുണ്ടോ...?
ഈ നാടിന്റെ ശാപമാണത്‌.
കാക്കക്കും, പരുന്തിനും കൊടുക്കാതെ ഇനിയും എത്ര നാൾ... ഞാൻ നിന്നെ... 

ആരാ അമ്മേ കരഞ്ഞേ..? 
പരന്ന കണ്മഷി കൂട്ടങ്ങൾക്കു നടുവെ കൈത്തണ്ടയാൽ തുടച്ച് ഗീതുമോൾ ചോദിച്ചു. 

അതൊന്നും പറഞ്ഞാൽ മോൾക്കിപ്പോ മനസ്സിലാവില്ല. 
വീട് വിട്ട് എങ്ങും പോവരുത് എന്ന താക്കീതും നൽകി ഒരു ദീർഘനിശ്വാസമെടുത്ത്‌, ഇടറിയ വാക്കുകൾ മുഴുമിക്കാതെ തുണി സഞ്ചിയും മാറിലടക്കി മണിയമ്മ നടന്നു. 

ശ്ശോ.... ഞാൻ എന്തായാലും പോവും. എനിക്കിന്ന് മഞ്ഞകിളിയെ കാണണം. ആ കുഞ്ഞിങ്ങളെല്ലാം കണ്ണു മിഴിച്ചോ ആവോ ...? 

എനിക്ക് വല്ലാതെ പേടിയാവാ കമലേടത്തിയേ... 
മോളെ നോക്കാനും, വീടിനു കാവലായും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ മനസ്സിൽ ഇത്രയും ഭാരം കേറ്റി ഈ മേട ചൂടിന്റെ അടിവാരത്ത് നിന്ന് വിറക് വെട്ടുമ്പോ അൽപ്പമെങ്കിലും ആശ്വാസം എനിക്ക് കിട്ടിയേനെ !
    
നീ എന്തിനാ മണിയെ പേടിക്കണേ? 
നിന്റെ മകളെ ആരും കൊണ്ടു പോവില്ല. അവൾ കുഞ്ഞല്ലേ.. പിന്നെ അടുത്തൊക്കെ ആളനക്കവും ഉണ്ടല്ലോ.. 

അല്ല, നീ അറിഞ്ഞോ.. ദുരന്തങ്ങളെ നിത്യം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ജന്മങ്ങൾ നമ്മൾ മാത്രമല്ല, ഈ ലോകം തന്നെ കെണിയിൽപ്പെടാൻ പോവാ.. ഇന്നത്തെ റേഡിയോയില് പറയണത് കേട്ടു . 
മനുഷ്യരെ ഒക്കെ കൊല്ലുന്ന എന്തോ മഹാമാരി വന്നിട്ടുണ്ട് ന്നാ പറയണേ.. 
തൊട്ടാ പകരും അതാ സൂക്കേട്. 
ഇതിന് ആണും പെണ്ണും എന്നൊന്നും ഇല്ലാന്നാ പറയണേ. 
  
ഹാ ഞാനും അറിഞ്ഞു ഏടത്തിയെ... എല്ലാരും തുണികൊണ്ട് മുഖം മറച്ച് വലിങ്ങനെ വലിച്ചു കെട്ടണം എന്നാ പറയണത്. 

എന്റെ മേലേകാവിലമ്മേ.... 
എന്തൊക്കെയാ വരാൻ പോണേ...? 
ഈ ഉള്ളതൊക്കെ പോരാണ്ടാണോ ഇതും കൂടി..? 

വരൂ.... ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. എന്തെ ഇത്ര താമസം? 
നിന്റെ വരവ് കാത്ത് കുറെ നേരായി ഞാൻ നിൽക്കുന്നു...
 
കഴിഞ്ഞില്ല ഇനിയുമുണ്ട് ഇരകൾ ബാക്കി. ആ സൂര്യന്റെ നിഴൽ മായും പോലെ .. 
ഓരോന്നായി എണ്ണങ്ങൾ കുറയും. 

എവിടെ നരികൾ...???
പുരുഷകിരീടം അണിഞ്ഞ് പെണ്ണിന്റെ മാനത്തെ പിച്ചി ചീന്തും ചെന്നായ്ക്കൾ !
അവരൊക്കെ ആണല്ലോ എനിക്കീ പട്ടം ചാർത്തി തന്നത് .. ! 
 " രക്തദാഹിയായ കാട്." 

പെണ്ണിന്റെ ഗന്ധത്തെ ഈ കൈകൾ കൊണ്ടാണോ പരത്തിയത്? 

അതോ അവളുടെ ആടകളിലെ വർണ്ണങ്ങൾ മായ്ച്ചു കളഞ്ഞതും ഈ കൈകളാണോ...? 

എല്ലാം അവരല്ലേ... എന്നെ കരുവാക്കിയതല്ലെ..? 

'നശിച്ച കാട് ; രക്തത്തിന്റെ നീരുറവയാണിവിടം. '
ഓരോരുത്തരായി കല്ലെറിഞ്ഞില്ലേ എന്നെ? 

ഓരോ പെണ്ണിന്റെയും മാനത്തിന്റെ നിലവിളി മുഴങ്ങിയപ്പോഴും ഞാൻ മാത്രം സാക്ഷി!
പിച്ചി ചീന്തിയില്ലെ അവർ... 

അതിലൊന്നിന് ഈ കുംഭത്തിൽ പ്രായം പത്ത്.

മഞ്ഞകിളിയുടെ കൂട്ടിലെ അതിഥിയായി മാറിയ ഗീതുമോൾക്ക് സമയം പോയതറിഞ്ഞില്ല. 
നേരം ഇരുട്ടി ; മഞ്ഞിന്റെ മക്കൾ കാടിന്റെ താഴ്‌വരയിലെത്തി തുടങ്ങി. 

അവൾ ഭയന്നു. ചുറ്റും ആരോ അലറും പോലെ..  അല്ല, തോന്നൽ അല്ല. ആരോ കരയുന്നുണ്ട്. 

ആഹാ... മോളിവിടെ നിൽക്കുവാണോ..?  നേരം ഏറെ ആയില്ലേ.. വീട്ടിൽ പോകണ്ടേ..?  വരൂ.. ചേച്ചിയും ആ വഴിക്കാ ; ഞാൻ വീട്ടിൽ കൊണ്ടാക്കാം. 

അവർ നടന്നു. 
ഗീതു ചോദിച്ചു, ചേച്ചി ആരാ? 
ഈ കാട്ടിലൊറ്റക്ക് നടക്കുമ്പോ പേടിയില്ലേ ചേച്ചിക്ക്? 

ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു... ഇല്ല മോളെ, ഇരുട്ട് എനിക്കുള്ളതാണ്. 

ഞാൻ കരഞ്ഞാലും ആരും കാണില്ല. എന്റെ നിലവിളിയും ആരും കേൾക്കില്ല.  ആരെയും പേടിക്കേണ്ടതുമില്ല. പിന്നെ........... 

പിച്ചി ചീന്താൻ എനിക്കൊരു ശരീരവും ഇല്ല. 

"നിഗൂഢതയെ അത്രമേൽ പ്രണയിച്ച കാടെ....പറയാതെ പുണർന്ന കാതങ്ങളത്രയും നിനക്കായ് താണ്ടിയതല്ലോ..."

ഒടുവിൽ......... !!!

ഇത് ഇന്നലെകളുടെ ഓർമ്മകൾ മാത്രമല്ല, ഇന്നിന്റെ പൊരുളുകൾ തേടുന്ന നാരിമാരുടെ നിത്യസംഭവ ദുർവിധികൾ കൂടെയാണ്. 
ഓരോ ദുരന്തങ്ങളും ഓരോ ഓർമ്മപ്പെടുത്തലാണ്. എത്ര വലിയ മഹാമാരി മനുഷ്യരെ കീഴടക്കിയാലും അവർ പാഠങ്ങൾ പഠിക്കില്ല. 
വായും മൂക്കും മാത്രം മൂടി കെട്ടിയാൽ പോരാ,  പെണ്ണിന്റെ വഴിയിൽ  കാമകണ്ണിൻ മുൾ വേലികൾ  തീർക്കുന്ന മനുഷ്യ മൃഗങ്ങളെയാണ് പേടിക്കേണ്ടത് ; അവരെയാണ് വിലങ്ങിടേണ്ടത്.

കൂരയുടെ വേലിക്കപ്പുറം ഗീതുമോളെ ഭദ്രമായ് എത്തിച്ചു.  വീടെത്തിയ സന്തോഷത്താൽ ഗീതു യാത്ര പറയാൻ തിരിഞ്ഞു. 
പക്ഷേ, എവിടെ...?  ആ ചേച്ചി എവിടെ...? 

മുടിയിഴകൾ രണ്ടു ഭാഗം ചീന്തിയൊതുക്കിയ ആ ചേച്ചി..???

ഗീതു അവിടമാകെ തിരഞ്ഞു. പക്ഷേ കണ്ടില്ല. 
എന്നാൽ കണ്ടു, മേലെ ആകാശത്ത് മിന്നി തിളങ്ങി നിൽക്കുന്ന ഒരു വാൽനക്ഷത്രം !

അത് ഗീതുമോളെ നോക്കി പുഞ്ചിരിക്കുന്നത് പോലെ ഒരു തോന്നൽ. ആ വാൽനക്ഷത്രത്തിനരികേ ഉള്ള മറ്റു അനേകം നക്ഷത്രങ്ങളും പുഞ്ചിരിക്കും പോലെ.... യാത്ര ചൊല്ലുന്ന പോലെ... 

ഒരുതരത്തിൽ ഇതും ഒരു അതിജീവനമാണ്. കാമകഴുകൻ കൂട്ടങ്ങൾ തീർത്ത തീജ്വാലയിൽ എരിഞ്ഞമർന്ന പെണ്ണുടലിന്റെ അസ്ഥികളെങ്കിലും സംരക്ഷിക്കാൻ ഓരോ സ്ത്രീസമൂഹവും തീർക്കുന്ന അതിജീവനം !

ഗീതു നക്ഷത്രകൂട്ടങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലാണ്. 
അവൾ എണ്ണട്ടേ ... 
നേരായ നേരില്ലാത്ത ഈ ലോകത്തിന്റെ കാപട്യങ്ങളെ എണ്ണി തീർക്കും പോലെ... !!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക