Image

ഉമ്മച്ചൻ (കഥാമത്സരം- അമൃത എ എസ്)

Published on 13 October, 2023
ഉമ്മച്ചൻ (കഥാമത്സരം- അമൃത എ എസ്)

ദുബായ്ക്കാരൻ ഉമ്മച്ചന്‍ പണ്ടെത്തെയത്രയില്ലെങ്കിലും ഇപ്പോഴും എന്റെയൊരു കൂട്ടുകാരനാണ്. 

ഇന്ത്യ വിട്ട് കാനഡയിലേക്ക് പോകാൻ എന്തു ചെയ്യണമെന്ന് കോളേജുകാലത്തെ ഇന്‍ര്‍വെല്‍ സമയങ്ങളിൽ‍ അവനെനിക്ക് പറഞ്ഞുതന്നു. പക്ഷിയെപ്പോലെ പറന്ന് എങ്ങനെ അവിടെയെത്താമെന്ന്. പണമില്ലായിരുന്നെങ്കിലും എത്ര പണം അതിന് ചെലവ് വരുമെന്ന്. അതിന്റെ നൂലാമാലകള്‍ എന്തൊക്കെയാണെന്ന്. ഉമ്മച്ചന് ഇതൊക്കെ കണ്ടെത്താനും പറഞ്ഞുതരാനും ഇഷ്ടവുമായിരുന്നു. 

നേഴ്സിംഗ് പഠിച്ച എന്റെ പ്രേമം കാനഡയിലെത്തിയ സമയമായിരുന്നത്. അവിടെ എവിടെയാണെന്നോ എന്താണെന്നോ അറിയില്ല. അയാള്‍ പോയതുമാത്രം ഞാനറിഞ്ഞു. എവിടെയാണെടാ നീയെന്ന് ചോദിച്ചു വിളിക്കാനുളള ബന്ധമൊന്നും ഞങ്ങള്‍ക്കിടയിലില്ലായിരുന്നു. 

ഉമ്മച്ചന്റൊപ്പം സ്റ്റുഡന്റ് വിസയെടുത്ത് പോയാലോ.. പക്ഷേ പോകുന്നത് എന്റെ പ്രിയപ്പെട്ട ആളെത്തേടിയാണ്. എന്നാലും ഉമ്മച്ചനതിന് സമ്മതിക്കും. സമാധാനപ്രിയനായ അവന്‍ നിശബ്ദം അവന് എന്നോ ഒരിഷ്ടം തോന്നിയ പെണ്ണിന്റെ കൂടെ അവളുടെ ഒറ്റയാൾ പ്രേമത്തിലെ നായകനെ തേടാന്‍ കൂട്ടുപോകും. അവന് അതില്‍ വേദനയുണ്ടെങ്കിലും "ഓ.. അതിനെന്താടീ.." എന്നുപറയും, "നിന്റെയിഷ്ടം" എന്നുപറയും. എന്നെത്തേടി വരാനിടയില്ലാതെ ആളുടെയടുത്തേക്ക് ഞാന്‍ ഉമ്മച്ചനേയും കൊണ്ടുപോകും. അല്ല എനിക്കുമുന്നേ ഉമ്മച്ചന്‍ അയാളെവിടെയാണെന്ന് കണ്ടെത്തി എൻ്റെ മുന്നിലേക്ക് കൊണ്ടുവരും, "നീ സന്തോഷായി ഇരിക്കെടീ"  എന്നുംപറയും. എളുപ്പമല്ലാതിരുന്നിട്ടും ഉമ്മച്ചന്‍ എനിക്കു മുന്നില്‍ വിളക്കുതെളിയിച്ചുതരുന്നതായി തോന്നി. 


ഞാനങ്ങോട്ടു വരികയാണെന്നു പറഞ്ഞാലൊരു പക്ഷേ അയാള്‍ കാനഡ വിട്ട്  പോകുമോ..? അയാൾ ചെലവാക്കിയ ലക്ഷങ്ങൾ, അയാൾ ഉറക്കെമൊഴിച്ച് പഠിച്ചുപഠിച്ച് പാസായ പരീക്ഷകൾ..! ഇല്ല അയാൾ പോകാനിടയില്ല എന്നുറച്ച് ഞാൻ വിശ്വസിച്ചു. അയാളുടേതായി എന്റെ കൈയ്യില്‍ ഉണ്ടായിരുന്നത് വിളിച്ചാല്‍ കിട്ടാത്തൊരു മൊബൈല്‍ നമ്പര്‍ മാത്രമായിരുന്നു.

വളരെ ദൂരെ അയാളെ തേടിപ്പോകുന്നതെന്തിനാന്നെന്ന് എനിക്കറിയില്ലായിരുന്നു. സ്റ്റാക്കിംഗ് എന്ന പദവും പരിചയമില്ല. എങ്ങനെ പോകണമെന്നും അറിയില്ല. നമ്മളെ ആവശ്യമില്ലാത്ത മനുഷ്യരുടെ പിറകെ പണവും മുടക്കി വണ്ടിയും വിളിച്ചു പോകരുത് എന്ന ബോധമില്ലായിരുന്ന ഞാൻ കടലുകൾ താണ്ടി കാമുകനെ കാണാനെത്തിയ കഥാനായികയായി ഞെളിഞ്ഞുനിന്നു. 'സാത് സമന്ദർ പാർ മേം തേരി പീചേ പീചേ ആഗയി..' എന്ന് പാടുമ്പോഴൊക്കെ പോരാളിയായ കാമുകിയാണെന്ന് സ്വയം കരുതി. എവിടെയെങ്കിലും വച്ച് കണ്ടാല്‍ എന്നെ കാണാത്തതുപോലെ അയാള്‍ നടന്നുനീങ്ങാനിടയില്ല.  അയാള്‍ തീര്‍ച്ചയായും അത്ഭുതപ്പെടും.  ഞാനെങ്ങനെ കണ്ടുപിടിച്ചെന്ന്, ഇവിടെ എങ്ങനെയെത്തിയെന്ന് എല്ലാം അയാള്‍ ചോദിക്കും. അതിനുത്തരമായി എന്നെ കാനഡയിലെത്തിച്ച ഉമ്മച്ചന്റെ കഥ അയാളോട് പറയും.


ഉമ്മച്ചന്‍ എന്റെ ഒരു കൂട്ടുകാരനാണ്. നിനക്കറിയാൻ വഴിയില്ല. അവന് വേറെ പേരുണ്ടെങ്കിലും അവനെയെല്ലാവരും ‘ഉമ്മച്ചാ’ എന്നാണ് വിളിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇഷ്ടം തോന്നിയ ഒരു പെണ്‍കുട്ടിയോട് ഒരുമ്മ ചോദിച്ചത് കൂട്ടുകാര്‍ക്കിടയില്‍ പാട്ടായതോടെ ഉമ്മച്ചൻ ഉമ്മച്ചനായി. പേരിനു പിന്നിലെ കഥ ആരു ചോദിച്ചാലും പറയാന്‍ അവനൊരു മടിയുമില്ല. 

കോളേജില്‍ എന്റെ ജൂനിയറായിരുന്ന അവന്‍ ബി.എ. ഇംഗ്ലീഷായിരുന്നു, ഞാന്‍ മലയാളവും. എപ്പോഴും യുകെ യൂറോപ്പ് കാനഡ എന്നൊക്കെ സംസാരിക്കുന്ന ഉമ്മച്ചന് മലപ്പുറവും ഇന്ത്യയുമെല്ലാം വിട്ട് യു.കെയിലോ, കാനഡയിലോ സെറ്റിലാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അവന് അങ്ങോട്ട് എത്താനുള്ള പണം വീട്ടിൽ നിന്ന് കിട്ടുമോ എന്നുറപ്പില്ലായിരുന്നു.  ഒരു വിദേശിയെ കല്യാണം കഴിക്കണമെന്നും അവന്‍ ചിരിയോടെ പറയുമായിരുന്നു. അതിനിടയിലാണ് നീ‍ കാനഡയിലേക്ക് പോയെന്ന വിവരം ഒരു കൂട്ടുകാരി വഴി ഞാനറിഞ്ഞത്. ശേഷം ഞാന്‍ കാനഡയെക്കുറിച്ചന്വേഷിക്കാന്‍ തുടങ്ങി. സമ്പാദ്യം ഒന്നുമില്ലാത്തവരുടെ മകളായ ഞാൻ, വാടക വീട്ടിൽ പാർക്കുന്ന ഞാൻ, വീടുവിട്ടു മാറിനില്‍ക്കാനിഷ്ടമില്ലാത്ത ഞാൻ,  ഉമ്മച്ചന്റെ വിദേശപഠനത്തെ കുറിച്ചുള്ള ക്ലാസുകള്‍ കൂടുതലായി ശ്രദ്ധിച്ചു...

അയാളോട് പറയാനുള്ള കഥയുടെ ഏകദേശം രൂപം ഞാൻ തയ്യാറാക്കിക്കൊണ്ടിരുന്നു. 

കൂട്ടുകാരന്‍ എന്നതില്‍ കവിഞ്ഞ ഒരു ഇഷ്ടം ഉമ്മച്ചനെന്നോട് ഉണ്ടായിരുന്നെന്ന് എനിക്കും പലര്‍ക്കും അറിയാമായിരുന്നു. പക്ഷേ, എന്നെ പ്രേമിക്കാൻ കൊള്ളില്ലെന്നു തീർത്തുപറഞ്ഞ, നിലവിൽ കാനഡയിയുള്ള യുവാവ് മാത്രമായിരുന്നു എൻ്റെ മനസ്സിൽ.  

ഉമ്മച്ചന് അതറിയാമായിരുന്നെന്നാലും  ഡിഗ്രിയുടെ അവസാന നാളുകളിലൊരുനാൾ

"നീയീ കത്ത് സൂക്ഷിച്ചുവെക്കണേ" എന്നും പറഞ്ഞ് അവനെനിക്ക്  പിങ്ക് നിറമുളള കടലാസിൽ എഴുതിയ കത്ത് നീട്ടി. വിരിഞ്ഞേക്കാമായിരുന്നെങ്കിലും  വസന്തങ്ങളെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലാത്ത കത്തായിരുന്നത്. സാഹിത്യതല്‍പരനല്ലാത്ത ഉമ്മച്ചന്‍ ഇത്രയും നല്ല വാക്യങ്ങള്‍കൊണ്ട് മലയാളത്തില്‍ എങ്ങനെ രണ്ടു പേജുള്ള കത്തെഴുതിയെന്ന് ഞാനത്ഭുതപ്പെട്ടിരുന്നു. പക്ഷേ സിനിമാപ്രേമിയായ അവന്‍, അത്തരമൊരു കത്തെഴുതാനുള്ള സാധ്യത തള്ളിക്കളഞ്ഞതുമില്ല.


കാനഡയില്‍ ഒരിക്കലും സാധ്യമാവാത്തൊരു കണ്ടുമുട്ടലിന്റെ ചിത്രങ്ങള്‍ ഞാന്‍ മനസില്‍ കണ്ടുകൊണ്ടിരുന്നു. നാട്ടില്‍ നിന്ന് രക്ഷപ്പെട്ട് നല്ലൊരു ജീവിതം സ്വപനം കണ്ട് ഉമ്മച്ചന്‍ അതിനുവേണ്ടി ശ്രമിച്ചു. വിദേശത്തെത്താനുള്ള പരീക്ഷകൾ‍ക്കുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി. തണുപ്പുകുപ്പായങ്ങളുമിട്ട് അയാളെ കണ്ടുമുട്ടുന്നത് സ്വപ്നം കാണുക മാത്രം ചെയ്ത ഞാൻ ഡിഗ്രിയുടെ ക്ലാസ് കഴിഞ്ഞയുടനേ പി.എസ്.സി. കോച്ചിങിന് പോയി. 

 

-ഉമ്മച്ചാ അന്നെപ്പറ്റി ഒരു കഥയെഴുതട്ടെ.. റിയല്‍ ലൈഫ് സ്റ്റോറിയാണ്. കൊഴപ്പണ്ടോ-

കോച്ചിങ് ക്ലാസിലേക്കുള്ള പരീക്ഷയ്ക്ക് അശ്രദ്ധമായി പഠിക്കുന്നതിനിടെ പഴയ പിങ്ക് കടലാസിലെ എഴുത്ത് വീണ്ടുമെടുത്ത് വായിച്ച ഞാൻ പതിവില്ലാത്തൊരു വാട്‌സാപ് മെസേജ് ഉമ്മച്ചനയച്ചു. കാനഡയിലെ തൻറെ പ്രേമത്തിനടുത്തെത്താൻ  ശ്രമിച്ച് തോറ്റ യുവതിയുടെ കഥ എന്റെ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും കേരള നവോത്ഥാനം പഠിക്കുന്നതിനിടെ എനിക്ക് ഉമ്മച്ചനെപ്പറ്റി    കഥയെഴുതാൻ തോന്നി. 

''എഴുതിക്കോ" എന്നും പറഞ്ഞ് അവന്‍ രണ്ട് പല്ലുകാണിച്ച് ചിരിക്കുന്ന ഇമോജി എനിക്കയച്ചു. വിദേശസ്വപ്നങ്ങൾ പൂവിടും മുമ്പേ കൊഴിഞ്ഞുപോയ മലയാളിയുവാവിന്റെ കദനകഥയാണെങ്കിൽ അക്കഥ സിനിമയാക്കാൻ പറ്റിയ ഒരു ടീം അവന്റടുത്തുണ്ടെന്നും പറഞ്ഞു.  ചിരി വന്നില്ലെങ്കിലും ഹഹഹ എന്ന് ഞാൻ തിരിച്ചയച്ചു. അതിനപ്പുറം, എന്തായി നിന്റെ  പോക്കെന്ന് ഉമ്മച്ചനോട് ഞാൻ ചോദിച്ചില്ല. അവൻ ഇങ്ങോട്ട് അതിനെപ്പറ്റി ഒന്നും പറഞ്ഞതുമില്ല. 

പി.എസ്.സി. കോച്ചിങിനിടെ ഐ.ഇ.എല്‍.ടി.എസിന് തയ്യാറെടുക്കുന്നത് കിനാവ് കാണുന്നതിനാല്‍ വീട്ടുകാരുദ്ദേശിച്ച രീതിയില്‍ എന്റെ പി.എസ്.സി. പഠനം നടന്നില്ല. അതിനിടെ, ഡിഗ്രി കഴിഞ്ഞ് നാട്ടില്‍ അല്ലറ ചില്ലറ ജോലി ചെയ്തു കിട്ടുന്ന പണം മതിയാകാത്തതിനാല്‍ ഉമ്മച്ചനെ ചെറിയൊരു കല്യാണ നിശ്ചയവും കഴിപ്പിച്ച് അവന്റെ വീട്ടുകാര്‍ ദുബായിലുള്ള അളിയന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു.! ആദ്യമായി വിമാനം കയറുന്നത് ഗൾഫിലേക്കാവരുതേ എന്ന് എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു ഉമ്മച്ചൻ.

 ഉമ്മച്ചന്റെ കല്യാണ നിശ്ചയം പെട്ടെന്ന് സംഭവിച്ചതിനാലാണ് ഒറ്റവരിയിൽ ഞാനത് ഒതുക്കിക്കളഞ്ഞത്. എനിക്ക് നാട്ടില്‍ തന്നെ ചെറിയ ജോലി ശരിയായതിനാൽ അത്രയങ്ങ് നീട്ടിയെഴുതാനും ഇപ്പോൾ സമയമില്ല. അതോടെ പി.എസ്.സി.ക്കും, ഐ.എല്‍.ടി.എസിനും കാനഡയ്ക്കുമൊപ്പം ഞാന്‍ ഉമ്മച്ചനെയും മറന്നു, വിഷാദങ്ങളെ വിളിച്ചുവരുത്താതെ അയാളെ മറക്കാന്‍ കഴിയുമെന്ന ഉറപ്പില്‍ ജോലിക്ക് പോയി. കാനഡ ഉപരിപഠന സെമിനാറിന്റെയും ഐ.ഇ.എല്‍.ടി.എസ്. കോച്ചിങ്ങിന്റെയും പരസ്യം പത്രത്തില്‍ കാണുമ്പോൾ ഏഴ് കടലും താണ്ടി ഒരുത്തന്റെ പിന്നാലെ പോകാനാഗ്രഹിച്ചതൊന്നും ഓർ‍ത്തില്ലെങ്കിലും വഴിമാറി ദുബായിലേക്ക് പോകേണ്ടിവന്ന ഉമ്മച്ചനെ ഞാനോര്‍ത്തു. 

"നിനക്ക് എന്നോട് പ്രേമം ഒന്നുമുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പായി ഇനിയിപ്പോ നിന്നെ പ്രേമിക്കാൻ എനിക്കും വയ്യല്ലോ.. അതോണ്ട് തുറന്ന് പറയാണ്. ഞാനല്ല ആ കത്തെഴുതിയത്. പക്ഷേയെടോ അതിലെന്റെ മനസുണ്ടായിരുന്നു. സത്യം" 

കല്യാണമുറപ്പിക്കലും ദുബായ്പ്പോക്കും ഒരുമിച്ചു വന്ന കാര്യം പറയാൻ ഉമ്മച്ചൻ വിളിച്ചതിനിടെ എനിക്ക് കരച്ചിലുപൊട്ടി. 

കഥയെഴുതിയോ എന്ന് ചോദിച്ച് ഉമ്മച്ചന്‍ ഇതുവരെ വിളിച്ചിട്ടില്ല. ഞാനത് കാത്തിരുന്നിട്ടുമില്ല. ഈ ദിവസം വരെ എഴുതി പൂര്‍ത്തിയാക്കിയതുമില്ല. എങ്കിലും ഉമ്മച്ചന്‍ ഇന്റർസോൺ കഥാമത്സരത്തിൽ ഫസ്റ്റടിച്ച അവന്റ റൂംമേറ്റ് നവാസ്ക്കാനെക്കൊണ്ട് എഴുതിപ്പിച്ച ആ കത്തിലെ അവസാന വരികള്‍ ഞാന്‍ വീണ്ടും വായിക്കും - 'എനിക്ക് നിന്റെ മറുപടി വേണ്ട.. അശുഭമായതൊന്നും താങ്ങാന്‍ എനിക്കാവില്ല. പക്ഷിയായി നീ ഉയരങ്ങളില്‍ പറന്നാല്‍ മതി. കൈയ്യടിക്കുന്ന ആള്‍ക്കൂട്ടത്തില്‍ ഞാനും ഉണ്ടാകും. എന്ന് സ്‌നേഹപൂര്‍വ്വം  മിദ്ലജ്'.

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=300744_1a-ummachan%20story1.pdf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക